Wednesday, August 24, 2011

ഒരു രൂപാ അരി പദ്ധതി 27ന് ആന്റണി ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: കിലോയ്ക്ക് ഒരു രൂപാ നിരക്കില്‍ ഓരോ കുടുംബത്തിനും അരി നല്‍കുന്ന ദാരിദ്ര്യവിമുക്ത കേരളം പദ്ധതിക്ക് 27 ന് തുടക്കം കുറിക്കും.  
തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൗണ്ടില്‍ രാവിലെ 10 ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഇരുപത്തിയൊന്നു ലക്ഷത്തോളം വരുന്ന ബി.പി.എല്‍, എ.എ.വൈ. കുടുംബങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.  അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകുമെന്ന് ഭക്ഷ്യ മന്ത്രി ടി.എം. ജേക്കബ് പറഞ്ഞു.ബി.പി.എല്‍ വിഭാഗത്തില്‍ 14,60,735 ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800 ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 20,56,535 കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത്.  35 കിലോ അരി, എ.എ.വൈ. വിഭാഗത്തിലെ കാര്‍ഡിനും ഒരു അന്തേവാസിക്ക് അഞ്ച് കിലോ എന്ന കണക്കില്‍ അനാഥാലയങ്ങള്‍ക്കും അരി നല്‍കും.  ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
 
അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊ. കെ.വി. തോമസും, സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കി.ഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറും നിര്‍വഹിക്കും.  ഭക്ഷ്യ-പൊതുവിതരണ മന്ത്രി ടി.എം. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. ദാരിദ്ര്യ വിമുക്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുത്.  നാമമാത്ര വിലയായ ഒരു രൂപയ്ക്ക് ഒരു കിലോ അരി കിട്ടിയാല്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ല.  ദാരിദ്ര്യവിമുക്ത കേരളം എന്ന സ്വപ്‌നം അങ്ങനെ യാഥാര്‍ത്ഥ്യമാകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. ഓണം-റംസാന്‍ സീസണില്‍ വിലക്കയറ്റം തടയാന്‍ വിപുലമായ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  വിവിധ വകുപ്പുകളുടെ ചന്തകള്‍ ഒരേ സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കാതെ പല കേന്ദ്രങ്ങളിലായി വിന്യസിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.