Tuesday, August 23, 2011

ബംഗാളിലെ ദുരിതവും കേരളത്തിലെ ഫാഷന്‍ പരേഡും


ഇന്ത്യയില്‍ മൂന്നാല് സംസ്ഥാനങ്ങളിലുള്ള ഇവരാണ് സേവ് ഇന്ത്യക്കാര്‍ എന്നു പറഞ്ഞാല്‍ ഇന്ത്യയെ അറിയുന്ന ആരും ചിരിച്ചുപോകും. ഇത്ര വലിയ പണികളൊന്നും ചെയ്യരുത് കുഞ്ഞുങ്ങളെ എന്നു മാത്രമേ പറയാനുള്ളൂ. മൂപ്പന്മാര്‍ക്ക് ക്രാന്തദര്‍ശിത്വം ഇല്ലെങ്കിലും ഇളമുറക്കാര്‍ക്ക് അതുണ്ട്. പാര്‍ലമെന്ററി ഭാഗ്യമല്ലേ എല്ലാ രാജേഷുമാരുടെയും അന്വേഷണം.

ബംഗാളില്‍ പണ്ട് ക്ഷാമമുണ്ടായിരുന്നു എന്ന് നാം കേട്ടിട്ടുണ്ട്. ബംഗാളില്‍ ഇപ്പോള്‍ ദുരിതമാണെന്നും അതിന് കേരളത്തിലെ ജനങ്ങള്‍ സഹായിക്കണമെന്നുമാണ് പിണറായി പാര്‍ട്ടി പറയുന്നത്. സഹായം ബക്കറ്റിലൂടെ മതി. അച്ചുവിന്റെ ബക്കറ്റിനെ നാറ്റാന്‍ കിട്ടുന്ന ഒരവസരവും പിണറായി കളയാറില്ല. ബക്കറ്റിലെ വെള്ളം ചരിച്ചുകളഞ്ഞ് പിരിവിന് ഉപയോഗിക്കുക എന്ന് പാര്‍ട്ടിക്കത്തിലുണ്ടോ ആവോ?ഭരണം പോയാല്‍ ദുരിതമാണ് ബംഗാള്‍ സഖാക്കള്‍ക്ക്. കേരള സഖാക്കള്‍ക്ക് ഇത് ബാധകമല്ല. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നവര്‍ക്ക് അറിയാം. പത്തിന്റെ ഗുണിതങ്ങള്‍ തോമസ് ഐസക്കിന് നല്ലതുപോലെ അറിയാം. അതല്ലേ കമ്മ്യൂണിസം കളഞ്ഞ് ആ ചുവപ്പന്‍ പാര്‍ട്ടിയെ അദ്ദേഹം ജനകീയാസൂത്രണം ചെയ്തത്. വാങ്ങുന്നവന്‍ തൊമ്മിയെപ്പോലെ വിധേയനാകണം. പാര്‍ട്ടി ഭാസ്‌കരപട്ടേലരും. ഈ ഏജന്‍സി പണിക്ക് അപ്പുറത്ത് വല്ലതും പറഞ്ഞാല്‍, പറഞ്ഞവന്റെ കഞ്ഞികുടി മുട്ടിയത് തന്നെ. അതുകൊണ്ട് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ എന്തെന്ന് അറിയില്ലെങ്കിലും സുഖജീവിതം ഇവിടെ സഖാക്കള്‍ക്ക് വിധിച്ചതാണ്. ഭാഗ്യം... ചുവന്ന ഭാഗ്യം... അങ്ങനെയാണോ ബംഗാളിലെ കാര്യം. പട്ടിണിയുണ്ടെങ്കിലേ പാര്‍ട്ടി ഉള്ളൂ എന്നല്ലെ ആ താടിക്കാരന്മാര്‍ ജാതകത്തില്‍ എഴുതിവച്ചിരിക്കുന്നത്. ഒരു കണിയാനെ പോലെ അത് അണുവിട വിടാതെയാണ് കാല്‍ നൂറ്റാണ്ടില്‍പരം വര്‍ഷം പാര്‍ട്ടി ബംഗാള്‍ ഭരിച്ചത്. ഒരു ചൊറിയണം പിഴുതു കളയുന്ന ലാഘവത്തോടെയല്ലേ ആ മമത ഒരു മമതയുമില്ലാതെ പാര്‍ട്ടിയെ ബംഗാളില്‍ പിഴുതുകളഞ്ഞത്. ഒരു ബാനര്‍ പോലും കെട്ടാന്‍ ആ ബാനര്‍ജി അനുവദിക്കുന്നില്ലതാനും. കഞ്ഞികുടിയ്ക്കാന്‍ വേണ്ടി അവിടെയുള്ള യുവാക്കള്‍ കേരളം വരെ വന്നിരിക്കുന്നു.
 
കേരളത്തിലെ പാര്‍ട്ടി ഓഫീസുകളെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെ കണ്ട് ആ പാവങ്ങള്‍ ഒഴിഞ്ഞു നടക്കുന്നു. എന്റെ മാര്‍ക്‌സ് കാക്കയാണെ, ലെനിന്‍ കാക്കയാണെ ഈ ദുരിതം ആര് സഹിക്കും. അപ്പോള്‍ ബംഗാളിലെ പാര്‍ട്ടിക്കാരുടെ ദുരിതം എത്രെയാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. അവര്‍ക്ക് ഇവിടുത്തെപ്പോലെ ഒരു ജനതയുടെ നീക്കിയിരിപ്പും വാടകപണവും ഒന്നുമില്ല. അവരെ സഹായിക്കാന്‍ ബക്കറ്റിലൂടെ ഒഴുകിവന്ന കോടികള്‍ ഇത്തവണ പുറത്തറിയില്ല. ഇവിടെയും ഒത്തിരി ദുരിതങ്ങളുണ്ടല്ലോ അത് തീര്‍ത്തിട്ട് ബാക്കി അങ്ങോട്ട്... പട്ടണക്കാട്ടേയ്ക്ക് ഒത്തിരി വണ്ടിയോടിയതല്ലേ.ബംഗാളിലും ഇവിടത്തെപ്പോലെ പാര്‍ട്ടി സമ്പന്നമാകണമെങ്കില്‍ ആ എം.എ ബേബിയേയും തോമസ് ഐസക്കിനേയും ഒന്നുരണ്ട് ജയരാജന്മാരെയും അവിടേയ്ക്ക് അയയ്ക്കുക. അവര്‍ വല്ല ടി.വി ചാനലോ സ്വരലയമോ ജനകീയാസൂത്രണമോ ഭാഗ്യക്കുറിയോ ഒക്കെ നടത്തി ബംഗാള്‍ പാര്‍ട്ടിയെ സമ്പന്നമാക്കും. അതിനാ യെച്ചൂരി സമ്മതിക്കില്ലെങ്കില്‍ അവന്റെ അച്ചൂരാന്‍ പറ്റിയവരെ കണ്ണൂര്‍ കളരിയില്‍ നിന്നും നിയമിക്കുക. ഇനി ഒരു രവീന്ദ്രനാഥ ടാഗോറിന്റെ കുറവാണ് ഇവിടെ പാര്‍ട്ടിക്ക് എങ്കില്‍ നമ്മുടെ മഹാകവി ജി. സുധാകരന്‍ ബംഗാളില്‍ താമസമാക്കി ആ കുറവ് പരിഹരിക്കും. പുള്ളിക്ക് എല്ലാ ഭാഷയും അറിയാമെന്ന് ഒരു നികൃഷ്ട ജീവി ഗവേഷകന്‍ മുമ്പേ പറഞ്ഞതാണ്.
ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നും ബൂര്‍ഷ്വ അധികാര കൈമാറ്റം മാത്രമാണെന്നും അന്നുതന്നെ കമ്മ്യൂണിസ്റ്റ് വെളിച്ചപ്പാടന്മാര്‍ പറഞ്ഞിട്ടുള്ളതാണ്. വിപ്ലവത്തിലൂടെ അധികാരം കൊയ്യുകയാണ് കമ്മ്യൂണിസ്റ്റ് ലക്ഷ്യം. പാര്‍ലമെന്ററി ജനാധിപത്യം അവര്‍ക്ക് ഒരു അടവുനയം മാത്രം. അതിനാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചുകളഞ്ഞ പാരമ്പര്യമാണ് ചുവപ്പന്‍ പാര്‍ട്ടികള്‍ക്കുള്ളത്. എത്രയെന്ന് പറഞ്ഞിത് തുടരും. വിപ്ലവം വന്നതുമില്ല. ഇന്ത്യ വാസ്തവമായി തന്നെ തുടരുന്നു. പഴയ മുതുകമ്മ്യൂണിസ്റ്റുകളെ പോലെ ചിന്തിക്കാന്‍ ഇന്നത്തെ യുവ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുന്നില്ല. ഇപ്പോള്‍ അച്ചടക്കം. ഇതൊരു അടവുനയമല്ലേ കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറു വാരിപ്പിക്കുന്നതുപോലെ.

സ്വാതന്ത്ര്യത്തിനെതിരെ അപവാദപ്രചരണം നടത്തിയതിന്റെ കുമ്പസാരമായി നമ്മുടെ ഇളം ചുവപ്പന്മാര്‍ കഴിഞ്ഞ കുറേ നാളായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. നടന്നു മൂത്രം ഒഴിക്കുന്നവന്റെ മകന്‍ നിന്നു മൂത്രം ഒഴിക്കുന്നത് പോലെ. എങ്കിലും ഇവരുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് ഇടുന്ന പേരൊക്കെ അല്‍പം കടന്ന കൈയല്ലേ. സ്വാതന്ത്ര്യ സംരക്ഷണമാണ് മുഖ്യയിനം. ആരാന്റെ മുതലിന് പാറാവ് ഡ്യൂട്ടി. ഇടതു യുവജന സംഘടനകളുടെ സ്വാതന്ത്ര്യദിനജാഥകള്‍ ചരിത്രം അറിയുന്നവര്‍ക്ക് വെറും ഫാഷന്‍ പരേഡായേ തോന്നുകയുള്ളൂ. ഇവരുടെ മൂപ്പന്മാര്‍ ഇതുവരെ സ്വാതന്ത്ര്യ സമരത്തെ അംഗീകരിച്ചിട്ടില്ലെന്ന് ഇവര്‍ ഇപ്പോഴും ഓര്‍ക്കുക. അവരോട് പറയുക സ്വാതന്ത്ര്യത്തെ അംഗീകരിക്കുക എന്ന ചരിത്രപരമായ കുമ്പസാരം ഇനിയെങ്കിലും നടത്താന്‍.
ഇന്ത്യയില്‍ മൂന്നാല് സംസ്ഥാനങ്ങളിലുള്ള ഇവരാണ് സേവ് ഇന്ത്യക്കാര്‍ എന്നു പറഞ്ഞാല്‍ ഇന്ത്യയെ അറിയുന്ന ആരും ചിരിച്ചുപോകും. ഇത്ര വലിയ പണികളൊന്നും ചെയ്യരുത് കുഞ്ഞുങ്ങളെ എന്നു മാത്രമേ പറയാനുള്ളൂ. മൂപ്പന്മാര്‍ക്ക് ക്രാന്തദര്‍ശിത്വം ഇല്ലെങ്കിലും ഇളമുറക്കാര്‍ക്ക് അതുണ്ട്. പാര്‍ലമെന്ററി ഭാഗ്യമല്ലേ എല്ലാ രാജേഷുമാരുടെയും അന്വേഷണം.എന്നാലും ഇത്തവണത്തെ സേവ് ഇന്ത്യയുടെ രണ്ട് മുദ്രാവാക്യങ്ങള്‍ ഇത്തിരി കടന്ന കയ്യായിപ്പോയി. അഴിമതിക്കാരെ പുറത്തുകൊണ്ടുവരിക. കൊള്ളാം നല്ല കള്ളന്മാര്‍ കള്ളന്‍ വരുന്നേ എന്ന് വിളിച്ചുകൊണ്ടാണ് ഓടി രക്ഷപെടാറ്. പി.എസ്.സിയില്‍ പുറം വാതിലിലൂടെ കടന്നവരും യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ അഴിമതിയില്‍ മുക്കിയവരുമായ മൂത്ത നേതാക്കന്മാരുടെ മുഖത്ത് നോക്കാതെ ഇങ്ങനെ പറഞ്ഞത് നന്നായി.

അച്ഛന്‍ കിണറ്റിലുമില്ല തട്ടിന്‍പുറത്തുമില്ല എന്നൊരു കുട്ടി പറഞ്ഞതുപോലെ. ഇതിനേക്കാള്‍ കട്ടിയാണ് അടുത്ത മുദ്രാവാക്യം. കള്ളപ്പണം പുറത്തുകൊണ്ടുവരിക. അത് അറിയാവുന്ന കുഞ്ഞുങ്ങളെ വേഗം അത് ചെയ്യുക. മുഖം നോക്കരുത്. നാളെ നിങ്ങളുടേതാണ്. കുട്ടിക്കുരങ്ങിനും വിശപ്പുണ്ട്. സത്യം അറിയാതെ ആണെങ്കിലും ഇടയ്ക്കിടയ്ക്ക് പറയുന്നത് നല്ലതാണ്. ചില അച്ഛന്മാര്‍ മക്കളെ നേര്‍ച്ചയ്ക്ക് തലമുണ്ഡനം ചെയ്ത് രസിക്കാറുണ്ടല്ലോ. അതുപോലെ..  ലാല്‍ സലാം.

No comments:

Post a Comment

Note: Only a member of this blog may post a comment.