Monday, August 8, 2011

പാമോയിലില്‍ തെന്നി വീണ മൂന്ന് നേതാക്കള്‍


അവസരവാദവും ആത്മവഞ്ചനയുമാണ് രാഷ്ട്രീയമെന്ന് സി.പി.എം നേതാക്കള്‍ കരുതുന്നുണ്ടാവണം. അല്ലെങ്കില്‍ ഇരുപത് വര്‍ഷം മുമ്പുനടന്ന പാമോയില്‍ ഇറക്കുമതി കേസില്‍ ഇന്നലെ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ ഇത്തരത്തില്‍ വ്യാഖ്യാനിക്കില്ല.
കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനുണ്ടായ അവസ്ഥ കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന വ്യാമോഹത്തില്‍ മുന്ന് സി.പി.എം നേതാക്കള്‍ ചാടിവീണു. അഭിപ്രായ പ്രകടനത്തില്‍പോലും മൂന്നുപേരും തമ്മില്‍ യാതൊരു പൊരുത്തവും കാണുന്നില്ലെന്നതാണ് ഏറ്റവും ദയനീയം. പാമോയില്‍ കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതോടെ തമ്മിലടി തല്‍ക്കാലം മാറ്റിവെച്ച് പിണറായി വിജയനും വി.എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നു. മുന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നിയോഗിച്ച പ്രകാരം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതി ഇപ്പോള്‍ നിരാകരിച്ചത്. പാമോയില്‍ കേസില്‍ പുനരന്വേഷണം വേണ്ടെന്നായിരുന്നു ആ റിപ്പോര്‍ട്ട്. അന്ന് വിജിലന്‍സ് ഭരിച്ച മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഇപ്പോള്‍ പറയുന്നു; കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കോടതിയുടെ നിരീക്ഷണത്തെ വിധിയായി തെറ്റിദ്ധരിച്ചതുപോലെ മുഖ്യമന്ത്രി രാജിവയ്ക്കണമോ എന്ന് സ്വയം തീരുമാനിക്കാന്‍ ആവശ്യപ്പെടുന്നു. ഇവരുടെ രണ്ടുപേരുടെയും സ്വരങ്ങളില്‍ ഇടര്‍ച്ചയുടെ ധ്വനിയുണ്ട്. അതിന്റെ കാരണം അവര്‍ക്കുമാത്രമല്ല അറിയാവുന്നത്.
 
അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രക്കുറിപ്പിലൂടെ പറയുന്നത് വേറൊരു കാര്യമാണ്. അദ്ദേഹം ആവശ്യപ്പെടുന്നു; 'ധാര്‍മ്മികമായും രാഷ്ട്രീയമായും നിയമപരമായും ഉമ്മന്‍ ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.' ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ സമുന്നതരായ മൂന്ന് നേതാക്കള്‍ ഒരു കോടതി പരാമര്‍ശത്തെക്കുറിച്ച് ഒട്ടും ചേര്‍ച്ചയില്ലാത്ത മൂന്ന് അഭിപ്രായങ്ങള്‍ പറയുന്നു. ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ സംസാരിക്കുന്നത്? എന്തെങ്കിലും കീഴ്‌വഴക്കത്തിന്റെ പേരിലാണോ ഈ അഭിപ്രായങ്ങള്‍? അവര്‍ പറയുന്നതില്‍ നീതിയുടെ കണികയെങ്കിലുമുണ്ടോ? ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യെസ് പ്രൈംമിനിസ്റ്ററും നോ പ്രൈംമിനിസ്റ്ററുമുണ്ട്. ഭരണകക്ഷിക്ക് പ്രൈം മിനിസ്റ്റര്‍ ചെയ്യുന്നതെല്ലാം യെസ്. പ്രതിപക്ഷത്തിന് പ്രൈം മിനിസ്റ്റര്‍ എന്തുചെയ്താലും നോ. ഇത് വെറും കക്ഷിരാഷ്ട്രീയത്തിന്റെ പേരിലാണെങ്കില്‍ ശരി. കോടതി ഉത്തരവുകളെ വ്യാഖ്യാനിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം വിജിലന്‍സ് കോടതി പറഞ്ഞത് 1991ല്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പാമോയില്‍ ഇറക്കുമതിയില്‍ ഏതെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ്. അന്നത്തെ ധനകാര്യവകുപ്പിന് യാതൊരു പങ്കുമില്ല എന്ന റിപ്പോര്‍ട്ട് നിരാകരിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ ആവശ്യപ്പെട്ടത്. നിശ്ചിത കാലയളവിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
 
ഇത്രയും കേട്ടാല്‍ കാള പെറ്റെന്നും ഉടനെ കുട്ടിയെ പിടിച്ചുകെട്ടാന്‍ കയര്‍ എടുക്കണമെന്നും വിചാരിക്കാന്‍ സി.പി.എം നേതാക്കള്‍ക്ക് മാത്രമേ കഴിയൂ. ഇടതുമുന്നണിയില്‍ വേറെയും പാര്‍ട്ടികളും നേതാക്കളുമുണ്ട്. അവര്‍ക്കാര്‍ക്കും ഇത്രയുംവേഗം അവിവേകികളാകാന്‍ കഴിഞ്ഞില്ല. സി.പി.ഐ നേതാവ് പി.കെ ചന്ദ്രപ്പന്‍ എത്ര മാന്യമായിട്ടാണ് സംസാരിച്ചത്. പിണറായിയും കോടിയേരിയും അവരുടെ പാര്‍ട്ടിയുടെ പി.ബി അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് മുന്‍ പി.ബി അംഗമാണ്. ഇത്രയും സമുന്നതരായിട്ടും വിവേകവും നീതിബോധവും ഇവരെ തൊട്ടുതീണ്ടിയിട്ടില്ലാത്തതുപോലെ. കോടതി നിരീക്ഷണവും അന്വേഷണവുമൊക്കെ പലരുടെയും പേരില്‍ മുമ്പും വന്നിട്ടുണ്ട്. സി.പി.എം നേതാക്കള്‍ക്ക് എതിരെയാണ് അവയെങ്കില്‍ അവര്‍ കവലകളില്‍ നിന്ന് കോടതിയെ വെല്ലുവിൡക്കും. നിന്ദ്യമായ ഭാഷയില്‍ നീതിപീഠത്തെ അപലപിച്ച ഒരു വിദ്വാന്‍ ഇപ്പോള്‍ കോടതിയലക്ഷ്യക്കേസ് നേരിടുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയാണ് കോടതിവിധിയെങ്കില്‍ സി.പി.എമ്മുകാര്‍ക്ക് കോടതിയില്‍ വിശ്വാസവും സന്തോഷവും. ഇത്തരം കാപട്യങ്ങളും ആത്മവഞ്ചനയും ആരെ പറ്റിക്കാനാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.