Saturday, August 6, 2011

കേരള ബി.ജെ.പിയിലെ കലാപത്തിനു പിന്നില്‍ നേതാവിന്റെ പുസ്തക കച്ചവടം


കര്‍ണാടകത്തിനു തൊട്ടുപിന്നാലെ കേരളത്തിലെ ബി.ജെ.പിയിലും കലാപം. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മാറാട് കലാപത്തിന്റെ പേരിലാണ് പാര്‍ട്ടി ഇപ്പോള്‍ രണ്ടുചേരികളായി നിന്ന് പടപൊരുതുന്നത്. അതേസമയം മുസ് ലിം ലീഗ് നേതൃത്വത്തിന്റെ സഹായത്തോടെ നടത്തിയ പുസ്തകകച്ചവടമാണ് പാര്‍ട്ടിയുടെ സമാധാനം കെടുത്തിയതെന്ന വാദവും ശക്തമാണ്. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയും ലീഗ് നേതൃത്വവും തമ്മില്‍ പാഠപുസ്തകത്തിന്റെ പേരില്‍ നടക്കുന്ന അവിഹിത ഇടപാടാണ് ഇപ്പോഴത്തെ വിവാദത്തിന്റെ ഹേതുവെന്നും അവര്‍ പറയുന്നു. രണ്ടാം മാറാട് സംഭവത്തിനു ശേഷം ലീഗിനെതിരേ ബി.ജെ.പി പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവച്ചതിനു പ്രത്യുപകാരമായി ശ്രീധരന്‍പിള്ളയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രസിദ്ധീകരിച്ച പുസ്തകം പ്ലസ്ടു സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് ചേരിപ്പോരിനു ശക്തിപകര്‍ന്നിരിക്കുന്നത്.

രണ്ടാംമാറാടിനു ശേഷം സി.ബി.ഐ അന്വേഷണം ഉള്‍പ്പടെ ആവശ്യപ്പെട്ട് മുസ്‌ലിംലീഗിനെതിരേ ബി.ജെ.പി ശക്തമായ പ്രചാരണപരിപാടികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു. ഇതിനു പ്രത്യുപകാരമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പി എസ് ശ്രീധരന്‍പിള്ളയും തമ്മിലുള്ള രഹസ്യപാക്കേജ് അനുസരിച്ച് ഹൊറൈസണ്‍ എന്ന പാഠപുസ്തകം പ്ലസ്ടു സിലബസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ശ്രീധരന്‍പിള്ളയുടെ സഹോദരന്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂരിലെ അര്‍ജ്ജുന്‍ ബുക്‌സായിരുന്നു പുസ്‌കത്തിന്റെ പ്രസാധകര്‍. പിന്നീട് മന്ത്രിസഭയുടെ തലപ്പുത്തുണ്ടായ മാറ്റത്തെ തുടര്‍ന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായപ്പോഴും ഒരു അധ്യയന വര്‍ഷത്തേക്ക് കൂടി പുസ്തകം തുടരാന്‍ അനുവദിക്കുകയായിരുന്നു.

പുസ്തകത്തിനെതിരേ ചങ്ങനാശ്ശേരിയിലെ ജനത പബ്ലിക്കേഷന്‍സ് ഉടമ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2006 ഒക്ടോബറില്‍ പൊതുപ്രവര്‍ത്തനകനായ സി ജി ഉണ്ണി അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പരാതി നല്‍കിയിരുന്നു. ക്രമക്കേടുകളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. രണ്ടാംമാറാട് സംഭവത്തെ തുടര്‍ന്ന് അന്നത്തെ ലീഗ് അധ്യക്ഷന്‍ പാണക്കാട് ശിബാബ് തങ്ങളും പി എസ് ശ്രീധരന്‍പിള്ളയും തമ്മില്‍ നടത്തിയ രഹസ്യചര്‍ച്ചയെ കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പാഠപുസ്‌കത്തിന്റെ പേരിലുണ്ടാക്കിയ രഹസ്യപാക്കേജ് സംഘപരിവാര സംഘടനകളില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. അയല്‍ സംസ്ഥാനത്ത് സ്വന്തം പാര്‍ട്ടിയിലും സ്വന്തം സംസ്ഥാനത്ത് ഇതര പാര്‍ട്ടികളിലും രാഷ്ട്രീയ കലഹവും കലാപവും കൊടുമ്പിരിക്കൊളളുമ്പോള്‍ കേരള ബിജെപിയും ഒപ്പം തുളളുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനും നാഷണല്‍ കൌണ്‍സില്‍ അംഗവുമായ അഡ്വ.പി.എസ്.ശ്രീധരന്‍ പിളളക്കെതിരെ ബിജെപിയും സംഘപരിവാറും അതിശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയാണ്.

ഏറ്റവും ഒടുവില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ശ്രീധരന്‍ പിളളയെ പത്രസമ്മേളനത്തില്‍ പരസ്യവിമര്‍ശനം നടത്തിയതോടെ പാര്‍ട്ടി കൂറു കാണിക്കാന്‍ മറ്റുനേതാക്കളും പരസ്യപ്രസ്താവനകളുടെ പ്രവാഹം സൃഷ്ടിച്ചു. മാറാട് വര്‍ഗീയ കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്തും കോഴിക്കോട് ജില്ലയിലുമുണ്ടായ സാമുദായിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രീധരന്‍ പിളള അന്നത്തെ മുസ്ലിം ലീഗു നേതാവ് പാണക്കാടു തങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പിളള പറഞ്ഞതായി വന്ന പത്രവാര്‍ത്തയാണ് വിവാദങ്ങള്‍ക്കു കാരണം. കോഴിക്കോട്ട് പൊതുവേ ജനസമ്മതനായ പിളളയ്ക്ക് മുസ്ലിം ലീഗുള്‍പ്പെടെ മിക്ക മുസ്ലിം സംഘടനാ നേതാക്കളും വ്യക്തികളുമായി നല്ല ബന്ധമുണ്ട്. അഭിഭാഷക വൃത്തിയിയിലൂടെ പ്രസിദ്ധനാവുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ബിജെപി നേതാവായി മാറുകയും ചെയ്ത അഡ്വ. പിളള ആ ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുന്നുമുണ്ട്. 2003 മെയ് 2ന് നടന്ന രണ്ടാം മാറാട് കലാപത്തില്‍ എട്ട് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ സംഘര്‍ഷ സാധ്യത മുറ്റി നിന്നു. വര്‍ഗ്ഗീയ സംഘര്‍ഷം പടരുമെന്ന ഭീതി എങ്ങും പരന്നു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ആത്മസംയമനം പാലിച്ചു. പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ സമാധാനം പുലര്‍ത്താന്‍ സഹായിച്ച ഈ നടപടിയെ പലരും പ്രശംസിച്ചിരുന്നു.

പക്ഷേ അന്തരിച്ച പാണക്കാട് ശിഹാബ് അലി തങ്ങളുടെ ചരമ വാര്‍ഷികത്തില്‍ വന്ന ലേഖനത്തില്‍ ഇതിന്റെ ക്രഡിറ്റു മുഴുവന്‍ പിളള കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇപ്പോള്‍ എല്ലാകൂട്ടരില്‍നിന്നും പിളളയ്ക്കു നേരേ ആക്രമണം ഉണ്ടാകാന്‍ ഒരു കാരണം. ബിജെപിയില്‍നിന്നും അനഭിമതനായി മാറിനില്‍ക്കേണ്ടിവന്നിട്ടുളള മുന്‍ ആര്‍എസ്എസ് പ്രചാരകന്‍ പി.പി. മുകുന്ദന്‍ മാത്രമാണ് പിളളയുടെ പിന്തുണയ്‌ക്കെത്തിയിരിക്കുന്നത്. മറ്റൊരു മുന്‍ പ്രസിഡന്റ് സി. കെ. പദ്മനാഭന്‍ ശ്രീധരന്‍ പിളളക്കെതിരേ കര്‍ക്കശ പ്രസ്താവന നടത്തിയിടുണ്ട്. പാര്‍ട്ടി അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത് രണ്ടു കാര്യങ്ങളാണ്, ഒന്ന് പിളളയുടെ ചര്‍ച്ചയും വിവാദമായ സംഭവങ്ങളും നടന്നത് 10 വര്‍ഷം മുമ്പായതിനാല്‍ ഈ കാര്യത്തില്‍ സംഘടനാപരമായ നടപടിക്കു സാധ്യതയുണ്ടോ എന്ന കാര്യം പഠിക്കണം. രണ്ട്, ദേശീയ കൌണ്‍സില്‍ അംഗമായതിനാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ദേശീയ നേതൃത്വമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു ചില പ്രശ്‌നങ്ങളും പിളളയ്ക്കു വിനയായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജനസ്വാധീനം കൂടിയെന്നും വോട്ടു കൂടിയെന്നുമാണ് പാര്‍ട്ടി പൊതുവേ വിലയിരുത്തിയത്. മാധ്യമങ്ങളില്‍ വന്ന വിശകലനവും അങ്ങനെയാണ്. ഇക്കുറി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് നേരിട്ടു കാര്യങ്ങളില്‍ ഇടപെട്ടതിനാല്‍ വോട്ടു കൂടിയെന്ന വിശ്വാസവും കണക്കെടുപ്പുമാണ് അവരും നടത്തിയത്. എന്നാല്‍ ബിജെപിക്ക് സംസ്ഥാനത്ത് വോട്ടു കുറഞ്ഞുവെന്ന് അഡ്വ. ശ്രീധരന്‍ പിളള പല വേദികളിലും സ്ഥാപിക്കാന്‍ ശ്രമിച്ചു. ദേശീയ കൌണ്‍സില്‍ യോഗത്തിലും ശ്രീധരന്‍ പിളള തന്റെ വാദഗതി സ്ഥാപിച്ചു. ഇത് സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളുടെയും അതൃപ്തി ശ്രീധരന്‍ പിളളക്കെതിരേ ഉണ്ടാക്കാനിടയാക്കി.

'പാര്‍ട്ടി ചുമതലപ്പെടുത്താത്ത സാഹചര്യത്തില്‍ കലാപവുമായി ബന്ധപ്പെട്ട് അത്തരമൊരു ചര്‍ച്ച നടത്താന്‍ പാടില്ലായിരുന്നു,'വെന്നാണ് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വ്യക്തമാക്കിയത്. ബിജെപിയെ പിന്തുണയ്ക്കുന്ന പത്രമായ ജന്മഭൂമിയും ആര്‍എസ്എസ് മുഖപത്രമായ കേസരിയും പിളളക്കെതിരേ നിലപാടു പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം, ഈ വിവാദം അനാവശ്യമാണെന്നും വിവാദത്തിനടിസ്ഥാനമായി ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അഡ്വ. ശ്രീധരന്‍ പിളള ടി എസ് ഐ യോടു പറഞ്ഞു. 'പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ എന്നോട് ഇങ്ങനെ ഒരു ചര്‍ച നടന്നോ എന്നു ഫോണില്‍ ചോദിച്ചു. ഞാന്‍ ചില വിശദീകരണങ്ങള്‍ കൊടുത്തു. അതു പിറ്റേന്ന് എന്റെ ഒരു പഴയകാല ചിത്രവും ചേര്‍ത്തു പ്രസിദ്ധീകരിച്ചു. അതിനു ഞാന്‍ എന്തു പിഴച്ചു,' ശ്രീധരന്‍ പിളള ചോദിച്ചു. എന്നാല്‍ പത്രത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ വന്നിട്ട് എന്തുകൊണ്ട് നിഷേധിക്കുകയോ വിശദീകരിക്കുയോ ചെയ്തില്ലെന്ന കാര്യം പിളള വിശദീകരിക്കുന്നില്ല. വൈകാതെ കാര്യങ്ങളുടെ നിജസ്ഥിതി തെളിവുകള്‍ സഹിതം പുറത്തുവിടാനുളള തയ്യാറെടുപ്പിലാണ് പിളള. അങ്ങനെയെങ്കില്‍ കേരള ബിജെപിയിലെ കലഹം വലിയ രാഷ്ട്രീയ വിസ്ഫാടനങ്ങള്‍ക്കു വഴി തെളിക്കും.

അതേസമയം മാറാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ഹിന്ദു-മുസ്്‌ലിം-സര്‍ക്കാര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ബി.ജെ.പി നിയുക്ത സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണു താല്‍ പങ്കെടുത്തതതെന്നും അത് ആരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നകാര്യവും മറ്റും മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യേണ്ടതല്ലാത്തതിനാല്‍ അതിനു മുതിരുന്നില്ലെന്നും ബി.ജെ.പി നേതാവ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള വിവാദത്തെക്കുറിച്ചു പ്രതികരിച്ചു. തന്നോടൊപ്പം അന്നു സംസ്ഥാന സംഘടനാ സെക്രട്ടറിയും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. പൊതു സമൂഹത്തില്‍ താന്‍ ഇടപഴകുന്നതില്‍ അമര്‍ഷമുള്ള ആരൊക്കെയോ ചേര്‍ന്നുണ്ടാക്കിയതാണ് ഇപ്പോഴത്തെ വിവാദം. മാറാട് പ്രശ്‌നങ്ങള്‍ താന്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായോ ഔപചാരികമായി ചര്‍ച്ച ചെയ്തതായോ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. സി.ബി.ഐ അന്വേഷണത്തിനു വേണ്ടി ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയിലോ അതുമായി ബന്ധപ്പെട്ട കോടതി നപടികളിലോ താന്‍ പങ്കാളിയല്ല. അരയസമാജം പ്രവര്‍ത്തകര്‍ പ്രതികളായ കൊലക്കേസ് ഉള്‍പ്പെടെ തന്നെ ഏല്‍പ്പിച്ച കേസുകളില്‍ 75 ശതമാനവും പ്രതികളെ കുറ്റവിമുക്തരാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ശ്രീധരന്‍പിള്ളയുമായി ബന്ധപ്പെട്ട് സംഘപരിവാര വൃത്തങ്ങളില്‍ ഉയര്‍ന്ന പുതിയ വിവാദം പൊതുസമൂഹത്തില്‍ ആര്‍.എസ്.എസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സംഘപരിവാരത്തിന്റെ ശക്തനായ വക്താവായി നിലനില്‍ക്കുമ്പോള്‍ത്തന്നെ പൊതുസമൂഹത്തില്‍ സൗമ്യമുഖം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്ന പിള്ളയ്ക്ക് സ്വന്തം പാളയത്തില്‍ നിന്നുള്ള നീക്കങ്ങള്‍ കടുത്ത തിരിച്ചടിയാവുമെന്നു കരുതപ്പെടുന്നു. പത്തുവര്‍ഷം മുമ്പ് മാറാട് നടന്ന ദൗര്‍ഭാഗ്യകരമായ കൊലപാതകങ്ങളില്‍ നിന്ന് പരമാവധി മുതലെടുക്കാന്‍ സംഘപരിവാരം ആഗ്രഹിച്ചിരുന്നുവെന്നാണ് തീവ്രമുസ്്‌ലിം നിലപാടുള്ള സംഘടനകളുടെ നിലപാട്. മാറാട്ടെ മുസ്‌ലിംകളെയെല്ലാം ആട്ടിപ്പായിച്ച് അവിടം പാര്‍ട്ടി ഗ്രാമമാക്കുന്നതിന് അവര്‍ തുടക്കംകുറിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ നിലനിര്‍ത്തി സമീപപ്രദേശങ്ങളില്‍നിന്നുകൂടി മുസ്‌ലിംകളെ കുടിയൊഴിപ്പിക്കാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നു. ബേപ്പൂര്‍ വരെ സംഘപരിവാര സ്വാധീനകേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നുവെന്ന് എന്‍.ഡി.എപ് ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നു. സര്‍ക്കാരിനെയും മുസ്‌ലിംലീഗിനെയും സമ്മര്‍ദ്ദത്തിലാക്കി എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയുമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.

വനിതാ തീപ്പൊരി നേതാവ് ഉമാ ഉണ്ണിയെയും അരയസമാജം സെക്രട്ടറി ടി സുരേഷിനെയും രംഗത്തിറക്കി ഇതിനുള്ള എല്ലാ ആസൂത്രണങ്ങളും അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഒരുതരത്തിലുള്ള അനുരഞ്ജനങ്ങള്‍ക്കും വഴങ്ങേണ്ടതില്ലെന്ന് ആര്‍.എസ്.എസ് സംസ്ഥാന ചാലക് അനന്തന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഭരണകൂടവും പോലിസും സംഘപരിവാരത്തിനു മുന്നില്‍ പകച്ചുനിന്നുപോയി. ഇതിനിടയിലാണ് ലീഗ് നേതൃത്വവും ശ്രീധരന്‍ പിള്ളയും സമാധാന ചര്‍ച്ച നടത്തിയതും പുതിയ ഫോര്‍മുല അംഗീകരിച്ചതും. മാറാട് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം എന്നതൊഴിച്ചുള്ള കടുത്ത ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ അംഗീകരിച്ചുകൊണ്ടാണ് ഭാഗികമായെങ്കിലും സമാധാനം കൊണ്ടുവന്നത്. സര്‍വോദയസംഘം നേതാവ് ഗോപിനാഥന്‍ നായരെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെ ഗത്യന്തരമില്ലാതെ ഹിഡന്‍ അജണ്ട നടപ്പാക്കാനാവാതെ ആര്‍.എസ്.എസ് പിന്‍വാങ്ങുകയായിരുന്നു. മാറാടിനുവേണ്ടി ഏറെ പണിപ്പെട്ട ഉമാ ഉണ്ണി ജനപക്ഷത്ത് ചേര്‍ന്ന് ബി.ജെ.പിയില്‍ നിന്നു പുറത്തു പോയി.

സംസ്ഥാനത്ത് വലിയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത വി മുരളീധരനെ ആര്‍.എസ്.എസ് ആശീര്‍വാദത്തോടെ പ്രസിഡന്റ് ആക്കിയതോടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി. സംസ്ഥാന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് മുരളീധരന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും ദൗര്‍ബല്യംകൊണ്ടാണെന്നാണു ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കേന്ദ്ര നേതൃത്വം വിജയസാധ്യതയുള്ള അഞ്ചു മണ്ഡലങ്ങളിലേക്ക് നല്‍കിയ പണംപോലും യഥാവിധി ചെലവഴിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. മുതിര്‍ന്ന നേതാക്കളാരും കുറേക്കാലമായി സംസ്ഥാന യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ശ്രീധരന്‍പിള്ളയാവട്ടെ കോഴിക്കോട്ടു നടക്കുന്ന സുപ്രധാന യോഗങ്ങളില്‍പ്പോലും എത്താറില്ല. ബി.ജെ.പി സംസ്ഥാനഘടകത്തില്‍ ചേരിതിരിഞ്ഞ് ഇപ്പോള്‍ നടക്കുന്ന പ്രസ്താവനായുദ്ധം മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടാനുള്ള കുറുക്കുവഴിയാണെന്നും ആരോപണമുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.