Friday, August 26, 2011

സെല്‍ഭരണത്തിന് പകരം സദ്ഭരണം


മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെല്‍ഭരണത്തിന് പകരം  സദ്ഭരണം കാഴ്ചവയ്ക്കുവാന്‍ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഓരോ ചുവടും ജനക്ഷേമകരമാണ്.നൂറുദിനം പിന്നിട്ട സര്‍ക്കാരിന്റെ ഭരണത്തിലേക്കൊരു തിരിഞ്ഞുനോട്ടം

മലയാളിയുടെ മനസ്സില്‍ പുതിയ ഒരോണനിലാവാണ് ഐക്യജനാധിപത്യമുന്നണി ഭരണത്തിന്റെ നൂറു ദിനങ്ങളിലൂടെ പിറന്നത്. ഒരു ഗവണ്‍മെന്റിനെ വിലയിരുത്തുവാന്‍ നൂറു ദിനങ്ങളുടെ പ്രവര്‍ത്തനപഠനം കൊണ്ട് സാദ്ധ്യമല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നൂറു ദിനങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന കേരളത്തിലെ ഇടതുപക്ഷഭരണത്തില്‍ നിന്നും പുതിയ ഗവണ്‍മെന്റ് എത്രമാത്രം വ്യതിരിക്തമായി നീങ്ങുന്നുവെന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരമൊരു വിശകലനത്തിന് ഐക്യജനാധിപത്യമുന്നണി ഭരണം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന ഇടതുപക്ഷഭരണത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൂടി അനിവാര്യമാണല്ലോ?ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കേരളത്തെ എവിടെവരെ കൊണ്ടെത്തിച്ചിരുന്നുവെന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്. അഴിമതിക്കെതിരെ കുരിശുയുദ്ധം എന്ന് വൃഥാ പ്രഖ്യാപിച്ചുകൊണ്ട് 2006 മെയ് 16 ന് അധികാരമേറ്റെടുത്ത അച്യുതാനന്ദന്‍ സര്‍ക്കാര്‍, മൈത്രി ഭവനപദ്ധതി, ലാവ്‌ലിന്‍, മെര്‍ക്കിന്‍സ്റ്റന്‍ ഭൂമി ഇടപാട്, സേവിമനോമാത്യു, സാന്റിയാഗോ മാര്‍ട്ടിന്‍ ബന്ധങ്ങള്‍ തുടങ്ങിയ അഴിമതിയുടെ കാണാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടത്. അന്യസംസ്ഥാന വ്യാജ ലോട്ടറി മാഫിയ ഏതാണ്ട് 80,000 കോടി രൂപ കേരളത്തില്‍ നിന്നുകടത്തിക്കൊണ്ടുപോയി. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്കുവേണ്ടി രണ്ടുകോടി രൂപ വസൂലാക്കിയത് ഇടതുപക്ഷഭരണത്തിന്റെ തുടക്കത്തിലായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കുത്തക കമ്പനിയായ സുസ്‌ലോണ്‍ തട്ടിയെടുത്തതും ഇടതുപക്ഷകാലത്തുതന്നെയായിരുന്നു. വ്യാജമദ്യലോബികള്‍ അഴിഞ്ഞാടിയ ഇടതുഭരണകാലത്ത് മലപ്പുറത്ത് 27 മനുഷ്യജീവനുകള്‍ വിഷക്കള്ളില്‍മുങ്ങി പിടഞ്ഞു മരിച്ചു. എക്‌സൈസ് വകുപ്പില്‍ കൊടികുത്തിവാണ അഴിമതിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നില്ല.
 
68 ബാറുകളും 1610 കള്ളുഷാപ്പുകളും പുതുതായി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ഇടതുഭരണം ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് വിലപിച്ചുകൊണ്ട് അധികാരം തട്ടിയെടുത്ത ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനകം നൂറ് കര്‍ഷകരാണ് ജീവനൊടുക്കിയത്. നാടുനീളെ കൊട്ടിഘോഷിച്ച് കര്‍ഷക കടാശ്വാസനിയമം കൊണ്ടുവന്നെങ്കിലും കടാശ്വാസത്തിനുവേണ്ടി നീക്കിവച്ച 130 കോടിയില്‍ നിന്ന് ഒരു ചില്ലിപ്പൈസ പോലും കര്‍ഷകന് നല്‍കിയില്ല. പെണ്‍വാണിഭക്കാരെ അറസ്റ്റ് ചെയ്ത് കയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വേദികള്‍ തോറും വീരവാദം മുഴക്കിയ അച്യുതാനന്ദന്‍ ഭരണം കയ്യിലായപ്പോള്‍ എല്ലാം മറന്നു. കസ്റ്റഡിമരങ്ങളും പകല്‍ക്കൊള്ളയും കൊലപാതകങ്ങളും നാടിനെ ഞെട്ടിച്ചു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഇടതുഭരണക്കാര്‍ നടത്തിയ ഉരുണ്ടുകളികളാരും മറന്നുകാണുകയില്ലല്ലോ? വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്റെ കൈ വെട്ടിയെറിഞ്ഞ ഭീകരസംഭവം നടന്നതും സുശക്തമായ ഇടതുപക്ഷ ആഭ്യന്തരഭരണത്തിന്‍ കീഴിലായിരുന്നു. വിദ്യാഭ്യാസവകുപ്പ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തന്നെ ഏറ്റെടുത്ത്, തുഗ്ലക് പരിഷ്‌ക്കാരങ്ങളിലൂടെ അതിനെ ആന കയറിയ കരിമ്പിന്‍കാടാക്കി മാറ്റി. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയകോളേജ് രംഗത്ത് സ്വീകരിച്ച 50:50 എന്ന അനുപാതം പോരെന്നു പറഞ്ഞ് വണ്ടികള്‍ തകര്‍ത്തവര്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്കുമുമ്പില്‍ മുട്ടുമടക്കിയതും മലയാളികള്‍ കണ്ടു. കെ. ഇ. ആര്‍ പരിഷ്‌ക്കാരം, ഏകജാലകസമ്പ്രദായം മുതലായ വികലപരീക്ഷണങ്ങളിലൂടെ രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചെയ്തത്. പാഠപുസ്തകങ്ങളില്‍ കമ്മ്യൂണിസം തിരുകിക്കയറ്റാന്‍ വേണ്ടി മതമില്ലാത്ത ജീവനെ സൃഷ്ടിച്ച് മതസ്ഥാപനങ്ങളുടെ നെഞ്ചില്‍ കഠാരയിറക്കി രസിച്ചു. മുന്‍കാല യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപദ്ധതികളെല്ലാം രാഷ്ട്രീയ തിമിരം ബാധിച്ച ഇടതുഭരണം തച്ചുടച്ചു. 
അഞ്ചു വര്‍ഷവും അപ്രായോഗിക വാദങ്ങളുന്നയിച്ച് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രാവര്‍ത്തികമാക്കാതെ സമയനഷ്ടവും മൂലധന നഷ്ടവും സൃഷ്ടിച്ചു. ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടര്‍ന്നപ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍ നിന്ന് പകര്‍ച്ച വ്യാധി പരിശോധനാ വൈദഗ്ധ്യം തെളിയിക്കാനാണു ശ്രമിച്ചത്. സ്ഥലംമാറ്റം, സ്വകാര്യപ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങളെടുത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശിഥിലമാക്കുകയും ഡോക്ടര്‍മാരും രോഗികളും തമ്മില്‍ മാനസികമായ അകലം സൃഷ്ടിക്കുകയും ചെയ്തു.
 
സര്‍ക്കാര്‍ ആശുപത്രികളുപേക്ഷിച്ച് രോഗികള്‍ സ്വകാര്യആശുപത്രികളെ ശരണം പ്രാപിച്ച് ഗവണ്‍മെന്റ് ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിപോലും സൃഷ്ടിക്കപ്പെട്ടു. ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചും പുരോഹിതന്മാരെ നികൃഷ്ടജീവികളെന്നുവിളിച്ചും ഭരണാധികാരത്തിന്റെ അഹങ്കാരം ഉരുള്‍പൊട്ടിയൊഴുകുകയായിരുന്നു. പൂജാരിമാര്‍ക്കു ദക്ഷിണപോലും നിരോധിച്ച് അവരെ ശമ്പളക്കാരായ ട്രേഡ് യൂണിയന്‍ തൊഴിലാളികളാക്കാനും ശ്രമിച്ചു. ഇടതുഭരണകാലഘട്ടത്തില്‍ പരമപവിത്രമായ ശബരിമല സന്നിധാനം പോലും അപവാദങ്ങളുടെയും ദുര്‍മരണങ്ങളുടെയും ശാപങ്ങളുടെയും ചൂടില്‍ വെന്തുരുകി.ആയിരം നാവുകള്‍ കൊണ്ടു വിവരിച്ചാലും പതിനായിരം തൂലികകള്‍ കൊണ്ടു വര്‍ഷങ്ങളോളമെഴുതിയാലും തീരാത്ത തരത്തിലുള്ള കെടുകാര്യസ്ഥതകളുടെയും ദുര്‍ഭരണത്തിന്റെയും നാളുകളിലൂടെയാണ് അഞ്ചുവര്‍ഷത്തെ ഇടതുഭരണകാലഘട്ടം കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചുതീര്‍ത്തത്.ഫാരിസ് അബൂബക്കര്‍മാരും, സേവിമനോജ് മാത്യുമാരും, സാന്റിയാഗോ മാര്‍ട്ടിന്‍മാരും ചേര്‍ന്ന് തിരക്കഥയെഴുതി അച്യുതാനന്ദനും പിണറായിയും ഹീറോയും വില്ലനുമായി എ.കെ.ജി. സെന്ററിന്റെ ബാനറില്‍ സി.പി.എം. സംവിധാനം ചെയ്തിറക്കിയ ഇടതുഭരണമെന്ന ഹൊറര്‍ ചിത്രം മെയ് മാസത്തിലവസാനിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കടക്കെണിയുടെ പാതാളത്തിലകപ്പെട്ടുകഴിഞ്ഞിരുന്നു. ഇടതുസര്‍ക്കാരിന്റെ ധനമാനേജ്‌മെന്റിന്റെ പിഴവുകള്‍കൊണ്ട് കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 78, 673 കോടി രൂപയുടെ കടത്തിലേക്കാണ് കേരളം നിപതിച്ചത്. ഓരോ കേരളീയനും 23563 രൂപയുടെ കടക്കാരനായി മാറി. ഇടതുസര്‍ക്കാര്‍ വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യതകളെല്ലാം ഉടന്‍തന്നെ പരിഹരിക്കേണ്ടുന്ന ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു മേല്‍ വന്നു വീണിരിക്കുകയാണ്.
 
21546 കോടി രൂപ അടിയന്തിരമായി കൊടുത്തുതീര്‍ക്കണം. പെന്‍ഷന്‍ ശമ്പളപരിഷ്‌ക്കരണത്തിന് 4825 കോടി രൂപ വേണം. റേഷന്‍സബ്‌സിഡി ബാധ്യത 226 കോടി രൂപയാണ്. സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍ക്ക് 200 കോടി രൂപ കണ്ടെത്തണം. കെ.എസ്.ആര്‍.ടി.സി. ഭവനനിര്‍മ്മാണബോര്‍ഡ് എന്നിവയുടെ ബാദ്ധ്യതകളും പഞ്ചായത്ത് പദ്ധതിവിഹിതവും സര്‍ക്കാരിനു തലവേദനയായിമാറി. ഇങ്ങനെ സര്‍വ്വരംഗങ്ങളിലും കേരളത്തിലെ ജനങ്ങളെ നിലയില്ലാക്കയങ്ങളില്‍ മുക്കിത്താഴ്ത്തിയതിനുശേഷമാണ് അച്യുതാനന്ദനും മന്ത്രിപ്പടയും നൂറു ദിവസങ്ങള്‍ക്കു മുമ്പ് ഭരണക്കസേരകള്‍ വിട്ട് കൂകി വിളിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷത്തിരുന്ന് ഗോഷ്ടി കാണിക്കുന്നത്.മെയ് മാസത്തില്‍ ചേര്‍ന്ന ആദ്യ യു.ഡി.എഫ്. മന്ത്രിസഭായോഗം തന്നെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനുള്ള നടപടി സ്വീകരിച്ചു. പെട്രോളിന്റെ അധിക നികുതികുറച്ച് സാധാരണ ജനങ്ങളെ രക്ഷിക്കുവാനുള്ള ധീരമായ നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റവുമാദ്യമായി നടപ്പാക്കിയ ജനക്ഷേമപരിപാടി. ആ തീരുമാനം വഴി സംസ്ഥാന സര്‍ക്കാരിന് 131.94 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടുകൂടി സാധാരണജനങ്ങളുടെ ക്ഷേമത്തിനുമുന്‍തൂക്കം നല്‍കി അധികനികുതി കുറയ്ക്കുവാനാണ് യു.ഡി.എഫ് മന്ത്രിസഭ ശ്രമിച്ചത്.
എന്‍ഡോസള്‍ഫാന്റെ പേരുപറഞ്ഞ് എത്രമാത്രം മുതലക്കണ്ണീരാണ് സി.പി.എം ഒഴുക്കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി കുറച്ചുനേരം ആഹാരം പോലും ഉപേക്ഷിച്ച അച്യുതാനന്ദന്റെ ഭരണത്തില്‍ ദുരിതബാധിതര്‍ക്ക് പ്രത്യക്ഷമായ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. അവരുടെ പേരു പറഞ്ഞ് പാര്‍ട്ടിയിലെ അണികള്‍ക്ക് നേരം പോകാനുള്ള കുറേ സമരവിഷയങ്ങളുണ്ടാക്കുവാന്‍ മാത്രമാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍ അധികാരം ഏറ്റെടുത്തയുടന്‍തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിരമായി ഒരു ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
 
അഞ്ചു വര്‍ഷം ഭരിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാതിരുന്ന ഇടതുപക്ഷക്കാര്‍, ഇപ്പോള്‍ അക്കാര്യത്തില്‍ അധികമൊന്നും ഉരിയാടിക്കേള്‍ക്കുന്നില്ല. ഇരുപതു സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന് അനുഗുണമായി അണിനിരന്നിട്ടും അതു നിരോധിക്കണമെന്ന ശക്തമായ നിലപാടെടുക്കുവാനും ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന് കഴിഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പരിഗണിച്ച് വേഗത്തില്‍ നടപടികളെടുത്തു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ വേനല്‍ മഴമൂലം വിളകള്‍ ചീഞ്ഞളിഞ്ഞപ്പോള്‍ കയ്യുംകെട്ടി നിന്ന് കര്‍ഷകന്റെ കണ്ണീരുകണ്ടു രസിക്കുകയായിരുന്നു ഇടതുഗവണ്‍മെന്റ്. കൊയ്ത്തുയന്ത്രങ്ങളിറക്കി അവരുടെ വിളകള്‍ ശേഖരിക്കുവാന്‍ യാതൊരു സഹായവും സര്‍ക്കാര്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ആദ്യദിനത്തില്‍ തന്നെ കുട്ടനാട്ടില്‍ പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങാനുള്ള നടപടികളാരംഭിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റ് പാര്‍ശ്വവര്‍ത്തികളെ തിരുകികയറ്റുവാന്‍ വേണ്ടി അനധികൃതമായി ജനുവരി ഒന്നുമുതല്‍ നടത്തിയ എല്ലാ നിമയനങ്ങളും പുനഃപരിശോധിച്ച് നീതി നടപ്പാക്കുവാനുള്ള ശക്തമായ തീരുമാനവും എടുക്കുകയുണ്ടായി. ആദിവാസിജനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുവാനാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. അവരെ ചെങ്കൊടി പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗോത്രവര്‍ഗ്ഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പരാജിതമായി. അതുകൊണ്ട് ആദിവാസിവിഭാഗങ്ങളുടെ പ്രശ്‌നങ്ങളോടു മുഖം തിരിക്കുവാനും അവരെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുവാനുമാണ് സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം. നയിച്ച മന്ത്രിസഭകളൊന്നും തന്നെ അധികാര കേന്ദ്രത്തിന്റെ നാലയലത്തടുക്കുവാന്‍ ആദിവാസിജനങ്ങളെ അനുവദിച്ചിരുന്നില്ല.
 
കേരളത്തിന്റെ ആഫ്രിക്ക എന്നറിയപ്പെടുന്ന വയനാട്ടില്‍ നിന്നും ഒരു വനിതാമന്ത്രിയെ നിയമിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹിക സമത്വ നിര്‍മ്മാണപ്രക്രീയയില്‍ ഒരു രജതരേഖ രചിക്കുവാന്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന് കഴിഞ്ഞു. ആദിവാസി ഊരുകളിലെ അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കുവാനുള്ള സമഗ്രമായ കര്‍മ്മപദ്ധതിക്ക് മന്ത്രിസഭ രൂപം നല്‍കി. അവര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം സൗജന്യമായി നല്‍കുവാനും അവിവാഹിതരായ അമ്മമാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്.ഈ പദ്ധതികളെല്ലാം തന്നെ സുഗമമായി നടന്നുവരികയാണ്. എ.കെ.ജി സെന്ററില്‍ നിന്ന് റിമോട്ട് കണ്‍ട്രോളിംഗ് വഴി നടന്നിരുന്ന ഇടതുഭരണത്തില്‍ നിന്നും വ്യത്യസ്തമായി സുതാര്യവും ജനപക്ഷത്തുനിന്നുള്ളതുമായ ഭരണരീതിയാണ് തുടക്കം മുതലേ യു.ഡി.എഫ് തുടര്‍ന്നുവരുന്നത്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെല്‍ഭരണത്തിന് പകരം ഒരു സല്‍ഭരണം കാഴ്ചവയ്ക്കുവാന്‍ വേണ്ടി ഭരണപരമായ ഇടപെടലുകളില്‍ നിന്ന് കെ.പി.സി.സി ഒഴിഞ്ഞു നില്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയുണ്ടായി. ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ ജനകീയ തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്കുമുന്നില്‍ ഭരണം ഒരു തുറന്ന പുസ്തകം തന്നെയായിരിക്കും.
 
സാമൂഹിക സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നല്‍കുന്ന അഴിമതിരഹിതമായ സുതാര്യഭരണമാണ് യു.ഡി.എഫ് വിഭാവനം ചെയ്യുന്നത്. വികസനവും കരുതലുമാണതിന്റെ മുഖമുദ്ര. എല്ലാവിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കിക്കൊണ്ട് ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് ഒരു ഭരണസംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിന്റെ ഭാഗമായി 15 അവശ്യസാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ പത്തുശതമാനം കുറഞ്ഞ നിരക്കില്‍ പൊതുവിതരണശൃംഖല വഴി ജനങ്ങളിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണപദ്ധതി ഹൈസ്‌കൂള്‍ തലത്തില്‍ കൂടി എത്തിക്കുവാന്‍ കഴിയണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതി, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ശിശുഅവകാശ കമ്മീഷന്‍, പൊതു -സ്വകാര്യസംരംഭങ്ങളെ വിവേചിക്കാത്ത നിക്ഷേപസൗഹൃദഅന്തരീക്ഷം എന്നിവയെല്ലാം കേരളത്തില്‍ അടിയന്തിരമായി സൃഷ്ടിക്കപ്പെടേണ്ട കാര്യങ്ങളാണെന്ന് യു.ഡി.എഫ് നേതൃത്വം ചിന്തിക്കുന്നു. ഇടതുഭരണകാലത്ത് കള്ളക്കണക്കിലൂടെയും കൃത്രിമ നടപടികളിലൂടെയും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കി എന്ന് ജനങ്ങളോട് കള്ളം പറയുകയായിരുന്നു.
ഭീമമായ കടം എഴുതിത്തള്ളിയും ഫാക്ടറി വളപ്പിലെ ഭൂമി വിറ്റുനശിപ്പിച്ചും ആണ് ലാഭത്തിന്റെ കണക്കുകള്‍ അവര്‍ എഴുന്നള്ളിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളെ ഇടതുപക്ഷം അവതാളത്തിലാക്കി. 'അതിവേഗം ബഹുദൂര'മെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ക്കെല്ലാം മുന്‍ഗണന നല്‍കുവാനാണ് യു.ഡി.എഫ് തീരുമാനം. കേന്ദ്രവിരുദ്ധതയുടെ പേരില്‍ ഇടതുപക്ഷം പാഴാക്കിയ കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ആഗ്രഹം. ഐ.ടി. ഒരു വ്യവസായ വിഷയമെന്നതിലുപരിയായി ഒരു ജീവിതചര്യയാക്കി മാറ്റുവാനും ഇ-ഗവേണന്‍സ് പ്രായോഗികമാക്കി മാറ്റുവാനും ഗവണ്‍മെന്റ് സദാ ജാഗരൂകമായിരിക്കും.
 
ഈ സ്വപ്‌നങ്ങളെല്ലാം തന്നെ സമയാനുബന്ധിതമായി പൂവണിയിച്ചുകൊണ്ടാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഓരോ ദിനങ്ങളും മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്വപ്‌നങ്ങളിലേക്ക് വേഗച്ചിറകുകളുമായി പറക്കുന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് സ്മാര്‍ട്ട് സിറ്റിയെന്ന ജനപ്രീയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞു. അച്യുതാനന്ദന്റെ മുരടന്‍ മനസ്സു തീര്‍ത്ത തര്‍ക്കങ്ങളില്‍ കേരളത്തിന്റെ ഐ.ടി. സ്വപ്‌നങ്ങളെല്ലാം കഴിഞ്ഞ അഞ്ചുവര്‍ഷകാലം ചിതറിവീഴുകയായിരുന്നു. വാര്‍ഷികശമ്പളയിനത്തില്‍ 3000-3500 കോടി രൂപ ലഭ്യമാകുന്ന ഒരു ലക്ഷത്തോളം തൊഴിലുകള്‍, ബന്ധപ്പെട്ട സമസ്ത മേഖലകളിലും വികസനസാദ്ധ്യതകള്‍ തുടങ്ങിയ പ്രതീക്ഷകളുടെ കൂമ്പാരവുമായിട്ടാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളീയരുടെ മനസ്സിലിടം തേടിയത്. മുട്ടാപ്പോക്കുകളും രാഷ്ട്രീയ അടിയൊഴുക്കുകളും അഴിയാക്കുരുക്കുകളും കൊണ്ട് അച്യുതാനന്ദനും കൂട്ടരും അഞ്ചുവര്‍ഷം ആ സ്വപ്‌നപദ്ധതിയുടെ ചിറകൊടിച്ചിട്ടിരിയ്ക്കുകയായിരുന്നു. അവര്‍ പാഴാക്കിയ സമയമോര്‍ത്ത് മനം മടുത്തിരിക്കാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് പുതിയ ചിറകുകള്‍ നല്‍കുകയാണ് പുതിയ മന്ത്രിസഭ. സ്മാര്‍ട്ട് സിറ്റി ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാനപം ഒക്‌ടോബര്‍ 31 ന് മുന്‍പു നടത്തുവാനും അപ്പോള്‍ത്തന്നെ ആദ്യഘട്ടനിര്‍മ്മാണം തുടങ്ങുമെന്നുമാണ് ദുബായ് ടെക്‌നോളജി ആന്റ് മീഡിയ ഫ്രീസോണ്‍ അതോറിറ്റി (ടീകോം) യുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
 
2012 ഒക്‌ടോബറില്‍ ആദ്യഘട്ടത്തിന്റെ പണി പൂര്‍ത്തീകരിയ്ക്കും. അനാവശ്യരാഷ്ട്രീയതര്‍ക്കങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി മെച്ചപ്പെട്ട മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കരാറിനുപകരം ഇടതുസര്‍ക്കാരിന്റെ കരാര്‍ തന്നെയാണ് നടപ്പാക്കുന്നത്. ഇടതുസര്‍ക്കാര്‍ ഉന്നയിച്ച ചില അഭിപ്രായോഗിക വ്യവസ്ഥകള്‍ക്ക് പകരം സെസിനു കേന്ദ്രവ്യവസ്ഥകള്‍ മാത്രമേ ബാധകമാക്കുകയുള്ളു. സ്മാര്‍ട്ട് സിറ്റിയ്ക്ക് കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി നല്‍കി ആകെ വിസ്തീര്‍ണ്ണം 250 ഏക്കറാകുന്നതോടെ ബഹുസേവന സെസ് എന്ന കേന്ദ്രഅംഗീകാരം നേടാനും അവസരം ലഭിക്കും. അതോടെ ഐ.ടിയ്ക്കു പുറമേ ബാങ്കിങ്, ഡിസൈന്‍, ഗവേഷണവികസന രംഗം, തുടങ്ങിയ മേഖലകളിലും സേവന വ്യവസായങ്ങള്‍ വരികയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യും.    
സ്മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കൊപ്പം കൊച്ചിയില്‍ ഒട്ടേറെ അടിസ്ഥാനവികസന പദ്ധതികളും യു.ഡി.എഫ് ഗവണ്‍മെന്റ് വിഭാവനം ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് റോഡുസൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണിതില്‍ പ്രധാനം. വിദേശനിക്ഷേപത്തിന് കേരളം അനുയോജ്യമാണെന്ന സന്ദേശമാണ് സ്മാര്‍ട്ട് പദ്ധതികളിലൂടെ ഗവണ്‍മെന്റ് ലോകത്തിനു നല്‍കുന്നത്.
 
ഒരു വശത്ത് സമ്മര്‍ദ്ദതന്ത്രങ്ങളുമായി ടീകോമും മറുവശത്ത് മുരടന്‍ ആശയങ്ങളും സംശയങ്ങളുമായി ഗവണ്‍മെന്റും ഏറ്റുമുട്ടിയിരുന്ന ഇടതുപക്ഷഭരണകാലത്തില്‍ നിന്നു വ്യത്യസ്തമായി പരസ്പര സഹകരണത്തിന്റേയും വിശ്വാസ്യതയുടേയും പ്രവര്‍ത്തനമേഖലയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കായി സ്മാര്‍ട്ട്‌സിറ്റിയെ മാറ്റാന്‍ ദുബായ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ നയങ്ങള്‍ കാലത്തിനും യുവാക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ജനങ്ങളുടെ സ്വപ്‌നങ്ങളെ പൂവണിയിക്കുന്നതുമാണെന്നതില്‍ സംശയമില്ല. 
'യഥാരാജാ തഥാ പ്രജാ' എന്ന രീതിയില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് വളര്‍ത്തിയെടുത്ത വികലമായ തൊഴില്‍ സംസ്‌ക്കാരത്തില്‍ നിന്ന് കേരളം അനുനിമിഷം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്മാര്‍ട്ട് സിറ്റി പ്രാവര്‍ത്തികമാക്കുന്നതോടെ പുതിയൊരു ട്രേഡ് യൂണിയന്‍ സംസ്‌ക്കാരം കൂടി വളര്‍ത്തിയെടുക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയും

No comments:

Post a Comment

Note: Only a member of this blog may post a comment.