Wednesday, August 24, 2011

ഇടത് സമരത്തിനിടയില്‍ പിണറായി, വി.എസ്.ഗ്രൂപ്പുകാര്‍ ഏറ്റുമുട്ടി


ചേര്‍പ്പ്: ഇടതുമുന്നണി സമരത്തിന്നിടയില്‍ സി.പി.എമ്മിലെ വി.എസ് - പിണറായി ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി. തെരുവ് യുദ്ധം പോലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. സി.പി.എമ്മിലെ രണ്ട് ഗ്രൂപ്പുകാരും വെവ്വേറെ പ്രകടനങ്ങള്‍ നടത്തുകയായിരുന്നു.
സി.പി.എമ്മിലെ തമ്മില്‍ത്തല്ലിനിടയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം അണിനിരന്നിരുന്ന ഏതാനും സി.പി.ഐക്കാര്‍ക്കും തല്ലുകൊണ്ടു.ചേര്‍പ്പ് മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ച് പിണറായി ഗ്രൂപ്പുകാര്‍ അണിനിരന്ന വിഭാഗം തായംകുളങ്ങരയില്‍ നിന്നാണ് ആരംഭിച്ചത്. വി.എസ്. ഗ്രൂപ്പുകാര്‍ ചെവ്വൂര്‍ സെന്ററില്‍ നിന്നും മാര്‍ച്ച് തുടങ്ങി. ഇവരെ പോലീസ് ചേര്‍പ്പ് സഹകരണ ബാങ്കിന് മുന്നില്‍ തടഞ്ഞു. പോലീസ് വലയം ഭേദിച്ച് എതിര്‍ഗ്രൂപ്പുകാര്‍ക്ക് അരികിലെത്തിയതാണ് അടിപിടിയില്‍ കലാശിച്ചത്. ഔദ്യോഗിക വിഭാഗത്തിന്റെ മാര്‍ച്ച് സി.പി.ഐ. നേതാവ് കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗീതാ ഗോപി എം.എല്‍.എ., കെ.കെ. ശ്രീനിവാസന്‍, ഷീല വിജയകുമാര്‍, എന്‍.ആര്‍. ബാലന്‍, കെ.കെ. അനില്‍ പ്രസംഗിച്ചു. വിമത വിഭാഗം മാര്‍ച്ചിന്റെ ഉദ്ഘാടനം സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി പി.വി. സദാനന്ദന്‍ നിര്‍വ്വഹിച്ചു. പി.വി. ഭരതന്‍, തോണി പുലിക്കോട്ടില്‍ എം.എസ്. കുഞ്ഞുമുഹമ്മദ് പ്രസംഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ വി.എസ്.അനുകൂല പ്രകടനത്തിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറി അടക്കം നിരവധി പേരെ സി.പി.എം. പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുഗ്രൂപ്പുകളും പല തവണ ഏറ്റുമുട്ടുകയുണ്ടായി. ഇത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണി ആയിരിക്കയാണ്. ഇതിനിടയിലാണ് സമരത്തിന്നിടയില്‍ ഏറ്റുമുട്ടല്‍. ചേര്‍പ്പ് സി.ഐ. മണികണ്ഠന്‍, എസ്.ഐ. രവി സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.