Monday, August 8, 2011

പാര്‍ട്ടിയിലെ അച്ചടക്കനടപടി വീട്ടിലേക്കും; സി.പി.എം നേതാവ് അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കി


സ്വഭാവദൂഷ്യം ആരോപിച്ച് മുതിര്‍ന്ന നേതാക്കളെ പുറത്താക്കുന്ന നടപടി കേരളത്തില്‍ സര്‍വസാധാരണമായിരിക്കെ, പത്തനംതിട്ടയില്‍ നിന്നും ഒരു വ്യത്യസ്ഥ വിപ്ലവകഥ. സ്വഭാവദൂഷ്യമുണ്ടെന്നു പറഞ്ഞ് പാര്‍ട്ടി നേതാവായ മകന്‍ അമ്മയെ പുറത്താക്കുകയായിരുന്നു. പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ളവ ഇതിനായി ഉപയോഗിച്ചിട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണ് നാട്ടുകാര്‍. പത്തനംതിട്ടയിലെ സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം അമ്മയെ രണ്ടു തവണ വീട്ടില്‍നിന്നു പുറത്താക്കിയെന്നാണ് ആരോപണം. വിധവയായ എഴുപത്തിരണ്ടുകാരിയെ പാര്‍ട്ടി ഇടപെട്ടു രണ്ടു തവണയും മകനൊപ്പം കുടുംബവീട്ടിലാക്കി. കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണത്രേ മകന്‍ അമ്മക്കെതിരേ മകന്‍ നടപടിയെടുത്തത്. ആദ്യം പാര്‍ട്ടിയിലെ മറ്റൊരു ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലാക്കിയപ്പോള്‍ പാര്‍ട്ടി ഇടപെട്ടതോടെ അമ്മയെ തിരികെ വീട്ടിലെത്തിച്ചു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞു സമീപത്തെ വൃദ്ധസദനത്തിലേക്കു മാറ്റി.

വീണ്ടും പാര്‍ട്ടിക്കാര്‍ ഇടപെട്ടു. ഇപ്പോള്‍ അവര്‍ മകനൊപ്പം വീട്ടിലുണ്ട്. റാന്നിക്കടുത്താണ് പാര്‍ട്ടി ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഈ സംഭവങ്ങള്‍. സാന്ത്വനം എന്നു പേരുള്ള വീട്ടില്‍നിന്നാണ് മകന്റെ പീഡനംമൂലം അമ്മയ്ക്കു പുറത്തുപോകേണ്ടിവന്നത്. ഇവരുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പ് മരിച്ചു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കുമ്പളാംപൊയ്കയിലെ വീട്ടിലേക്കായിരുന്നു ആദ്യം മാറ്റിയത്. അവിടെ മൂന്നു ദിവസം താമസിച്ചപ്പോഴാണ് പ്രശ്‌നം പാര്‍ട്ടിയില്‍ ചര്‍ച്ചയായത്. പെരുനാട്ടിലെ ഒരു ലോക്കല്‍ കമ്മിറ്റി അംഗം പ്രശ്‌നം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ഇതു ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ച ശേഷം വിവരം അറിയിക്കണമെന്നായിരുന്നു നിര്‍ദേശം. അമ്മയെ ആദ്യതവണ തിരികെ വീട്ടിലെത്തിച്ചത് അപ്പോഴാണ്. എന്നാല്‍, ജില്ലാ കമ്മിറ്റി ഇതു ചര്‍ച്ച ചെയ്യാതെ രഹസ്യമാക്കി വച്ചെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞ് അമ്മയ്ക്കു വീണ്ടും വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവന്നു. ഇത്തവണ അതേ പ്രദേശത്തെ വൃദ്ധസദനത്തിലായിരുന്നു പ്രവേശനം. അപ്പോള്‍ പ്രദേശത്തെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഇതു ചര്‍ച്ചാവിഷയമായി.

സമ്മേളനങ്ങളുടെ കാലത്ത് ഇതു വിവാദമായേക്കുമെന്നു വന്നതോടെ മകന്‍ വീണ്ടും അമ്മയെ വീട്ടിലേക്കു സ്വീകരിച്ചു. പാര്‍ട്ടിയില്‍ ചര്‍ച്ചയായ ഈ പ്രശ്‌നം സമ്മേളനങ്ങള്‍ തുടങ്ങുന്നതോടെ സജീവമാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും നടപടിയെടുക്കാതെ പ്രശ്‌നം ഒതുക്കിയതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ സമ്മേളനങ്ങളില്‍ ഉയര്‍ന്നേക്കാം. അതിലുപരി ഗൗരവമുള്ള മനുഷ്യാവകാശ പ്രശ്‌നം പാര്‍ട്ടിയുടെ പ്രതിച്ഛായ നോക്കി അവഗണിച്ചെന്ന കുറ്റാരോപണം പൊതുസമൂഹത്തില്‍ നിന്നു പാര്‍ട്ടി നേരിടേണ്ടിവന്നേക്കാം. വീട്ടിലും നാട്ടിലും പോര് മൂത്ത അവസ്ഥയിലേക്കാണ് സി.പി.എം മുന്നേറുന്നതെന്നു ചുരുക്കം. പാര്‍ട്ടികോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് പാര്‍ട്ടിയില്‍ പോര് ശക്തിപ്രാപിക്കുന്നത്. എന്നാല്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ മുന്‍പത്തെപ്പോലെ ഇടപെടാന്‍ കൂട്ടാക്കാതെ കേന്ദ്രനേതൃത്വം കൈമലര്‍ത്തുകയും ചെയ്യുകയാണ്. വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും നേതൃത്വം നല്‍കുന്ന വിഭാഗീയത സമ്മേളനത്തിന്റെ കേളികൊട്ടുപോലെ കൊഴുക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യം വിഎസ്സിന് സീറ്റില്ലെന്ന വാര്‍ത്ത പരന്നപ്പോള്‍ തെരുവിലിറങ്ങിയ സിപിഎം പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് പുറത്താക്കല്‍ പ്രക്രിയ തുടരുകയാണ്. കാസര്‍കോട്ട് തുടങ്ങിയ നടപടി ഇടുക്കിയിലെത്തുമ്പോള്‍ നൂറോളം പ്രാദേശികനേതാക്കള്‍ പാര്‍ട്ടിക്ക് വെളിയിലോ കീഴ്കമ്മിറ്റികളിലോ തള്ളപ്പെട്ടു. ഇത് വിപുലപ്പെടുത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച് സമ്മേളനം നടക്കാനിരിക്കെ നടപടി അനുവദനീയമല്ലെന്ന നിലപാടാണ് വിഎസ് സ്വീകരിച്ചിരുന്നത്.

പ്രകടനം നടത്താനിടയായതിന്റെ കാരണം കേന്ദ്രകമ്മറ്റി അംഗീകരിച്ചതാണെന്നും വിഎസ് പ്രസ്താവിച്ചിരുന്നു. വിഎസ്സിന്റെ നിലപാടിനെ സംസ്ഥാനസെക്രട്ടേറിയറ്റ് നേരത്തെ തള്ളിയതാണ്. വി.എസ്.ആശയകുഴപ്പമുണ്ടാക്കി എന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നടപടിയില്‍ ഇടപെടില്ലെന്ന് ഇന്നലെ പ്രകാശ്കാരാട്ടും വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രാദേശികതലത്തില്‍ ഔദ്യോഗികനേതൃത്വം വിഎസ് പക്ഷത്തെ വെട്ടിനിരത്തല്‍ തുടരുകയാണ്. തൃശൂരില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെ ജില്ലയിലെ അമ്പതോളം പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി അറിയുന്നു. ചേര്‍പ്പ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.വി. സദാനന്ദനെയും, ലോക്കല്‍കമ്മിറ്റിയംഗം പി.വി.ഭരതനെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പെരുമാറ്റ ദൂഷ്യം, പാര്‍ട്ടി അച്ചടക്ക ലംഘനം എന്നിവ ആരോപിച്ചാണ് നടപടി. ഇരുവരും സഹോദരങ്ങളും ശക്തരായ വിഎസ് പക്ഷക്കാരുമാണ്. ഇന്നലെ ചേര്‍ന്ന അടിയന്തര ഏരിയാ കമ്മറ്റി യോഗത്തിലാണ് നടപടി തീരുമാനമെടുത്തത്. ഏരിയാ കമ്മറ്റി തീരുമാനത്തിന് ജില്ലാ കമ്മറ്റി അംഗീകാരം നല്‍കുകയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.കെ.അനിലിനാണ് താല്‍ക്കാലികമായി സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. സമ്മേളനത്തിന് മുമ്പേ ജില്ലയില്‍ അമ്പതോളം വിഎസ് പക്ഷക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. മാള, അന്തിക്കാട്, ചേര്‍പ്പ്, തൃപ്രയാര്‍ മേഖലകളില്‍ വിഎസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം പിണറായി പക്ഷത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ചേര്‍പ്പില്‍ മുപ്പതോളം വരുന്ന വിഎസ് അനുകൂലികള്‍ ഇന്നലെ രാത്രി പ്രകടനം നടത്തി. അതുപോലെതന്നെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വിലക്ക് ലംഘിച്ച് വിഎസ് സന്ദര്‍ശിച്ചതിനെയും കാരാട്ട് ഗൗരവത്തിലെടുത്തില്ല. അതൊന്നും വലിയകാര്യമല്ലെന്നാണ് പ്രകാശ്കാരാട്ട് ഇന്നലെ പറഞ്ഞത്. ആരുടെ വീട്ടില്‍ ആര്, എപ്പോള്‍ പോയി, വെള്ളം കുടിച്ചോ ഭക്ഷണം കഴിച്ചോ എന്നതൊന്നും ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമല്ലെന്ന് കാരാട്ട് പ്രസ്താവിച്ചത് ഔദ്യോഗിക നേതൃത്വത്തിനുള്ള മറുപടിയുമായി. കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ പോയതിലുള്ള വിമര്‍ശനത്തിന് മറുപടിയായി പിണറായി വിജയന്റെ മകളുടെ കല്യാണത്തിന് എംവിആറിനോടൊപ്പം പങ്കെടുത്തത് വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന് മറുപടി നല്‍കാന്‍ പിണറായി വിജയന്‍ ഇന്നലെ തയ്യാറായി.

രാഷ്ട്രീയ ചേരിതിരിവുകള്‍ നോക്കിയല്ല തന്റെ മകളുടെ വിവാഹത്തിന് ആളുകളെ ക്ഷണിച്ചത്. രാഷ്ട്രീയ മര്യാദയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തത്. രാഷ്ട്രീയജീവിതത്തില്‍ എതിരാളികള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയമായും കായികമായും തന്നെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അവരെ മാറ്റിനിര്‍ത്തിയല്ല വിവാഹത്തിന് ആളെ ക്ഷണിച്ചത്. ക്ഷണിച്ചവരെല്ലാം വിവാഹ ചടങ്ങില്‍ സംബന്ധിച്ചതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയജീവിതത്തില്‍ മുതല്‍ക്കൂട്ടായ അനുഭവമാണുണ്ടായത്, പിണറായിവിജയന്‍ വിശദീകരിച്ചു. കല്‍ക്കത്തയില്‍ ഇന്നലെയും കേന്ദ്രകമ്മറ്റിയോഗം കൂടിയിരുന്നു. അത് തീരുംവരെ കാത്തുനില്‍ക്കാതെയാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി തിരുവനന്തപുരത്തേക്ക് തിരിച്ചത്. അതിനിടെ നേതാക്കളുടെ വിഎസ് പക്ഷത്തെ വെട്ടിനിരത്തല്‍ തുടര്‍ന്നാല്‍ ഔദ്യോഗികപക്ഷത്തെ പല പ്രമുഖ നേതാക്കളെക്കുറിച്ചും ആരോപണവുമായി വിഎസ്പക്ഷം രംഗത്തിറങ്ങുമെന്ന സൂചനയുണ്ട്. പലതും തെളിവുസഹിതവുമായിരിക്കും. കണ്ണൂര്‍, എറണാകുളം ജില്ലാസെക്രട്ടറിമാര്‍ക്ക് സ്ഥാനം തെറിക്കാന്‍ സാഹചര്യം സൃഷ്ടിച്ച അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവുശേഖരിക്കല്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം എറണാകുളം ജില്ലയില്‍ ഗോപി കോട്ടമുറിക്കലിനെതിരേയുള്ള വിവാദം വി.എസ് ഗ്രൂപ്പിലും ഫലത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗോപിക്കെതിരേ ഉയര്‍ന്ന പരാതിയിലും വി.എസിന്റെ കാഞ്ഞങ്ങാട്ടെ പ്രസ്താവനാ വിവാദത്തിലും ഈ മുതിര്‍ന്ന നേതാക്കളുടെ മൗനനിലപാടാണ് ജില്ലക്കകത്തും പുറത്തും ചര്‍ച്ചാവിഷയമാകുന്നത്. ജില്ലാ സെക്രട്ടറി ഔദ്യോഗിക പക്ഷത്തേക്ക് മറിഞ്ഞിട്ടും സംസ്ഥാന സെക്രട്ടറിയെ വരെ വെല്ലുവിളിച്ച വി.എസിന്റെ കോട്ടയിലെ തുടര്‍ചലനങ്ങള്‍ പ്രകമ്പനങ്ങളായാല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ ഗതിയെവരെ നിര്‍ണായകമായി സ്വാധീനിച്ചേക്കും. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളും സംസ്ഥാന സമിതി അംഗങ്ങളുമായ എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള എന്നിവരുടെ നിലപാടുകളാണ് അവര്‍ നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പിനുള്ളില്‍തന്നെ ചോദ്യംചെയ്യപ്പെടുന്നത്.

മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ വി.എസ് പക്ഷം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലയിലെ സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തിലും ഇവര്‍ നിശ്ശബ്ദത പാലിച്ചതാണ് വിവാദമായത്. യോഗങ്ങളില്‍ മുന്‍ ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് ഗ്രൂപ്പ് ഭേദമന്യേ വിമര്‍ശം ഉയര്‍ന്നപ്പോഴായിരുന്നു ഇവരുടെ 'ചാഞ്ചല്യം'. ഈ ചര്‍ച്ചകളില്‍ ഔദ്യോഗിക പക്ഷത്ത് നില്‍ക്കുന്നവരടക്കം വിമര്‍ശാത്മകമായ നിലപാട് സ്വീകരിച്ചപ്പോഴും വി.എസ് പക്ഷത്തിന്റെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രണ്ടു നേതാക്കളും മൗനംപാലിച്ചു. അതേസമയം, എസ്. ശര്‍മക്കെതിരെ എ.പി. വര്‍ക്കി ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികപക്ഷം രൂക്ഷവിമര്‍ശം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ശര്‍മക്ക് അനുകൂലമായി ഇടപെട്ടത് ഔദ്യോഗിക വിഭാഗത്തെത്തന്നെ ഞെട്ടിച്ചിരുന്നു. ഔദ്യോഗിക വിഭാഗം ആക്ഷേപം ഒരിക്കല്‍ക്കൂടി ഉന്നയിക്കാന്‍ ശ്രമിച്ചുവെങ്കിലും പിണറായി വീണ്ടും ഇടപെട്ട് ശര്‍മയെ പ്രതിരോധിച്ചു.

ഇതു കൂടാതെയാണ് വി.എസ്. അച്യുതാനന്ദന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വീട്ടില്‍ സന്ദര്‍ശിച്ചതു സംബന്ധിച്ചും ജില്ലാ സെക്രട്ടറിക്കെതിരായ ആക്ഷേപം ചര്‍ച്ചചെയ്തത് സംബന്ധിച്ചും സംസ്ഥാന സമിതിയംഗം എം.എം. ലോറന്‍സ് നടത്തിയ പരസ്യ പ്രസ്താവനയിലും ഇവര്‍ എടുത്ത നിലപാട്. വി.എസ് പക്ഷക്കാരല്ലാത്ത കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എം.എ. ബേബിയും ഇ.പി. ജയരാജനും വരെ ബെര്‍ലിന്റെ വീട്ടിലേക്കുള്ള സന്ദര്‍ശനത്തെ ന്യായീകരിച്ചപ്പോള്‍ ലോറന്‍സ് നടത്തിയ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് സംസ്ഥാന സമിതിയംഗങ്ങളായ ഇവര്‍ക്ക് പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍നിന്ന് നടത്താമായിരുന്നുവെന്ന അഭിപ്രായമാണ് വി.എസ് പക്ഷത്തിനുള്ളത്. ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തിന്റെ ഗൗരവവും ചോര്‍ത്തി കേവലം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ഒളികാമറ വെച്ചതിലേക്ക് വിഷയം ചുരുക്കിയ ലോറന്‍സിന്റെ നിലപാട് പാര്‍ട്ടിയെ വീണ്ടും സമൂഹത്തില്‍ അവമതിപ്പിനിടയാക്കിയെന്ന അഭിപ്രായം ഗ്രൂപ്പ് ഭേദമന്യേ ജില്ലയിലുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട്, അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍നിന്ന് സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ക്ക് വ്യക്തമാക്കാമെന്നിരിക്കെ അവിടെയും നിശ്ശബ്ദത പാലിച്ചുവെന്ന ആക്ഷേപം വി.എസ് പക്ഷത്തിനുള്ളിലുണ്ട്. ഇരുവര്‍ക്കുമെതിരെ ഔദ്യോഗികപക്ഷം ആരോപണം ശേഖരിക്കുന്ന പശ്ചാത്തലത്തില്‍ ഇവരുടെ നീക്കം ശ്രദ്ധേയമാവുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.