Friday, August 5, 2011

ഡി.വൈ.എഫ്.ഐക്കാരെ നേര്‍വഴിക്കു നടത്തുന്നത് സ്വഭാവദൂഷ്യമുള്ളയാള്‍!


ഡി.വൈ.എഫ്.ഐ സഖാക്കള്‍ക്കു പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുനല്‍കുന്നത് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിടുന്നയാള്‍. പാര്‍ട്ടി ഓഫീസില്‍ സ്ത്രീസഖാവുമൊത്ത് കഴിഞ്ഞുവെന്ന ആരോപണത്തിന്റെ പേരില്‍ ജില്ലാസെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട ഗോപീ കോട്ടമുറിക്കലാണ് ഡിവൈഎഫ്‌ഐ യോഗത്തില്‍ മുഖ്യാതിഥിയായത്. സദാചാരപ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്നതിലുപരി പ്രശ്‌നത്തില്‍ രണ്ടുപക്ഷമായി പാര്‍ട്ടി അണികള്‍ നില്‍ക്കുകയാണെന്ന സൂചനയും ഇതുനല്കുന്നു. ആരോപണത്തെത്തുടര്‍ന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ ഗോപി കോട്ടമുറിക്കല്‍ ഇന്നലെ ഡിവൈഎഫ്‌ഐ ജില്ലാ റാലിയിലാണ് മുഖ്യപ്രഭാഷകനായി രംഗത്തെത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുമടക്കമുള്ളവര്‍ സംബന്ധിച്ച ചടങ്ങിലാണു ഗോപി പങ്കെടുത്തത്.

ജന്മനാടായ മൂവാറ്റുപുഴയില്‍ ഇദ്ദേഹം പാര്‍ട്ടിയുടെ വേദിയില്‍ വന്നതോടെ, വിഎസ് പക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെ പരസ്യമായി പ്രതിരോധിക്കാനാണു പാര്‍ട്ടി തീരുമാനമെന്നു വ്യക്തമായി. ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നു വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിവേദിയിലെ സ്ഥാനം. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ഗോപി സ്വയം സ്ഥാനമൊഴിയുകയായിരുന്നു എന്ന വാദത്തിനു ബലം നല്‍കുന്നു പാര്‍ട്ടിപരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം. പാര്‍ട്ടി ഓഫിസില്‍ ഒളിക്യാമറ വച്ചതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കടുത്ത നടപടികളിലേക്കു കടക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും ഓഫിസുകളില്‍ വനിതകളടക്കമുള്ളവര്‍ക്കു ധൈര്യമായി പോകാനാവാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക വിഭാഗം പരാതിയുയര്‍ത്തിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായാണ് ഒളിക്യാമറയുപയോഗിച്ചു വ്യക്തിവൈരം തീര്‍ക്കുന്നതെന്നും, ഇത് എന്നാരംഭിച്ചു എന്ന് വിശദമായി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വി.എസ്. അച്യുതാനന്ദന്‍, എസ്. ശര്‍മ, കെ. ചന്ദ്രന്‍ പിള്ള എന്നിവര്‍ അറിഞ്ഞുതന്നെയാണ് ഈ ഒളിക്യാമറ പ്രയോഗമെന്ന വിലയിരുത്തലിലാണ് ഔദ്യോഗിക വിഭാഗം. വി.എസ് ആലുവ പാലസില്‍ ഇരുന്നുകൊണ്ട് ഇതിനുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ്, ടി.കെ. മോഹനന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. ശശീന്ദ്രന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി.എസ്. മോഹനന്‍ എന്നിവര്‍ക്കു നേരെയാണ് ആരോപണങ്ങള്‍. ഇവരുടെ താത്പര്യപ്രകാരം ഓഫിസ് സെക്രട്ടറിമാരായ മൂന്നുപേരാണ് ഒളിക്യാമറയ്ക്കും മറ്റു പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതെന്നും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ വരുമാനത്തെപ്പറ്റിയും സാമ്പത്തിക സ്രോതസിനെപ്പറ്റിയും വിശദമായ അന്വേഷണം നടത്തണമെന്നു തൃപ്പൂണിത്തുറയിലെ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു. കെ. ചന്ദ്രന്‍ പിള്ള സിഐടിയു സെക്രട്ടറിയായിരുന്നപ്പോള്‍ സിഐടിയു ഓഫിസ് സെക്രട്ടറിയായിരുന്നയാളാണിയാള്‍. ഇയാള്‍ തന്നെയാണ് ഒളിക്യാമറ വച്ചതെന്ന നിഗമനത്തിലാണ് ഔദ്യോഗിക പക്ഷം.

ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറ്റു പല മുതിര്‍ന്ന നേതാക്കളും അതിഥികളും വിശ്രമിക്കുകയും താമസിക്കുകയും ചെയ്യുന്ന ലെനിന്‍ സെന്ററില്‍ ഒളിക്യാമറ വച്ചിരുന്നു എന്നതു പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആകെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറ ആര്‍ക്കൊക്കെയെതിരേ പ്രയോഗിച്ചിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് ഏവരും. ഏതെല്ലാം ചര്‍ച്ചകള്‍ ഒളിക്യാമറയിലാക്കിയിട്ടുണ്ടാകുമെന്ന് ആര്‍ക്കും പിടിയില്ല. ഇവയൊക്കെ ബ്ലാക്ക്‌മെയ്‌ലിങ്ങിന് ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. അതിനിടെ വിഎസ് വിഭാഗത്തിനു മുന്‍തൂക്കമുണ്ടായിരുന്ന സിപിഎം എറണാകുളം ജില്ലാസെക്രട്ടേറിയറ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിട്ടു. ജില്ലയില്‍ നിന്നുള്ള സംസ്ഥാനകമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ ഫോര്‍മുലയില്‍ ഔദ്യോഗിക വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ജില്ലാസെന്റര്‍ നിലവില്‍ വന്നു.

പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ്, എ.പി മിഷന്‍ ഹോസ്പിറ്റലിനെ സ്വകാര്യവ്യക്തി കയ്യടക്കി വച്ചിരിക്കുന്നത്, കള്ള് സഹകരണസംഘത്തിന്റെ മറവില്‍ നടന്ന കോടികളുടെ വെട്ടിപ്പ, നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമീപപ്രദേശങ്ങളില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കോടികളുടെ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഔദേ്യാഗികവിഭാഗത്തിനു മുന്‍തൂക്കമുള്ള പുതിയ സെന്റര്‍ തീരുമാനിക്കും. ജില്ലാകമ്മിറ്റി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ജില്ലാസെക്രട്ടേറിയറ്റ് ഇതോടെ ഇല്ലാതായി. ജില്ലയില്‍ നിന്നുള്ള പാര്‍ട്ടിസംസ്ഥാനകമ്മിറ്റി അംഗങ്ങളായ പത്തു പേരടങ്ങുന്ന ജില്ലാസെന്ററാണ് നിലവില്‍ വന്നത്. ഇതില്‍ ഔദേ്യാഗികവിഭാഗത്തോടു കുറുപുലര്‍ത്തുന്നഎം.എം.ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, പി.രാജീവ്, കെ.എം.സുധാകരന്‍, സി.എം.ദിനേശ്മണി എന്നിവര്‍ക്കൊപ്പം ഔദേ്യാഗികവിഭാഗത്തിന്റെ വക്താവായ എം.വി.ഗോവിന്ദന്‍മാസ്റ്ററും കൂടി ചേരുമ്പോള്‍ ആറു പേരുണ്ടാകും. സ്വഭാവദൂഷ്യ ആരോപണത്തില്‍ കഴമ്പില്ലെന്ന് തുറന്നടിച്ച് ഗോപിക്ക് അനുകൂലമായി നിലയുറപ്പിച്ച എം.സി.ജോസഫൈനും സരോജിനി ബാലാനന്ദനും കെ.എന്‍.രവീന്ദ്രനാഥും ഫലത്തില്‍ ഔദേ്യാഗികപക്ഷത്തിനൊപ്പമാണ്. ഇവരില്‍ ശേഷിച്ച ശര്‍മ്മയും ചന്ദ്രന്‍പിള്ളയും മാത്രമായിരിക്കും ഇനി വിഎസ് ഗ്രുപ്പില്‍. കഴിഞ്ഞകാല സംഭവങ്ങള്‍ കൂട്ടിവായിച്ചാല്‍ രണ്ടുപേരിലൊതുങ്ങുന്ന വിഎസ് വിഭാഗത്തിന്റെ വാക്കുകള്‍ക്കോ, ചര്‍ച്ചകള്‍ക്കോ ജില്ലാസെന്ററില്‍ യാതൊരു പരിഗണനയും ലഭിക്കില്ലെന്നുറപ്പാണ്.

പാര്‍ട്ടി ഔദേ്യാഗികവിഭാഗത്തിന്റെ പുതിയ നീക്കം വിഎസ് വിഭാഗത്തിനു കനത്ത തിരിച്ചടിയാകും. സമ്മേളനങ്ങളിലൂടെ ജില്ലയില്‍ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കയ്യിലൊതുക്കാമെന്ന വിഎസ് അനുകൂലികളുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത പ്രഹരമാകും ഔദ്യോഗികവിഭാഗത്തിന്റെപുതിയതീരുമാനം. അതേസമയം കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട സുനാമികളൊന്നും വകവയ്ക്കാതെ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ ഇന്നു കൊല്‍ക്കത്തയില്‍ സമ്മേളിക്കും. നാളെയും മറ്റന്നാളും കേന്ദ്ര കമ്മിറ്റിയുമുണ്ട്. കേരളത്തിലെ പ്രശ്‌നത്തില്‍ പിബിയുടെയും സിസിയുടെയും സമയം മെനക്കെടുത്താന്‍ ഉദ്ദേശ്യമില്ലെന്നാണു കേന്ദ്രനേതാക്കള്‍ പറയുന്നത്. എന്നാല്‍, കേരളത്തിലെ പ്രശ്‌നങ്ങള്‍ പിബിയില്‍ ഉന്നയിച്ച് അവിടെത്തന്നെ ചര്‍ച്ചചെയ്തു തീര്‍ക്കാനുള്ള സാധ്യത ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ പാര്‍ട്ടിക്കു വിവാദങ്ങള്‍ ശീലമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാലുടനെ മൂക്കു ചെത്തുന്നതു പഴയ രീതിയാണ്. വി. എസ്. അച്യുതാനന്ദന്‍ നേരത്തേയും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്; ഇപ്പോഴുമുണ്ടാക്കുന്നു; ഇനിയുമുണ്ടാക്കും. അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ചു മെനക്കെടേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍, പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളുടെ സമയക്രമം തീരുമാനിച്ചുകഴിഞ്ഞും അച്ചടക്ക നടപടികള്‍ തുടരുന്നതും സിസി അംഗമായ വിഎസിനെ പരസ്യമായി കുറ്റപ്പെടുത്തിയതും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടാകാവുന്ന വിഷയങ്ങളാണ്. പിബിക്കു സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് നല്‍കിയത് പതിവു രീതിയിലാണെന്നും വിഎസിനെതിരെ നടപടിക്ക് അടിസ്ഥാന മാക്കാനുള്ള രേഖയായി അതിനെ കാണേണ്ടതില്ലെന്നുമാണു നേതാക്കള്‍ പറയുന്നത്. തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെ ഉണ്ടായ നടപടിയെന്നാണു കേന്ദ്രനേതൃത്വത്തിന്റെ പരസ്യനിലപാട്. വേറൊരു പാര്‍ട്ടിയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു നടപടിയെടുക്കുന്നില്ല. അതിനാല്‍ സദാചാരപ്രശ്‌നമുള്ളതു സിപിഎമ്മില്‍ മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു എന്നാണു പാര്‍ട്ടി നിലപാട്.കോഴിക്കോട്ട് അടുത്ത ഏപ്രിലില്‍ നടക്കുന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചാവും പിബിയിലും സിസിയിലും പ്രധാനചര്‍ച്ച. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ - സംഘടനാ റിപ്പോര്‍ട്ട് എന്നിവയില്‍ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചു ധാരണയുണ്ടാക്കും. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടും പി.ബി ചര്‍ച്ചചെയ്യും.

കേരളത്തിലെ പാര്‍ട്ടി പ്രശ്‌നങ്ങളോട് മുന്‍വിധി ഇല്ലാത്ത സമീപനമാവും സ്വീകരിക്കുകയെന്ന് മുതിര്‍ന്ന പി.ബി അംഗം പറഞ്ഞു. കേരളക്കാര്യങ്ങളെപ്പറ്റിയുള്ള പല മുന്‍ തീരുമാനങ്ങളും സാങ്കേതികമായി ശരിയായിരുന്നു എങ്കിലും പ്രായോഗികമായി പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നതാണ് പല പി. ബി അംഗങ്ങളുടെയും അഭിപ്രായം. വി.എസിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ സംസ്ഥാന ഘടകത്തിന് വീഴ്ച വന്നതായും തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തില്‍ വി. എസിന്റെ പങ്ക് നിര്‍ണായകമായിരുന്നു എന്നും കേന്ദ്ര കമ്മിറ്റി പരസ്യമായി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാവും കേരളത്തിലെ പ്രശ്‌നങ്ങള്‍ പി. ബിയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യുക

No comments:

Post a Comment

Note: Only a member of this blog may post a comment.