കൊച്ചി: സി.പി.എം. എറണാകുളം മുന്‍ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയുള്ള സ്വഭാവദൂഷ്യ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയ വൈക്കം വിശ്വന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററിലാണ് തെളിവെടുപ്പ്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.സി. ജോസഫൈന്‍, എ.കെ. ബാലന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. പരാതി നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനില്‍നിന്നാണ് ആദ്യം വിശദീകരണം തേടിയത്. ഗോപീ കോട്ടമുറിക്കല്‍ പണതവണ ജില്ലാകമ്മിറ്റി ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം മൊഴിനല്കിയതായാണ് അറിയുന്നത്. പറഞ്ഞുതിരുത്താമെന്ന് ബോധ്യമുണ്ടായില്ല.
എണ്‍പതിനായിരത്തോളം രൂപ വരുന്ന ക്യാമറയും റിമോട്ട് സംവിധാനവും ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഓഫീസിലെ ജീവനക്കാര്‍ ഇതിനു സഹായിച്ചു. തത്സമയം കംപ്യൂട്ടറില്‍ ലഭിക്കുംവിധമായിരുന്നു ചിത്രീകരണം. ഇതിനുശേഷം ക്യാമറയും ദൃശ്യവും സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ ഏല്‍പ്പിച്ചു. ദൃശ്യങ്ങള്‍ തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം മൊഴി നല്കിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. ലെനിന്‍സെന്ററിലെ ജീവനക്കാരില്‍നിന്നും ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ കമ്മീഷന് കൈമാറിയിട്ടുണ്ട്.
ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ക്കൊപ്പം തെളിവുകള്‍ ശേഖരിക്കാന്‍ ഒളിക്യാമറ എവിടെ, എങ്ങനെ, ആരുടെ സഹായത്താല്‍ സ്ഥാപിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. തെളിവ് ശേഖരിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളെല്ലാം കമ്മീഷന്‍ പരിശോധിക്കും. അതേസമയം ഒളിക്യാമറ പ്രയോഗവും ജില്ലാ സെക്രട്ടറിയുടെ മാറ്റവും വി.എസ്. വിഭാഗത്തിനിടയിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒളിക്യാമറ പ്രയോഗം വേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. അന്വേഷണ കമ്മീഷനു മുന്നില്‍ എത്താന്‍ മടിയുള്ള ചിലര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മാറിയതും വി.എസ്. വിഭാഗത്തിനുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ ഉപയോഗിച്ചതിനെതിരെ പിണറായി വിഭാഗം ശക്തമായി രംഗത്തെത്തി.
ആരോപണത്തിനൊപ്പം അത് ഉന്നയിച്ചവരേയും പെടുത്താനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്. ഗോപി കോട്ടമുറിക്കലിന്റെ ഭാഗത്തുനിന്ന് സ്വഭാവദൂഷ്യ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിഘടകത്തില്‍ പറഞ്ഞ് തിരുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍, പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍, വി.എസ്. വിഭാഗത്തിന് ആശ്വാസം നല്‍കുന്ന നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. ഏത് ഒളിക്യാമറ വെച്ചാലും പേടിക്കാത്ത വിധത്തില്‍ സുതാര്യമായിരിക്കണം പാര്‍ട്ടി കാഡറിന്റെ ജീവിതമെന്നും പാര്‍ട്ടി ഓഫീസിലും പുറത്തും ഒരു പോലെയാവണം അയാളുടെ പെരുമാറ്റമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഗോപിയെ സംരക്ഷിക്കാന്‍ ഔദ്യോഗികപക്ഷം ശ്രമിച്ചാല്‍ ചിത്രങ്ങള്‍ പരസ്യമാകുമെന്ന ആശങ്കയും ശക്തമാണ്. ഇന്റര്‍നെറ്റിലൂടെ ഇവ പുറത്തുവിടുന്നതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ വി.എസ് വിഭാഗത്തിനു കഴിയും. അവസാനശ്രമമെന്ന നിലയിലായിരിക്കും ഈ നടപടിയെന്നും വി.എസ് വിഭാഗത്തിന്റെ ഉന്നതകേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. അതേസമയം ഗോപി കോട്ടമുറിക്കലിനെ കുടുക്കാനായി എതിര്‍പക്ഷം സ്ഥാപിച്ച ഒളികാമറയില്‍ പാര്‍ട്ടിയുടെ അതീവ രഹസ്യ യോഗങ്ങള്‍ പോലും പകര്‍ത്തിയതായാണ് സൂചന. പാര്‍ട്ടി ഓഫീസില്‍ സജീവമായിരുന്ന ഏഴംഗസംഘമാണ് ഇതിനുപിന്നിലെന്നും ഔദ്യോഗികവിഭാഗം കണ്ടെത്തിയിരുന്നു. മുന്‍ മന്ത്രിയും മുന്‍ എം.പിയും ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സംഘത്തെക്കുറിച്ച് നേതൃത്വത്തിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കു പുറമേ, ഓഫീസ് സെക്രട്ടറിമാരായ രണ്ടു പേരും സംഘത്തിലുണ്ട്.
അന്വേഷണ കമ്മിഷന്‍ വന്നതോടെ വിവാദ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലേക്കു പകര്‍ത്താന്‍ ഉപയോഗിച്ച കംപ്യൂട്ടറും സംഘം നശിപ്പിച്ചു. കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു നടന്ന തന്ത്രപ്രധാന യോഗങ്ങളടക്കം ചോര്‍ത്തിയിരുന്നതായാണ് നേതൃത്വത്തിന് മുന്‍പില്‍ തെളിവെത്തിയിരിക്കുന്നത്. പി.ബി അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത അതീവ രഹസ്യ യോഗങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി ചില ചാനലുകള്‍ക്കും പാര്‍ട്ടി വിരുദ്ധര്‍ക്കും എത്തിച്ചു നല്കിയതായാണ് സൂചന. പാര്‍ട്ടി നേതൃത്വം ഈ വിഷയം വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി രൂപപ്പെടുത്തിയ തന്ത്രങ്ങള്‍ ഒളികാമറ വഴി ചോര്‍ന്ന് ശത്രുക്കളുടെ കൈയില്‍ എത്തിയത് പാര്‍ട്ടി വളരെ ഗൗരവമായാണ് കാണുന്നത്. വിവാദ ദൃശ്യങ്ങള്‍ ചോര്‍ത്തി നല്കിയ ഏഴംസ സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനും അന്വേഷണ കമ്മിഷനും മുന്നില്‍ ഔദ്യോഗിക പക്ഷം നേരത്തെതന്നെ എത്തിച്ചുകഴിഞ്ഞിരുന്നു
No comments:
Post a Comment
Note: Only a member of this blog may post a comment.