Sunday, August 21, 2011

റൗഫുമായുള്ള വി എസിന്റെ അവിശുദ്ധബന്ധം പുറത്ത്


വിവാദ ടെലിഫോണ്‍ സംഭാഷണം റൗഫ് സ്ഥിരീകരിച്ചു; വിഭാഗീയതയില്‍ പങ്കില്ലെന്ന് റൗഫിന്റെ അവകാശവാദം
 സി പി എമ്മിലെ ഉന്നത നേതാക്കളെക്കുറിച്ച് മോശമായ പരാമര്‍ശം നടത്താന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കുന്ന
ടെലിഫോണ്‍ സംഭാഷണം നിരവധി കേസുകളില്‍ പ്രതിയായ കെ എ റൗഫ് സ്ഥിരീകരിച്ചു. സംഭാഷണം ടേപ്പ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഫോണില്‍ സംസാരിച്ചതെന്ന് റൗഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. വി എസ് സ്വന്തം ആളാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയായിരുന്നു അത്. വി എസുമായി അടുപ്പമുണ്ടെന്നും മൂന്ന് പ്രാവശ്യം നേരില്‍ കണ്ടിട്ടുണ്ടെന്നും അറിയിച്ച റൗഫ് തനിക്ക് വിഭാഗീയതയുമായി ബന്ധമില്ലെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയല്ലെന്നും അവകാശപ്പെട്ടു.  വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഔദ്യോഗികപക്ഷത്തിനെതിരെ തന്നെ ആയുധമാക്കി വി എസ് ഉപയോഗിച്ചെന്ന വസ്തുത പുറത്തായതാണ് തിടുക്കത്തില്‍ പത്രസമ്മേളനം നടത്താന്‍ റൗഫിനെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ നേതാവുമായുള്ള റൗഫിന്റെ ബന്ധത്തിന് പിന്നിലെ യാഥാര്‍ത്ഥ്യവും വിഭാഗീയപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തവുമാണ് ഇതോടെ വെളിച്ചത്ത് വന്നത്. പ്രതിപക്ഷനേതാവെന്ന നിലയില്‍ നാട്ടിലെ ഏത് പൗരനും വി എസിനെ ചെന്നുകാണാമെന്നും അതിനാല്‍ തൃശൂരില്‍ വെച്ച് വി എസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിഭാഗീയപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യാതൊന്നും ചര്‍ച്ച ചെയ്തില്ലെന്നുമാണ് റൗഫ് പറഞ്ഞത്. ഇടതുപക്ഷത്തെ വിഭാഗീയതയ്ക്കിടയില്‍ ഒരു ഭാഗമാവാന്‍ ഉദ്ദേശിക്കുന്നില്ല. കേസുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് വി എസിനെ പോയി കണ്ടതെന്ന് റൗഫ് അറിയിച്ചു.
 
വി എസിനെ കാണുന്നതിന് മുമ്പ് കേസുകളുമായി ബന്ധപ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പല ഉന്നത നേതാക്കളെയും സഹായം ആവശ്യപ്പെട്ട് നേരിട്ട് സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ റൗഫ് വി എസ് ബാന്ധവത്തെ ഒരു 'വിഷയ'മാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായിരുന്നു.  സി പി എമ്മിനകത്തെ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെ തനിക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ റൗഫ് 'വി എസ് നിഷേധിക്കാന്‍ പറഞ്ഞതുകൊണ്ടല്ല' വാര്‍ത്താസമ്മേളനം നടത്തിയതെന്നും അഭിപ്രായപ്പെട്ടു. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട അബ്ദുള്‍ അസീസിനോട് എല്ലാകാര്യങ്ങളും തുറന്ന് പറയാറുണ്ടെന്ന് വ്യക്തമാക്കിയ റൗഫ് അസീസും താനും വി എസും ചേര്‍ന്നാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന് പറയാതെ പറഞ്ഞുവെച്ചു. നാഴികയ്ക്ക് നാല്പത് വട്ടം വാക്ക് മാറ്റിപ്പറയുന്ന റൗഫിന്റെ വിശ്വാസ്യത എന്നോ നഷ്ടപ്പെട്ടെങ്കിലും വി എസുമായും വിഭാഗീയതയുമായും ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പാര്‍ട്ടിയില്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. 'വി എസ് അവരുടെ ചില പാര്‍ട്ടി കാര്യങ്ങളും മറ്റും എന്നോട് പുറത്ത് പറയാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്' എന്നായിരുന്നു റൗഫിന്റെതായി സ്വകാര്യ ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്. തനിക്ക് വേണ്ടി പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷ നേതാക്കളെ പുതിയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ വി എസ് റൗഫിനെ ഉപയോഗിച്ചുവെന്ന വസ്തുതയും ഇതോടെ വ്യക്തമായി കഴിഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.