Friday, August 12, 2011

ബെര്‍ലിനെയും തള്ളിപ്പറഞ്ഞു വി.എസ് സ്വന്തം കസേര സംരക്ഷിച്ചു


പിണറായി മകളുടെ കല്യാണക്കാര്യവും സദ്യവട്ടവും വരെ വിവരിച്ച് ബര്‍ലിന്‍ വിവാദത്തില്‍ കത്തിനിന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഒറ്റരാത്രികൊണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി. പാര്‍ട്ടി വിലക്ക് ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയ് സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വി.എസ് ഇപ്പോള്‍ ബെര്‍ലിനെ തള്ളിപ്പറഞ്ഞ് സ്വന്തം തടി രക്ഷിച്ചത്. ബെര്‍ലിന്റെ വീട്ടില്‍ പോയി താന്‍ രാഷ്ര്ടീയ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ വി എസ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെയും മറ്റ് നേതാക്കളെയും കുറിച്ച് ബെര്‍ലിന്‍ പറഞ്ഞത് ശരിയായ കാര്യങ്ങളല്ലെന്നും കൂട്ടിച്ചേര്‍ത്തു. ബെര്‍ലിന്റെ വീട്ടില്‍ പോകാന്‍ വിലക്കുണ്ടെന്ന് അവിടെ വച്ച് താന്‍ പറഞ്ഞിട്ടില്ല. തന്റെ സന്ദര്‍ശന ശേഷം ബെര്‍ലിന്‍ നടത്തിയ പ്രസ്താവന ശരിയായില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും വി എസ് വെളിപ്പെടുത്തി. അതേസമയം പാര്‍ട്ടി നേതൃത്വത്തിന്റെ തന്ത്രങ്ങളെ മറികടക്കാനാണ് വി.എസ് അവസാന അടവ് പുറത്തെടുത്തിരിക്കുന്നതാണ് വിലയിരുത്തല്‍.

അച്യുതാനന്ദന്റെ സന്ദര്‍ശനത്തിനുശേഷം ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി സി.പി.എം.കണ്ണൂര്‍ ജില്ലാ കമ്മിറ്റി വി.എസിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതി ആയുധമാക്കി സംസ്ഥാന സമിതിയില്‍ വി.എസിനെതിരെ പ്രമേയം കൊണ്ടുവന്ന് പാസാക്കാനും അത് കേന്ദ്ര നേതൃത്വത്തിന് നല്‍കാനും ഔദ്യോഗിക പക്ഷത്ത് നീക്കം തുടങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി നേതൃത്വത്തില്‍ വി.എസിനെ അനുകൂലിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും സംസ്ഥാന സമിതിയില്‍ ഇപ്പോഴും ഔദ്യോഗികപക്ഷത്തിന് തന്നെയാണ് മുന്‍തൂക്കം. വി.എസിനെതിരായ പ്രമേയം സംസ്ഥാന സമിതിയില്‍ പാസാകുമെന്ന കാര്യം ഉറപ്പിക്കാനും നീക്കം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിമര്‍ശനങ്ങളെ കൈയൊഴിഞ്ഞ് പരസ്യമായിത്തന്നെ വി.എസ്.രംഗത്തുവന്നത്. പാര്‍ട്ടി സംസ്ഥാന സമിതിയോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു വി.എസിന്റെ പത്രസമ്മേളനം.

എ.കെ.ജി.സെന്ററില്‍ സംസ്ഥാന സമിതി ചേരുമ്പോള്‍ അവിടെത്തന്നെ പത്രസമ്മേളനം വിളിച്ചുചേര്‍ക്കാതെ തന്റെ ഔദ്യോഗിക വസതിയിലാണ് വി.എസ്.പത്രസമ്മേളനം വിളിച്ചത്. ബര്‍ലിന്റെ പരാമര്‍ശങ്ങളെ തള്ളിപ്പറഞ്ഞ് തനിക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ച വി.എസ്. ഈ പത്രസമ്മേളനത്തിലൂടെ പാര്‍ട്ടിയില്‍ പുതിയ യുദ്ധമുഖം തുറക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന വി.എസിന്റെ പരസ്യവിമര്‍ശനം പ്രത്യക്ഷത്തില്‍ കോടിയേരിക്കെതിരെയാണെങ്കിലും ഫലത്തില്‍ അത് പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള ആക്രമണമാണ്. സ്പീക്കര്‍ ഔദ്യോഗികമായി അംഗീകരിച്ച പ്രതിപക്ഷ നേതാവ് താനാണെന്നും താന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ രാജിയാണെന്നുമുള്ള വി.എസിന്റെ പ്രഖ്യാപനത്തില്‍ ശക്തമായ സൂചനകള്‍ അടങ്ങിയിട്ടുണ്ട്. പാമോയില്‍ അഴിമതി വിഷയത്തില്‍ ആദ്യം കേസുമായി വന്നത് താനാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്.യോഗത്തിലും വി.എസ്.ശ്രമിച്ചിരുന്നു.

യു.ഡി.എഫ്. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍ പാര്‍ട്ടിയെക്കാളും മുന്നിലാണ് താനെന്ന് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കങ്ങളിലൂടെ വി.എസ്.ശ്രമിച്ചിരിക്കുന്നത്. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെതന്നെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വി.എസിനെതിരെ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് വി.എസ്.ബര്‍ലിന്റെ വീട്ടിലെത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പരാതി ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുത്തുവെങ്കിലും വി.എസ്.തന്റെ നിലപാട് മാറ്റിയില്ല. എന്നാല്‍ തന്റെ സന്ദര്‍ശനത്തിനുശേഷം ബര്‍ലിന്‍ പറഞ്ഞ കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു വി.എസിന്റെ നിലപാട്. അങ്ങനെയെങ്കില്‍ ബര്‍ലിന്റെ നിലപാടുകളെ എന്തുകൊണ്ട് ഇതുവരെ വി.എസ്.തള്ളിപ്പറഞ്ഞില്ലെന്നായി എതിര്‍പക്ഷം. ഇതേത്തുടര്‍ന്നാണ് വി.എസിന്റെ നടപടിക്കെതിരെ സംസ്ഥാന സമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചത്. ഇത് മുന്‍കൂട്ടി കണ്ടാണ് തന്ത്രപരമായ പിന്‍മാറ്റം നടത്തിയത്.

അതേസമയം പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും തന്നെ തള്ളിപ്പറയാനായി വി.എസ്സിന് ഭയങ്കര സമ്മര്‍ദമുണ്ടെന്നായിരുന്നു ഇതേക്കുറിച്ച് ബര്‍ലിന്റെ പ്രതികരണം. പക്ഷേ താന്‍ വി.എസ്.അച്യുതാനന്ദനെ തള്ളിപ്പറയില്ല. അദ്ദേഹം വിപ്ലവപ്രസ്ഥാനത്തിന്റെ ദീപസ്തംഭമാണെന്നും ബര്‍ലിന്‍ വിശദീകരിച്ചത്. ഏതായാലും വി.എസിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന്് പാര്‍ട്ടി സഖാക്കളുടെ രഹസ്യജീവിതം ഒന്നൊന്നാകെ ബര്‍ലിന്‍ പരസ്യപ്പെടുത്തുകയാണ്. ഇ.എം.എസ് നമ്പൂതിപ്പാടിന്റെ കാലംമുതല്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തിരുന്ന ബര്‍ലിന്‍ അറിയാത്ത പാര്‍ട്ടി രഹസ്യങ്ങളൊന്നുമില്ല. ഇടയ്ക്കുകുറേക്കാലം ബര്‍ലിനില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നുവെങ്കിലും കേരളത്തിലെ പാര്‍ട്ടി രേഖകളെല്ലാം ബര്‍ലിന് മനഃപാഠം. കേരളത്തിലെ നേതാക്കളും കേന്ദ്രവും തമ്മിലുള്ള കത്തിടപാടുകള്‍ നടത്തിയിരുന്നത് പ്രധാനമായും ബര്‍ലിനിലൂടെയായിരുന്നു. ഏതായാലും ബര്‍ലിന്‍ മതില്‍ പൊളിഞ്ഞതോടെ സി.പി.എം രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവുകയാണ്. സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്താന്‍ മുസ്‌ലിം ലീഗിനെ ഒപ്പംകൂട്ടാന്‍ സി.പി.എം നേതാക്കളെ പാണക്കാട്ടേക്ക് അയച്ചുവെന്ന വെളിപ്പെടുത്തല്‍ ഇതിന്റെ ആദ്യപടിയാണ്. പിണറായി വിജയന്റെ കുടുംബരഹസ്യങ്ങളും ബര്‍ലിന്‍ പത്രങ്ങളിലൂടെ പരസ്യമാക്കിത്തുടങ്ങി.

വരുംദിവസങ്ങളില്‍ കൂടുതല്‍ രഹസ്യങ്ങള്‍ പരസ്യമാക്കുമെന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭീഷണി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നുള്ള വിവാദങ്ങളാണ് പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യമാക്കുന്നതിനു ബര്‍ലിനെ പ്രേരിപ്പിച്ചത്. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ നടപടി മാത്രമായിരുന്നുവെന്നും പിണറായി വിജയന്‍ മകളുടെ വിവാഹത്തിന് പാര്‍ട്ടി ശത്രക്കുളെപ്പോലും ക്ഷണിച്ചിരുന്നുവെന്നും വിവാദത്തെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മകളുടെ കല്യാണം ക്ഷണിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവുകളൊന്നും നോക്കിയിട്ടില്ലെന്നായിരുന്നു ഇതിനുള്ള പിണറായി വിജയന്റെ മറുപടി. ഇതോടെയാണ് പ്രകോപിതനായ ബര്‍ലിന്‍ രഹസ്യനിലവറ തുറന്നത്. താനൊരു മുതലാളിയോ എം.എല്‍.എയോ എം. പിയോ മന്ത്രിയോ ആയിരുന്നെങ്കില്‍ പിണറായി വിജയന്‍ മകളുടെ വിവാഹത്തിന് എന്നെ വിളിക്കുമായിരുന്നുവെന്നാണ് ബര്‍ലിന്‍ പറയുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.