Wednesday, August 10, 2011

കേരളത്തിലെ സുതാര്യഭരണം അമേരിക്കയില്‍ ചര്‍ച്ചാവിഷയം


കേരള സര്‍ക്കാര്‍ നടപ്പാക്കിയ സുതാര്യഭരണം അമേരിക്കയില്‍ ചര്‍ച്ചാവിഷയ മായിരിക്കുകയാണെന്ന് യു.എസ്.വിദേശകാര്യവകുപ്പിലെ ഗ്ലോബല്‍ ഇന്റര്‍ഗവണ്‍മെന്റല്‍ അഫയേഴ്‌സിലെ പ്രത്യേക പ്രതിനിധി റീത്ത ജോ ലൂയിസ് പറഞ്ഞു. 
മുഖ്യമന്ത്രിയുടെ ഓഫീസ് വെബ്ബിലൂടെ തത്സമയം സംപ്രേഷണം നടത്തുന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്നാണിത്.  സുതാര്യഭരണത്തിന് ലോകമെമ്പാടും മാതൃകയാക്കാവുന്ന പരീക്ഷണമാണിതെന്ന് അവര്‍ വ്യക്തമാക്കി.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി റീത്ത ജോ ലൂയിസിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സംഘം കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. കേരളം അമേരിക്കയില്‍ ഒരു ടൂറിസം റോഡ്‌ഷോ നടത്തുമെന്ന് അമേരിക്കന്‍ സംഘത്തെ മുഖ്യമന്ത്രി അറിയിച്ചു.  കേരളത്തില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള ജനപ്രതിനിധികള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം നടത്തും.  ഭരണം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ഇത് സഹായകരമാവും. മാലിന്യസംസ്‌കരണം, മാനവശേഷിവികസനം തുടങ്ങിയവ സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ് കേരളം.  ദ്രവമാലിന്യമാണ് കൂടുതല്‍. 
 
നിരവധി മാലിന്യസംസ്‌കരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും വിജയകരമായ മാതൃക കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  വിദ്യാസമ്പന്നര്‍ ഏറെയുണ്ടെങ്കിലും സ്‌കില്‍ ഡവലപ്‌മെന്റില്‍ സംസ്ഥാനം പിന്നിലാണ്.  ഇങ്ങനെ നിരവധി മേഖലകളില്‍ അമേരിക്കയുടെ അനുഭവസമ്പത്ത് ഉപയോഗിക്കാവുന്നതാണെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ഗ്ലോബല്‍ ഇന്റര്‍ഗവണ്‍മെന്റല്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ റോണ്ട എസ്.ബിന്‍ഡ ചെന്നൈ യു.എസ്.കോണ്‍സുലേറ്റിലെ പൊളിറ്റിക്കല്‍/ഇക്കണോമിക് ഓഫീസര്‍ മാത്യു ബേ , ചെന്നൈ യു.എസ്.കോണ്‍സുലേറ്റിലെ പൊളിറ്റിക്കല്‍ /ഇക്കണോമിക് സ്‌പെഷ്യലിസ്റ്റ് ഫിന്നി ജേക്കബ്ബ് , ഡോ.ജേ ഗോര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.