Monday, August 29, 2011

പട്ടിണിപ്പിശാചിനെതിരെ കേരളം യുദ്ധസജ്ജമായി



അത്തം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ തന്നെ, പട്ടിണിപ്പിശാചിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ കേന്ദ്ര ഭക്ഷ്യ അവകാശ നിയമത്തിന്റെ ചുവടുപിടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി.
ദരിദ്ര വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി നല്‍കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ ആന്റണി ഇന്ന് നിര്‍വ്വഹിക്കും. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന മനുഷ്യന്റെ ജന്മസിദ്ധ അവകാശങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരത്തിനാണെന്നത് നിസ്തര്‍ക്കം. വിശക്കുന്ന മനുഷ്യനുമുന്നില്‍ അപ്പത്തിന്റെ രൂപത്തിലല്ലാതെ ഈശ്വരന്‍ അവതരിച്ചിട്ട് കാര്യമില്ലെന്ന് മഹാത്മാഗാന്ധി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മതാചാര്യന്മാരെയാണെങ്കിലും ജനാഭിമുഖ്യമുള്ള ഏതൊരു ഭരണകൂടവും ഒന്നാമതായി ശ്രദ്ധിക്കേണ്ട ഉദ്‌ബോധനമാണിത്.കേരളത്തിന്റെ മൊത്ത ജീവിതനിലവാരത്തില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ കൊണ്ടുണ്ടായ പുരോഗതിയെ പുകഴ്ത്തവേ സംസ്ഥാനത്ത് ദാരിദ്ര്യം ഏറെ കുറഞ്ഞുവെന്ന കണക്കുകള്‍ എത്രയെങ്കിലുമുണ്ട്. പക്ഷേ ഒരു നേരമെങ്കിലും വിശപ്പടക്കാനാകാതെ കഴിയുന്ന ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുണ്ടെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കാനാകില്ല.
 
തെരുവോരങ്ങളില്‍ ഭിക്ഷതേടുന്നവരുടേതിനേക്കാള്‍ ദയനീയമാണ് ആത്മാഭിമാനം പണയപ്പെടുത്താന്‍ തയ്യാറാകാതെ വിശപ്പിനു കീഴടങ്ങുന്ന സാധാരണ കുടുംബങ്ങളുടെ സ്ഥിതി ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ നിന്നും താഴെയെന്നും വിഭജിക്കപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. നാമമാത്രമായ വിലയ്ക്ക് ഇവര്‍ക്ക് അന്നം ലഭ്യമാക്കാനുള്ള മനുഷ്യസ്‌നേഹപരവും വിപ്ലവകരവുമാണെന്ന് ഏവരും സമ്മതിക്കും.നൂറുദിന കര്‍മ്മപരിപാടി വിജയകരമായി യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നതിന്റെയും ഈദുല്‍ ഫിത്തറിന്റെയും ആഘോഷങ്ങളിലേയ്ക്ക് കേരളം പ്രവേശിക്കവേ, ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് അവസരോചിതമായി.സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുതെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പദ്ധതിയിലൂടെ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ 14,60735ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പടെ 20,56,535 കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഒരു രൂപ നിരക്കില്‍ അരി നല്‍കും. 25 കിലോ അരി ബി.പി.എല്‍ വിഭാഗത്തിനും 35 കിലോ അരി എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിനും നല്‍കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. അനാഥാലയങ്ങളിലെ ഒരു അന്തേവാസിക്ക് 5 കിലോ പ്രകാരവും ലഭ്യമാക്കും. ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരുമെന്നാണ് കണക്ക്.
 
ഒരു രൂപ അരിവിതരണത്തോടുനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്നത്തെ ചടങ്ങില്‍ സംസ്ഥാനത്തിനുള്ള ഓണസമ്മാനം എന്ന നിലയില്‍ സംസ്ഥാനത്തെ 21 ലക്ഷത്തോളം വരുന്ന ബി.പി.എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകുമെന്നാണ് ഭക്ഷ്യമന്ത്രി ടി.എം ജേക്കബ് കണക്കാക്കിയിരിക്കുന്നത്.  അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ഒപ്പം നടക്കുന്ന മറ്റൊരു സുപ്രധാന ചടങ്ങ്. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസാണ് ഉദ്ഘാടകന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും നിര്‍വ്വഹിക്കും. കേരള സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതികളെ ഉറ്റു നോക്കുന്നത്.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമായ കേരളം അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയെയുമാണ് ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ഏതൊരു പ്രതിസന്ധിയും കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ ബാധിക്കും. അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നു. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.