Thursday, August 11, 2011

തള്ളിപ്പറഞ്ഞില്ലെങ്കില്‍ വിഎസ്‌ പുറത്തായേനെ

തന്നെ തള്ളിപ്പറഞ്ഞില്ലായിരുന്നുവെങ്കില്‍ വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമായിരുന്നു എന്ന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. എന്നാല്‍ താന്‍ ഒരിക്കലും വി എസിനെ തള്ളിപ്പറയാന്‍ തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് വി എസും പുറത്ത് നിന്ന്‌ താനും തുടരുന്ന സമരങ്ങള്‍ സമാനസ്വഭാവമുള്ളതാണെന്ന് ബെര്‍ലിന്‍ ചൂണ്ടിക്കാട്ടി. വി എസുമായി വര്‍ഷങ്ങളായി തുടരുന്ന ബന്ധം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെ ബെര്‍ലിന്‍ എഴുതിയ കാര്യങ്ങള്‍ തെറ്റാണെന്നും ഈയിടെ ബെര്‍ലിന്‍ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും വി എസ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇത് താന്‍ ബെര്‍ലിനെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരം ആരോപണങ്ങള്‍ തെറ്റാണ്. സി എച് കണാരനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും വി എസ് പറഞ്ഞിരുന്നു. 

വിലക്ക് ലംഘിച്ച് വി എസ് ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് പാര്‍ട്ടിയെ ചൊടിപ്പിച്ചിരുന്നു. തനിക്ക് ഊണുവിലക്കുണ്ടെന്ന് വി എസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതും പാര്‍ട്ടിയെ പ്രകോപിപ്പിച്ചിരുന്നു. വി എസിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ചില നേതാക്കള്‍ക്കെതിരെ ബെര്‍ലിന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നതും പാര്‍ട്ടി നിരീക്ഷിച്ചു വരികയായിരുന്നു. വി എസ് ബെര്‍ലിനെ തള്ളിപ്പറഞ്ഞ് നിലപാടില്‍ മാറ്റം വരുത്തണമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനസമിതി യോഗം ചേരുന്നതിനിടെ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത് വി എസ് തെറ്റ് തിരുത്തുകയായിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.