Tuesday, August 9, 2011

വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് മുഖ്യമന്ത്രി മാതൃകയായി


പാമൊയില്‍ കേസിലെ പ്രതികൂലവിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. പകരം ചുമതല റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നല്‍കിയിരിക്കുന്നത്. പാമോലിന്‍ ഇറക്കുമതി കേസില്‍ അന്നു ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് തിങ്കളാഴ്ച കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാചഹര്യത്തിലാണ് വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ചൂണ്ടികാണിച്ച് ഉമ്മന്‍ചാണ്ടി ചുമതല ഒഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് അദ്ദേഹം തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്. നീതിന്യായപീഠത്തെ താന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും മറിച്ചൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുതന്നെ അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുന്നത് ശരിയല്ലെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ കൂടിയാണ് തീരുമാനം.

ഘടകകക്ഷികളിലും കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ച നടത്തിയ ശേഷമാണ് വിജിലന്‍സ് വകുപ്പിന്റെ ചുമതല തല്‍ക്കാലത്തേക്ക് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. കോടതി പരാമര്‍ശം ഉണ്ടായ ഉടന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട പിരിമുറുക്കത്തില്‍ നിന്നും കോണ്‍ഗ്രസ് ആസ്ഥാനവും സെക്രട്ടറിയേറ്റും മുക്തമായത്. ഇന്നലെ രാവിലെ വിജിലന്‍സ് കോടതി ഉത്തരവ് വന്നയുടന്‍ ഡല്‍ഹിയില്‍ ഹൈക്കമാഡ് യോഗം ചേര്‍ന്നു. എ കെ ആന്റണി, രാഹുല്‍ ഗാന്ധി, ജനാര്‍ദ്ദനന്‍ ദ്വിവേദിക്, അഹമ്മദ് പട്ടേല്‍ എന്നിവരാണ് പ്രത്യേക യോഗം ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട എന്ന് തീരുമാനിച്ചത്. ഇതോടെയാണ് ഉദ്വേഗത്തിന്റെയും പിരിമുറുക്കത്തിന്റെയും മൂന്നു മണിക്കൂര്‍ അവസാനിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ രാജി ഉടന്‍ എന്ന നിലയില്‍ ചാനലുകളില്‍ ഫ്‌ളാഷ് മിന്നി. എന്തും സംഭവിച്ചേക്കാമെന്ന ഉദ്വേഗത്തില്‍ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. സംസ്ഥാനത്തിന്റെ കണ്ണും കാതും തിരുവനന്തപുരത്തേക്ക്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചു വിശദ അന്വേഷണം വേണമെന്ന പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി സൃഷ്ടിച്ചതു നാടകീയ സംഭവവികാസങ്ങളാണ്. രാവിലെ 11നു കോടതിവിധി വന്ന്, രണ്ടു മണിക്ക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരെ കാണും വരെ ഈ പിരിമുറുക്കം അയയാതെ നിന്നു. പതിനൊന്നരയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നേതാക്കളുടെ പ്രവാഹം തുടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ വന്‍നിര മുഖ്യമന്ത്രിയുടെ ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളിനു മുന്നില്‍ നിറഞ്ഞു. കൈമനത്തെ ബിഎസ്എന്‍എല്‍ ഭവനില്‍ നികുതി വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്ന മന്ത്രി കെ.എം. മാണി സെക്രട്ടേറിയറ്റിലേക്കു കുതിച്ചു. കാറിലിരുന്നു മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട അദ്ദേഹം റിട്ടയേര്‍ഡ് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരോടു നിയമോപദേശം നേടി. താന്‍ എത്തുംമുന്‍പു മുഖ്യമന്ത്രി പത്രക്കാരെയൊന്നും കാണരുതെന്നു ഉമ്മന്‍ ചാണ്ടിയോടു മാണി ആവശ്യപ്പെട്ടു.

പന്ത്രണ്ടു മണിയോടെ ബെന്നി ബഹ്‌നാന്‍ എംഎല്‍എ, എം.കെ. രാഘവന്‍ എംപി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കു പിന്തുണയുമായി ഓഫിസിലെത്തി. മന്ത്രിമാരായ പി കെ. കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്‌സിയറും ഓടിയെത്തി. മന്ത്രി വി.എസ്. ശിവകുമാറിനു പിറകെ 1.10നു കെ പിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എത്തിയതോടെ തീരുമാനം ഇനി വൈകില്ലെന്ന് ഉറപ്പായി. വിമാനത്താവളം യോഗം അവസാനിപ്പിച്ചു നേതാക്കള്‍ ചര്‍ച്ചയില്‍ മുഴുകി. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറി നില്‍ക്കാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും ശക്തിയുക്തം എതിര്‍ത്തു. ഡല്‍ഹിയില്‍ നിന്ന് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ചു കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് ആവശ്യപ്പെട്ടു.

കോടതിവിധി പ്രതിപക്ഷം ശക്തമായ ആയുധമാക്കുമെന്ന പ്രവചനം തെറ്റിച്ചു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനമാണു യുഡിഎഫ് ക്യാംപിലെ ചര്‍ച്ചകള്‍ക്കു ദിശ നല്‍കിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നല്ല, വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നാണു 12 മണിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ കോടിയേരി ആവശ്യപ്പെട്ടത്. ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു പിന്നീടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ആകാംക്ഷയ്ക്കു വിരാമമിട്ട്, മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നു വാതില്‍ തുറന്നു രണ്ടു മണിയോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആദ്യമിറങ്ങി. ഒപ്പം മുഖ്യമന്ത്രിയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും. ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അന്വേഷണത്തെ നേരിടുമെന്നും വകുപ്പിന്റെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കു ശക്തമായ പിന്തുണ നല്‍കി മാണിയും കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതോടെ ഉമ്മന്‍ ചാണ്ടിയുടെ രാജി ഉടന്‍ എന്ന നിലയിലുള്ള ഫ്‌ളാഷുകള്‍ കെട്ടു. വിജിലന്‍സ് വകുപ്പ് ആര്‍ക്ക് എന്ന രീതിയിലായിരുന്നു പിന്നീടു ചര്‍ച്ചകള്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവച്ചേക്കുമെന്ന അഭ്യൂഹം കാട്ടുതീ പോലെയാണു പടര്‍ന്നത്. ഉമ്മന്‍ ചാണ്ടിക്കു രാജിവയ്ക്കാതെ മറ്റു മാര്‍ഗമില്ലെന്നു ചാനല്‍ വിദഗ്ധര്‍ പ്രഖ്യാപിച്ചു. അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന രീതിയില്‍ ചര്‍ച്ചകള്‍ തുടങ്ങി. ആകാംക്ഷ മുറ്റിയ ആയിരക്കണക്കു ഫോണ്‍കോളുകള്‍ തലസ്ഥാനത്തേക്കു പ്രവഹിക്കുകയും ചെയ്തിരുന്നു.

ഏകദേശം രണ്ടുപതിറ്റാണ്ടായി കേരള രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന സംഭവവികാസങ്ങളാണ് പാമൊയില്‍ കേസ്. സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനായി അന്നത്തെ അഡിഷണല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യൂ തയ്യാറാക്കിയ റിപ്പോര്‍ട്ട് ധനകാര്യ മന്ത്രി കാണുകയും എതിരഭിപ്രായം ഒന്നും രേഖപ്പെടുത്താതെ ഒപ്പുവയ്ക്കുകയും ചെയ്തതായി ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയതാണ് ഇപ്പോഴത്തെ വാദകോലാഹലങ്ങള്‍ക്കു കാരണം. ടെന്‍ഡര്‍ വിളിക്കാതെ പവര്‍ ആന്‍ഡ് എനര്‍ജിക്ക് 15 ശതമാനം സര്‍ച്ചാര്‍ജ് അധികം അനുവദിച്ചുകൊണ്ടാണ് കരാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രിക്ക് അറിയാമായിരുന്നു. പാമോയില്‍ കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താന്‍ സമ്മതിച്ചതെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്. ഇതില്‍ നിന്ന് ഇറക്കുമതിയെയും ക്രമക്കേടിനെപ്പറ്റിയുമെല്ലാം ധനകാര്യ മന്ത്രിക്ക് അറിയാമായിരുന്നുവെന്ന് വേണം കരുതാന്‍. എല്ലാം അറിഞ്ഞിട്ടാണ് മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് വച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇറക്കുമതിയെന്നും ധനകാര്യ മന്ത്രിക്ക് അറിയാമായിരുന്നു. ദീപാവലിക്കും ദസറയ്ക്കും അടിയന്തരമായി പാമോയില്‍ വേണ്ടതുകൊണ്ടാണ് ഒപ്പിട്ടതെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തിട്ടും അതിനെപ്പറ്റി തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല- കോടതി ചൂണ്ടിക്കാട്ടി.

ഉമ്മന്‍ചാണ്ടിയുടെ പങ്ക് എന്താണെന്ന് തിട്ടപ്പെടുത്താനാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. അതില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പാമോയില്‍ ഇടപാടിന്റെ ഫയല്‍ ധനകാര്യ വകുപ്പില്‍ വന്നെങ്കിലും ധനകാര്യ മന്ത്രിയെ അത് കാണിച്ചില്ലെന്നും ധനകാര്യ വകുപ്പ് കുറ്റക്കാരല്ലാത്തതുകൊണ്ട് മറ്റാരും കുറ്റക്കാരല്ലെന്നുമാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ധനകാര്യ വകുപ്പും ധനകാര്യ മന്ത്രിയും രണ്ടും രണ്ടാണെന്ന് കോടതി വ്യക്തമാക്കി. തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കത്തിനില്‍ക്കെ കെ.കരുണാകരനെ ഒതുക്കാന്‍ 'എ' ഗ്രൂപ്പുകാര്‍ തപ്പിയെടുത്ത് പുറത്തിട്ട പാമോയില്‍ 20 വര്‍ഷത്തിനു ശേഷമാണ് അതിന്റെ സംഹാരശേഷി പ്രകടമാക്കുന്നത്. കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പദവിയില്‍ അവരോധിതനായ പി.ജെ. തോമസായിരുന്നു ആദ്യ ഇര. മികച്ച ഉദ്യോഗസ്ഥനെന്നു പേരുകേട്ട അദ്ദേഹത്തിന് വിജിലന്‍സ് കമീഷണര്‍ പദവി നഷ്ടമായി. ഇപ്പോള്‍ ഇതാ പഴയ 'എ' ഗ്രൂപ്പ് നേതാവായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെയും അത് ഫണമുയര്‍ത്തുന്നു.

ഉമ്മന്‍ചാണ്ടിക്കെതിരെ ഈ കേസ് തിരിഞ്ഞു നില്‍ക്കുമ്പോള്‍ അത് ഐക്യമുന്നണിയുടെ വിശ്വാസ്യതയെയും കെട്ടുറപ്പിനെയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നതും ശ്രദ്ധേയം. അക്കൗണ്ടന്റ് ജനറലായിരുന്ന ജയിംസ് ജോസഫാണ് ഈ ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. അടുത്ത ബന്ധുവായിരുന്ന പി.ജെ. തോമസിനെ പോലും അദ്ദേഹം ഒഴിവാക്കിയില്ല. കരുണാകരന്‍ എതിര്‍ ഗ്രൂപ്പിനെതിരെ തേര്‍വാഴ്ച നടത്തിയിരുന്ന ആ കാലഘട്ടത്തില്‍ അദ്ദേഹത്തെ ഒതുക്കാനുള്ള മികച്ച ആയുധമായാണ് ഈ ഇറക്കുമതിയെ 'എ' വിഭാഗം കണ്ടത്. തുടര്‍ന്ന് ഈ വിഷയത്തില്‍ കരുണാകരനെതിരായ ആയുധങ്ങള്‍ നല്‍കി പ്രതിപക്ഷത്തെ പ്രോല്‍സാഹിപ്പിച്ചതും 'എ' വിഭാഗമായിരുന്നു. അന്നത്തെ ധനമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും വരെ കണ്ണുവെട്ടിച്ച് നടന്ന പാമോയില്‍ ഇറക്കുമതിയില്‍ കരുണാകരനും ചില ഉദ്യോഗസ്ഥരുമായിരുന്നു തുടക്കത്തില്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അവസാനഘട്ടത്തില്‍ മാത്രമാണ് വിശദവിവരങ്ങള്‍ പുറത്തുവന്നത് എന്നതിനാല്‍ കരുണാകരപക്ഷക്കാര്‍ക്കു പോലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് നീരസം ഉണ്ടായിരുന്നു. ഈ അവസ്ഥയെയാണ് അന്നത്തെ എതിര്‍ ഗ്രൂപ്പുകാര്‍ മുതലാക്കിയത്. ദൂരദര്‍ശനൊഴികെ മറ്റു ദൃശ്യ മാധ്യമങ്ങളില്ലാത്ത അക്കാലത്ത് യു.ഡി.എഫിനെ അനുകൂലിക്കുന്ന പത്രങ്ങള്‍ പോലും പിന്നീട് പാമോയില്‍ ഇറക്കുമതിയിലെ ക്രമക്കേടുകള്‍ മല്‍സരിച്ചെഴുതി.

രാഷ്ട്രീയ കാരണങ്ങളാല്‍ അത് എഴുതാന്‍ പറ്റാത്ത പത്രങ്ങളുടെ പ്രതിനിധികള്‍ക്കും വിവരങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പിസത്താല്‍ ലഭ്യമായിരുന്നു. അങ്ങനെയുള്ളവര്‍ എഴുതാനാകുന്നവര്‍ക്ക് വാര്‍ത്ത കൈമാറി. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കരുണാകരനെ രാഷ്ട്രീയമായി പ്രതിപക്ഷം നിയമസഭയിലും പുറത്തും അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു. ഭരണപങ്കാളികളായവരാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് പിന്നീട് കരുണാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ താല്‍കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കു ശേഷം വിട്ടുകളയുന്ന പ്രവണതയാണ് ഈ വക കാര്യങ്ങളില്‍ എതിര്‍ ചേരിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ചെയ്യുന്നതെങ്കിലും ഇടമലയാര്‍ കേസ് എന്നതു പോലെ പാമോയില്‍ കേസും വി.എസ്. അച്യുതാനന്ദന്‍ ഏറ്റുപിടിച്ചു. അതിന്റെ പരിണത ഫലമാണ് ഇപ്പോഴത്തെ ഈ സംഭവവികാസങ്ങള്‍. ഒന്നാം പ്രതിയായ കരുണാകരന്‍ കേസിന്റെ പരിസമാപ്തിക്കുമുമ്പേ അന്തരിച്ചു. സാക്ഷിമാത്രമായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ കേസ് തിരിഞ്ഞത് നാടകീയമായാണ്. ടി.എച്ച്. മുസ്തഫയുടെ സത്യവാങ്മൂലത്തിലെ നിരുപദ്രവകരമെന്നു തോന്നാവുന്ന ഒരു പരാമര്‍ശത്തെ തുടര്‍ന്നാണ് കേസ് വഴിതിരിഞ്ഞത്

No comments:

Post a Comment

Note: Only a member of this blog may post a comment.