Wednesday, August 24, 2011

കോടിയേരിയുടെ സ്വപ്നവും ബര്‍ളിന്റെ കണക്കുപുസ്തകവും


കോടിയേരിക്ക് പണ്ടേ ഒരു സ്വപ്നമുണ്ട്. മറ്റൊന്നുമല്ല, പിണറായി കഴിഞ്ഞാല്‍ കോടിയേരിയെന്ന് പണ്ടേ പാര്‍ട്ടി സഖാക്കള്‍ പറയാറുണ്ട്. പാര്‍ട്ടി സമ്മേളനമാണെങ്കില്‍ അടുത്തുവരുന്നു. പിണറായി ഒഴിയുന്ന കസേരയില്‍ കോടിയേരിക്ക് കയറണം.
ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി കാലേക്കൂട്ടി ഓരോ പണി ചെയ്തു വരുന്നതിനിടയിലാണ് 'സഖാവ് റൗഫി'ന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. കോടിയേരിക്ക് പുറമേ കാണുന്ന കരുത്തൊന്നും  മനസിനില്ല എന്ന് അടുത്തറിയുന്നവര്‍ക്ക് അറിയാം. കോടിയേരിക്ക് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ക്ഷീണം തട്ടുമെന്ന് റൗഫ് പറയുമ്പോള്‍ എങ്ങനെ ടെന്‍ഷന്‍ വരാതിരിക്കും. കണ്ണൂര്‍ ലോബിയിലെ ജയരാജന്മാരെയെല്ലാം ഇപ്പോള്‍ വല്ലാത്ത സംശയത്തോടെയാണ് കോടിയേരി വീക്ഷിക്കുന്നത്.
പിണറായി പക്ഷവും അച്യുതാനന്ദന്‍ പക്ഷവുമെന്ന നിലയില്‍ പാര്‍ട്ടിക്കകത്ത് വിഭാഗീയത കത്തിനില്‍ക്കുമ്പോള്‍ കോടിയേരി സഖാവിന്റെ തന്ത്രപരമായ നീക്കം പാര്‍ട്ടി സഖാക്കളെ അമ്പരപ്പിച്ചതാണ്. പിണറായിയെയോ അച്യുതാനന്ദനേയോ വിമര്‍ശിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് 'മാതൃകാ കമ്മ്യൂണിസ്റ്റായ' കോടിയേരി സഖാവിന് അപ്പോള്‍ തന്നെ പോളിറ്റ് ബ്യൂറോയിലേക്ക് പ്രമോഷനും കിട്ടിയതാണ്. ആട്ടിന്‍കുട്ടന്മാര്‍ പരസ്പരം തലകൊണ്ട് ഇടിച്ച് ചോര ചീറ്റുമ്പോള്‍ നടുക്കിരുന്ന് ചോര കുടിച്ച ചെന്നായയുടെ കഥ കേട്ടിട്ടുണ്ട്. ഇവിടെ ചോര കുടിക്കില്ലെങ്കിലും വി എസ് -പിണറായി പോരില്‍ പായസം കുടിച്ച സംതൃപ്തിയായിരുന്നു കോടിയേരി സഖാവിന്. കോടിയേരിയെ ആരും കുറ്റം പറയില്ല. കാരണം ജയരാജന്‍മാരൊക്കെ പിണറായി പക്ഷത്തു നിന്ന് അച്യുതാനന്ദനെതിരേ ആക്രോശിക്കുമ്പോള്‍ കോടിയേരി ഞാനൊരു മാന്യനെന്ന മട്ടില്‍ മാറിനിന്നു. പിണറായിയേയും കുറ്റം പറയില്ല, അച്യുതാനന്ദനേയും കുറ്റം പറയില്ല. പാര്‍ട്ടിയാണ് വലുത്. ദേശീയനേതൃത്വം കോടിയേരിയില്‍ കണ്ടത് പാര്‍ട്ടിയുടെ അടുത്ത നായകനെ തന്നെയാണ്.
 
പക്ഷേ കോടിയേരി അങ്ങനെയങ്ങ് ആളാകേണ്ടെന്ന് ജയരാജന്മാര്‍ തീരുമാനിച്ചതായാണ് റൗഫിലൂടെ മനസിലായിരിക്കുന്നത്. കോടിയേരിക്ക് പാര്‍ട്ടി സമ്മേളനത്തില്‍ ക്ഷീണം പറ്റുമെന്ന കാര്യം റൗഫ് അറിയണമെങ്കില്‍ നേതൃതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തം. കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാകാന്‍ അനുവദിക്കേണ്ടെന്ന് 'ജയരാജ'ന്മാരില്‍ ചിലര്‍ തീരുമാനിച്ചു കഴിഞ്ഞു. കളിക്ക് നേതൃത്വം നല്‍കുന്നത് ഏതു ജയരാജനാണെന്ന് മാത്രമേ ഇനിയറിയേണ്ടതുള്ളൂ.
സി പി എം ദേശീയനേതൃത്വത്തെ വരെ തീറ്റിപ്പോറ്റുന്നുവെന്ന് പെരുമ കേട്ട കണ്ണൂര്‍ ലോബിയില്‍ ആര്‍ക്കും ആരേയും വിശ്വസിക്കാന്‍ വയ്യെന്നായിരിക്കുന്നു. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പോലും കളം മാറ്റിച്ചവിട്ടുമെന്ന് ആരെങ്കിലും കരുതിയതാണോ. പാര്‍ട്ടി സമ്മേളനത്തില്‍ ആരൊക്കെ ആരെയൊക്കെ കാലുവാരുമെന്ന് കണ്ടറിയണം.കണ്ണൂരിലെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അച്ചുമാമന്‍. മുഖ്യമന്ത്രിയായ കാലത്ത് അച്ചുമാമന് ഔദ്യോഗികപക്ഷം കണ്ണൂരില്‍ അധികം വിലസാന്‍ അനുമതി കൊടുത്തിരുന്നില്ല. പാര്‍ട്ടി പരിപാടികള്‍ക്ക് പോലും അവസാനസമയത്തു മാത്രമാണ് അച്യുതാനന്ദന് വേദി കിട്ടിയത്. കണ്ണൂരില്‍ ഔദ്യോഗികപക്ഷം തമ്മില്‍തല്ലിയൊടുങ്ങുമെന്ന് കണ്ടപ്പോഴാണ് അച്യുതാനന്ദന്‍ മെല്ലെ കണ്ണൂരിലേക്ക് വണ്ടി കയറിയത്. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെന്ന പഴയ കമ്യൂണിസ്റ്റ് നേതാവിനെ സന്ദര്‍ശിക്കുകയെന്ന ദൗത്യം മാത്രമായിരുന്നില്ല മനസില്‍. കണ്ണൂരില്‍ കുറച്ചാളുകളെ കൂടെ കൂട്ടണം. പിണറായിയുടെ തട്ടകത്ത് സമ്മേളനകാലമാകുമ്പോഴേക്കും കൊടി പറത്തണം. ഏതായാലും ഉപദേശിക്കാന്‍ പറ്റിയ കക്ഷിയെ തന്നെ കണ്ടു അച്ചുമാമന്‍. ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അച്യുതാനന്ദനെ ഉപദേശിച്ച് ഒരു പരുവത്തിലാക്കി.
 
ബര്‍ളിന്‍- വി എസ് കൂടിക്കാഴ്ചയും പ്രസ്താവനാ യുദ്ധവും പിന്നെ കൊടുമ്പിരിക്കൊണ്ടു. ജയരാജന്മാര്‍ ബര്‍ളിന്റെ വീട്ടുപരിസരത്ത് മൈക്ക് കെട്ടി പുലഭ്യം പറഞ്ഞ് ഈ പാര്‍ട്ടി വല്ലാത്തൊരു പാര്‍ട്ടിയാണെന്ന് ഓര്‍മ്മപ്പെടുത്തി. പക്ഷേ ബര്‍ളിനുണ്ടോ വിടുന്നു. ജയരാജന്റെ വീടു കെട്ടാന്‍ സംഭാവന കൊടുത്തതടക്കം പഴയ കണക്കു പുസ്തകം നോക്കി വിളിച്ചു പറയാന്‍ തുടങ്ങി. പോരേ പൂരം. ബര്‍ളിന്‍ ഇനി എന്തൊക്കെ വിളിച്ചു പറയും. വല്ലാത്ത പാര്‍ട്ടി അതോടെ പത്രക്കുറിപ്പിറക്കി. ജയരാജന്‍ വീടു കെട്ടിയതിന്റെ ചരിത്രമടക്കം വിശദീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റ് നെടുങ്കന്‍ പ്രസ്താവനയിറക്കി. സഖാക്കള്‍ക്ക് മുന്നറിയിപ്പ്- ബര്‍ളിനെ സൂക്ഷിക്കുക. വിശ്രമജീവിതം നയിക്കുന്ന ബര്‍ളിന് ഏതായാലും പിടിപ്പതു പണിയായി. ദിവസവും ഓരോരോ ലേഖനവും പ്രസ്താവനയും മാധ്യമങ്ങള്‍ക്കയച്ചു കൊടുക്കാം. സി പി എം നേതാള്‍ക്കിന് പല കാര്യങ്ങളും പുറത്തു പറയേണ്ടി വരും

No comments:

Post a Comment

Note: Only a member of this blog may post a comment.