Wednesday, August 31, 2011

സി.പി.എമ്മിന്റെ അയിത്തം അഭിനയം


സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സി.പി.എമ്മിന് അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുമായുള്ള രഹസ്യബന്ധമാണ് വിക്കിലീക്‌സ് വെളിപ്പെടുത്തലിലുടെ പുറത്തായത്.
വിദേശ നിക്ഷേപങ്ങളെ കണ്ണടച്ച് എതിര്‍ത്തുപോരുന്ന പാര്‍ട്ടി നേതാക്കള്‍, അമേരിക്കന്‍ സ്വകാര്യ മൂലധന നിക്ഷേപത്തിന് വേണ്ടി എ.കെ.ജി സെന്ററില്‍ രഹസ്യ ചര്‍ച്ച നടത്തിയ വാര്‍ത്ത അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആണവകരാറും ആസിയാന്‍ കരാറും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സ്വീകരിച്ച നിലപാടുകളിലും ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുകയാണ്. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും എം.എ ബേബിയും തോമസ് ഐസക്കും ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ രേഖകള്‍ പുറത്തുവന്നതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്കും സംഭവം നിഷേധിക്കാനാവില്ല. അതേസമയം ഈ വിഷയത്തില്‍ വിഭാഗീയതയോ ഗ്രൂപ്പ് താല്‍പ്പര്യമോ പ്രകടമായില്ലെന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ സംഘവുമായി ചര്‍ച്ച നടത്തിയവരില്‍ ഒരാളായ തോമസ് ഐസക്ക് ഇതിനെ ന്യായീകരിക്കുകയും വി.എസ് അച്യുതാനന്ദന്‍ കൂടിക്കാഴ്ച തുറന്നു സമ്മതിക്കുകയും ചെയ്തതോടെ സംഭവത്തെ മാധ്യമസൃഷ്ടിയെന്ന് പറഞ്ഞ് കൈകഴുകാനുമാവില്ല.
 
അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വി.എസ് മുന്‍കയ്യെടുത്തുവെന്ന വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. പിണറായി വിജയന്‍, എം.എ ബേബി, തോമസ് ഐസക് എന്നിവര്‍ അമേരിക്കന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും ഇതോടൊപ്പം പുറത്തുവന്നു.നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമാണെന്ന് പ്രതിനിധി സംഘത്തോട് പിണറായി വിജയന്‍ പറഞ്ഞത് എ.കെ.ജി സെന്ററില്‍ വെച്ചാണെന്നും വീക്കിലീക്‌സ് വ്യക്തമാക്കുന്നു. 2008-ലാണ് അമേരിക്കന്‍ വിദേശ്യകാര്യ സംഘം കേരളത്തിലെത്തിയത്. പിണറായിയും ഐസക്കും ബേബിയുമായാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയത്. ഇത് എ.കെ.ജി സെന്ററില്‍ വെച്ചായിരുന്നു. കൊക്കകോളക്കെതിരായ സമരം കേരളത്തിലെ അമേരിക്കന്‍ നിക്ഷേപങ്ങളെ ബാധിക്കരുതെന്ന് ഈ ചര്‍ച്ചയില്‍ യു.എസ് ഉദ്യോഗസ്ഥരോട് പിണറായി വിജയന്‍ പറഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം പ്രാദേശികം മാത്രമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളാണ് സമരത്തിന് കാരണം. സമരത്തിന് പിന്നില്‍ സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും പിണറായി അമേരിക്കന്‍ സംഘത്തോട് പറഞ്ഞു.
സംസ്ഥാനത്തെ വിദേശ നിക്ഷേപങ്ങളില്‍ അമേരിക്കയുടെ സഹായം അനിവാര്യമാണെന്നും സംസ്ഥാനത്തിന് വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ മൂലധനം ഇല്ലാത്ത സ്ഥിതിയാണെന്നും തോമസ് ഐസക്ക് സംഘത്തെ അറിയിച്ചപ്പോള്‍ വിദേശനിക്ഷേപം ലെനിനിസ്റ്റ് തത്വങ്ങള്‍ക്ക് യോജിച്ചതാണെന്നായിരുന്നു എം.എ. ബേബിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കാണണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും വി.എസ് ആദ്യഘട്ടത്തില്‍ വഴങ്ങിയില്ല.
 
താന്‍ ആയുര്‍വേദ ചികിത്സയിലാണെന്ന് ഇവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് 2008 ആഗസ്റ്റ് 29-ന് വി.എസുമായി അമേരിക്കന്‍ സംഘം വിശദമായ ചര്‍ച്ച നടത്തിയെന്നും വീക്കിലിക്‌സ് വെളിപ്പെടുത്തുന്നു. ഈ ചര്‍ച്ചയില്‍ വിവരസാങ്കേതിക വിദ്യ, ബയോടെക്‌നോളജി, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപത്തെ വി.എസ് സ്വാഗതം ചെയ്തു. ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിലെ പ്രധാന സി.പി.എം നേതാക്കളുടെ യു.എസ് ബന്ധം തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ പറഞ്ഞതായും വീക്കിലിക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. വിക്കിലീക്‌സ് രേഖകള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുറത്തു വിട്ടത്.

സായ്‌പന്‍മാര്‌ ഓടിയ ഓട്ടം

ആരു പറയുന്നത്‌ വിശ്വസിക്കണം എന്നത്‌ എല്ലാക്കാലത്തും സാധാരണ മനുഷ്യന്റെ ഉത്‌കണ്‌ഠകളില്‍പെട്ടതാണ്‌. ചിലപ്പോള്‍ അവര്‍ വിശ്വസിക്കുന്നത്‌ പലപ്പോഴും മഹാ അബദ്ധമായി മാറുകയാണ്‌ പതിവ്‌. അങ്ങനെ പലവട്ടമായപ്പോള്‍ കഴുതകള്‍ എന്നൊരു വിളിപ്പേര്‌ വീണു. അഭിമാനത്തോടെ അതങ്ങു സ്വീകരിക്കുകയും ചെയ്‌തു. പൊതുജനം കഴുത എന്ന്‌ ഇടയ്‌ക്കിടെ സ്വയം പറയുന്നതും ഒരു സുഖമായി മാറി. സ്ഥിരമായി കബളിപ്പിക്കാന്‍ ഒറിജിനല്‍ കഴുതകള്‍ നിന്നുകൊടുക്കാറുണ്ടോ അതോ രണ്ടാമതും മൂന്നാമതും മണ്ടനാകുമ്പോള്‍ കാലുമടക്കി നല്ല തൊഴി കൊടുക്കാറുണ്ടോ എന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചുപോയ മഹാന്റെ പേരില്‍ പത്രാധിപര്‍ സ്വയം ഇന്നത്തെ വാചകം എഴുതുന്നപോലെയാണിതും. കഴുത നിഷേധിക്കാത്തിടത്തോളം കഴുതയുടെ അക്കൗണ്ടില്‍ കിടക്കട്ടെ എല്ലാ മണ്ടത്തരങ്ങളും. മരിച്ചുപോയവരും നിഷേധിക്കാറില്ലല്ലോ.
ഇപ്പഴിതൊക്കെ എന്തിനാ വെളമ്പുന്നേ എന്നൊരു ഇന്നസെന്റ്‌ ചോദ്യത്തിന സ്‌കോപ്പുണ്ട്‌. അമേരിക്കന്‍ മുതലാളിക്കു മുന്നില്‍ സഖാക്കള്‍ പിണറായി വിജയനും എം എ ബേബിയും തോമസ്‌ ഐസക്കും സാഷ്ടാംഗം പ്രണമിച്ചുവെന്നും, കുറച്ചു കാശ്‌ കിട്ടിയാല്‍ കൊള്ളാരുന്നുവെന്ന്‌ തലചൊറിഞ്ഞുവെന്നുമാണ്‌ വിക്കി ലീക്‌സ്‌ എന്ന അമേരിക്കന്‍ ചോര്‍ച്ചക്കേബിളിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പറഞ്ഞത്‌. അത്‌ സകലമാന കമ്യൂണിസ്റ്റു വിരുദ്ധരും കേരള കോണ്‍ഗ്രസ്‌- കോണ്‍ഗ്രസുകാരും അങ്ങേറ്റെടുത്തു. അമേരിക്കേന്ന്‌ വന്ന സായ്‌പുമാരെ സഖാവ്‌ വിഎസ്‌ മാത്രം കണ്ടില്ലെന്നും അദ്ദേഹം ആയുര്‍വേദ ചികില്‍സയിലായിരുന്നുവെന്നുമാണ്‌ ആദ്യ വാര്‍ത്ത. പിന്നെ ചാനലുകാരൊക്കെ ലീക്ക്‌ കണ്ടുപിടിക്കാന്‍ ഇറങ്ങി. ഇടതുഭരണകാലത്ത്‌ ഒന്നല്ല രണ്ടാമതും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വന്നിരുന്നുവെന്നും മുഖ്യമന്ത്രിയും എന്തിനും മുതിര്‍ന്ന നേതാവുമായ സഖാവ്‌ വി എസ്‌ രണ്ടാം തവണ അവരെ കണ്ടിരുന്നുവെന്നും അപ്പോഴാണ്‌ മനസ്സിലായത്‌. അതോടെ പ്രതികളുടെ എണ്ണം നാലായി. പിണറായിയെയും കൂട്ടരെയും അമേരിക്കന്‍ ഏജന്റുമാരാക്കി വിഎസിനെ സാമ്രാജ്യത്വ വിരുദ്ധനും മാലാഖായുമാക്കാനുള്ള അജന്‍ഡ ദാ കെടക്കുന്നു താഴെ. അമേരിക്കക്കാരെ കണ്ടത്‌ പാര്‍ട്ടി നയത്തിനുള്ളില്‍ നിന്നുകൊണ്ട്‌ വിദേശ മൂലധനം ക്ഷണിക്കാന്‍ ആയിരുന്നുവെന്ന്‌ തോമസ്‌ ഐസക്കും അതില്‍ തെറ്റില്ലെന്ന്‌ ഡല്‍ഹിയില്‍ സഖാവ്‌ യെച്ചൂരിയും വ്യക്തമാക്കി. ഇനിയാണു രസം: താന്‍ അമേരിക്കക്കാരെ കണ്ടിരുന്നുവെന്ന്‌ വി എസ്‌ സമ്മതിച്ചു. പക്ഷേ, പണം ചോദിക്കാനൊന്നുമല്ല അപ്പോയിന്റമെന്റ്‌ അനുവദിച്ചത്‌. പിന്നെയോ? അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ കളിയാക്കി വിടുകയാണു ചെയ്‌തത്‌.
പിന്നല്ലാതെ. സായ്‌പന്‍മാര്‌ കോട്ടും സൂട്ടുമൊക്കെയിട്ട്‌ മുന്നില്‍ വന്നു നിന്നപ്പോള്‍ വി എസ്‌ പറഞ്ഞു. ഇരി. ഇരി... അവര്‍ക്ക്‌ കാര്യം മനസിലായില്ല. അപ്പോള്‍ വി എസ്‌ കളിയാക്കി ചിരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ ചിരിച്ചതിലും സന്തോഷത്തോടെ. ഹഹഹ, നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞതു മനസിലായില്ല , മണ്ടന്‍മാര്‍. വെള്ളക്കാരിലും മണ്ടന്‍മാരുണ്ടല്ലോ...
പിന്നെ അവരോട്‌ വി എസ്‌ പറഞ്ഞത്‌ ഒബാമയെക്കുറിച്ചാണ്‌. ആ ഒബാമയുണ്ടല്ലോ, അയാള്‍ക്ക്‌ സുഖമാണോ.ഹഹഹ. എന്താ മിണ്ടാത്തേ, ചോദിച്ചതുകേട്ടില്ലേ. ഞാന്‍ മലയാളത്തിലല്ലേ ചോദിച്ചത്‌. ഹഹഹ, മുഖ്യമന്ത്രിയുടെ മുന്നില്‍ വാ തുറക്കാന്‍ പോലും പേടിയാണിവര്‍ക്ക്‌. ഹഹഹ...ഹഹഹ
ഇങ്ങനെയാണ്‌ കളിയാക്കിയത്‌. വിശദാംശങ്ങള്‍ വി എസ്‌തന്നെ പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തും.
സായ്‌പന്‍മാര്‌ ആകെക്കൂടി പേടിച്ച്‌, നാണംകെട്ട്‌ ഓടിക്കളഞ്ഞു. പോയ വഴിക്ക്‌ എകെജി സെന്ററില്‍ കേറി അഭയം ചോദിച്ചു. പിണറായി അഭയംകൊടുക്കുക മാത്രമല്ല, രണ്ടു കൈകളും കൂട്ടിപ്പിടിച്ച്‌ നിറകണ്ണുകളോടെ യാത്രയാക്കുകയും ചെയ്‌തു. അപ്പോള്‍ ആരാണ്‌ ഏജന്റ്‌, ആരാണ്‌ മാലാഖ. പറയൂ, പറയൂ കോണ്‍ഗ്രസേ. ഈ സായ്‌പന്‍മാരെ മര്യാദയ്‌ക്കൊന്നു കളിയാക്കാന്‍ പോലും സ്‌മ്മതിക്കില്ലെന്നു വന്നാല്‍ എന്തു ചെയ്യും. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന്‌ പറഞ്ഞിട്ടുണ്ടെന്നും തോമസ്‌ ഐസക്‌ പറഞ്ഞു എന്നാണ്‌ പിന്നെകേട്ട ഞെട്ടിക്കുന്ന വാര്‍ത്ത.
വിപ്ലവത്തെ സ്വപ്‌നം കണ്ടാണ്‌ ഐസക്‌ ഇത്രകാലവും വലിയ ജൂബയുമിട്ട്‌ താടിയും വളര്‍ത്തി നടന്നതെന്നത്‌ ഞെട്ടിക്കുന്ന വാര്‍ത്തയാണ്‌. ഈ ചാനലുകാരെന്താ പിന്നെയും വിക്കി വിക്കി ലീക്‌സ്‌ എന്നു പറയുന്നതാവോ

നെറ്റോയെ വിഎസ്‌ വിടാത്തത്‌ മുന്‍വൈരാഗ്യം മൂലം

പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ നെറ്റോ ഡെസ്‌മണ്ടിനു പിന്നാലെ കൂടിയിരിക്കുന്നതിനു പിന്നില്‍ മുന്‍വൈരാഗ്യം. സിപിഎം സംസ്ഥാന നേതൃത്വംതന്നെയാണ്‌ അനൗപചാരികമായി ഈ വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്‌. നെറ്റോയെ തുടര്‍ച്ചയായി വി എസ്‌ വേട്ടയാടുമ്പോഴും പാര്‍ട്ടി നേതാക്കളാരും അത്‌ ഏറ്റുപിടിക്കാത്തത്‌ ഇക്കാരണംകൊണ്ടാണ്‌. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും വി എസ്‌ നെറ്റോയെ വെറുതെ വിടാതെ പിന്തുടരുന്നത്‌ പാര്‍ട്ടി കാര്യമായി നിരീക്ഷിച്ചാണ്‌ കാര്യം മനസിലാക്കിയത്‌.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ നേരിട്ടു വിളിച്ചുവരുത്തി നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വിജിലന്‍സ്‌ അഡീഷണല്‍ ഡയറക്ടറായിരുന്ന നെറ്റോ വിസമ്മതിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിയാക്കാന്‍ ആവശ്യമായ ചില കാര്യങ്ങള്‍ ചെയ്യണം എന്നായിരുന്നു വിഎസിന്റെ നിര്‍ദേശം. സാങ്കേതികമായി അതിനു സാധുത ഇല്ലാത്തത്‌ ചൂണ്ടിക്കാട്ടിയാണ്‌ നെറ്റോ വിസമ്മതിച്ചത്‌. മാത്രമല്ല ഇക്കാര്യം പിന്നീട്‌ വിശദമായിത്തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ അദ്ദേഹം അറിയിക്കുകയും ചെയ്‌തു. വഴിവിട്ട്‌ ചെയ്യാനുള്ള സമ്മര്‍ദത്തില്‍ നിന്നു തന്നെ രക്ഷിക്കണം എന്ന്‌ അഭ്യര്‍ത്ഥിക്കുക കൂടി ചെയ്‌തതായാണ്‌ വിവരം. വി എസ്‌ പല പ്രശ്‌നങ്ങളിലും കോടിയേരിയെ മറികടന്ന്‌ ആഭ്യന്തര വകുപ്പില്‍ കൈകടത്തിയിരുന്നത്‌ പാര്‍ട്ടിയില്‍ അലോസരം സൃഷ്ടിച്ചിരുന്നതിനാല്‍ ഇക്കാര്യത്തിലും വിഎസിനു നിരാശപ്പെടേണ്ടി വന്നു. ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ വിഎസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണ്‌ നെറ്റോയ്‌ക്ക്‌ കോടിയേരി നല്‍കിയ നിര്‍ദേശം. ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്നതുകൊണ്ടാണ്‌ നെറ്റോയ്‌ക്ക്‌ എതിരായ വിഎസിന്റെ തുടര്‍ച്ചയായ ആരോപണങ്ങളെ യുഡിഎഫ്‌ സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവഗണിക്കുന്നത്‌. പാമോയില്‍ കേസില്‍ തുടരന്വേഷണ വിധി വന്ന ശേഷം, വിജിലന്‍സ്‌ ഡയറക്ടറെ മാറ്റണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടെങ്കിലും അതിനു പിന്നീട്‌ ഊന്നല്‍ നല്‍കിയിരുന്നുമില്ല.
മാത്രമല്ല രണ്ടു മാസത്തോളം മാത്രമാണ്‌ ഇനി നെറ്റോയ്‌ക്ക്‌ സര്‍വീസുള്ളത്‌. ഒക്ടോബറില്‍ അദ്ദേഹം റിട്ടയര്‍ ചെയ്യാനിരിക്കുകയാണ്‌. സര്‍വീസ്‌ കാലം മുഴുവനും വിവാദരഹിതനായിരുന്ന മുതിര്‍ന്ന ഐപിഎസ്‌ ഓഫിസര്‍ എന്ന പരിഗണന കൂടി മുഖ്യമന്ത്രി അദ്ദേഹത്തിനു നല്‍കുന്നു. ഈയൊരു പരിഗണന ഇല്ലാത്ത നിര്‍ദാക്ഷണ്യമാണ്‌ നെറ്റോയെ വിഎസ്‌ വേട്ടയാടുന്നതെന്ന വികാരം ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ക്കിടയിലും സജീവമാണ്‌. ഈ ഘടകം കൂടി പരിഗണിച്ചാണ്‌ നെറ്റോ പ്രശ്‌നത്തില്‍ പാര്‍ട്ടി മിണ്ടാത്തത്‌. രൂക്ഷമായ കടന്നാക്രമണമാണ്‌ നെറ്റോക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വി എസ്‌ നടത്തിയത്‌.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കാന്‍ നെറ്റോ ഡെസ്‌മണ്ട്‌ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ വി എസിന്റെ പ്രധാന വിമര്‍ശനം. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ശേഷം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തിരിച്ചയച്ചെന്ന്‌ നെറ്റോ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒപ്പുള്ള മറുപടി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ വിഎസിന്റെ ആക്രമണം. വ്യാജരേഖ ചമച്ച പത്രങ്ങള്‍ക്കു നല്‍കുകയായിരുന്നുവെന്നാണ്‌ വിഎസ്‌ വാദിക്കുന്നത്‌. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്ന പിന്നാലെ കോടതിയില്‍ നല്‍കിയത്‌ ദുരുദ്ദേശപരമാണെന്നും വിഎസ്‌ ആരോപിക്കുന്നു. ഈ വിമര്‍ശനങ്ങളെല്ലാം പാമോയില്‍ കേസും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടതാണ്‌. റിട്ടയര്‍ ചെയ്യും മുമ്പ്‌ വിജിലന്‍സ്‌ ഡയറക്ടറെ ഒരു പാഠം പഠിപ്പിക്കുമെന്നാണത്രേ വിഎസിന്റെ അപ്രഖ്യാപിത തീരുമാനം.
പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കേസ്‌ അട്ടിമറിച്ച്‌ നെറ്റോ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചെന്നും അതിനു പ്രത്യുപകാരമായാണ്‌ അദ്ദേഹത്തെ വിജിലന്‍സ്‌ ഡയറക്ടറാക്കിയതെന്നുമാണ്‌ വിഎസ്‌ പറയുന്നത്‌. എന്നാല്‍ ഇത്‌ പാര്‍ട്ടി ഏറ്റുപിടിച്ചിട്ടില്ല. നെറ്റോ വിവാദം തന്റെ വഴിക്കു കൊണ്ടുവരാന്‍, നെറ്റോ ലോകായുക്തയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ അദ്ദേഹത്തിന്‌ സിആര്‍ (കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌) ലഭിച്ചിരുന്നില്ലെന്ന പുതിയ വിവാദം കൂടി വി എസ്‌ കുത്തിപ്പൊക്കി. സിആര്‍ ലഭിക്കാത്തയാളെ വിജിലന്‍സ്‌ ഡയറക്ടറാക്കിയെന്നാണ്‌ വിമര്‍ശനം. പാമോയില്‍ കേസില്‍ രക്ഷിച്ചതിനു പകരം ഉമ്മന്‍ ചാണ്ടി സിആര്‍ നല്‍കിയത്രേ. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുതന്നെ നെറ്റോയെ വിജിലന്‍സ്‌ ഡയറക്ടറാക്കാന്‍ ശുപാര്‍ശ പോയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു പിന്നാലെ വന്നു. മാത്രമല്ല, താന്‍തന്നെയാണ്‌ നെറ്റോയുടെ സിആര്‍ ഒപ്പിട്ടതെന്ന്‌ വിഎസിനു സമ്മതിക്കേണ്ടി വരികയും ചെയ്‌തു. മറ്റു തടസങ്ങളില്ലാത്തതിനാല്‍ തടഞ്ഞുവയ്‌ക്കാന്‍ കഴിയാതെ വിഎസ്‌ സിആര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ, വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനാണ്‌ നെറ്റോ എന്ന്‌ ഇന്നലെ വിഎസ്‌ ആരോപിച്ചു. നെറ്റോയെ വി എസ്‌ വിടില്ലെന്ന വ്യക്തമായ സൂചനകള്‍ പ്രകടമാക്കുന്ന പരാമര്‍ശങ്ങളാണ്‌ ഇതെല്ലാം. വിജിലന്‍സില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥലം മാറ്റങ്ങളെല്ലാം മന്ത്രിമാരെ കേസുകളില്‍നിന്നു രക്ഷിക്കാന്‍ നെറ്റോ നടത്തുന്നവയാണെന്ന വിമര്‍ശനം കൂടി വിഎസ്‌ ഉന്നയിച്ചിട്ടുണ്ട്‌

Monday, August 29, 2011

പൊന്‍തൂവലായി മൂലമ്പള്ളി



ബംഗാളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി മൂലമ്പള്ളി വിഷയത്തില്‍ ശക്തമായി ഇടപെട്ടിരുന്നു.  അവര്‍ മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മവരുന്നു.
മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 40 മാസമായി പഴകിയ കൂരകളില്‍ നരകിക്കുന്നതിനു പിന്നില്‍ വി.എസ്. സര്‍ക്കാരിന്റെ സമീപനം മാത്രമാണുള്ളത്.  മൂലമ്പള്ളിയെ കേരളത്തിന്റെ സീംഗൂര്‍ എന്നുപോലും മഹാശ്വേതാ ദേവി വിശേഷിപ്പിച്ചു.  അവര്‍ അച്യുതാനന്ദന് മൂന്നുകത്തുകളയച്ചിട്ടും ഒരെണ്ണത്തിനുമാത്രമാണ് മറുപടി ലഭിച്ചത്.  മൂന്നു വര്‍ഷത്തിലേറെയായി കേരളത്തിന്റെ മനഃസാക്ഷിയ്ക്കുമുന്നില്‍ മൂലമ്പള്ളി ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേയ്ക്കുള്ള റോഡ്, റെയില്‍പ്പാതകള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരായിരുന്നു മൂലമ്പള്ളിക്കാര്‍.  റെയില്‍പ്പാതയ്ക്ക് വേണ്ടിമാത്രം ഏഴു വില്ലേജുകളില്‍ 143 വീടുകളും റോഡിനു വേണ്ടി 183 വീടുകളും പൊളിച്ചുമാറ്റി.  22 വീടുകള്‍ പൊളിച്ചുമാറ്റിയതിനെ മൂലമ്പള്ളി ഗ്രമവാസികള്‍ ശക്തമായി എതിര്‍ത്തു. കേരളത്തില്‍ സമീപകാലത്ത് ഇത്രമാത്രം ജനശ്രദ്ധ നേടിയ മറ്റൊരു ജനകീയ സമരമുണ്ടായിട്ടില്ല. വീടുകള്‍ ഇടിച്ചുനിരത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച ശക്തമായ സമരം 45 ദിവസം പിന്നിട്ടപ്പോള്‍ മൂലമ്പള്ളി പാക്കേജുപ്രഖ്യാപിക്കുവാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമായി. 2008 മാര്‍ച്ച് 19 ന് വിജ്ഞാപനമായെങ്കിലും പത്തുമാസത്തിനു ശേഷമാണ് പുനരധിവാസത്തിനുസ്ഥലം കണ്ടെത്തിയത്. 

ഏഴു വില്ലേജുകളിലായി പത്തിടത്തു കണ്ടെത്തിയ സ്ഥലം താമസയോഗ്യമായിരുന്നില്ല. ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായില്ല.  ജനരോക്ഷം കത്തിപ്പടര്‍ന്നിട്ടും ഇടതുസര്‍ക്കാര്‍ മൂലമ്പള്ളി സമരത്തെ പുച്ഛിച്ചു തള്ളുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി.  കക്ഷിരാഷ്ട്രീയമില്ലാതെ ജാതിമത പരിഗണനകള്‍ക്കതീതമായി മൂലമ്പള്ളിയിലെ ജനങ്ങള്‍ക്കു നീതി നേടിക്കൊടുക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.  വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് വേണ്ടി മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെയെല്ലാം പുനരധിവസിപ്പിച്ചു.  പന്ത്രണ്ടു കുടുംബങ്ങള്‍ക്കു നിഷേധിയ്ക്കപ്പെട്ട പട്ടയം ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനു കണ്ടെത്തിയ പത്തു കേന്ദ്രങ്ങളിലേയ്ക്കും അടിസ്ഥാന സൗരക്യങ്ങളെത്തിയ്ക്കുകയാണ്.  വീടു വയ്ക്കുന്നതിനു മുമ്പ് നടത്തേണ്ട പൈലിംഗ് ഒരു കുടുംബത്തിന് 75000 രൂപ വീതം നല്‍കാനും തയ്യാറായി.  കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുന്നതുവരെ താമസിയ്ക്കുന്നതിന് വാടക നല്‍കുവാന്‍ വേണ്ടി 5000 രൂപ വീതം അനുവദിച്ചു.

27 മാസത്തെ കുടിശിഖയടക്കമാണ് വാടക നല്‍കുന്നത് എന്ന് എടുത്തുപറയേണ്ടകാര്യമാണ്. നഷ്ടപരിഹാരത്തുകയ്ക്ക് വരുമാനനികുതി ഇളവും നല്‍കുന്നുണ്ട്.  ബാങ്ക് വായ്പയ്ക്ക് പട്ടയത്തില്‍ ഇളവു നല്‍കും. ഏറ്റവും വലിയ പ്രത്യേകത കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിന് വീതം വിദ്യാഭ്യാസയോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കുമെന്നുള്ളതാണ്.  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ  നേട്ടങ്ങളുടെ തൊപ്പിയില്‍ ചേര്‍ത്തുവയ്ക്കാവുന്ന പൊന്‍തൂവലായി മൂലമ്പള്ളി പ്രശ്‌നപരിഹാരത്തിനെ കണക്കാക്കാവുന്നതാണ്. മറ്റുള്ള ഭാഷകളൊക്കെയും ധാത്രിമാര്‍ മര്‍ത്യനുപെറ്റമ്മതന്‍ ഭാഷതാന്‍ എന്ന കവിതാശകലം ഏറ്റുപാടുമ്പോഴും മലയാളഭാഷ കാലാകാലങ്ങളായി അവഗണിയ്ക്കപ്പെടുകയായിരുന്നു. മലയാളഭാഷയുടെ അഭിമാനമുയര്‍ത്തുവാന്‍ കഴിഞ്ഞ ഭരണകാലത്ത് വാതോരാതെ പ്രസംഗങ്ങള്‍ നടന്നുവെങ്കിലും പ്രായോഗികമായി ഒരു നടപടിയും ഉണ്ടായില്ല. തമിഴ്‌നാട്ടില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി ലോകതമിഴ് സമ്മേളനമൊക്കെ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഭാഷാ പ്രേമിയായ അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ ചെന്ന് മലയാളത്തെക്കുറിച്ചും ക്ലാസിക്കല്‍ പദവിയെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച് വാര്‍ത്തയിലിടം നേടുകയും ചെയ്തു.  വിദ്യാലയങ്ങളില്‍ മലയാളഭാഷയെ ഒന്നാം ഭാഷയാക്കാനൊന്നുമുള്ള തന്റേടമൊന്നും ഇടതുപക്ഷത്തിനുണ്ടായതുമില്ല. മിക്ക ഇടതുനേതാക്കളുടെ മക്കളും ഇംഗ്ലീഷ് മൊഴിയുന്ന സ്‌കൂളുകളില്‍ പഠിക്കുന്നതുകൊണ്ട് അത്രപെട്ടെന്നൊന്നും മലയാളഭാഷയെ ഒന്നാമതാക്കാനുള്ള ആഗ്രഹമൊന്നും അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. 

മലയാളത്തെ മാതൃതുല്യം സ്‌നേഹിക്കുന്ന മലയാളികളുടെ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമായത് യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരമേറ്റെടുത്തതോടെയാണ്.  ഇടതുസര്‍ക്കാര്‍ മലയാളഭാഷയെ ഒന്നാം ഭാഷയാക്കാന്‍ തീരുമാനിച്ചെങ്കിലും ചില സാങ്കേതികവശങ്ങളുടെ മറ പിടിച്ച് നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.  എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ മലയാളഭാഷയെ വിദ്യാലയങ്ങളിലെ ഒന്നാം ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ഇനി മുതല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിന്റെ മധുരം നിറഞ്ഞ 'ജ്ഞാനപ്പഴം' രുചിച്ചുതുടങ്ങും.  മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മാതൃഭാഷ സര്‍വ്വകലാശാലകള്‍ തലയുയര്‍ത്തി നിര്‍ക്കുന്നുണ്ടെങ്കിലും കേരളത്തിനുമാത്രം നാളിതുവരെ ഒരു മലയാളം സര്‍വ്വകലാശാല ഉണ്ടായിരുന്നില്ല.  തമിഴിനുവേണ്ടി ഹൈദരാബാലിലും കന്നടയ്ക്കുവേണ്ടി ഹംപിയിലും ഭാഷാ സര്‍വ്വകലാശാലകള്‍ ദശകങ്ങള്‍ക്കുമുമ്പുതന്നെ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ കാലടിയില്‍ സംസ്‌കൃത സര്‍വ്വകലാശാല സ്ഥാപിച്ച് കേരളം മേനി നടിയ്ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തിയപ്പോള്‍ മലയാളം സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.  ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ തന്നെ മലയാള സര്‍വ്വകലാശാല സ്ഥാപിക്കാമെന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനം നടപ്പാകുവാന്‍ പോവുകയാണ്.  എഴുത്തച്ഛന്റെ എഴുത്താണിയും കയ്ക്കാത്ത കാഞ്ഞിരമരവും പുണ്യം പകരുന്ന അക്ഷരത്തറവാടായ തിരൂരിന്റെ മണ്ണിലേക്ക് മലയാളം സര്‍വ്വകലാശാല കടന്നുവരുമ്പോള്‍ ഭാഷാപിതാവിന്റെ ആത്മാവ് അകലങ്ങളിലിരുന്ന് ഈ സര്‍ക്കാരിന് മേല്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിയ്ക്കുകയാകാം.

വാക്കുകളില്‍ മാത്രം മലയാളഭാഷ സ്‌നേഹം പ്രദര്‍ശിപ്പിക്കുകയും പ്രവര്‍ത്തിപഥത്തില്‍ മലയാളത്തിനുവേണ്ടി ഒന്നും ചെയ്യാതിരിയ്ക്കുകയും ചെയ്ത ഇടതുസര്‍ക്കാരിനുള്ള മറുപടികൂടിയാണ് മലയാളഭാഷ ഒന്നാം ഭാഷയാക്കാനെടുത്ത തീരുമാനവും നിര്‍ദ്ദിഷ്ട മലയാളം സര്‍വ്വകലാശാലയും.  വരും തലമുറകളെയാകെ മാതൃഭാഷസ്‌നേഹികളായി നിലനിലര്‍ത്തുവാനും മലയാളത്തിന് വസന്തസൗന്ദര്യം നല്‍കുവാനും മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാനുമുള്ള ഗവേഷണപഠനങ്ങള്‍ നടത്തുവാനുമുള്ള വിജ്ഞാനകേന്ദ്രമാണ് തുഞ്ചന്റെ സ്മൃതിഭൂമിയില്‍ ഉയര്‍ന്നുവരാന്‍ പോകുന്നത്. അമ്മിഞ്ഞപ്പാലിനൊപ്പം മലയാളത്തെ ചുണ്ടുകള്‍ കൊണ്ടുനുണഞ്ഞ കേരളീയതയെ നെഞ്ചിലേറ്റുന്നവരെല്ലാം അഭിമാനത്തോടെയും ആനന്ദത്തോടെയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളെ നെഞ്ചിലേറ്റിയത്

പട്ടിണിപ്പിശാചിനെതിരെ കേരളം യുദ്ധസജ്ജമായി



അത്തം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവേ തന്നെ, പട്ടിണിപ്പിശാചിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിക്കാന്‍ കേന്ദ്ര ഭക്ഷ്യ അവകാശ നിയമത്തിന്റെ ചുവടുപിടിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കി.
ദരിദ്ര വിഭാഗത്തില്‍പ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ അരി നല്‍കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ ആന്റണി ഇന്ന് നിര്‍വ്വഹിക്കും. ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്ന മനുഷ്യന്റെ ജന്മസിദ്ധ അവകാശങ്ങളില്‍ ഏറ്റവും പ്രധാനം ആഹാരത്തിനാണെന്നത് നിസ്തര്‍ക്കം. വിശക്കുന്ന മനുഷ്യനുമുന്നില്‍ അപ്പത്തിന്റെ രൂപത്തിലല്ലാതെ ഈശ്വരന്‍ അവതരിച്ചിട്ട് കാര്യമില്ലെന്ന് മഹാത്മാഗാന്ധി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മതാചാര്യന്മാരെയാണെങ്കിലും ജനാഭിമുഖ്യമുള്ള ഏതൊരു ഭരണകൂടവും ഒന്നാമതായി ശ്രദ്ധിക്കേണ്ട ഉദ്‌ബോധനമാണിത്.കേരളത്തിന്റെ മൊത്ത ജീവിതനിലവാരത്തില്‍ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ കൊണ്ടുണ്ടായ പുരോഗതിയെ പുകഴ്ത്തവേ സംസ്ഥാനത്ത് ദാരിദ്ര്യം ഏറെ കുറഞ്ഞുവെന്ന കണക്കുകള്‍ എത്രയെങ്കിലുമുണ്ട്. പക്ഷേ ഒരു നേരമെങ്കിലും വിശപ്പടക്കാനാകാതെ കഴിയുന്ന ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുണ്ടെന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കാനാകില്ല.
 
തെരുവോരങ്ങളില്‍ ഭിക്ഷതേടുന്നവരുടേതിനേക്കാള്‍ ദയനീയമാണ് ആത്മാഭിമാനം പണയപ്പെടുത്താന്‍ തയ്യാറാകാതെ വിശപ്പിനു കീഴടങ്ങുന്ന സാധാരണ കുടുംബങ്ങളുടെ സ്ഥിതി ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ നിന്നും താഴെയെന്നും വിഭജിക്കപ്പെട്ട ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. നാമമാത്രമായ വിലയ്ക്ക് ഇവര്‍ക്ക് അന്നം ലഭ്യമാക്കാനുള്ള മനുഷ്യസ്‌നേഹപരവും വിപ്ലവകരവുമാണെന്ന് ഏവരും സമ്മതിക്കും.നൂറുദിന കര്‍മ്മപരിപാടി വിജയകരമായി യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നതിന്റെയും ഈദുല്‍ ഫിത്തറിന്റെയും ആഘോഷങ്ങളിലേയ്ക്ക് കേരളം പ്രവേശിക്കവേ, ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പോകുന്ന ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത് അവസരോചിതമായി.സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുതെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ പദ്ധതിയിലൂടെ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ 14,60735ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പടെ 20,56,535 കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കും ഒരു രൂപ നിരക്കില്‍ അരി നല്‍കും. 25 കിലോ അരി ബി.പി.എല്‍ വിഭാഗത്തിനും 35 കിലോ അരി എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിനും നല്‍കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്. അനാഥാലയങ്ങളിലെ ഒരു അന്തേവാസിക്ക് 5 കിലോ പ്രകാരവും ലഭ്യമാക്കും. ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരുമെന്നാണ് കണക്ക്.
 
ഒരു രൂപ അരിവിതരണത്തോടുനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്നത്തെ ചടങ്ങില്‍ സംസ്ഥാനത്തിനുള്ള ഓണസമ്മാനം എന്ന നിലയില്‍ സംസ്ഥാനത്തെ 21 ലക്ഷത്തോളം വരുന്ന ബി.പി.എല്‍, എ.എ.വൈ കുടുംബങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകുമെന്നാണ് ഭക്ഷ്യമന്ത്രി ടി.എം ജേക്കബ് കണക്കാക്കിയിരിക്കുന്നത്.  അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ഒപ്പം നടക്കുന്ന മറ്റൊരു സുപ്രധാന ചടങ്ങ്. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസാണ് ഉദ്ഘാടകന്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും നിര്‍വ്വഹിക്കും. കേരള സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതികളെ ഉറ്റു നോക്കുന്നത്.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമായ കേരളം അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയെയുമാണ് ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ഏതൊരു പ്രതിസന്ധിയും കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ ബാധിക്കും. അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നു. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണ്

ഭക്ഷ്യസമൃദ്ധിയിലൂടെ ദാരിദ്ര്യവിമുക്ത കേരളം




ഒരു രൂപയ്ക്ക് അരി പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി തിരുവനന്തപുരത്ത് ഇന്ന് നിര്‍വ്വഹിക്കും.പദ്ധതിയെപ്പറ്റി സിവില്‍ സപ്ലൈസ് മന്ത്രി ടി.എം ജേക്കബ്
ദാരിദ്ര്യവിമുക്ത കേരളം എന്ന സങ്കല്‍പ്പം യഥാര്‍ത്ഥ്യമാക്കുന്നതിനായി സംസ്ഥാനത്തെ
 
പാവപ്പെട്ടവര്‍ക്കെല്ലാം കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ ഇരുപത്തിയഞ്ച് കിലോ അരിവീതം നല്‍കുന്ന പദ്ധതി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുത് എന്നുള്ളത് യു.ഡി.എഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ്. നാമമാത്ര വിലയായ ഒരു രൂപയ്ക്ക് ഒരു കിലോ അരി കിട്ടിയാല്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ല. അങ്ങനെയൊരു ലക്ഷ്യത്തോടെ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ 25 കിലോ അരി വീതം സെപ്റ്റംബര്‍ ഒന്നു മുതല്‍ നല്‍കുകയാണ്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ബി.പി.എല്‍ വിഭാഗത്തില്‍ 14,60735ഉം എ.എ.വൈ വിഭാഗത്തില്‍ 5,95,800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പടെ 20,56,535 കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത്. 25 കിലോ അരി ബി.പി.എല്‍ വിഭാഗത്തിനും 35 കിലോ അരി എ.എ.വൈ വിഭാഗത്തിലെ കാര്‍ഡിനും ഒരു അന്തേവാസിക്ക് 5 കിലോ അരി എന്ന കണക്കില്‍ അനാഥാലയങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം അരി നല്‍കും.
ഇതിനായി 36,518 ടണ്‍ അരി ബി.പി.എല്‍ വിഭാഗത്തിനും 20,853 ടണ്‍ അരി എ.എ.വൈ വിഭാഗത്തിനും വേണ്ടിവരും.
 
തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ന് രാവിലെ 10 മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുക.
ഭക്ഷ്യോത്പാദനത്തില്‍ കമ്മി സംസ്ഥാനമാണ് കേരളം. അവശ്യസാധനങ്ങളുടെ ലഭ്യതയ്ക്കായി അന്യ സംസ്ഥാനങ്ങളെയും പൊതുവിതരണ ശൃംഖലയേയുമാണ് കേരളം ആശ്രയിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ ഉടലെടുക്കുന്ന ഏതൊരു പ്രതിസന്ധിയും കേരളത്തിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെ പ്രതികൂലമായി ബാധിക്കുകയും അത് ഭക്ഷ്യ ദൗര്‍ലഭ്യത്തിനും അനുബന്ധമായി വിലക്കയറ്റത്തിനും കാരണമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
 
അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1955ലെ അവശ്യ സാധന നിയമത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനം 1966ല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ ശൃംഖലയുടെ പ്രസക്തി ഏറുന്നത്. ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സംസ്ഥാനത്ത് അവശ്യസാധനലഭ്യത ഉറപ്പാക്കാനും പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കാനുമാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.അവശ്യ സാധനങ്ങളുടെ ലഭ്യതയും വിതരണവും ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 1955ലെ അവശ്യസാധന നിയമത്തിന്റെ ചുവട് പിടിച്ച് സംസ്ഥാനം 1966ല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം നടപ്പാക്കി വരുന്നത്. ഇതിനായി സംസ്ഥാനത്ത് നിലവില്‍ 335 റേഷന്‍ മൊത്ത വ്യാപാര ഡിപ്പോകള്‍, 292 മണ്ണെണ്ണ മൊത്ത വ്യാപാര ഡിപ്പോകള്‍, 14242 റേഷന്‍ കടകള്‍ എന്നിവ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിച്ചുവരുന്ന റേഷന്‍ കടകള്‍ സാമാന്യ ജനങ്ങളുടെ നിത്യ ജീവിതത്തിലെ അവിഭാജ്യഘടകമായി  മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം കടകളില്‍ നിന്ന് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
 
1966മുതല്‍ സംസ്ഥാനത്ത് നിലനിന്നിരുന്ന പൊതുവിതരണ സമ്പ്രദായം രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി പുനഃസംഘടിപ്പിക്കുകയും 1997 ജൂണ്‍ ഒന്നു മുതല്‍ ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായത്തിലേയ്ക്ക്  (റ്റി.പി.ഡി.എസ്) പരിവര്‍ത്തനം ചെയ്യുകയുമുണ്ടായി. റ്റി.പി.ഡി.എസ് അനുസരിച്ച് ഗുണഭോക്താക്കളെ എ.പി.എല്‍, ബി.പി.എല്‍ എന്ന് തരം തിരിക്കുകയും ഓരോ വിഭാഗത്തിനും പ്രത്യേകം റേഷന്‍ തോത് നിശ്ചയിക്കുകയും ചെയ്തു.തുടര്‍ന്ന് 2001ല്‍ കേന്ദ്ര സര്‍ക്കാര്‍ പി.ഡി.എസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ തന്നെ ഏറ്റവും പാവപ്പെട്ടവരെ ഉള്‍പ്പെടുത്തി അന്ത്യോദയ അന്നയോജന പദ്ധതി നടപ്പിലാക്കുകയും ചെയ്തു. കൂടാതെ അശരണരായ വൃദ്ധജനങ്ങള്‍ക്കായി അന്നപൂര്‍ണ്ണ പദ്ധതിയും നടപ്പിലാക്കി. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുവാനുള്ള ചുമതല തദ്ദേശ ഭരണകൂടത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
സംസ്ഥാനത്ത് നിലവില്‍ 74 ലക്ഷം റേഷന്‍ കാര്‍ഡുടമകളാണുള്ളത്. റ്റി.പി.ഡി.എസ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് അര്‍ഹതപ്പെട്ട വിവിധ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാനുള്ള ചുമതല സര്‍ക്കാരില്‍ നിക്ഷിപ്തമാണ്.
 
ഈ ചുമതല ഈ സര്‍ക്കാര്‍ മികച്ച രീതിയില്‍ നിര്‍വ്വഹിച്ചുവരുന്നു. ഗുണനിലവാരമുള്ള റേഷന്‍സാധനങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിഹിതം അംഗീകൃത വിലയ്ക്ക് ശരിയായ അളവിലും തൂക്കത്തിലും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സദാജാഗരൂകമാണ്. ഇക്കാര്യത്തില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ അന്വേഷിച്ച് പരിഹരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു രൂപ അരിവിതരണത്തോടുനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇന്നത്തെ ചടങ്ങിന് ഒരു പ്രത്യേകത കൂടിയുണ്ട്. സംസ്ഥാനത്തെ 21 ലക്ഷത്തോളം വരുന്ന ബി.പി.എല്‍ എ.എ.വൈ കുടുംബങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നു എന്നതാണ് ആ പ്രത്യേക. ഇതിന്റെ ഉദ്ഘാടനം പ്രസ്തുത ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള നിത്യോപയോഗസാധനങ്ങളാകും കിറ്റിലുണ്ടാവുക. 19 കോടി രൂപ ഇതിന് ചെലവാകും. അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി. തോമസും സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ് ശിവകുമാറും ഈ ചടങ്ങില്‍ നിര്‍വ്വഹിക്കുന്നുണ്ട്.
 
റേഷന്‍ കാര്‍ഡിന്റെ കാര്യം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകം റേഷന്‍ കാര്‍ഡ് നല്‍കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. കുടുംബനാഥന്റെ ഫോട്ടോ പതിച്ച് ബാര്‍കോഡോടുകൂടി ലാമിനേറ്റ് ചെയ്ത് വിതരണം ചെയ്യുന്ന റേഷന്‍കാര്‍ഡുകള്‍ ഓരോ കുടുംബത്തിന്റെയും അധികാരിക രേഖയായാണ് കണക്കാക്കപ്പെടുന്നത്. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം റേഷന്‍ കാര്‍ഡുകളുടെയും വിവരം സെന്‍ട്രല്‍ സെര്‍വറില്‍ ലഭ്യമാണ്. കഴിഞ്ഞ അമ്പതു ദിവസം കൊണ്ട് പുതുതായി അഞ്ചുലക്ഷം റേഷന്‍ കാര്‍ഡുകള്‍ നല്‍കി സിവില്‍ സപ്ലൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ച കാര്യം കൂടി സാന്ദര്‍ഭികമായി അനുസ്മരിക്കട്ടെ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റേഷന്‍കാര്‍ഡിനുള്ള 3,13,052 അപേക്ഷകളാണ് കെട്ടിക്കിടന്നിരുന്നത്. പുതുതായി 1,87,925 അപേക്ഷകള്‍ കൂടി ലഭിച്ചു. അങ്ങനെ ആകെയുണ്ടായിരുന്ന 5,00,977 അപേക്ഷകളില്‍ 4,97,373 എണ്ണം തീര്‍പ്പാക്കി റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു

പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്വലവിജയം


തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അനുകൂല സംഘടന ഉജ്വല വിജയം നേടി. ആകെയുള്ള 27 പൊലീസ് ജില്ലകളില്‍ എറണാകുളം റൂറല്‍ ഒഴികെയുള്ളവയില്‍ യു.ഡി.എഫ് അനുകൂല സംഘടനയാണ് വിജയിച്ചത്.
സംസ്ഥാന പ്രസിഡന്റായി കോട്ടയം സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫീസര്‍ പി.ഡി ഉണ്ണിയെയും ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജി.ആര്‍ അജിത്തും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്: വി.കെ നാരായണന്‍ (കോഴിക്കോട് റൂറല്‍),  ജോയിന്റ് സെക്രട്ടറി: എം.എ രാമകൃഷ്ണന്‍ (തൃശൂര്‍ റൂറല്‍), ട്രഷറര്‍: ടി. അബ്ദുല്ലക്കോയ (കോഴിക്കോട് സിറ്റി) എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍. സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായി എസ് റോയി (തിരുവനന്തപുരം റൂറല്‍), കെ.ജി ഉദയകുമാര്‍ (കൊല്ലം), ആര്‍ ദീപ്തികുമാര്‍ (പത്തനംതിട്ട), ബി. റഫീഖ് (ആലപ്പുഴ), സുനില്‍ ജോര്‍ജ് (ഇടുക്കി), ജോജന്‍ ജോര്‍ജ് (എറണാകുളം സിറ്റി), കെ. അജയകുമാര്‍ (എറണാകുളം റൂറല്‍), കെ.ആര്‍ വത്സരാജ് (തൃശൂര്‍), വി. അരവിന്ദാക്ഷന്‍ (പാലക്കാട്), ശ്രീപതി (മലപ്പുറം), വിനോദ് ജോസഫ് (വയനാട്), ഇ. ദാമോദരന്‍ (കണ്ണൂര്‍), കെ. സന്തോഷ് (കാസര്‍കോട്), കെ.ആര്‍ രാജേഷ്‌കുമാര്‍ (കെ.എ.പി-ഒന്ന്), സുരേഷ് (കെ.എ.പി -രണ്ട്), ശ്രീജിത്ത് (കെ.എ.പി -മൂന്ന്), വി.കെ മനോഹരന്‍ (കെ.എ.പി -നാല്), വി. അനില്‍കുമാര്‍ (കെ.എ.പി -അഞ്ച്), മാര്‍ട്ടിന്‍ ഡിക്രൂസ് (എം.എസ്.പി), എസ്. അനീഷ് (എസ്.എ.പി), മുഹമ്മദ്ഷാഫി (ടെലി കമ്യൂണിക്കേഷന്‍), കെ. അജിത്ത് (കേരളാ പൊലീസ് അക്കാദമി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായി ഐ.വി വിനോദ് (എസ്.എ.പി), വിനയകുമാര്‍ (ടെലികമ്മ്യൂണിക്കേഷന്‍), ഷാജി മത്തായി (കൊല്ലം), പി.വി രമേശന്‍ (ആലപ്പുഴ), മാത്യു (കണ്ണൂര്‍), ബാബു തോമസ് (വയനാട്) എന്നിവരെ തെരഞ്ഞെടുത്തു. സണ്ണിക്കുട്ടി (പത്തനംതിട്ട), എം.എ ഉറൂബ് (തിരുവനന്തപുരം സിറ്റി), കെ. അക്ബര്‍ അലി (പാലക്കാട്) എന്നിവരാണ് ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍.
 
അസോസിയേഷന്റെ ബ്രാഞ്ച് തല തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ത്തന്നെ സംഘടന യു.ഡി.എഫിന്റെ നിയന്ത്രണത്തിലാവുമെന്നതിനു വ്യക്തമായ സൂചന ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതോടെയാണ് ഇതിനുള്ള സാഹചര്യമൊരുങ്ങിയത്. എന്നാല്‍, കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പൊലീസ് അസോസിയേഷന്‍ എല്‍.ഡി.എഫ് പക്ഷത്തായിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംഘടനയില്‍ ഇപ്പോള്‍ യു.ഡി.എഫ് മേല്‍ക്കൈ നേടുന്നത്.

ഉമ്മന്‍ ചാണ്ടി കരുത്തുറ്റ ജനകീയ മുഖ്യമന്ത്രി


കൊച്ചി: കേരളം കണ്ട ഏറ്റവും കരുത്തുറ്റ ജനകീയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍.  
ചെങ്ങറ സമരം വിജയിച്ചതിലുള്ള ആഹ്‌ളാദം അറിയിക്കാനെത്തിയ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകരോടും
ചെങ്ങറ സമരനേതാവ് ളാഹ ഗോപാലനോടും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനോടും മറ്റുമാണ് സര്‍ക്കാരിനെ പ്രശംസിക്കവേയുള്ള കൃഷ്ണയ്യരുടെ പരാമര്‍ശം. ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ തീരാപ്രശ്‌നങ്ങളായി മാറിയിരുന്നു മൂലമ്പിള്ളി, ചെങ്ങറ വിഷയങ്ങള്‍. ഇവ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി കാണിച്ച ഇച്ഛാശക്തിയെ കേരള ജനത നന്ദിയോടെ സ്മരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാര്‍, നാഷണല്‍ ഹൈവേ വികസന കാര്യങ്ങളിലും ഉടന്‍ പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ളാഹ ഗോപാലനും ഉമ്മന്‍ ചാണ്ടിയോടുള്ള നന്ദി അറിയിച്ചു. റവന്യൂമന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെയും കൃഷ്ണയ്യര്‍ അഭിനന്ദിച്ചു.

എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച എറണാകുളം ഡി.സി.സിയുടെ കൊടിമരം പൊലീസ് വീണ്ടെടുത്തു


കൊച്ചി: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ കൊടിമരം എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ഡി.സി.സിയുടെ കൊടിമരം മോഷ്ടിച്ച് പെയിന്റടിച്ച് മഹാരാജാസ് കോളജില്‍ സ്ഥാപിക്കാന്‍ എസ്.എഫ്.ഐക്കാര്‍ ശ്രമിച്ചത്.
വിവരമറിഞ്ഞെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ എസ്.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവം സംഘര്‍ഷത്തിനിടയാക്കിയതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബ്, എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. കല്ലും കമ്പിവടികളുമായി പൊലീസിനെ അക്രമിക്കാനിറങ്ങിയ എസ്.എഫ്.ഐ സംഘത്തെ പൊലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് ഡി.സി.സിയുടെ കൊടിമരം വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ മഹാരാജാസ് ഹോസ്റ്റലിന് മുന്നില്‍ കുത്തിയിരുന്നു. ഹോസ്റ്റല്‍ റെയ്ഡ് ചെയ്യണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഹോസ്റ്റലിനുള്ളില്‍ കടന്ന് എസ്.എഫ്.ഐക്കാര്‍ മോഷ്ടിച്ച കൊടിമരം വീണ്ടെടുത്ത് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജിന്റോ ജോണ്‍, തമ്പി സുബ്രഹ്മണ്യം, ടിറ്റോ ആന്റണി, സാജോ സക്കറിയ, അബ്ദുള്‍ സബീര്‍, ട്രിബിന്‍ ദേവസി, മുഹമ്മദ് നൗഫാസ്, വിഷ്ണു പ്രദീപ്, അജ്മല്‍, സാലി കങ്ങരപ്പടി, ഷാജഹാന്‍, അഭിലാഷ് തോപ്പില്‍, പി.ബി ലതീഷ്, മിഥിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോസ്റ്റലിന് മുന്നില്‍ സമരം നടത്തിയത്. പണി നടക്കുന്ന ഡി.സി.സി ഓഫീസില്‍ നിന്ന് ഐ.എന്‍.ടി.യു.സിയുടെ കൊടിമരം മോഷ്ടിച്ചതിന് എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസ് നിലനില്‍ക്കെയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കൊടിമരവും മോഷ്ടിച്ചത്. മഹാരാജാസ് ഹോസ്റ്റല്‍ കുറ്റവാളികളുടെയും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാകുന്നതിന്റെ തെളിവാണ് കൊടിമര മോഷണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

ഹസാരെ സംഘം ഭിന്നിപ്പിലേക്ക്


ന്യൂഡല്‍ഹി: അണ്ണാ ഹസാരെ സംഘത്തില്‍ വിള്ളല്‍. അരവിന്ദ് കജ്‌രേവാളിനും കിരണ്‍ ബേദിക്കും സമരം നിര്‍ത്തുന്നതിനോട് ഒരു താത്പ്പര്യവുമില്ലെന്ന പ്രസ്താവനയുമായി സ്വാമി അഗ്‌നിവേശാണ് പരസ്യമായി രംഗത്തെത്തിയത്.
അതേസമയം ചര്‍ച്ച നടത്താന്‍ നിയോഗിക്കാത്തതിലുള്ള നിരാശയാണ് അഗ്നിവേശിന്റെ ആരോപണത്തിനു കാരണമെന്ന് കിരണ്‍ബേദി തിരിച്ചടിച്ചു. ജനലോക്പാല്‍ പ്രമേയം പാര്‍ലമെന്റ് പാസ്സാക്കിയാല്‍ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂവെന്നാണ് ഇപ്പോള്‍ കജ്‌രേവാളും കിരണ്‍ബേദിയും പറയുന്നത്. എന്നാല്‍ ഹസാരെ സംഘത്തിലെ മറ്റൊരു പ്രമുഖനായ സന്തോഷ് ഹെഗ്‌ഡെ എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്ന പക്ഷക്കാരനാണ്. പാര്‍ലമെന്റും പ്രധാനമന്ത്രിയും അഭ്യര്‍ത്ഥന നടത്തിയിട്ടും മാനിക്കാത്ത അന്നാ ഹസാരെയുടെ നടപടിക്കെതിരേയും പലഭാഗങ്ങളിലും വിമര്‍ശനം ശക്തമായി. ഇതിനിടെ അണ്ണാ ഹസാരെയുടെ ജനലോക്പാല്‍ ബില്ലിന് ന്യൂനതകളുണ്ടെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടു. ബില്‍ അതേപടി പാര്‍ലമെന്റില്‍ പാസാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്റെ പോരായ്മകളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. ബില്‍ അതേരൂപത്തില്‍ പാര്‍ലമെന്റില്‍ പാസാക്കുക ബുദ്ധിമുട്ടാണ്. ഇക്കാര്യം  പ്രണബ് മുഖര്‍ജിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്-അദ്വാനി പറഞ്ഞു

Friday, August 26, 2011

കെ.എസ്.യു അവകാശപത്രിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് നല്‍കി



തേഞ്ഞിപ്പലം: പത്ത് ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ക്ക് അവകാശപത്രിക നല്‍കി. 2009 ബാച്ച് ബി ടെക് വിദ്യാര്‍ത്ഥികളെ ഇയര്‍ ഔട്ടില്‍ നിന്ന് ഒഴിവാക്കുക, സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, 
പുനര്‍മൂല്യനിര്‍ണയം വേഗത്തിലാക്കുക, ഇടതുപക്ഷ സിന്‍ഡിക്കേറ്റ് നിര്‍ത്തലാക്കിയ ബി.എസ്.സി പ്രിന്റിങ്ങ് ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തന്നെ പുനരാരംഭിക്കുക, യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഉപയോഗ ശൂന്യമായ ഇന്‍ഡോര്‍ സ്റ്റേഡിയം, ജിംനേഷ്യം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ ഉപയോഗയോഗ്യമാക്കുക, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ കോഴ്‌സുകള്‍ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴിലാക്കുന്ന നടപടി വേഗത്തിലാക്കുക. ദേശീയപാതയില്‍ ബസ് വെയിറ്റിങ്ങ്‌ഷെഡ് നിര്‍മ്മിക്കുക, വിവിധ ആവശ്യങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ കൊടുക്കുന്ന അപേക്ഷകള്‍ക്ക് അക്‌നോളഡ്ജ്‌മെന്റ് നല്‍കുക, വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുന്ന അപേക്ഷകര്‍ക്ക് രശീത് നല്‍കുകയും യഥാസമയം വ്യക്തമായ മറുപടി നല്‍കുന്നതിനുളള നടപടി എടുക്കുകയും ചെയ്യുക, അധ്യാപന മേഖലയില്‍ നിന്നും എം.സി.എ ബിരുദധാരികളെ ഒഴിവാക്കാനുളള നടപടി പിന്‍വലിക്കുക, എന്നീ ആവശ്യങ്ങളടങ്ങുന്ന പത്രികയാണ് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് അവകശ പത്രിക സമര്‍പ്പിച്ചത്. പരിപാടി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.  ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ എസ് യു മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായിരുന്നു. ഇഫ്തികാറുദ്ദീന്‍ രണ്ടത്താണി, ജിഷാം പുലാമന്തോള്‍, അനീഷ് കരുളായി, രാജേഷ് ചാക്യാടന്‍, പി നിധീഷ്, ഫാറൂഖ് കാടപ്പടി, ടി പീയൂഷ്, ടി പി അക്ത്താഫ്, സഫീര്‍ജാന്‍ പാണ്ടിക്കാട്, സല്‍മാന്‍ കോട്ടക്കല്‍, എ സുഭീഷ് സംസാരിച്ചു.

സെല്‍ഭരണത്തിന് പകരം സദ്ഭരണം


മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെല്‍ഭരണത്തിന് പകരം  സദ്ഭരണം കാഴ്ചവയ്ക്കുവാന്‍ലക്ഷ്യമിട്ടിറങ്ങിയ യു.ഡി.എഫ് സര്‍ക്കാരിന്റെ ഓരോ ചുവടും ജനക്ഷേമകരമാണ്.നൂറുദിനം പിന്നിട്ട സര്‍ക്കാരിന്റെ ഭരണത്തിലേക്കൊരു തിരിഞ്ഞുനോട്ടം

മലയാളിയുടെ മനസ്സില്‍ പുതിയ ഒരോണനിലാവാണ് ഐക്യജനാധിപത്യമുന്നണി ഭരണത്തിന്റെ നൂറു ദിനങ്ങളിലൂടെ പിറന്നത്. ഒരു ഗവണ്‍മെന്റിനെ വിലയിരുത്തുവാന്‍ നൂറു ദിനങ്ങളുടെ പ്രവര്‍ത്തനപഠനം കൊണ്ട് സാദ്ധ്യമല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും നൂറു ദിനങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന കേരളത്തിലെ ഇടതുപക്ഷഭരണത്തില്‍ നിന്നും പുതിയ ഗവണ്‍മെന്റ് എത്രമാത്രം വ്യതിരിക്തമായി നീങ്ങുന്നുവെന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരമൊരു വിശകലനത്തിന് ഐക്യജനാധിപത്യമുന്നണി ഭരണം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന ഇടതുപക്ഷഭരണത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ കൂടി അനിവാര്യമാണല്ലോ?ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനുമുമ്പുണ്ടായിരുന്ന അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കേരളത്തെ എവിടെവരെ കൊണ്ടെത്തിച്ചിരുന്നുവെന്ന പരിശോധനയാണ് ആദ്യം നടത്തേണ്ടത്. അഴിമതിക്കെതിരെ കുരിശുയുദ്ധം എന്ന് വൃഥാ പ്രഖ്യാപിച്ചുകൊണ്ട് 2006 മെയ് 16 ന് അധികാരമേറ്റെടുത്ത അച്യുതാനന്ദന്‍ സര്‍ക്കാര്‍, മൈത്രി ഭവനപദ്ധതി, ലാവ്‌ലിന്‍, മെര്‍ക്കിന്‍സ്റ്റന്‍ ഭൂമി ഇടപാട്, സേവിമനോമാത്യു, സാന്റിയാഗോ മാര്‍ട്ടിന്‍ ബന്ധങ്ങള്‍ തുടങ്ങിയ അഴിമതിയുടെ കാണാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താഴ്ന്ന കാഴ്ചയാണ് കണ്ടത്. അന്യസംസ്ഥാന വ്യാജ ലോട്ടറി മാഫിയ ഏതാണ്ട് 80,000 കോടി രൂപ കേരളത്തില്‍ നിന്നുകടത്തിക്കൊണ്ടുപോയി. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്കുവേണ്ടി രണ്ടുകോടി രൂപ വസൂലാക്കിയത് ഇടതുപക്ഷഭരണത്തിന്റെ തുടക്കത്തിലായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി കുത്തക കമ്പനിയായ സുസ്‌ലോണ്‍ തട്ടിയെടുത്തതും ഇടതുപക്ഷകാലത്തുതന്നെയായിരുന്നു. വ്യാജമദ്യലോബികള്‍ അഴിഞ്ഞാടിയ ഇടതുഭരണകാലത്ത് മലപ്പുറത്ത് 27 മനുഷ്യജീവനുകള്‍ വിഷക്കള്ളില്‍മുങ്ങി പിടഞ്ഞു മരിച്ചു. എക്‌സൈസ് വകുപ്പില്‍ കൊടികുത്തിവാണ അഴിമതിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നില്ല.
 
68 ബാറുകളും 1610 കള്ളുഷാപ്പുകളും പുതുതായി അനുവദിച്ചുകൊണ്ട് കഴിഞ്ഞ ഇടതുഭരണം ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. കര്‍ഷക ആത്മഹത്യകളെക്കുറിച്ച് വിലപിച്ചുകൊണ്ട് അധികാരം തട്ടിയെടുത്ത ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനകം നൂറ് കര്‍ഷകരാണ് ജീവനൊടുക്കിയത്. നാടുനീളെ കൊട്ടിഘോഷിച്ച് കര്‍ഷക കടാശ്വാസനിയമം കൊണ്ടുവന്നെങ്കിലും കടാശ്വാസത്തിനുവേണ്ടി നീക്കിവച്ച 130 കോടിയില്‍ നിന്ന് ഒരു ചില്ലിപ്പൈസ പോലും കര്‍ഷകന് നല്‍കിയില്ല. പെണ്‍വാണിഭക്കാരെ അറസ്റ്റ് ചെയ്ത് കയ്യാമം വച്ച് തെരുവിലൂടെ നടത്തിക്കുമെന്ന് വേദികള്‍ തോറും വീരവാദം മുഴക്കിയ അച്യുതാനന്ദന്‍ ഭരണം കയ്യിലായപ്പോള്‍ എല്ലാം മറന്നു. കസ്റ്റഡിമരങ്ങളും പകല്‍ക്കൊള്ളയും കൊലപാതകങ്ങളും നാടിനെ ഞെട്ടിച്ചു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഇടതുഭരണക്കാര്‍ നടത്തിയ ഉരുണ്ടുകളികളാരും മറന്നുകാണുകയില്ലല്ലോ? വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്റെ കൈ വെട്ടിയെറിഞ്ഞ ഭീകരസംഭവം നടന്നതും സുശക്തമായ ഇടതുപക്ഷ ആഭ്യന്തരഭരണത്തിന്‍ കീഴിലായിരുന്നു. വിദ്യാഭ്യാസവകുപ്പ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തന്നെ ഏറ്റെടുത്ത്, തുഗ്ലക് പരിഷ്‌ക്കാരങ്ങളിലൂടെ അതിനെ ആന കയറിയ കരിമ്പിന്‍കാടാക്കി മാറ്റി. ആന്റണി സര്‍ക്കാരിന്റെ കാലത്ത് സ്വാശ്രയകോളേജ് രംഗത്ത് സ്വീകരിച്ച 50:50 എന്ന അനുപാതം പോരെന്നു പറഞ്ഞ് വണ്ടികള്‍ തകര്‍ത്തവര്‍ സ്വകാര്യമാനേജ്‌മെന്റുകള്‍ക്കുമുമ്പില്‍ മുട്ടുമടക്കിയതും മലയാളികള്‍ കണ്ടു. കെ. ഇ. ആര്‍ പരിഷ്‌ക്കാരം, ഏകജാലകസമ്പ്രദായം മുതലായ വികലപരീക്ഷണങ്ങളിലൂടെ രക്ഷിതാക്കളേയും വിദ്യാര്‍ത്ഥികളേയും അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചെയ്തത്. പാഠപുസ്തകങ്ങളില്‍ കമ്മ്യൂണിസം തിരുകിക്കയറ്റാന്‍ വേണ്ടി മതമില്ലാത്ത ജീവനെ സൃഷ്ടിച്ച് മതസ്ഥാപനങ്ങളുടെ നെഞ്ചില്‍ കഠാരയിറക്കി രസിച്ചു. മുന്‍കാല യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപദ്ധതികളെല്ലാം രാഷ്ട്രീയ തിമിരം ബാധിച്ച ഇടതുഭരണം തച്ചുടച്ചു. 
അഞ്ചു വര്‍ഷവും അപ്രായോഗിക വാദങ്ങളുന്നയിച്ച് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രാവര്‍ത്തികമാക്കാതെ സമയനഷ്ടവും മൂലധന നഷ്ടവും സൃഷ്ടിച്ചു. ചിക്കന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടര്‍ന്നപ്പോള്‍ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍ നിന്ന് പകര്‍ച്ച വ്യാധി പരിശോധനാ വൈദഗ്ധ്യം തെളിയിക്കാനാണു ശ്രമിച്ചത്. സ്ഥലംമാറ്റം, സ്വകാര്യപ്രാക്ടീസ് എന്നീ വിഷയങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങളെടുത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശിഥിലമാക്കുകയും ഡോക്ടര്‍മാരും രോഗികളും തമ്മില്‍ മാനസികമായ അകലം സൃഷ്ടിക്കുകയും ചെയ്തു.
 
സര്‍ക്കാര്‍ ആശുപത്രികളുപേക്ഷിച്ച് രോഗികള്‍ സ്വകാര്യആശുപത്രികളെ ശരണം പ്രാപിച്ച് ഗവണ്‍മെന്റ് ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിപോലും സൃഷ്ടിക്കപ്പെട്ടു. ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചും പുരോഹിതന്മാരെ നികൃഷ്ടജീവികളെന്നുവിളിച്ചും ഭരണാധികാരത്തിന്റെ അഹങ്കാരം ഉരുള്‍പൊട്ടിയൊഴുകുകയായിരുന്നു. പൂജാരിമാര്‍ക്കു ദക്ഷിണപോലും നിരോധിച്ച് അവരെ ശമ്പളക്കാരായ ട്രേഡ് യൂണിയന്‍ തൊഴിലാളികളാക്കാനും ശ്രമിച്ചു. ഇടതുഭരണകാലഘട്ടത്തില്‍ പരമപവിത്രമായ ശബരിമല സന്നിധാനം പോലും അപവാദങ്ങളുടെയും ദുര്‍മരണങ്ങളുടെയും ശാപങ്ങളുടെയും ചൂടില്‍ വെന്തുരുകി.ആയിരം നാവുകള്‍ കൊണ്ടു വിവരിച്ചാലും പതിനായിരം തൂലികകള്‍ കൊണ്ടു വര്‍ഷങ്ങളോളമെഴുതിയാലും തീരാത്ത തരത്തിലുള്ള കെടുകാര്യസ്ഥതകളുടെയും ദുര്‍ഭരണത്തിന്റെയും നാളുകളിലൂടെയാണ് അഞ്ചുവര്‍ഷത്തെ ഇടതുഭരണകാലഘട്ടം കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചുതീര്‍ത്തത്.ഫാരിസ് അബൂബക്കര്‍മാരും, സേവിമനോജ് മാത്യുമാരും, സാന്റിയാഗോ മാര്‍ട്ടിന്‍മാരും ചേര്‍ന്ന് തിരക്കഥയെഴുതി അച്യുതാനന്ദനും പിണറായിയും ഹീറോയും വില്ലനുമായി എ.കെ.ജി. സെന്ററിന്റെ ബാനറില്‍ സി.പി.എം. സംവിധാനം ചെയ്തിറക്കിയ ഇടതുഭരണമെന്ന ഹൊറര്‍ ചിത്രം മെയ് മാസത്തിലവസാനിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ കടക്കെണിയുടെ പാതാളത്തിലകപ്പെട്ടുകഴിഞ്ഞിരുന്നു. ഇടതുസര്‍ക്കാരിന്റെ ധനമാനേജ്‌മെന്റിന്റെ പിഴവുകള്‍കൊണ്ട് കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 78, 673 കോടി രൂപയുടെ കടത്തിലേക്കാണ് കേരളം നിപതിച്ചത്. ഓരോ കേരളീയനും 23563 രൂപയുടെ കടക്കാരനായി മാറി. ഇടതുസര്‍ക്കാര്‍ വരുത്തിവച്ച സാമ്പത്തിക ബാദ്ധ്യതകളെല്ലാം ഉടന്‍തന്നെ പരിഹരിക്കേണ്ടുന്ന ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു മേല്‍ വന്നു വീണിരിക്കുകയാണ്.
 
21546 കോടി രൂപ അടിയന്തിരമായി കൊടുത്തുതീര്‍ക്കണം. പെന്‍ഷന്‍ ശമ്പളപരിഷ്‌ക്കരണത്തിന് 4825 കോടി രൂപ വേണം. റേഷന്‍സബ്‌സിഡി ബാധ്യത 226 കോടി രൂപയാണ്. സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍ക്ക് 200 കോടി രൂപ കണ്ടെത്തണം. കെ.എസ്.ആര്‍.ടി.സി. ഭവനനിര്‍മ്മാണബോര്‍ഡ് എന്നിവയുടെ ബാദ്ധ്യതകളും പഞ്ചായത്ത് പദ്ധതിവിഹിതവും സര്‍ക്കാരിനു തലവേദനയായിമാറി. ഇങ്ങനെ സര്‍വ്വരംഗങ്ങളിലും കേരളത്തിലെ ജനങ്ങളെ നിലയില്ലാക്കയങ്ങളില്‍ മുക്കിത്താഴ്ത്തിയതിനുശേഷമാണ് അച്യുതാനന്ദനും മന്ത്രിപ്പടയും നൂറു ദിവസങ്ങള്‍ക്കു മുമ്പ് ഭരണക്കസേരകള്‍ വിട്ട് കൂകി വിളിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷത്തിരുന്ന് ഗോഷ്ടി കാണിക്കുന്നത്.മെയ് മാസത്തില്‍ ചേര്‍ന്ന ആദ്യ യു.ഡി.എഫ്. മന്ത്രിസഭായോഗം തന്നെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനുള്ള നടപടി സ്വീകരിച്ചു. പെട്രോളിന്റെ അധിക നികുതികുറച്ച് സാധാരണ ജനങ്ങളെ രക്ഷിക്കുവാനുള്ള ധീരമായ നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റവുമാദ്യമായി നടപ്പാക്കിയ ജനക്ഷേമപരിപാടി. ആ തീരുമാനം വഴി സംസ്ഥാന സര്‍ക്കാരിന് 131.94 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നറിഞ്ഞിട്ടുകൂടി സാധാരണജനങ്ങളുടെ ക്ഷേമത്തിനുമുന്‍തൂക്കം നല്‍കി അധികനികുതി കുറയ്ക്കുവാനാണ് യു.ഡി.എഫ് മന്ത്രിസഭ ശ്രമിച്ചത്.
എന്‍ഡോസള്‍ഫാന്റെ പേരുപറഞ്ഞ് എത്രമാത്രം മുതലക്കണ്ണീരാണ് സി.പി.എം ഒഴുക്കിയത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനുവേണ്ടി കുറച്ചുനേരം ആഹാരം പോലും ഉപേക്ഷിച്ച അച്യുതാനന്ദന്റെ ഭരണത്തില്‍ ദുരിതബാധിതര്‍ക്ക് പ്രത്യക്ഷമായ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. അവരുടെ പേരു പറഞ്ഞ് പാര്‍ട്ടിയിലെ അണികള്‍ക്ക് നേരം പോകാനുള്ള കുറേ സമരവിഷയങ്ങളുണ്ടാക്കുവാന്‍ മാത്രമാണ് ഇടതുപക്ഷം ശ്രമിച്ചത്. എന്നാല്‍ അധികാരം ഏറ്റെടുത്തയുടന്‍തന്നെ എന്‍ഡോസള്‍ഫാന്‍ മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിരമായി ഒരു ലക്ഷം രൂപ സാമ്പത്തികസഹായം നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
 
അഞ്ചു വര്‍ഷം ഭരിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി പ്രായോഗികമായി ഒന്നും ചെയ്യാതിരുന്ന ഇടതുപക്ഷക്കാര്‍, ഇപ്പോള്‍ അക്കാര്യത്തില്‍ അധികമൊന്നും ഉരിയാടിക്കേള്‍ക്കുന്നില്ല. ഇരുപതു സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന് അനുഗുണമായി അണിനിരന്നിട്ടും അതു നിരോധിക്കണമെന്ന ശക്തമായ നിലപാടെടുക്കുവാനും ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന് കഴിഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ രണ്ടാമത്തെ അലോട്ട്‌മെന്റില്‍ പരിഗണിച്ച് വേഗത്തില്‍ നടപടികളെടുത്തു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ വേനല്‍ മഴമൂലം വിളകള്‍ ചീഞ്ഞളിഞ്ഞപ്പോള്‍ കയ്യുംകെട്ടി നിന്ന് കര്‍ഷകന്റെ കണ്ണീരുകണ്ടു രസിക്കുകയായിരുന്നു ഇടതുഗവണ്‍മെന്റ്. കൊയ്ത്തുയന്ത്രങ്ങളിറക്കി അവരുടെ വിളകള്‍ ശേഖരിക്കുവാന്‍ യാതൊരു സഹായവും സര്‍ക്കാര്‍ ചെയ്തിരുന്നില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് ആദ്യദിനത്തില്‍ തന്നെ കുട്ടനാട്ടില്‍ പുതിയ കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങാനുള്ള നടപടികളാരംഭിച്ചു. ഇടതുപക്ഷ ഗവണ്‍മെന്റ് പാര്‍ശ്വവര്‍ത്തികളെ തിരുകികയറ്റുവാന്‍ വേണ്ടി അനധികൃതമായി ജനുവരി ഒന്നുമുതല്‍ നടത്തിയ എല്ലാ നിമയനങ്ങളും പുനഃപരിശോധിച്ച് നീതി നടപ്പാക്കുവാനുള്ള ശക്തമായ തീരുമാനവും എടുക്കുകയുണ്ടായി. ആദിവാസിജനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുവാനാണ് മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. അവരെ ചെങ്കൊടി പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഗോത്രവര്‍ഗ്ഗസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പരാജിതമായി. അതുകൊണ്ട് ആദിവാസിവിഭാഗങ്ങളുടെ പ്രശ്‌നങ്ങളോടു മുഖം തിരിക്കുവാനും അവരെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തുവാനുമാണ് സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം. നയിച്ച മന്ത്രിസഭകളൊന്നും തന്നെ അധികാര കേന്ദ്രത്തിന്റെ നാലയലത്തടുക്കുവാന്‍ ആദിവാസിജനങ്ങളെ അനുവദിച്ചിരുന്നില്ല.
 
കേരളത്തിന്റെ ആഫ്രിക്ക എന്നറിയപ്പെടുന്ന വയനാട്ടില്‍ നിന്നും ഒരു വനിതാമന്ത്രിയെ നിയമിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹിക സമത്വ നിര്‍മ്മാണപ്രക്രീയയില്‍ ഒരു രജതരേഖ രചിക്കുവാന്‍ യു.ഡി.എഫ്. ഗവണ്‍മെന്റിന് കഴിഞ്ഞു. ആദിവാസി ഊരുകളിലെ അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കുവാനുള്ള സമഗ്രമായ കര്‍മ്മപദ്ധതിക്ക് മന്ത്രിസഭ രൂപം നല്‍കി. അവര്‍ക്ക് ഒരേക്കര്‍ ഭൂമി വീതം സൗജന്യമായി നല്‍കുവാനും അവിവാഹിതരായ അമ്മമാര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 300 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്.ഈ പദ്ധതികളെല്ലാം തന്നെ സുഗമമായി നടന്നുവരികയാണ്. എ.കെ.ജി സെന്ററില്‍ നിന്ന് റിമോട്ട് കണ്‍ട്രോളിംഗ് വഴി നടന്നിരുന്ന ഇടതുഭരണത്തില്‍ നിന്നും വ്യത്യസ്തമായി സുതാര്യവും ജനപക്ഷത്തുനിന്നുള്ളതുമായ ഭരണരീതിയാണ് തുടക്കം മുതലേ യു.ഡി.എഫ് തുടര്‍ന്നുവരുന്നത്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ സെല്‍ഭരണത്തിന് പകരം ഒരു സല്‍ഭരണം കാഴ്ചവയ്ക്കുവാന്‍ വേണ്ടി ഭരണപരമായ ഇടപെടലുകളില്‍ നിന്ന് കെ.പി.സി.സി ഒഴിഞ്ഞു നില്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയുണ്ടായി. ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ ജനകീയ തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്കുമുന്നില്‍ ഭരണം ഒരു തുറന്ന പുസ്തകം തന്നെയായിരിക്കും.
 
സാമൂഹിക സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നല്‍കുന്ന അഴിമതിരഹിതമായ സുതാര്യഭരണമാണ് യു.ഡി.എഫ് വിഭാവനം ചെയ്യുന്നത്. വികസനവും കരുതലുമാണതിന്റെ മുഖമുദ്ര. എല്ലാവിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കിക്കൊണ്ട് ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ജീവിത ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് ഒരു ഭരണസംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിന്റെ ഭാഗമായി 15 അവശ്യസാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ പത്തുശതമാനം കുറഞ്ഞ നിരക്കില്‍ പൊതുവിതരണശൃംഖല വഴി ജനങ്ങളിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണപദ്ധതി ഹൈസ്‌കൂള്‍ തലത്തില്‍ കൂടി എത്തിക്കുവാന്‍ കഴിയണം. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതി, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ശിശുഅവകാശ കമ്മീഷന്‍, പൊതു -സ്വകാര്യസംരംഭങ്ങളെ വിവേചിക്കാത്ത നിക്ഷേപസൗഹൃദഅന്തരീക്ഷം എന്നിവയെല്ലാം കേരളത്തില്‍ അടിയന്തിരമായി സൃഷ്ടിക്കപ്പെടേണ്ട കാര്യങ്ങളാണെന്ന് യു.ഡി.എഫ് നേതൃത്വം ചിന്തിക്കുന്നു. ഇടതുഭരണകാലത്ത് കള്ളക്കണക്കിലൂടെയും കൃത്രിമ നടപടികളിലൂടെയും പൊതുമേഖലാവ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കി എന്ന് ജനങ്ങളോട് കള്ളം പറയുകയായിരുന്നു.
ഭീമമായ കടം എഴുതിത്തള്ളിയും ഫാക്ടറി വളപ്പിലെ ഭൂമി വിറ്റുനശിപ്പിച്ചും ആണ് ലാഭത്തിന്റെ കണക്കുകള്‍ അവര്‍ എഴുന്നള്ളിച്ചിരുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളെ ഇടതുപക്ഷം അവതാളത്തിലാക്കി. 'അതിവേഗം ബഹുദൂര'മെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതികള്‍ക്കെല്ലാം മുന്‍ഗണന നല്‍കുവാനാണ് യു.ഡി.എഫ് തീരുമാനം. കേന്ദ്രവിരുദ്ധതയുടെ പേരില്‍ ഇടതുപക്ഷം പാഴാക്കിയ കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകള്‍ ഉടന്‍ നടപ്പാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ആഗ്രഹം. ഐ.ടി. ഒരു വ്യവസായ വിഷയമെന്നതിലുപരിയായി ഒരു ജീവിതചര്യയാക്കി മാറ്റുവാനും ഇ-ഗവേണന്‍സ് പ്രായോഗികമാക്കി മാറ്റുവാനും ഗവണ്‍മെന്റ് സദാ ജാഗരൂകമായിരിക്കും.
 
ഈ സ്വപ്‌നങ്ങളെല്ലാം തന്നെ സമയാനുബന്ധിതമായി പൂവണിയിച്ചുകൊണ്ടാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഓരോ ദിനങ്ങളും മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്വപ്‌നങ്ങളിലേക്ക് വേഗച്ചിറകുകളുമായി പറക്കുന്ന ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് സ്മാര്‍ട്ട് സിറ്റിയെന്ന ജനപ്രീയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞു. അച്യുതാനന്ദന്റെ മുരടന്‍ മനസ്സു തീര്‍ത്ത തര്‍ക്കങ്ങളില്‍ കേരളത്തിന്റെ ഐ.ടി. സ്വപ്‌നങ്ങളെല്ലാം കഴിഞ്ഞ അഞ്ചുവര്‍ഷകാലം ചിതറിവീഴുകയായിരുന്നു. വാര്‍ഷികശമ്പളയിനത്തില്‍ 3000-3500 കോടി രൂപ ലഭ്യമാകുന്ന ഒരു ലക്ഷത്തോളം തൊഴിലുകള്‍, ബന്ധപ്പെട്ട സമസ്ത മേഖലകളിലും വികസനസാദ്ധ്യതകള്‍ തുടങ്ങിയ പ്രതീക്ഷകളുടെ കൂമ്പാരവുമായിട്ടാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി കേരളീയരുടെ മനസ്സിലിടം തേടിയത്. മുട്ടാപ്പോക്കുകളും രാഷ്ട്രീയ അടിയൊഴുക്കുകളും അഴിയാക്കുരുക്കുകളും കൊണ്ട് അച്യുതാനന്ദനും കൂട്ടരും അഞ്ചുവര്‍ഷം ആ സ്വപ്‌നപദ്ധതിയുടെ ചിറകൊടിച്ചിട്ടിരിയ്ക്കുകയായിരുന്നു. അവര്‍ പാഴാക്കിയ സമയമോര്‍ത്ത് മനം മടുത്തിരിക്കാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് പുതിയ ചിറകുകള്‍ നല്‍കുകയാണ് പുതിയ മന്ത്രിസഭ. സ്മാര്‍ട്ട് സിറ്റി ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാനപം ഒക്‌ടോബര്‍ 31 ന് മുന്‍പു നടത്തുവാനും അപ്പോള്‍ത്തന്നെ ആദ്യഘട്ടനിര്‍മ്മാണം തുടങ്ങുമെന്നുമാണ് ദുബായ് ടെക്‌നോളജി ആന്റ് മീഡിയ ഫ്രീസോണ്‍ അതോറിറ്റി (ടീകോം) യുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
 
2012 ഒക്‌ടോബറില്‍ ആദ്യഘട്ടത്തിന്റെ പണി പൂര്‍ത്തീകരിയ്ക്കും. അനാവശ്യരാഷ്ട്രീയതര്‍ക്കങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടി മെച്ചപ്പെട്ട മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കരാറിനുപകരം ഇടതുസര്‍ക്കാരിന്റെ കരാര്‍ തന്നെയാണ് നടപ്പാക്കുന്നത്. ഇടതുസര്‍ക്കാര്‍ ഉന്നയിച്ച ചില അഭിപ്രായോഗിക വ്യവസ്ഥകള്‍ക്ക് പകരം സെസിനു കേന്ദ്രവ്യവസ്ഥകള്‍ മാത്രമേ ബാധകമാക്കുകയുള്ളു. സ്മാര്‍ട്ട് സിറ്റിയ്ക്ക് കിന്‍ഫ്രയുടെ നാലേക്കര്‍ കൂടി നല്‍കി ആകെ വിസ്തീര്‍ണ്ണം 250 ഏക്കറാകുന്നതോടെ ബഹുസേവന സെസ് എന്ന കേന്ദ്രഅംഗീകാരം നേടാനും അവസരം ലഭിക്കും. അതോടെ ഐ.ടിയ്ക്കു പുറമേ ബാങ്കിങ്, ഡിസൈന്‍, ഗവേഷണവികസന രംഗം, തുടങ്ങിയ മേഖലകളിലും സേവന വ്യവസായങ്ങള്‍ വരികയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യും.    
സ്മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കൊപ്പം കൊച്ചിയില്‍ ഒട്ടേറെ അടിസ്ഥാനവികസന പദ്ധതികളും യു.ഡി.എഫ് ഗവണ്‍മെന്റ് വിഭാവനം ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിലേയ്ക്ക് റോഡുസൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണിതില്‍ പ്രധാനം. വിദേശനിക്ഷേപത്തിന് കേരളം അനുയോജ്യമാണെന്ന സന്ദേശമാണ് സ്മാര്‍ട്ട് പദ്ധതികളിലൂടെ ഗവണ്‍മെന്റ് ലോകത്തിനു നല്‍കുന്നത്.
 
ഒരു വശത്ത് സമ്മര്‍ദ്ദതന്ത്രങ്ങളുമായി ടീകോമും മറുവശത്ത് മുരടന്‍ ആശയങ്ങളും സംശയങ്ങളുമായി ഗവണ്‍മെന്റും ഏറ്റുമുട്ടിയിരുന്ന ഇടതുപക്ഷഭരണകാലത്തില്‍ നിന്നു വ്യത്യസ്തമായി പരസ്പര സഹകരണത്തിന്റേയും വിശ്വാസ്യതയുടേയും പ്രവര്‍ത്തനമേഖലയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുറന്നിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കായി സ്മാര്‍ട്ട്‌സിറ്റിയെ മാറ്റാന്‍ ദുബായ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ നയങ്ങള്‍ കാലത്തിനും യുവാക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും ജനങ്ങളുടെ സ്വപ്‌നങ്ങളെ പൂവണിയിക്കുന്നതുമാണെന്നതില്‍ സംശയമില്ല. 
'യഥാരാജാ തഥാ പ്രജാ' എന്ന രീതിയില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് വളര്‍ത്തിയെടുത്ത വികലമായ തൊഴില്‍ സംസ്‌ക്കാരത്തില്‍ നിന്ന് കേരളം അനുനിമിഷം മാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്മാര്‍ട്ട് സിറ്റി പ്രാവര്‍ത്തികമാക്കുന്നതോടെ പുതിയൊരു ട്രേഡ് യൂണിയന്‍ സംസ്‌ക്കാരം കൂടി വളര്‍ത്തിയെടുക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റിന് കഴിയും

നൂറിന്റെ നിറവിനുമപ്പുറം നവ്യ പ്രതീക്ഷകളോടെ


കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒട്ടേറെ കര്‍മപദ്ധതികള്‍ക്ക് അടിത്തറയിട്ട നൂറുദിനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൂടുതല്‍ പ്രവര്‍ത്തനനിരതമായ മറ്റൊരു ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. കരുതലോടെയുള്ള വികസനം ഉറപ്പാക്കുന്ന ഒരു വര്‍ഷത്തേക്കുള്ള കര്‍മ പരിപാടിയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
അതിവേഗം ബഹുദൂരം പിന്നിടുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാത ശൈലിക്ക് നവ്യമായ ഊര്‍ജമാണ് ഈ നൂറുദിനങ്ങളിലും പ്രകടമായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായി. നേരിയ ഭൂരിപക്ഷവും കൊണ്ട് അധികാരത്തിലേറിയ സര്‍ക്കാര്‍ ഇതുവരെ കുതിച്ചത്് എക്‌സ്പ്രസ് വേഗതയില്‍ത്തന്നെ. ലോട്ടറി മാഫിയക്കെതിരെയുള്ള കേസന്വേഷണം സി.ബി.ഐക്ക് നല്‍കിയ ധീരമായ നടപടിയും ഈ കാലയളവിലുണ്ടായി.കൃത്യമായ ഫോളോ അപ് ഉറപ്പാക്കി നൂറുദിനപരിപാടി വിജയിപ്പിച്ചതിന്റെ മുഖ്യ ക്രെഡിറ്റ് ഉമ്മന്‍ ചാണ്ടി അര്‍ഹിക്കുന്നു. കെ.പി.സി.സി, യു.ഡി.എഫ് നേതൃത്വങ്ങളുടെ സജീവ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇടപെടലുകളും ഈ നേട്ടങ്ങള്‍ക്ക് വഴിവിളക്കായി. സര്‍ക്കാരിന്റെ ആദ്യചുവടുവെയ്പുകള്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയാണ്.
 
ഇന്ധന വില ഉയര്‍ന്നപ്പോള്‍ അധിക നികുതിവരുമാനമായ 131.94 കോടി രൂപ ഉപേക്ഷിച്ചുകൊണ്ട് വില വര്‍ധനവിനെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ച തീരുമാനം ജനോന്മുഖ ഭരണത്തിനു മികച്ച തുടക്കമാണ് ഇട്ടുകൊടുത്തത്. അതിവേഗം ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായി. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല പ്രശ്‌നങ്ങളും നൂറു ദിവസത്തിനകം പരിഹരിക്കപ്പെട്ടു. സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ക്കു വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ വികസനകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനു തെളിവാകുന്നു. പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതും സ്‌കൂളുകളിലെ തലയെണ്ണല്‍ നിര്‍ത്തി അധ്യാപകര്‍ക്കു ജോലിസ്ഥിരത ഉറപ്പാക്കിയതും ജനപ്രിയ നടപടികള്‍ തന്നെ.ദിവസം 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കാന്‍ ആദ്യത്തെ ഏതാനും നാളുകള്‍ കൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. സുതാര്യതയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടാണു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളത്രയും ദിവസം മുഴുവന്‍ ലോകത്തെ കാണിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ലോകത്തില്‍ തന്നെ മറ്റേതെങ്കിലും ഭരണാധികാരിയുടെ ഓഫിസില്‍ ഇത്തരമൊരു സംവിധാനമില്ലെന്ന് വിദേശ മാധ്യമങ്ങള്‍ പോലും പറയുന്നു.
മൂലമ്പള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കിയതും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പാക്കേജ് ഏര്‍പ്പെടുത്തിയതും ചെങ്ങറയില്‍ ഭൂ സമരം നടത്തിയ ആദിവാസികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കിയതും ആദ്യ നൂറുദിവസത്തെ അഭിമാനകരമായ നേട്ടങ്ങളാണ്.
 
പതിനായിരത്തിലധികം അധ്യാപകര്‍ക്ക് ജോലി സുരക്ഷ ഉറപ്പുവരുത്തി. ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. മൂന്നാറിലെ ഭൂമി കൈയേറ്റം ഫലപ്രദമായി തടയാനും പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും കൈവശഭൂമിക്ക് പട്ടയം നല്‍കാനും കഴിഞ്ഞു.
ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പ്രത്യേക പാക്കേജ് നിശ്ചയിച്ചതും ശബരിമല റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന കാല്‍വെയ്പുകളാണ്. പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനം നാളെ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുകയാണ്. സെക്രട്ടേറിയറ്റില്‍ ഫയല്‍ ട്രാക്കിങ് സംവിധാനമേര്‍പ്പെടുത്താനും ഉദ്യോഗസ്ഥന്മാരുടെ സേവനത്തിന് ഉത്തരവാദിത്തം നിശ്ചയിക്കുന്ന സേവനാവകാശ നിയമം കൊണ്ടുവരാനുമുള്ള തീരുമാനം ഭരണരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിക്കും. മുടങ്ങിക്കിടന്ന കുട്ടനാട് പാക്കേജ് നടപ്പാക്കാനുള്ള നടപടികളും അഭിനന്ദനീയം. മലയാളത്തെ ഒന്നാംഭാഷയായി സ്‌കൂളില്‍ അംഗീകരിക്കാന്‍ മുന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി. സുതാര്യവും അഴിമതി രഹിതവുമായ ഭരണത്തിന് വഴിതെളിച്ചുകൊണ്ട് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും പേഴ്‌സനല്‍ സ്റ്റാഫിന്റെയും ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍, വകുപ്പുതലവന്മാര്‍ തുടങ്ങിയവരുടെയും സ്വത്തുവിവരം ജനങ്ങളുടെ പരിശോധനയ്ക്ക് സമര്‍പ്പിക്കാനും തീരുമാനമായി.
മുന്‍ സര്‍ക്കാര്‍ കുളമാക്കിയിട്ടുപോയ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും മദ്യ നയത്തിലെ അപാകതകള്‍ക്കും വൈകാതെ പരിഹാരം കണ്ടെത്താന്‍ ഈ സര്‍ക്കാരിനു കഴിയുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Thursday, August 25, 2011

കാര്യക്ഷമതയുടെ നൂറുദിനങ്ങളും കടന്ന് സര്‍ക്കാര്‍ കുതിക്കുന്നു


തിരുവനന്തപുരം: കേരളത്തിന്റെ വികസസ്വപ്‌നങ്ങള്‍ക്ക് അടിത്തറ പാകിയ നൂറുദിനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഇന്നു പിന്നിടുന്നു. പാമോലിന്‍ കേസ് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയായി വളരുന്നതിനിടെയാണ് നൂറു ദിനം ഉമ്മന്‍ചാണ്ടിയും സംഘവും അതിവേഗം നൂറുദിനം പിന്നിടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായതാണ് മന്ത്രിസഭയുടെ നേട്ടം. പരാജയസമാനമായ വിജയത്തിനുശേഷം തലനാരിഴ ഭൂരിപക്ഷവും കൊണ്ട് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭാരൂപീകരണം കല്ലുകടി നിറഞ്ഞതായിരുന്നു. ധനകാര്യവകുപ്പ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്, ലീഗിന്റെ അഞ്ചാംമന്ത്രിപ്രഖ്യാപനം, കോണ്‍ഗ്രസ്സില്‍ കഴിവുള്ളവര്‍ അവഗണിക്കപ്പെട്ടത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വല്ല വിധേനയും ക്യാബിനറ്റിന് രൂപം നല്‍കിയ ഉമ്മന്‍ചാണ്ടി പിന്നെ എക്‌സ്പ്രസ് വേഗതയില്‍ കുതിക്കുന്നതാണ് കണ്ടത്.

നൂറുദിനപരിപാടി. കൃത്യമായ ഫോളോ അപ്. നൂറില്‍ അമ്പതെങ്കിലും നേടിയാല്‍ നല്ല പ്രകടനമെന്ന് നിസ്സംശയം പറയാം. സുതാര്യമായിരിക്കും സര്‍ക്കാരെന്ന പ്രഖ്യാപനവും നടപടിയും ഘടകകക്ഷികള്‍ക്കു മേല്‍ പോലും കനത്ത സമ്മര്‍ദ്ദം ചെലുത്തി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വകുപ്പുകള്‍ സാമ്രാജ്യമാക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂലമ്പള്ളി, സ്മാര്‍ട് സിറ്റി, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, എന്‍ഡോസള്‍ഫാന്‍, സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയുള്ള ശക്തമായ നടപടികളും ആശ്വാസപദ്ധതികളും, ചെങ്ങറ പാക്കേജ്, പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കുള്ള പാക്കേജ്, സേവനാവകാശ നിയമം എന്നിങ്ങനെ നിരവധി ജനപ്രിയപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതേ സമയം യുഡിഎഫി്‌ന് സ്വതസിദ്ധമായ അച്ചടക്കമില്ലായ്മ സര്‍ക്കാരിന്റെ പതനത്തിന് തൊട്ടടുത്തുവരെ കാര്യങ്ങളെത്തിച്ചുവെന്ന് ധനവിനിയോഗബില്‍ വോട്ടെടുപ്പ് തെളിയിച്ചു. പാമോലിന്‍ കേസിലെ കോടതിവിധി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂടിനോട് ഏറെ അടുപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വിജിലന്‍സ് വകുപ്പ് ഒഴിയേണ്ടി വന്നു. സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനെ വിമര്‍ശിച്ചെങ്കിലും അവരെ സര്‍ക്കാര്‍ നയത്തിന് കീഴിലേയ്ക്ക് കൊണ്ടുവരാനോ പ്രശ്‌നം പരിഹരിക്കാനോ കഴിഞ്ഞില്ല.

പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് വലിയ വെല്ലുവിളികളാവും ഇനി നേരിടേണ്ടി വരിക. അധികാരത്തിലേറിയതിന്റെ 99 ാം നാള്‍തന്നെ ചെങ്ങറ സമരത്തിനു പരിഹാരമുണ്ടാക്കന്‍ മുഖ്യമന്ത്രിക്കും സംഘത്തിനും കഴിഞ്ഞു. ചെങ്ങറയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ന്നുവന്ന ഭൂസമരം ഒത്തുതീര്‍പ്പിലെത്തിയത് ഇന്നലെയാണ്. ഇപ്പോഴും സമരരംഗത്ത് തുടരുന്ന ആയിരത്തോളം കുടുംബങ്ങള്‍ക്ക് 25 സെന്റ് ഭൂമിവീതം നല്‍കാമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സാധുജനവിമോചനമുന്നണി അംഗീകരിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുനരധിവസിപ്പിക്കപ്പെട്ട 1495 കുടുംബങ്ങള്‍ക്ക് താമസത്തിനായി നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതി പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. റവന്യൂവകുപ്പിന്റെ പ്രതിനിധികള്‍, സാധുജനവിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍.നീലകണ്ഠന്‍, കെ.റജികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി അടുത്ത ദിവസം മുതല്‍ പരാതികളില്‍ പരിശോധന നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പരിശോധന പൂര്‍ത്തീകരിക്കും. വാസയോഗ്യമല്ലെന്ന് സമിതി കണ്ടെത്തുന്ന ഭൂമിക്ക് പകരം ഭൂമി സര്‍ക്കാര്‍ ലഭ്യമാക്കും.

ഇപ്പോഴും ചെങ്ങറയില്‍ സമരം തുടരുന്ന 1000 കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതം നല്‍കുന്നതിനു വേണ്ട ഭൂമി റവന്യൂവകുപ്പ് കണ്ടെത്തും. സര്‍ക്കാരിന്റെ ഈ നീക്കത്തോട് ഹാരിസണ്‍ കമ്പനി അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ 1495 കുടുംബങ്ങളെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഭൂമി നല്‍കിയാണ് പുനരധിവസിപ്പിച്ചത്. ഇതില്‍ ഇടുക്കിയിലെ കീഴാന്തൂര്‍, കാസര്‍കോട് ജില്ലയിലെ പെരിയ എന്നിവിടങ്ങളില്‍ നല്‍കിയ ഭൂമിയെക്കുറിച്ചാണ് കൂടുതല്‍ പരാതിയുണ്ടായിരുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ പുരോഗതി പരിശോധിക്കാന്‍ ഒരു മാസത്തിനുള്ളില്‍ ഒരു തവണകൂടി സാധുജനവിമോചന പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നല്‍കുകയും വാസയോഗ്യമല്ലെന്ന് കാട്ടി സമരക്കാര്‍ തിരിച്ചുനല്‍കുകയും ചെയ്യുന്ന ഭൂമി ലാന്‍ഡ്ബാങ്കില്‍ നിക്ഷിപ്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.

ദിവസം 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കാന്‍ ആദ്യത്തെ ഏതാനും നാളുകള്‍ കൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. സുതാര്യതയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടാണു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള കാഴ്ചകള്‍ ദിവസം മുഴുവന്‍ ലോകത്തെ കാണിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ തന്നെ മറ്റേതെങ്കിലും ഭരണാധികാരിയുടെ ഓഫിസില്‍ ഇത്തരമൊന്നുണ്ടോ എന്നു സംശയമാണ്. സര്‍ക്കാരിനു ജനങ്ങളില്‍ നിന്ന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന സന്ദേശമാണിതു നല്‍കുന്നത്. സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ക്കു വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ വികസനകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനു തെളിവാകുന്നു. പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതും സ്‌കൂളുകളിലെ തലയെണ്ണല്‍ നിര്‍ത്തി അധ്യാപകര്‍ക്കു ജോലിസ്ഥിരത ഉറപ്പാക്കിയതും ജനപ്രിയ നടപടികള്‍ തന്നെ. ഇതേസമയം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീളുന്നതു സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്. മദ്യനയത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെക്കാളേറെ ഭരണപക്ഷത്തു നിന്നാണ് എതിര്‍സ്വരം.

നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുമോ എന്നു സംശയമുയര്‍ത്തിയവര്‍ ഇപ്പോള്‍ ആ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്തണമെങ്കില്‍ യുഡിഎഫ് എംഎല്‍എമാര്‍ സദാ ജാഗരൂകത പാലിക്കേണ്ടിവരും. ധനവിനിയോഗ ബില്‍ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ വിധിയാണ് ഈ കാലയളവില്‍ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. മുഖ്യമന്ത്രി രാജിവയ്ക്കുന്ന കാര്യം പോലും വിധി വന്ന ഘട്ടത്തില്‍ ചര്‍ച്ചയ്ക്കു വന്നു. എന്നാല്‍ വിജിലന്‍സ് വകുപ്പ് കയ്യൊഴിഞ്ഞാല്‍ മതിയെന്ന ഉപദേശം ഒടുവില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജിയെ സംബന്ധിച്ചു പ്രതിപക്ഷത്തു നിന്നുയര്‍ന്ന ഭിന്നസ്വരങ്ങള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാരിനെ ഏറെ സഹായിച്ചു. എന്നാല്‍ പാമൊലിന്‍ കേസ് ഡമോക്ലിസിന്റെ വാള്‍ പോലെ സര്‍ക്കാരിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും തലയ്ക്കു മുകളില്‍ തന്നെ തൂങ്ങിക്കിടപ്പുണ്ടെന്നു പറയാതെവയ്യ.

 അതേസമയം സര്‍ക്കാരിന്റെ മികച്ച ഒരു പ്രവര്‍ത്തനവും പതിവുപോലെ പ്രതിപക്ഷനേതാവിന്റെ കണ്ണില്‍പ്പെട്ടിട്ടില്ല. അഴിമതിരഹിത സുതാര്യ ഭരണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ചപ്പടാച്ചി പൊളിഞ്ഞു പാളീസാകാന്‍ നൂറു ദിവസം പോലും വേണ്ടിവന്നില്ലെന്നാണ് വി.എസ്. അച്യുതാനന്ദന്‍ പറയുന്നത്. പാമൊലിന്‍ അഴിമതിയിലെ പങ്ക് അസന്ദിഗ്ധമായി തെളിഞ്ഞിട്ടും സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. തുടരന്വേഷണം നടത്തുന്ന വിജിലന്‍സ് വകുപ്പ് തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ചതു കൊണ്ടു പ്രശ്‌നം തീരില്ല. കാരണം എല്ലാ വകുപ്പുകളുടെയും നിയന്ത്രണാധികാരം മുഖ്യമന്ത്രിക്കാണെന്നതു തന്നെ. തിരഞ്ഞെടുപ്പുഫലം വന്ന ദിവസം തന്നെ ഉമ്മന്‍ ചാണ്ടിയെ കുറ്റമുക്തനാക്കി വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതേ നെറ്റോയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയാണ് ഉമ്മന്‍ ചാണ്ടി പ്രത്യുപകാരം ചെയ്തത്.

താനും തന്റെ മന്ത്രിസഭയിലെ മറ്റു ചിലരും ഉള്‍പ്പെട്ട കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിനെ ദുരുപയോഗപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ടവരെ സ്ഥലംമാറ്റി നിര്‍വീര്യരാക്കി. അനവധി കേസുകളില്‍പ്പെട്ട ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അനധികൃത പരോള്‍ നല്‍കി പഞ്ചനക്ഷത്ര ആശുപത്രിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. കാസര്‍കോട് കലാപം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷനെ പിരിച്ചുവിട്ടതു ലീഗിനെ രക്ഷിക്കാനാണ്. അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനാണു സര്‍ക്കാര്‍ തുടക്കം മുതലേ ശ്രമിച്ചത്. വിദ്യാഭ്യാസ മേഖല സര്‍വത്ര അലങ്കോലമാക്കിയതാണു നൂറുദിന ഭരണത്തിലെ പ്രധാന നേട്ടം.

ഗോപി പ്രശ്‌നം ഒളിക്യാമറ വച്ചയാളെ മനസ്സിലായി

കൊച്ചി: സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരായ സ്വഭാവദൂഷ്യാരോപണം അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

ആരോപണം ശരിവെക്കുന്ന ഉറച്ച തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നടപടി ഉറപ്പായിരിക്കുകയാണ്. ഇതിനൊപ്പംതന്നെ ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും സമിതി നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന.

സെക്രട്ടറിയെ തെളിവു സഹിതം കുടുക്കാന്‍ ഒളിക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് ആസൂത്രിത നീക്കം നടന്നതായി കമ്മീഷന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ഗൂഢാലോചനയായി ഇതിനെ കാണുമെന്നാണ് സൂചന.

ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകള്‍ ശക്തമായിരിക്കെ, പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ അത് പിണറായി വിഭാഗത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിവെക്കും. അതിനാല്‍ത്തന്നെ ഗോപിയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നേരത്തേതന്നെ നടന്നിട്ടുണ്ടെന്നും അപായപ്പെടുത്താനുള്ള നീക്കം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. മുളന്തുരുത്തിക്കടുത്തുവെച്ച് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത് ടയര്‍ നേരത്തെ ഇളക്കിവെച്ചതുകൊണ്ടാണെന്നും അതിനു പിന്നില്‍ ലെനിന്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം അന്വേഷണ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായിട്ടുള്ളതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. നാലു ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ചത് ആരാണെന്നതിന് കമ്മീഷന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇതിന് ഒത്താശ നല്‍കിയവരെയും പിടികിട്ടിക്കഴിഞ്ഞു. ഇവരെ നീക്കണമെന്ന ശക്തമായ ആവശ്യം പിണറായി വിഭാഗത്തില്‍ നിന്ന് നേരത്തേതന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത് തള്ളിക്കളയാനും നേതൃത്വത്തിന് കഴിയില്ല. ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനെതിരെയും നടപടി ഉണ്ടായേക്കും.

അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ അച്ചടക്ക നടപടി വേഗത്തില്‍ ഉണ്ടായേക്കും. സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സംഘടനാ കീഴ്‌വഴക്കമനുസരിച്ച് അച്ചടക്ക നടപടികള്‍ സാധിക്കില്ല. അതിനാല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്

ഹസാരെ എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം?


നമ്മളിപ്പോള്‍ ടി. വിയിലൂടെ കണ്ട് കൊണ്ടിരിക്കുന്നത് ഒരു വിപ്ലവമാണെങ്കില്‍ അടുത്ത കാലത്ത് നമ്മള്‍ കണ്ട ഏറ്റവും അതിശയോക്തി കലര്‍ന്നതും യുക്തിസഹമല്ലാത്തതുമായ കാര്യമാണത്. നിങ്ങള്‍ക്ക് ജനലോക്പാല്‍ ബില്ലിനെക്കുറിച്ച് ഇപ്പോള്‍ എന്ത് ചോദ്യങ്ങളുണ്ടായാലും കിട്ടിയേക്കാവുന്ന ഉത്തരങ്ങള്‍ ഇവയാണ്. ഇതില്‍ നിന്ന് യോജിച്ചത് തിരഞെടുക്കാം. (a) വന്ദേ മാതരം, (b) ഭാരത് മാതാ കീ ജയ്, (c) ഇന്ത്യ അണ്ണയാകുന്നു, അണ്ണ ഇന്ത്യയാകുന്നു, (d) ജയ് ഹിന്ദ്.
വ്യത്യസ്തമായ കാരണങ്ങളും വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജനലോക്പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും പൊതുവായി ഒരു സാമ്യമുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും-ഇന്ത്യന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് മറിച്ചിടുക എന്ന ലക്ഷ്യമാണത്. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്, സായുധ സമരത്തിലൂടെ താഴെ നിന്ന് മുകളിലേക്ക് ഉയരുകയാണ് ഒരു കൂട്ടര്‍. മറ്റൊരു കൂട്ടര്‍ രക്തരഹിതമായ ഗാന്ധിയന്‍ പൊടിക്കൈകളുള്ള തുളസി പോലെ പുതിയ ഒരു പുണ്യവാളനാല്‍ നയിക്കപ്പെടുന്ന സമൂഹത്തിലെ മുകള്‍ തട്ടിലുള്ളവര്‍
ഓഗസ്റ്റ് 16ന് ‘മരണം വരെ’യുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ നിരാഹാരം തുടങ്ങുന്നതിന് മുന്‍പ്, എന്തെങ്കിലും നിയമ ലംഘനം നടത്തുന്നതിന് മുന്‍പ് ഹസാരെയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജനലോക്പാല്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സമരം അതോടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയുമുള്ള സമരമായി മാറി. മൂന്നു ദിവസം ജനക്കൂട്ടവും ടിവി ചാനലുകളുടെ വാനുകളും തിഹാര്‍ ജയിലിനു പുറത്തു തമ്പടിച്ചു. ഹസാരെയുടെ വിഡിയോ സന്ദേ
ശങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ അതീവസുരക്ഷയുള്ള ജയിലിനകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നു. പൊതു സ്ഥലത്ത് സത്യഗ്രഹം നടത്താനുള്ള അവകാശത്തിന് വേണ്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച് അദ്ദേഹം തിഹാര്‍ ജയിലിലെ ആദരണീയനായ അതിഥിയായി നിരാഹാരം തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുന്നു. മറ്റേതൊരാള്‍ക്കാണ് ഇത്രയും ലക്ഷ്വറി ലഭിക്കുക? ‘രണ്ടാം സ്വാതന്ത്ര്യ സമര’ത്തിന്റെ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അണ്ണാ മോചിതനായി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 250 തൊഴിലാളികളും 15 ട്രക്കുകളും 6 മണ്ണു മാന്തി യന്ത്രങ്ങളും ചെളിക്കുണ്ടായ രാം ലീല ശുദ്ധിയാക്കിക്കൊടുത്തു.
അദ്ദേഹം ഒരു ഗാന്ധിയനാണെങ്കിലും അദ്ദേഹത്തിന്റെ ആവിശ്യങ്ങള്‍ ഗാന്ധിയന്റേതല്ല. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്താഗതിക്കെതിരാണ് കര്‍ക്കശമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലോക്പാല്‍ ബില്‍. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന വമ്പന്‍ ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ നിയന്ത്രിക്കുന്ന അതിശക്തമായ അഴിമതിവിരുദ്ധ നിയമമാണത്. പ്രധാനമന്ത്രി മുതല്‍ ഏറ്റവും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന്‍ വരെ ഉള്‍പ്പെട്ട വലിയ ഒരു ജനാധിപത്യ വ്യവസ്ഥയെ ഒന്നടങ്കം നിയന്ത്രിക്കാനുള്ള വ്യവസ്ഥയുണ്ടിതില്‍. അന്വേഷണത്തിനും മേല്‍നോട്ടത്തിനും വിചാരണ ചെയ്യാനുമുള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ട്. സ്വന്തമായി ജയിലുകളില്ല എന്ന കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും സ്വതന്ത്രമായ ഒരു സംവിധാനമായിട്ടാകും ഇത് പ്രവര്‍ത്തിക്കുക 
ഇത് പ്രാവര്‍ത്തികമാകുമോ എന്നത് അഴിമതിയെ നാം എങ്ങിനെ സമീപിക്കുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചിരിക്കും. അഴിമതി എന്നതു കൈക്കൂലിയും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടുന്ന നിയമലംഘനങ്ങളുടെ പ്രശ്‌നം മാത്രമാണോ? അതോ, വളരെ ചുരുങ്ങിയ ആളുകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും വന്‍ തോതില്‍ അസന്തുലിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതീകമാണോ? ഷോപ്പിങ് മാളുകളുടെ ഒരു നഗരം സങ്കല്‍പിക്കുക. അവിടെ തെരുവുകച്ചവടം നിരോധിക്കപ്പെട്ടിരിക്കുന്നു. ഒരു തെരുവുകച്ചവടക്കാരി നഗരസഭയിലെ ഉദ്യോഗസ്ഥനും പൊലീസുകാരനും ചെറിയ കൈക്കൂലി കൊടുത്താണ് അവിടെ കച്ചവടം നടത്തുന്നത്. മാളില്‍ പോയി വസ്തുക്കള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് അതു വാങ്ങുന്നത്. ഇതൊരു ഭയങ്കര തെറ്റാണോ? ഭാവിയില്‍ ആ വഴിവാണിഭക്കാരി ലോക്പാല്‍ പ്രതിനിധിക്കു കൂടി കൈക്കൂലി കൊടുക്കേണ്ടിവരുമോ? നിലവിലെ അസന്തുലിത ഘടനയില്‍ സാധാരണക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കു ജനലോക്പാല്‍ പരിഹാരമാണോ? അതല്ല, ജനങ്ങളെ തടയാന്‍ ഒരു അധികാര ഘടന കൂടി സൃഷ്ടിക്കുകയാണോ?
അണ്ണായുടെ സമരത്തിന് പതാക വീശുന്നതും ദേശീയതാ പ്രകടനവും ആണവ പരീക്ഷണ വിജയാഹ്ലാദത്തിലും ലോകകപ്പ് വിജയാഹ്ലാദ പരേഡിലും സംവരണ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നുമൊക്കെയായി കടമെടുത്തതാണ്. സമരത്തെ പിന്തുണച്ചില്ലെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ അല്ലെന്നാണ് അവര്‍ പറയുന്നത്. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ ഇപ്പോള്‍ രാജ്യത്ത് ഇപ്പോള്‍ മറ്റൊരു വാര്‍ത്തയും നടക്കുന്നില്ലെന്ന ധാരണയിലാണ്.
ഈ ‘നിരാഹാര സമരം’ മണിപ്പൂരില്‍ വെറും സംശയത്തിന്റെ പേരില്‍ കൊല്ലാനുള്ള പട്ടാളക്കാരുടെ പ്രത്യേകാധികാര നിയമത്തിനെതിരെ പത്തു വര്‍ഷത്തിലേറെയായി സമരം ചെയ്യുന്ന ഇറോം ഷര്‍മിളയുടെ സമരമല്ല (ഇപ്പോള്‍ അവര്‍ക്കു നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുകയാണ്). ആണവനിലയത്തിനെതിരെ കൂടംകുളത്തു പതിനായിരം ഗ്രാമീണര്‍ നടത്തുന്ന റിലേ നിരാഹാരവുമല്ല. ‘ജനങ്ങള്‍’ എന്നാല്‍ ഇറോം ഷര്‍മിളയെ പിന്തുണയ്ക്കുന്ന മണിപ്പൂരിലെ ജനതയല്ല. ജഗത്‌സിങ്പൂര്‍, കലിംഗനഗര്‍, നിയാമഗിരി, ബസ്തര്‍, ജയ്താപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സായുധ പൊലീസിന്റെയോ ഖനിലോബിയുടെയോ തോക്കിന്‍മുനയിലുള്ള ജനതയുമല്ല. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകളോ നര്‍മദ താഴ്‌വരയില്‍ കുടിയിറക്കപ്പെട്ടവരോ അല്ല. നോയിഡയിലോ പുണെയിലോ ഹരിയാനയിലോ ഭൂമി ഏറ്റെടുക്കലിനെ ചെറുക്കുന്ന കര്‍ഷകരുമല്ല. ‘ജനങ്ങള്‍ എന്നാല്‍ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയില്ലെങ്കില്‍ മരണം വരെ ഉപവാസം പ്രഖ്യാപിച്ച എഴുപത്തിനാലുകാരന്റെ സമരാഘോഷം കാണാന്‍ എത്തുന്നവര്‍ മാത്രം! പതിനായിരക്കണക്കിനു വരുന്ന ഈ ‘ജനങ്ങളെ ചാനലുകള്‍ ജാലവിദ്യയിലൂടെ ദശലക്ഷങ്ങളാക്കുന്നു. എന്നിട്ടു നമ്മോടു പറയുന്നു: ‘ഇന്ത്യയെന്നാല്‍ അണ്ണായാണ്’ എന്ന് .
സത്യത്തില്‍ ഈ പുതിയ വിശുദ്ധന്‍ ആരാണ്? ഉടന്‍ പരിഹരിക്കേണ്ട വിഷയങ്ങളിലൊന്നും ഇദ്ദേഹത്തിന്റെ ശബ്ദം നമ്മള്‍ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പക്കത്തുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ കുറച്ചകലെയുണ്ടായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഒന്നും പറഞ്ഞില്ല. സിംഗൂര്‍, നന്ദിഗ്രാം, ലാല്‍ഗഡ്, പോസ്‌കോ, കര്‍ഷക സമരങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രശ്‌നങ്ങളെക്കുറിച്ചൊന്നും ഇദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. മധ്യ ഇന്ത്യയിലെ വനങ്ങളില്‍ സൈന്യത്തെ നിയോഗിക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിനു പ്രത്യേക കാഴ്ചപ്പാടൊന്നും ഉള്ളതായി തോന്നുന്നില്ല. ഇദ്ദേഹം ഇപ്പോഴും രാജ് താക്കറെയുടെ മാറാത്ത വാദത്തെ അംഗീകരിക്കുന്നുണ്ട്. ഇദ്ദേഹം ഇപ്പോഴും 2002ല്‍ മുസ്ലിംകളെ അരുംകൊല ചെയ്ത നരേന്ദ്ര മോഡിയുടെ ‘വികസന മാതൃക’യെ പുകഴ്ത്തുന്നുണ്ട്. (ഹസാരെ ഇത് പിന്‍വലിച്ചിട്ടുണ്ടെങ്കിലും ആരാധനയില്‍ നിന്ന് പിന്മാറിയിട്ടുണ്ടാകാന്‍ സാധ്യതയില്ല.)
ഈ കോലാഹലങ്ങള്‍ക്കിടയിലും വിവേകശാലികളായ മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥ പത്രപ്രവര്‍ത്തനം നടത്തി. ആര്‍. എസ്. എസ്സുമായുണ്ടായിരുന്ന അണ്ണായുടെ മുന്‍കാല ബന്ധം നമ്മുടെ മുന്‍പിലുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി റെലെഗന്‍ സിദ്ധിയെന്ന അണ്ണായുടെ ഗ്രാമത്തില്‍ സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞെടുപ്പോ ഗ്രാമ സഭയോ നടക്കുന്നില്ലെന്ന മുകുള്‍ ശര്‍മ്മയുടെ പഠനത്തിലൂടെ നാം കണ്ടതാണ്. ദലിതരോടു ഹസാരെയുടെ സമീപനം നമുക്കറിയാം. ‘ഓരോ ഗ്രാമത്തിലും ഒരു ചമാര്‍ (ചെരുപ്പുകുത്തി), ഒരു സുനാര്‍ (കൊല്ലന്‍), ഒരു കുംഹാര്‍ (കുശവന്‍) എന്നിങ്ങനെ വേണമെന്നതു ഗാന്ധിജിയുടെ കാഴ്ചപ്പാടാണ്. അവരെല്ലാം അവരവര്‍ക്കു പറഞ്ഞിട്ടുള്ള ജോലിചെയ്യുകയും അങ്ങനെ ഗ്രാമം സ്വയംപര്യാപ്തമാവുകയും ചെയ്യും. ഇതാണു ഞങ്ങള്‍ റെലെഗന്‍ സിദ്ധിയില്‍ നടപ്പാക്കുന്നത്-ഹസാരെ പറയുന്നു. സംവരണ വിരുദ്ധ (മെറിറ്റ് അനുകൂല) മൂവ്‌മെന്റിലെ അംഗങ്ങളാണ് ഹസാരെ ടീമില്‍ എന്നത് അത്ഭുതമുളവാക്കുന്ന വാര്‍ത്തയാണ്
ഈ കാംപെയിന്‍ നിയന്ത്രിക്കുന്നത് ലീമാന്‍ ബ്രദേഴ്‌സും കൊക്കകോളയുമെക്കെ നല്‍കുന്ന ഫണ്ടുകളാണ്. ഹസാരെ സംഘത്തിലെ പ്രമുഖരായ അരവിന്ദ് കേസരിവാള്‍ നടത്തുന്ന കബീറും മനീഷ് സിസോഡിയയും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഫോഡ് ഫൗണ്ടേഷനില്‍ നിന്നു നാലു ലക്ഷം ഡോളര്‍ (18 കോടി രൂപ) ആണു സ്വീകരിച്ചത്. ആയിരക്കണക്കിന കോടികളുടെ സാമ്പത്തിക സാമ്രാജ്യങ്ങളുള്ള രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളവരായ അലൂമിനിയം പ്ലാന്റുകളുടെ ഉടമസ്ഥര്‍, തുറമുഖനിര്‍മാണം, സെസ്, റിയല്‍എസ്‌റ്റേറ്റ് വ്യവസായികളുമെല്ലാം ഈ കാംപെയിന് സഹായം നല്‍കുന്നവരില്‍ ഉള്‍പ്പെടുന്നു. അഴിമതിയുടെയും മറ്റു കുറ്റങ്ങളുടെയും പേരില്‍ ഇവരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍തന്നെ അന്വേഷണം നടക്കുന്നുമുണ്ട്. ഇവര്‍ക്കെല്ലാം ഇതില്‍ എന്താണ് ഇത്ര താല്‍പര്യം?

ഇതാദ്യമായി, മാധ്യമപ്രവര്‍ത്തകര്‍ ഇടനിലക്കാരുടെ വേഷത്തില്‍ അപമാനിതരായി. ഇന്ത്യയിലെ വന്‍കിട കമ്പനികളില്‍ ചിലതിന്റെ മേധാവികള്‍ ജയിലിലെത്തുന്നസ്ഥിതിയായി. അഴിമതിവിരുദ്ധ സമരത്തിനു യോജിച്ച സമയം, അല്ലേ? അല്ലെങ്കില്‍ ഇത് തന്നെയാണോ യോജിച്ചസമയം?.
ജല വിതരണം, വൈദ്യുതീകരണം, ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം തുടങ്ങിയ ഗവണ്‍മെന്റ് പരമ്പരാഗതമായി നിര്‍വ്വഹിച്ചു പോന്നിരുന്ന കാര്യങ്ങളില്‍ നിന്ന് പിന്മാറുകയും കുത്തകകളും എന്‍. ജി. ഓ അത് ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കാലത്ത്, കുത്തക ശക്തികളുടെ സ്വാധീനത്തിലുള്ള മീഡിയകള്‍ ഇപ്പോള്‍ പൊതു ജനത്തിന്റെ മനസ്സിനെ വരെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ലോക്പാലിന്റെ പരിധിയില്‍ ഈ എന്‍ജിഒകളും കമ്പനികളും മാധ്യമങ്ങളും ഉള്‍പ്പെടേണ്ടതല്ലേ എന്ന് ഏതൊരാളും ചിന്തിക്കും. പക്ഷേ, നിര്‍ദേശിക്കപ്പെട്ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായി ഒഴിവാക്കി നിര്‍ത്തുന്നതാണ്.
ഈ പതാകവീശല്‍ കണ്ടു നിങ്ങള്‍ വിഡ്ഢികളാകരുത്. സാമന്തരാകാനുള്ള യുദ്ധത്തിന് ഇന്ത്യയെ ഒരുക്കിക്കൊണ്ടു വരുന്നത് നാം കണ്ട് കൊണ്ടിരിക്കുകയാണ്
ഇപ്പോള്‍, മറ്റെല്ലാവരെക്കാളും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയും സര്‍ക്കാര്‍ തലത്തിലെ അഴിമതിയും രാഷ്ട്രീയക്കാരുടെ നിലവാരത്തകര്‍ച്ചയും തുടച്ചുനീക്കാന്‍ രംഗത്തിറങ്ങുകയും ചെയ്യുന്നവര്‍ വളരെ ബുദ്ധിപൂര്‍വം തങ്ങളെ ഈ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നു. മാത്രമല്ല, ഏറ്റവും മോശക്കാരായി സര്‍ക്കാരിനെ മാത്രം മുദ്രകുത്തുന്നതിലൂടെ, രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കാര വേളയില്‍ കൂടുതല്‍ പൊതുസേവന മേഖലകളില്‍ നിന്നു പിന്മാറാനുള്ള അവസരമാണ് ഇവര്‍ സര്‍ക്കാരിനു നല്‍കുന്നത് എന്നതാണ് ഏറ്റവും ദുഖഃകരം. സ്വകാര്യ കോര്‍പറേറ്റ് മേഖലയിലെ അഴിമതി നിയമാനുസൃതമാവുകയും ലോബിയിങ് ഫീസ് എന്നു പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല. ദിവസം 20 രൂപ കൊണ്ടു ജീവിക്കുന്ന 83 കോടി ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്ന നയങ്ങള്‍ രൂപീകരിക്കുന്നത് പ്രയോജനം ചെയ്യുമോ? അതോ ഇത് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളി വിടുമോ?
ഈ ഭയാനകമായ അവസ്ഥാ വിശേഷണത്തിന് കാരണം ഇന്ത്യയുടെ പ്രാതിനിത്യ ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ്. ജനങ്ങളുടെ പ്രതിനിധികള്‍ അല്ലാതായി മാറിയ ക്രിമിനലുകളും കോടീശ്വരന്മാരായ രാഷ്ട്രീയക്കാരും ചേര്‍ന്നാണ് ഇവിടെ നിയമ നിര്‍മ്മാണ സഭകളുണ്ടാക്കുന്നത്. രാജ്യത്തെ ഒരു ജനാധിപത്യസ്ഥാപനം പോലും സാധാരണക്കാരനു പ്രാപ്യമല്ലാതായിരിക്കുന്നു. ഈ പതാകവീശല്‍ കണ്ടു നിങ്ങള്‍ വിഡ്ഢികളാകരുത്. സാമന്തരാകാനുള്ള യുദ്ധത്തിന് ഇന്ത്യയെ ഒരുക്കിക്കൊണ്ടു വരുന്നത് നാം കണ്ട് കൊണ്ടിരിക്കുകയാണ്. ആ യുദ്ധം ഒരു പക്ഷേ അഫ്ഗാനിലെ യുദ്ധ പ്രഭുക്കള്‍ നടത്തിയതിനേക്കാള്‍ മാരകമായിരിക്കും