Tuesday, August 2, 2011

വി.എസിന്റെ തട്ടകത്തില്‍ രണ്ട്‌ വിശ്വസ്ഥര്‍ പുറത്ത്‌

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി എസ്‌ അച്യുതാനന്ദന്റെ വിശ്വസ്ഥരായ ആലപ്പുഴയിലെ രണ്ടു പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി. വി എസിന്റെ വീടുള്‍പ്പെടുന്ന അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ പരിധിയിലാണ്‌ നടപടി. ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ കമ്മിറ്റി മുന്‍ അംഗവുമായിരുന്ന പി ഷാജി, വണ്ടാനം നീര്‍ക്കുന്നം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ജെ ഷേര്‍ളി എന്നിവരെയാണ്‌ തിങ്കളാഴ്‌ച ചേര്‍ന്ന ഏരിയാ കമ്മിറ്റി പുറത്താക്കിയത്‌. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തേ തരംതാഴ്‌ത്തപ്പെട്ട ഷാജി പുന്നപ്ര നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ മല്‍സരിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഇരുവരും പരസ്യമായും രഹസ്യമായും ശ്രമിച്ചുവെന്ന്‌ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ നടപടി. ഇത്‌ പാര്‍ട്ടി പുറത്തറിയിച്ചിട്ടില്ല. പുറത്താക്കലില്‍ കുറഞ്ഞ ഒന്നും ഇരുവരും അര്‍ഹിക്കുന്നില്ലെന്ന വിലയിരുത്തലിലാണ്‌ പാര്‍ട്ടി എത്തിച്ചേര്‍ന്നത്‌. സുധാകരനെതിരേ ഇവര്‍ പ്രവര്‍ത്തിച്ചത്‌ ചൂണ്ടിക്കാട്ടി, തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പരാതി ഉയര്‍ന്നിരുന്നു. സുധാകരന്‍ തന്നെ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയെന്നാണു സൂചന.
അടുത്ത മാസം ഒന്നു മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ ഈ അച്ചടക്ക നടപടികള്‍ക്ക്‌ പ്രാധാന്യമേറെയാണ്‌. വിഎസിന്‌ സീറ്റു നിഷേധിക്കാന്‍ പാടില്ലെന്ന്‌ ആവശ്യപ്പെട്ട്‌ കാസര്‍ഗോഡ്‌ ജില്ലയിലെ ഉദുമയില്‍ പ്രകടനം നടത്തിയവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ പിന്‍വലിക്കുമെന്ന്‌ വി എസ്‌ പരസ്യമായി പറഞ്ഞ പിന്നാലെയാണ്‌ അദ്ദേഹത്തിന്റെ പക്ഷക്കാര്‍ക്കെതിരേ പുറത്താക്കല്‍ പോലുള്ള കടുത്ത നടപടി. പാര്‍ട്ടി പിടിച്ചെടുക്കാന്‍ വി എസ്‌ നടത്തുന്ന കരുനീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണിത്‌.
വി എസ്‌ പക്ഷത്തുനിന്ന്‌ ഔദ്യോഗിക പക്ഷത്തേക്കു മാറിയ ഗോപി കോട്ടമുറിക്കലിനെ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കേണ്ടിവരുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ കൂടിയാണ്‌, ആ നടപടിക്ക്‌ തൊട്ടുമുമ്പ്‌ വിഎസിന്റെ തട്ടകത്തിലുള്ള ഈ നടപടി. വിഎസ്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്ലിഫ്‌ഹൗസിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇരുവരും വി എസിന്റെ മകന്‍ വി.എ അരുണ്‍കുമാറുമായും അടുത്ത സൗഹൃദത്തിലായിരുന്നു.
പുറത്താക്കലിനു കാരണമായ പരാതി അതീവ ഗൗരവമായി പരഗണിച്ചുവെന്ന്‌ അന്നേ സൂചനകളുണ്ടായിരുന്നു. ഷാജിയുടെയും ഷേര്‍ളിയുടെയും വിഎസ്‌ ബന്ധം ഇതിന്‌ ആക്കം കൂട്ടുകയും ചെയ്‌തു. നടപടിക്ക്‌ ഇനി ജില്ലാ കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്‌. എന്നാല്‍ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഎസ്‌ പക്ഷം ഇത്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുമെന്നു തിരിച്ചറിഞ്ഞ്‌, പഴുതുകള്‍ അടച്ചാണ്‌ നടപടി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ ഔദ്യോഗിക പക്ഷം ശേഖരിച്ചിട്ടുണ്ട്‌

No comments:

Post a Comment

Note: Only a member of this blog may post a comment.