Monday, August 8, 2011

വിജിലന്‍സ് കോടതിയെ കരുവാക്കാന്‍ സി.പി.എം നീക്കം


 പാമൊലിന്‍ കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതോടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള വ്യഗ്രതയില്‍ പ്രതിപക്ഷം.
കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം വേണ്ടെന്ന് ഇടതു സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. 1991-ല്‍ നടന്ന പാമോലിന്‍ ഇടപാടില്‍ അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കോടതി ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തി. വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി, ആ വകുപ്പ് ഒഴിയണമെന്നായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരിപൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫ് നേതാക്കളും ഒറ്റക്കെട്ടായി അണിനിരന്നതോടെ പ്രതിപക്ഷത്തിന്റെ നീക്കം പാളി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുന്നണി നേതാക്കള്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
 
മൂന്നുകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത്. പാമോയില്‍ ഇറക്കുമതി സംബന്ധിച്ച വിഷയം മന്ത്രിസഭായോഗത്തില്‍ അസാധാരണ ഇനമായി കൊണ്ടുവരുന്നതിന് ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ നിര്‍ദേശിച്ചപ്പോള്‍ അതില്‍ ധനമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പിട്ടുവെന്നതാണ് ഇതിലെ ഒന്നാമത്തെ കാര്യം. ഫയല്‍ ഒന്നരമാസം ധനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നുവെന്നും 15 ശതമാനം സേവന നികുതി ഈടാക്കുന്നതിനെക്കുറിച്ച് ധനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നുമാണ് മറ്റ് രണ്ടുകാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ തിരുവനന്തപുരം-കരിപ്പൂര്‍-കണ്ണൂര്‍ വിമാനത്താവളങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടക്കുന്ന വേളയിലാണ് പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്. ഈ സമയത്ത് തന്നെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിന് മുന്നില്‍ മാധ്യമപ്പട തടിച്ചുകൂടി. വിധിയെക്കുറിച്ച് പഠിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പോകാന്‍ തയ്യാറായില്ല. ഇതിനിടെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍, ധനമന്ത്രി കെ.എം മാണി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ വി.എസ് ശിവകുമാര്‍, കെ. ബാബു, കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി ബെന്നി ബെഹനാന്‍ എം.എല്‍.എ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലെത്തി. കോടതിയുടെ പരാമര്‍ശത്തെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനും തീരുമാനിച്ചു.
 
ഇതിനിടെ, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അദ്ദേഹത്തിന്റെ വീട്ടിലും കോടിയേരി ബാലകൃഷ്ണന്‍ ഏ.കെ.ജി സെന്ററിലും വാര്‍ത്താസമ്മേളനം വിളിച്ചു. കോടതിയുടെ നിരീക്ഷണത്തിന് വിധിയുടെ സ്വഭാവമാണുള്ളതിനാല്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയേ പോംവഴിയുള്ളൂവെന്ന് വി.എസും വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്ന് കോടിയേരിയും അഭിപ്രായങ്ങള്‍ നിരത്തി. തൊട്ടുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രക്കുറിപ്പ് ഇറക്കിയും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.ഡി.എഫ് നേതാക്കള്‍ കോണ്‍ഫറന്‍സ് ഹാളിന് പുറത്തേക്ക് വന്നു. രമേശ് ചെന്നിത്തലയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിട്ടത്. മുഖ്യമന്ത്രി രാജിവെയ്‌ക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തെ നേരിടാന്‍ തയ്യാറാണ്. പാമോലിന്‍ കേസില്‍ രണ്ട് അന്വേഷണത്തെ ഉമ്മന്‍ചാണ്ടി നേരിട്ടു കഴിഞ്ഞു. മൂന്നാമതൊരു അന്വേഷണംകൂടി വേണമെങ്കില്‍ ആയിക്കോട്ടെ. നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ചെന്നിത്തല പറഞ്ഞു.
 
ഇടതുമുന്നണിയുടെ ഭരണകാലത്താണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഇടതുമുന്നണി ഭരിക്കുമ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാമൊലിന്‍ കേസില്‍ ധനകാര്യ വകുപ്പിന് പങ്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധനകാര്യമന്ത്രിക്ക് പങ്കുണ്ടോയെന്നുകൂടി പരിശോധിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിചാരണയ്ക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ല. മതിയായ തെളിവില്ലാതെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇടതു മുന്നണി ഭരണകാലത്ത് കോടിയേരിയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉമ്മന്‍ ചാണ്ടി പ്രതിയല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വീണ്ടുമൊരു അന്വേഷണം നടത്തുന്നതില്‍ തങ്ങള്‍ക്ക് പരിഭ്രാന്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ഏതൊക്കെ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് വിജിലന്‍സിന്റെ ചുമതല ഉമ്മന്‍ ചാണ്ടി ഒഴിയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ധനമന്ത്രി കെ.എം മാണിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 1991-ല്‍ നടന്ന പാമോലിന്‍ ഇടപാട് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന ആരോപണമാണ് കേസിനാധാരം. അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ നിരപരാധിത്വം തെളിയിക്കാന്‍ മുന്നോട്ട് വച്ച വാദം പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പേരും കേസില്‍ ഉള്‍പ്പെടുന്നത്. ഇതേതുടര്‍ന്ന് കേസില്‍ തുടരന്വേഷണം വേണമെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി വിജിലന്‍സ് എസ്.പിയോട്  ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടും അന്വേഷണത്തിന് സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്.പി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്

No comments:

Post a Comment

Note: Only a member of this blog may post a comment.