Thursday, August 25, 2011

കാര്യക്ഷമതയുടെ നൂറുദിനങ്ങളും കടന്ന് സര്‍ക്കാര്‍ കുതിക്കുന്നു


തിരുവനന്തപുരം: കേരളത്തിന്റെ വികസസ്വപ്‌നങ്ങള്‍ക്ക് അടിത്തറ പാകിയ നൂറുദിനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഇന്നു പിന്നിടുന്നു. പാമോലിന്‍ കേസ് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയായി വളരുന്നതിനിടെയാണ് നൂറു ദിനം ഉമ്മന്‍ചാണ്ടിയും സംഘവും അതിവേഗം നൂറുദിനം പിന്നിടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനായതാണ് മന്ത്രിസഭയുടെ നേട്ടം. പരാജയസമാനമായ വിജയത്തിനുശേഷം തലനാരിഴ ഭൂരിപക്ഷവും കൊണ്ട് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭാരൂപീകരണം കല്ലുകടി നിറഞ്ഞതായിരുന്നു. ധനകാര്യവകുപ്പ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത്, ലീഗിന്റെ അഞ്ചാംമന്ത്രിപ്രഖ്യാപനം, കോണ്‍ഗ്രസ്സില്‍ കഴിവുള്ളവര്‍ അവഗണിക്കപ്പെട്ടത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വല്ല വിധേനയും ക്യാബിനറ്റിന് രൂപം നല്‍കിയ ഉമ്മന്‍ചാണ്ടി പിന്നെ എക്‌സ്പ്രസ് വേഗതയില്‍ കുതിക്കുന്നതാണ് കണ്ടത്.

നൂറുദിനപരിപാടി. കൃത്യമായ ഫോളോ അപ്. നൂറില്‍ അമ്പതെങ്കിലും നേടിയാല്‍ നല്ല പ്രകടനമെന്ന് നിസ്സംശയം പറയാം. സുതാര്യമായിരിക്കും സര്‍ക്കാരെന്ന പ്രഖ്യാപനവും നടപടിയും ഘടകകക്ഷികള്‍ക്കു മേല്‍ പോലും കനത്ത സമ്മര്‍ദ്ദം ചെലുത്തി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വകുപ്പുകള്‍ സാമ്രാജ്യമാക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂലമ്പള്ളി, സ്മാര്‍ട് സിറ്റി, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍, എന്‍ഡോസള്‍ഫാന്‍, സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെയുള്ള ശക്തമായ നടപടികളും ആശ്വാസപദ്ധതികളും, ചെങ്ങറ പാക്കേജ്, പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കുള്ള പാക്കേജ്, സേവനാവകാശ നിയമം എന്നിങ്ങനെ നിരവധി ജനപ്രിയപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതേ സമയം യുഡിഎഫി്‌ന് സ്വതസിദ്ധമായ അച്ചടക്കമില്ലായ്മ സര്‍ക്കാരിന്റെ പതനത്തിന് തൊട്ടടുത്തുവരെ കാര്യങ്ങളെത്തിച്ചുവെന്ന് ധനവിനിയോഗബില്‍ വോട്ടെടുപ്പ് തെളിയിച്ചു. പാമോലിന്‍ കേസിലെ കോടതിവിധി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂടിനോട് ഏറെ അടുപ്പിക്കുന്നതാണ്. അദ്ദേഹത്തിന് വിജിലന്‍സ് വകുപ്പ് ഒഴിയേണ്ടി വന്നു. സ്വാശ്രയപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനെ വിമര്‍ശിച്ചെങ്കിലും അവരെ സര്‍ക്കാര്‍ നയത്തിന് കീഴിലേയ്ക്ക് കൊണ്ടുവരാനോ പ്രശ്‌നം പരിഹരിക്കാനോ കഴിഞ്ഞില്ല.

പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് വലിയ വെല്ലുവിളികളാവും ഇനി നേരിടേണ്ടി വരിക. അധികാരത്തിലേറിയതിന്റെ 99 ാം നാള്‍തന്നെ ചെങ്ങറ സമരത്തിനു പരിഹാരമുണ്ടാക്കന്‍ മുഖ്യമന്ത്രിക്കും സംഘത്തിനും കഴിഞ്ഞു. ചെങ്ങറയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി തുടര്‍ന്നുവന്ന ഭൂസമരം ഒത്തുതീര്‍പ്പിലെത്തിയത് ഇന്നലെയാണ്. ഇപ്പോഴും സമരരംഗത്ത് തുടരുന്ന ആയിരത്തോളം കുടുംബങ്ങള്‍ക്ക് 25 സെന്റ് ഭൂമിവീതം നല്‍കാമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സാധുജനവിമോചനമുന്നണി അംഗീകരിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുനരധിവസിപ്പിക്കപ്പെട്ട 1495 കുടുംബങ്ങള്‍ക്ക് താമസത്തിനായി നല്‍കിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതി പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. റവന്യൂവകുപ്പിന്റെ പ്രതിനിധികള്‍, സാധുജനവിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സി.ആര്‍.നീലകണ്ഠന്‍, കെ.റജികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി അടുത്ത ദിവസം മുതല്‍ പരാതികളില്‍ പരിശോധന നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ പരിശോധന പൂര്‍ത്തീകരിക്കും. വാസയോഗ്യമല്ലെന്ന് സമിതി കണ്ടെത്തുന്ന ഭൂമിക്ക് പകരം ഭൂമി സര്‍ക്കാര്‍ ലഭ്യമാക്കും.

ഇപ്പോഴും ചെങ്ങറയില്‍ സമരം തുടരുന്ന 1000 കുടുംബങ്ങള്‍ക്ക് 25 സെന്റ് വീതം നല്‍കുന്നതിനു വേണ്ട ഭൂമി റവന്യൂവകുപ്പ് കണ്ടെത്തും. സര്‍ക്കാരിന്റെ ഈ നീക്കത്തോട് ഹാരിസണ്‍ കമ്പനി അനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ 1495 കുടുംബങ്ങളെ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഭൂമി നല്‍കിയാണ് പുനരധിവസിപ്പിച്ചത്. ഇതില്‍ ഇടുക്കിയിലെ കീഴാന്തൂര്‍, കാസര്‍കോട് ജില്ലയിലെ പെരിയ എന്നിവിടങ്ങളില്‍ നല്‍കിയ ഭൂമിയെക്കുറിച്ചാണ് കൂടുതല്‍ പരാതിയുണ്ടായിരുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ പുരോഗതി പരിശോധിക്കാന്‍ ഒരു മാസത്തിനുള്ളില്‍ ഒരു തവണകൂടി സാധുജനവിമോചന പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ നല്‍കുകയും വാസയോഗ്യമല്ലെന്ന് കാട്ടി സമരക്കാര്‍ തിരിച്ചുനല്‍കുകയും ചെയ്യുന്ന ഭൂമി ലാന്‍ഡ്ബാങ്കില്‍ നിക്ഷിപ്തമാക്കുമെന്ന് മന്ത്രി അറിയിച്ചു.

ദിവസം 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കാന്‍ ആദ്യത്തെ ഏതാനും നാളുകള്‍ കൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. സുതാര്യതയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിക്കൊണ്ടാണു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള കാഴ്ചകള്‍ ദിവസം മുഴുവന്‍ ലോകത്തെ കാണിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ തന്നെ മറ്റേതെങ്കിലും ഭരണാധികാരിയുടെ ഓഫിസില്‍ ഇത്തരമൊന്നുണ്ടോ എന്നു സംശയമാണ്. സര്‍ക്കാരിനു ജനങ്ങളില്‍ നിന്ന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന സന്ദേശമാണിതു നല്‍കുന്നത്. സ്മാര്‍ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികള്‍ക്കു വേഗം കൂട്ടാനുള്ള ശ്രമങ്ങള്‍ വികസനകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനു തെളിവാകുന്നു. പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിച്ചതും സ്‌കൂളുകളിലെ തലയെണ്ണല്‍ നിര്‍ത്തി അധ്യാപകര്‍ക്കു ജോലിസ്ഥിരത ഉറപ്പാക്കിയതും ജനപ്രിയ നടപടികള്‍ തന്നെ. ഇതേസമയം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീളുന്നതു സര്‍ക്കാരിനെ കുഴയ്ക്കുന്നുണ്ട്. മദ്യനയത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെക്കാളേറെ ഭരണപക്ഷത്തു നിന്നാണ് എതിര്‍സ്വരം.

നിയമസഭയില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനു ഫലപ്രദമായി പ്രവര്‍ത്തിക്കാനാകുമോ എന്നു സംശയമുയര്‍ത്തിയവര്‍ ഇപ്പോള്‍ ആ സംശയം ഉന്നയിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്തണമെങ്കില്‍ യുഡിഎഫ് എംഎല്‍എമാര്‍ സദാ ജാഗരൂകത പാലിക്കേണ്ടിവരും. ധനവിനിയോഗ ബില്‍ വോട്ടിനിട്ടപ്പോള്‍ സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇക്കാര്യത്തിന് അടിവരയിടുന്നു. പാമൊലിന്‍ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ വിധിയാണ് ഈ കാലയളവില്‍ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. മുഖ്യമന്ത്രി രാജിവയ്ക്കുന്ന കാര്യം പോലും വിധി വന്ന ഘട്ടത്തില്‍ ചര്‍ച്ചയ്ക്കു വന്നു. എന്നാല്‍ വിജിലന്‍സ് വകുപ്പ് കയ്യൊഴിഞ്ഞാല്‍ മതിയെന്ന ഉപദേശം ഒടുവില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജിയെ സംബന്ധിച്ചു പ്രതിപക്ഷത്തു നിന്നുയര്‍ന്ന ഭിന്നസ്വരങ്ങള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാരിനെ ഏറെ സഹായിച്ചു. എന്നാല്‍ പാമൊലിന്‍ കേസ് ഡമോക്ലിസിന്റെ വാള്‍ പോലെ സര്‍ക്കാരിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും തലയ്ക്കു മുകളില്‍ തന്നെ തൂങ്ങിക്കിടപ്പുണ്ടെന്നു പറയാതെവയ്യ.

 അതേസമയം സര്‍ക്കാരിന്റെ മികച്ച ഒരു പ്രവര്‍ത്തനവും പതിവുപോലെ പ്രതിപക്ഷനേതാവിന്റെ കണ്ണില്‍പ്പെട്ടിട്ടില്ല. അഴിമതിരഹിത സുതാര്യ ഭരണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ചപ്പടാച്ചി പൊളിഞ്ഞു പാളീസാകാന്‍ നൂറു ദിവസം പോലും വേണ്ടിവന്നില്ലെന്നാണ് വി.എസ്. അച്യുതാനന്ദന്‍ പറയുന്നത്. പാമൊലിന്‍ അഴിമതിയിലെ പങ്ക് അസന്ദിഗ്ധമായി തെളിഞ്ഞിട്ടും സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. തുടരന്വേഷണം നടത്തുന്ന വിജിലന്‍സ് വകുപ്പ് തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ചതു കൊണ്ടു പ്രശ്‌നം തീരില്ല. കാരണം എല്ലാ വകുപ്പുകളുടെയും നിയന്ത്രണാധികാരം മുഖ്യമന്ത്രിക്കാണെന്നതു തന്നെ. തിരഞ്ഞെടുപ്പുഫലം വന്ന ദിവസം തന്നെ ഉമ്മന്‍ ചാണ്ടിയെ കുറ്റമുക്തനാക്കി വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതേ നെറ്റോയെ വിജിലന്‍സ് ഡയറക്ടര്‍ ആക്കിയാണ് ഉമ്മന്‍ ചാണ്ടി പ്രത്യുപകാരം ചെയ്തത്.

താനും തന്റെ മന്ത്രിസഭയിലെ മറ്റു ചിലരും ഉള്‍പ്പെട്ട കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പിനെ ദുരുപയോഗപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ടവരെ സ്ഥലംമാറ്റി നിര്‍വീര്യരാക്കി. അനവധി കേസുകളില്‍പ്പെട്ട ടോമിന്‍ ജെ. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തു. ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അനധികൃത പരോള്‍ നല്‍കി പഞ്ചനക്ഷത്ര ആശുപത്രിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി. കാസര്‍കോട് കലാപം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷനെ പിരിച്ചുവിട്ടതു ലീഗിനെ രക്ഷിക്കാനാണ്. അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനാണു സര്‍ക്കാര്‍ തുടക്കം മുതലേ ശ്രമിച്ചത്. വിദ്യാഭ്യാസ മേഖല സര്‍വത്ര അലങ്കോലമാക്കിയതാണു നൂറുദിന ഭരണത്തിലെ പ്രധാന നേട്ടം.

No comments:

Post a Comment

Note: Only a member of this blog may post a comment.