Sunday, August 14, 2011

അന്ന് ഉറങ്ങിയിട്ട് ഇപ്പോള്‍ ചെളിയേറ്

വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയും ജുഡീഷ്യല്‍ കമ്മിഷനും വിജിലന്‍സ് കോടതിയുമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചകളുടെ പ്രഭവ കേന്ദ്രങ്ങള്‍. അഴിമതി കണ്ടെത്താനുള്ള സംവിധാനങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, അധികാരത്തിലിരുന്നപ്പോള്‍ അതിനു ശ്രമിക്കാതെ, ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ത്തിവിടുകയാണു പ്രതിപക്ഷം, അതുവഴി ചെളിയെറിയാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നു. 

ഇരുപതു വര്‍ഷം മുമ്പത്തെ പാമോയില്‍ കേസിനെ ഇപ്പോള്‍ വിവാദമാക്കുമ്പോള്‍ , ഈ ഇരുപതു വര്‍ഷത്തിനിടെ ഇടതുപക്ഷം കേരളത്തില്‍ ഭരിച്ചില്ലെന്നു കരുതേണ്ടി വരും. അതു പോലെയാണു കാസര്‍ഗോഡ് കലാപവും. ലീഗിനെ വേട്ടയാടാന്‍ ഇപ്പോള്‍ കലാപം ഉപകരണമാക്കുന്നതു കാണുമ്പോള്‍, ആ കലാപം നടന്ന സമയത്ത് ഇടതുപക്ഷമല്ല യുഡിഎഫാണു കേരളം ഭരിച്ചിരുന്നതെന്നു തോന്നിയേക്കാം.

ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കുന്നതു വരെ പൊലീസ് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തിന്‍റെ പേരിലെന്നു വിശദീകരിക്കേണ്ടത് ഇപ്പോഴത്തെ പ്രതിപക്ഷമാണ്. കലാപം നടത്താനായിരുന്നു നീക്കമെങ്കില്‍ അതു മുന്‍കൂട്ടി അറിയാതിരുന്ന ആഭ്യന്തര വകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചുവിടുക തന്നെ വേണം. അന്നു സര്‍ക്കാരിനെ നന്നായി “സേവിച്ച’ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വീണ്ടും സര്‍വീസില്‍ തുടരാന്‍ അനുവദിച്ച ശേഷം ഇപ്പോള്‍ ഏകപക്ഷീയമായ മൊഴികളുടെ പേരില്‍ കലാപക്കൊടി ഉയര്‍ത്തുന്നത് അതിലും വിചിത്രം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ വിളിച്ചുപറയുന്ന പാമോയില്‍ കേസിനു രണ്ടു ദശാബ്ദം പഴക്കമുണ്ട്. 1991 ല്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നപ്പോഴാണു കേസിന്‍റെ തുടക്കം. അന്നു നിയമസഭയിലും പുറത്തും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷം ഇരയാക്കിയത് കരുണാകരനെയും ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയെയുമായിരുന്നു. ഒരിക്കലും ഉമ്മന്‍ ചാണ്ടിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ല. 1997 ലാണു സംഭവുമായി ബന്ധപ്പെട്ടു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് ഒന്നാം പ്രതിസ്ഥാനത്തു കെ.കരുണാകരനായിരുന്നു. ഇതിനെ ചോദ്യം ചെയ്തു കെ.കരുണാകരന്‍ സുപ്രീം കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. ഇതിനിടെ നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട പ്രകാരം നിയമസഭാ സമിതിയെ ക്കൊണ്ടു വിവാദം അന്വേഷിപ്പിച്ചു. 

1993 ല്‍ സിആന്‍ഡ് എജിയുടെ റിപ്പോര്‍ട്ട് നിയമസഭയിലെത്തിയപ്പോള്‍ അതിലെ പരാമര്‍ശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ കോലാഹലം. ഇതോടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അന്വേഷണം തീരുമാനിക്കപ്പെട്ടു. 1996 ല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തയാറായി. എന്നാല്‍ കാലാവധി അവസാനിക്കാറായ നിയമസഭയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടില്ല. 1999 ല്‍ സിപിഎമ്മിലെ മേഴ്സിക്കുട്ടിയമ്മ ചെയര്‍പേഴ്സനായിരുന്ന കമ്മിറ്റിയാണു റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ചത്. ഇതിലും ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നു പരാമര്‍ശിക്കുകയോ സൂചനകള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതിനു ശേഷം 2005 ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചു.

പിന്നാലെയെത്തിയ ഇടതുസര്‍ക്കാര്‍ പിന്‍വലിച്ച തീരുമാനം റദ്ദാക്കി. ഇതിനിടെ കെ.കരുണാകരനും നിയമപരമായി കേസിനെ നേരിട്ടു. കേരള രാഷ്ട്രീയം കണ്ട ഭീഷ്മാചാര്യര്‍ അനാരോഗ്യത്താല്‍ അവശനായി കഴിയുമ്പോഴും കേസു കോടതികളില്‍ നിന്നു കോടതികളിലേക്കു പോയി. കെ.കരുണാകരനോടുള്ള അന്ധമായ വിരോധം തീര്‍ക്കാനെന്നവണ്ണം രാഷ്ട്രീയ മര്യാദകളുടെ സീമകളെല്ലാം ലംഘിച്ച് വൈരനിരാതന ബുദ്ധിയോടെയാണു വി.എസ്. അച്യുതാനന്ദന്‍ മുന്നോട്ടു നീങ്ങിയത്. കരുണാകരന്‍റെ നില ആശുപത്രിയില്‍ വഷളായിക്കൊണ്ടിരിക്കുമ്പോഴും വിടാന്‍ അച്യുതാനന്ദനു ഭാവമില്ലായിരുന്നു. കെ.കരുണാകരന്‍റെ മരണശേഷമാണ് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വച്ചു വി.എസ്. അച്യുതാനന്ദന്‍ കേസ് തിരിക്കുന്നത്.

2011 ല്‍ വിജിലന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്കു വന്നു. ഈ സമയത്ത് ഇടതുസര്‍ക്കാര്‍ നിയമിച്ച വിജിലന്‍സ് അന്വേഷക സംഘമാണു റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടില്‍ നിലിവിലുള്ള പ്രതികളെയല്ലാതെ മറ്റാരെയും പ്രതി ചേര്‍ക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതില്‍ 23-ാം സാക്ഷിയായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ സ്ഥിതി മാറി മറിഞ്ഞു. വിജിലന്‍സ് അന്വേഷക സംഘം തെളിവില്ലാത്തതിന്‍റെ അടിസ്ഥാനത്തില്‍ സാക്ഷിയാക്കിയ ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്തേക്ക് ആരോപിതനാകുകയും 20 വര്‍ഷത്തിനുശേഷം ആരോപണങ്ങള്‍ സജീവമാകുകയും ചെയ്തു.

കാത്തിരുന്ന നിധി കിട്ടിയതു പോലെ പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഉമ്മന്‍ ചാണ്ടിയുടെ രക്തത്തിനു മുറവിളി കൂട്ടുന്നു. ഇതേ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും അവരുടെ പാര്‍ട്ടിയും 20 വര്‍ഷത്തിനിടെ തവണ വച്ചു ഭരിച്ചപ്പോഴൊന്നും അന്വേഷണം നടത്തിയവര്‍ക്ക് ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവു കിട്ടിയില്ല. അന്നു കോടതികള്‍ കയറിയിറങ്ങിയ അച്യുതാനന്ദന്‍ ഒരിക്കല്‍ പോലും ഇത്ര രൂക്ഷമായി ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടുമില്ല. ഇതിനിടെ ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയായി. അന്നുപോലും ഈ കേസുയര്‍ത്തി മുള്‍ മുനയില്‍ നിര്‍ത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നാടകം എന്തിനു വേണ്ടിയെന്നു പരിശോധിക്കുക തന്നെ വേണം.

2009 നവംബര്‍ അഞ്ചിനു കാസര്‍ഗോട്ടുണ്ടായ കലാപമാണു വിവാദത്തില്‍ നിറയുന്ന മറ്റൊരു കേസ്. മുസ്ലിം ലീഗ് വര്‍ഗീയ കലാപത്തിനു ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നാണു വാദം. ജസ്റ്റിസ് എം.എ. നിസാറിന് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ തെളിവ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ ചേര്‍ന്ന യോഗത്തിനു മുന്നോടിയായി നടന്ന പ്രകടനം, ആസൂത്രിതമായ വലിയ കലാപത്തിന്‍റെ തുടക്കമായിരുന്നുവെന്നും അതുകൊണ്ടാണു ശക്തമായ നടപടികള്‍ സ്വീകരിച്ചതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതിന്‍റെ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ സാംഗത്യം വ്യക്തമാകും. ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലീഗിനെ പ്രതിക്കൂട്ടിലാക്കുന്ന ഇടതുപക്ഷവും കമ്മിഷന്‍റെ മുന്‍കാല രാഷ്ട്രീയം ആയുധമാക്കി തിരിച്ചടിക്കുന്ന ലീഗും യുഡിഎഫും സത്യത്തില്‍ ഇവിടെ യഥാര്‍ഥ്യത്തിനു മേല്‍ മറയിടുകയാണ്. 

യഥാര്‍ഥത്തില്‍ ഇവിടെ പരിശോധിക്കപ്പെടേണ്ട നിരവധി വസ്തുതകള്‍ വിവാദങ്ങളില്‍ മുങ്ങിപ്പോകുന്നു. മുസ്ലിം ലീഗ് അധ്യക്ഷന്‍ ഒരു രാഷ്ട്രീയ നേതാവല്ല. ആത്മീയ നേതാവിന്‍റെ പരിവേഷമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ കലാപം സൃഷ്ടിക്കാന്‍ ലീഗ് അണികള്‍ തയാറാകില്ല. ഇവര്‍ പോയ ശേഷം നടത്തിയ ആക്രമണങ്ങള്‍ക്കു ന്യായീകരണവുമില്ല. ആസൂത്രിതമായി ആക്രമണം നടത്തിയെന്നാണു പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അതു നേരത്തെ അറിയാതിരുന്നത് എന്തു കൊണ്ടെന്ന മറുചോദ്യം ഇതുവരെ ഒരു കേന്ദ്രത്തിലും നിന്നുയര്‍ന്നില്ല. കലാപത്തിന്‍റെ ആസൂത്രണം എന്ന ആരോപണം ഉന്നയിക്കുന്ന, ഇടതു സര്‍ക്കാരിന്‍റെ കാലത്തെ ഇന്‍റലിജന്‍സ് സംവിധാനങ്ങള്‍ക്ക്, ഈ ആസൂത്രണം അറിയാന്‍ കഴിഞ്ഞില്ലെന്നു പറയാനാവില്ല. പറഞ്ഞാല്‍ അന്നത്തെ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലായേ മതിയാകൂ.

ആസൂത്രിതമായ കലാപം നേരത്തെ അറിഞ്ഞിരുന്നെന്നു വ്യക്തമാക്കിയാല്‍, കൂടുതല്‍ പൊലീസ് സംവിധാനം ഒരുക്കാത്തതിനു പൊലീസും പ്രതിക്കൂട്ടിലാകും. അനുമതിയില്ലാതെ പ്രകടനം നടത്തിയപ്പോള്‍ തടയാനുള്ള പൊലീസ് സംവിധാനം കലാപ പ്രദേശത്തില്ലായിരുന്നുവെന്നു വേണം കരുതാന്‍. കലാപ ശ്രമങ്ങള്‍ തുടങ്ങിയതിനു ശേഷമാണു പൊലീസ് നടപടികള്‍ ആരംഭിച്ചത്. ഇതിനു അവര്‍ നല്‍കുന്ന ന്യായീകരണം പ്രകടനം നടത്തില്ലെന്നു നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ്. നേതാക്കളുടെ ഉറപ്പു വിശ്വസിച്ചാണു രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പൊലീസിനെ വിന്യസിക്കുന്നതെന്നാണു ഈ വാദം കേട്ടാല്‍ തോന്നുക. ഇന്‍റലിജന്‍സ് സംവിധാനത്തില്‍ വന്ന വീഴ്ച കലാപം നിയന്ത്രണാധീനമാക്കുന്നതിനു തടസമായി. ഇതംഗീകരിക്കാന്‍ പൊലീസ് തയാറല്ല. മുന്‍ കരുതലില്ലാതെ നിന്ന പൊലീസിന് അക്രമം ഉണ്ടായപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയായി. പിന്നീട് വെടിവയ്പ്പു നടത്തി നിയന്ത്രണാധീനമാക്കാന്‍ ശ്രമിച്ചു. അതും പരാജയമായി. വെടിവയ്പ്പില്‍ ഒരാളും കത്തിക്കുത്തില്‍ ഒരാളും കൊല്ലപ്പെട്ടു. ഇതോടെ കലാപകാരികളോടൊപ്പം പൊലീസും പ്രതിക്കൂട്ടിലായി. സംഭവസ്ഥലത്തു ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പ്രധാന പ്രതികളായി.

ഈ പ്രതികളാണു ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയെടുത്തതല്ലാതെ ഇവരെ വിചാരണ ചെയ്യുന്നതിനോ ഇവര്‍ കുറ്റക്കാരായി ചിത്രീകരിച്ചവരുടെ മറുവാദം കേള്‍ക്കുന്നതിനോ കമ്മിഷനു കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ പ്രതികളായവരുടെ ഏകപക്ഷീയമായ മൊഴിയുടെ അടിസ്ഥാനത്തിലാണു കുറ്റപ്പെടുത്തല്‍ തുടങ്ങിയിരിക്കുന്നത്. ഒരു പ്രകടനം നടത്തുമ്പോള്‍ അതിനുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുണ്ടാകും. ചില അവസരങ്ങളിലെങ്കിലും സാമൂഹികവിരുദ്ധര്‍ നുഴഞ്ഞു കയറുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യും. എസ്എഫ്ഐയും കെഎസ്യുവും ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസുമൊക്കെ നടത്തുന്ന പല പ്രകടനങ്ങളും നേതാക്കള്‍ക്കു പോലും നിയന്ത്രിക്കാന്‍ കഴിയാതെ അക്രമാസക്തമായിട്ടുണ്ട്. ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളായിരുന്നുവെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ അവര്‍ തയാറാകുമോ. അങ്ങനെ തയാറാകാത്ത നേതാക്കളാണു കലാപത്തിന്‍റെ പേരില്‍ ലീഗിനെ കുറ്റം ചുമത്തി ശിക്ഷ വിധിക്കുന്നത്. 

കലാപത്തില്‍ ലീഗിന് ഉത്തരവാദത്വമില്ലെന്നല്ല. അണികളെ നിയന്ത്രിക്കാനും ഏതെങ്കിലും സാമൂഹികവിരുദ്ധര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍ തിരിച്ചറിയാനും നേതൃത്വത്തിനു കഴിഞ്ഞില്ല. ഇതുകൊണ്ടുതന്നെ ഉത്തരവാദിത്വത്തില്‍ നിന്നു പൂര്‍ണമായി ഒഴിഞ്ഞുമാറാന്‍ ഇവര്‍ക്കാകില്ല. എന്നാല്‍ കലാപം ആസൂത്രണം ചെയ്തു എന്ന കുറ്റമാരോപിച്ച്, പൂര്‍ണ ഉത്തരവാദിത്വം ലീഗിന്‍റെ പുറത്തു ചാരി മന്ത്രിയായ കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെടുന്നവര്‍ യഥാര്‍ഥ പ്രതികളെ ഒരു തരത്തില്‍ രക്ഷിക്കുകയാണ്. സാമൂഹികവിരുദ്ധര്‍ ലീഗിന്‍റെ പ്രകടനത്തില്‍ നുഴഞ്ഞു കയറിയെങ്കില്‍ അവരും, മുന്‍കൂട്ടി വിവരം അറിയുന്നതില്‍ പരാജയപ്പെട്ട ഇന്‍റലിജന്‍സും കലാപം നിയന്ത്രിക്കാന്‍ കഴിയാതെ വെടിവയ്ക്കുകയും ഒരു ജീവനെടുക്കുകയും ചെയ്ത പൊലീസും രക്ഷപ്പെടുമ്പോള്‍ രാഷ്ട്രീയ ലാഭം മാത്രം നോക്കുന്നവര്‍ക്കു കുറച്ചു ദിവസം പ്രസ്താവനകള്‍ നടത്തി കാലംകഴിക്കാമെന്നല്ലാതെ ഏതെങ്കിലും രാഷ്ട്രീയമൂല്യത്തിന്‍റെ അക്കൗണ്ട് ബുക്കില്‍ ചേര്‍ക്കാവുന്ന മറ്റൊരു നേട്ടവുമില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.