Tuesday, August 16, 2011

പാര്‍ട്ടിയില്‍ തിരിച്ചടി:വി.എസ് അച്യുതാനന്ദന്‍ തന്റെ ഇഷ്ടനമ്പര്‍ പുറത്തെടുത്തു കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും വീണ്ടും


സി.പി.എം സംസ്ഥാനസമ്മേളനത്തിനു മുമ്പുള്ള ശാക്തിക ബലാബലത്തില്‍ പിണറായി വിഭാഗത്തോട് കടുത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ തന്റെ ഇഷ്ടനമ്പര്‍ പുറത്തെടുത്തു. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള ഐസ്‌ക്രീം കേസ് വീണ്ടും പൊടിതട്ടിയെടുത്ത് രംഗത്തുവരികയാണ് വി.എസ്. ഇതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടിക്കെതിരേ വെളിപ്പെടുത്തലുകള്‍ നടത്തിയ അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ കെ.എ. റഊഫുമായി വി.എസ് കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, മുന്‍ എം.എല്‍.എ. ചെര്‍ക്കളം അബ്ദുള്ള തുടങ്ങിയവര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ അബ്ദുള്‍ അസീസുമായും പ്രതിപക്ഷ നേതാവ് രഹസ്യകൂടിക്കാഴ്ച നടത്തി. തൃശൂര്‍ രാമനിലയത്തിലായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കേസുകളുടെ കാര്യമാണ് ചര്‍ച്ച ചെയ്തതെന്ന് വി.എസ് പറഞ്ഞു. എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അടുത്ത അനുയായികളായി അറിയപ്പെടുന്നവര്‍ പോലും തള്ളിപ്പറഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും രക്ഷയാണ് വി.എസിന്റെ ലക്ഷ്യം.

 പാര്‍ട്ടി സമ്മേളനങ്ങള്‍ അടുത്തിരിക്കെ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്നും മണ്ണ് ചോര്‍ന്നു പോകുമോ എന്ന ആശങ്കയിലാണ് അവര്‍. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതും വി എസ് അനുകൂല പ്രകടനം നടത്തിയവരെ സംരക്ഷിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതും പാര്‍ട്ടി സമ്മേളനങ്ങള്‍ ലക്ഷ്യമിട്ടാണ്. എന്നാല്‍, സംസ്ഥാന സമിതിയില്‍ ഇത് വലിയ വിമര്‍ശനത്തിന് കാരണമായി. തനിക്കെതിരെ പ്രമേയം പാസാക്കുമെന്നത് മുന്നില്‍ കണ്ട് വി എസ് സംസ്ഥാന സമിതി നടക്കവെ പത്രസമ്മേളനം വിളിച്ച് ബര്‍ലിനെ തള്ളിപ്പറഞ്ഞെങ്കിലും വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനായില്ല.

വി എസിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ചന്ദ്രന്‍ പിള്ളയും രവീന്ദ്രനാഥും സി എസ് സുജാതയും,മേഴ്‌സിക്കുട്ടിയമ്മയും ഒക്കെ വി എസിന്റെ ചെയ്തികളെ വിമര്‍ശിക്കാന്‍ മുന്നിലുണ്ടായിരുന്നു. ഇതില്‍ അന്ധാളിച്ച് പോയ വി എസ് പക്ഷത്തിന് വലിയ തിരിച്ചടിയാണ് എറ്റിരിക്കുന്നത്. പാര്‍ട്ടി വിലക്കിയിട്ടും ബര്‍ലിന്റെ വീട്ടില്‍ പോയ വി എസ് ഭക്ഷണം കഴിക്കാന്‍ വിലക്കുണ്ടെന്ന് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞത് ശരിയായില്ലെന്നാണ് പൊതുവെ അഭിപ്രായമുയര്‍ന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബെര്‍ലിന്‍ വി എസിന്റെ സന്ദര്‍ശന ശേഷം പിണറായിയെ മുതലാളീത്തത്തിന്റെ ദത്തുപുത്രനെന്നും മറ്റും ആക്ഷേപിച്ചിരുന്നു. തനിക്ക് ഇത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ വി എസ് പിന്നീട് പത്രസമ്മേളനത്തില്‍ പിണറായിയെ ന്യായീകരിച്ച് സംസാരിക്കുകയുണ്ടായി. എന്നാല്‍, ഇത് സംസ്ഥാന സമിതി പരിഗണിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ കാസര്‍കോട് തനിക്ക് വേണ്ടി പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് ശരിയായില്ലെന്നും അത് പുനപരിശോധിക്കുമെന്നും വി എസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതിനുള്ള ലൈസന്‍സല്ല എന്നും വി എസിനെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഏതായാലും വി എസിനെ കൂടെ നിന്നവരും തള്ളിപ്പറഞ്ഞതില്‍ ഔദ്യോഗിക വിഭാഗം അഹ്‌ളാദത്തിലാണ്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ സ്വന്തം അണികളെ ഉഷാറാക്കി സംഘടനയെ ചൊല്‍പ്പടിയിലാക്കാനുള്ള വി എസിന്റെ നീക്കം പാളിയതിന്റെ സന്തോഷത്തിലാണ് അവര്‍. പാര്‍ട്ടിയില്‍ തിരിച്ചടി നേരിടുമ്പോള്‍ പീഡനക്കേസുമായി രംഗത്തെത്തുന്ന വി.എസിന്റെ പതിവു നീക്കമാണ് കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കേസുകള്‍ ശക്തമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്ത്രീപീഡനക്കാരെ കയ്യാമം വയ്ക്കുമെന്ന നടക്കാത്ത സുന്ദരവാഗ്ദാനം നല്‍കി ഒരുതവണ മുഖ്യമന്ത്രിക്കസേര വരെ സ്വന്തമാക്കിയ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടുമൊരു പീഡനക്കേസിന്റെ മറവില്‍ പാര്‍ട്ടിയില്‍ ശക്തിപരീക്ഷണത്തിനു ഇറങ്ങിത്തിരിക്കുകയാണ് അദ്ദേഹം. നേരത്തെ കവിയൂര്‍ കിളിരൂര്‍ സൂര്യനെല്ലി പീഡനങ്ങളുടെ കഥ പൊതുവേദികളില്‍ നീട്ടിപ്പാടിയാണ് വി.എസ് മുഖ്യമന്ത്രിക്കസേരയിലെത്തിയത്.

അഞ്ചുവര്‍ഷം ഭരണത്തില്‍ തുടര്‍ന്നിട്ടും കവിയൂര്‍ കേസിലെ പ്രതികളെ നിയമത്തിനു കൊണ്ടുവരാന്‍ വി.എസിനു കഴിഞ്ഞിരുന്നില്ല. പി്ന്നീട് തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ അടിയന്തരമായി ആസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി. എസ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. സി. പി. എം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ക്കുള്ള ആദ്യപടിയായി കത്ത് നല്കിയത്. വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ച ആളാണ് രവീന്ദ്രന്‍. കഴിഞ്ഞ ജൂലൈ എട്ടിന് രവീന്ദ്രന്റെ വീട്ടിലെ ജോലിക്കാരി ഒളിച്ചോടിപ്പോയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായ വിവരം രവീന്ദ്രന്‍ തന്നെയാണ് മ്യൂസിയം പൊലീസിനെ അറിയിച്ചത്. തീരെ സാമ്പത്തികശേഷി ഇല്ലാത്ത വീട്ടിലെ കുട്ടിയെ രവീന്ദ്രന്‍ വീട്ടിലെ സഹായിയായി കൊണ്ടുവന്നത് കുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നെന്നാണ് സി. പി. എം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.

ഔദ്യോഗിക നേതൃത്വത്തിന്റെ താത്പര്യപ്രകാരം കൂടിയാണ് രവീന്ദ്രനെ വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാ ത്ത കുട്ടിയെ ജോലിക്ക് നിറുത്തിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുമുമ്പാണ് രവീന്ദ്രനെ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി. എസ് സി. പി. എം നേതൃത്വത്തിന് കത്ത് നല്‍കിയത്. എന്നാല്‍ അതിന് ശേഷം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ കത്ത് പരിഗണനയ്ക്ക് എടുത്ത് ചര്‍ച്ച ചെയ്തില്ല. ഇതില്‍ കുപിതനായ വി. എസ് എതിര്‍പക്ഷം നല്‍കിയ കത്തിന് പരോക്ഷ പിന്തുണയും നല്‍കി. ഇക്കാര്യത്തില്‍ വി. എസ് ഇരട്ടത്താപ്പ് കാട്ടുകയാണെന്നും ആക്ഷേപമുണ്ട്.

ഏതാനും വര്‍ഷം മുമ്പ് വി. എസിന്റെ കീഴിലുണ്ടായിരുന്ന ഇന്‍ലാന്റ് വാട്ടര്‍ കോര്‍പ്പറേഷന്റെ ചുമതല ഉണ്ടായിരുന്ന സി. കെ. മേനോനെ അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പേരിന് സസ്‌പെന്റ് ചെയ്‌തെങ്കിലും കേസ് നിലനില്‍ക്കെ തന്നെ വി. എസ്. അച്യുതാനന്ദന്‍ മേനോന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി വീണ്ടും പഴയ തസ്തികയില്‍ തന്നെ പ്രതിഷ്ഠിച്ചു. ഇതേ വി. എസ്. തന്നെ ഇപ്പോള്‍ കാര്യമില്ലാത്ത സ്ത്രീപീഡനവാദവുമായി രംഗത്തെത്തിയതാണ് പാര്‍ട്ടി നേതൃത്വത്തിന് രുചിക്കാത്തത്. കേസ് വി.എസ് ഉദ്ദേശിച്ചിടത്തു കൊണ്ടുകെട്ടാനായില്ല. ഇതോടെ തന്റെ തുറുപ്പുചീട്ടായ ഐസ്‌ക്രീം കേസുമായി വി.എസ് വീണ്ടും അങ്കത്തട്ടിലെത്തുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.