Saturday, August 13, 2011

വിഎസ് പാര്‍ട്ടി ലൈനിലേക്ക് വരണം

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങള്‍ അഴിച്ചുവിടുന്ന പ്രവര്‍ത്തനരീതി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തിരുത്തമെന്ന് സിപിഎം സംസ്ഥാന സമതി.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീടു വി.എസ്. സന്ദര്‍ശിച്ചശേഷം ബെര്‍ലിന്‍ നടത്തിയ പ്രസ്താവനകളെ നിഷേധിക്കാന്‍ വി.എസ് കാലതാമസം വരുത്തിയെന്ന ആക്ഷേപമാണു രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്. ബര്‍ലിന്റെ വസതി സന്ദര്‍ശിച്ചതും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് വിഎസ് സ്വീകരിച്ച വിരുദ്ധനിലാപടും കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.

ബര്‍ലിന്‍ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് വിഎസിനെതിരെ ഉയര്‍ന്നത്. ഇരുപത്തെട്ടോളം പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍മാത്രമേ രൂക്ഷമായ ഭാഷ ഉപയോഗിക്കാതിരുന്നത്.

മറുപടി പ്രസംഗത്തിനു മുന്‍പായി സെക്രട്ടേറിയറ്റ് യോഗം ചേരുകയും സംസ്ഥാന സമിതിയുടെ വികാരം കേന്ദ്രനേതൃത്വത്തെ അറിയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. വി.എസിന്റെ ഘടകം കേന്ദ്രകമ്മിറ്റിയായതിനാലാണ് ഇക്കാര്യം മേല്‍ഘടകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചത്.

വിഎസിനു യോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തുപോകണമെന്ന മട്ടില്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് എന്‍. മാധവന്‍കുട്ടിയോട് വിശദീകരണം ചോദിക്കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം വി.എസ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എംഎം ലോറന്‍സ് വിഎസിനെതിരെ തുടര്‍ച്ചയായി നടത്തുന്ന പരസ്യപ്രസ്താവനകളും യോഗം പരിഗണിച്ചു. ലോറന്‍സിന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ ഐക്യത്തിനു ഗുണം ചെയ്യില്ലെന്ന് അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ബന്ധപ്പെട്ട ഘടകങ്ങളില്‍ ഉന്നയിച്ചാല്‍ മതിയെന്നു കര്‍ശന നിര്‍ദേശം നല്‍കി.

സംഘടനാ സമ്മേളനങ്ങള്‍ ലക്ഷ്യമിട്ടാണ് വി.എസ് നീങ്ങുന്നതെന്നു ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിക്ക് അതീതനാകാനും സമ്മേളനങ്ങള്‍ ആരംഭിക്കും മുന്‍പ് വിഭാഗീയത ശക്തിപ്പെടുത്താനുമാണു ശ്രമിക്കുന്നത്. യുഡിഎഫ് പ്രതിസന്ധിയിലകപ്പെട്ടു നില്‍കുന്ന രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ പോലും കഴിയാതെ വന്നതിനു പിന്നില്‍ വി.എസിന്റെ നടപടികളാണെന്നും കുറ്റപ്പെടുത്തലുകളുണ്ടായി.

No comments:

Post a Comment

Note: Only a member of this blog may post a comment.