Wednesday, August 10, 2011

നിയമസഭയില്‍ കള്ളവോട്ടെന്ന ആരോപണം പ്രതിപക്ഷം നാണം കെട്ടു .ഇന്ന് നടക്കുന്ന വീഡിയോ പരിശോധനയില്‍ നിന്ന് തന്ത്രപൂര്‍വ്വം പിന്മാറി


ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
ആരോപണവുമായി രംഗത്തെത്തിയ പ്രതിപക്ഷം, ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചതിന്റെ തലേദിവസം നാടകീയമായി പിന്മാറി. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തുനല്‍കി. ആരോപണമുന്നയിച്ചവര്‍ തന്നെ തോല്‍വി സമ്മതിച്ച് പിന്തിരിയുകയായിരുന്നു. സര്‍ക്കാരിലെ നില അപകടത്തിലാണെന്ന് പ്രചരിപ്പിക്കാനാണ് കള്ളവോട്ടു നടന്നുവെന്ന ആരോപണമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെ ഇക്കാര്യത്തില്‍ മുന്നില്‍ നിന്നത്. വീഡിയോ ദൃശ്യങ്ങളുടെ പരിശോധനക്ക് കാലതാമസം നേരിട്ടതിനാല്‍ രേഖകളില്‍ കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്ന വാദമുന്നയിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. അതേസമയം പ്രതിപക്ഷം ബഹിഷ്‌കരിച്ചാലും പരിശോധന നടത്തുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ധനവിനിയോഗ ബില്‍ പാസാക്കാനുള്ള വോട്ടെടുപ്പിനിടെ കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.
 
ഇതേതുടര്‍ന്ന് ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പു ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കഴിഞ്ഞ രണ്ടിനാണ് സ്പീക്കര്‍ക്കു കത്തുനല്‍കിയത്. പ്രതിപക്ഷ നേതാവിന്റെ സൗകര്യം കൂടി അറിഞ്ഞശേഷം ഇതു സംബന്ധിച്ച് തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. 
വോട്ടെടുപ്പില്‍ ഭരണപക്ഷം കള്ളവോട്ടു ചെയ്‌തെന്ന് പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും ആവര്‍ത്തിച്ച് ആരോപിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് മുഖ്യന്ത്രി സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കള്ളവോട്ടു ചെയ്തുവെന്ന ആരോപണത്തെ അതീവ ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നതെന്നും ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും നോക്കിനില്‍ക്കെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഒരു എം.എല്‍.എയുടെ വോട്ട് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മറ്റൊരു എം.എല്‍.എ ചെയ്തുവെന്ന ആരോപണം നിസാരമായി കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി സ്പീക്കറെ അറിയിക്കുകയായിരുന്നു.
 
ആരുടെ വോട്ട് ആരാണു കള്ളവോട്ടായി ചെയ്തതെന്നു വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് ഗുരുതരമായ ആരോപണമുന്നയിച്ചതോടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിക്കാന്‍ ഭരണകക്ഷി തയാറാണെന്നും ഇതിനോട് പ്രതിപക്ഷം സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 27നുതന്നെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനും കത്തയച്ചു.വീഡിയോ ദൃശ്യം പരിശോധിച്ചാല്‍ കള്ളവോട്ട് ചെയ്തയാളെ സര്‍ക്കാരിനു തന്നെ കണ്ടുപിടിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനെയ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് കത്തയച്ചത്. ഏത് എം.എല്‍.എയുടെ വോട്ടാണ് കള്ളവോട്ടായി ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുത്ത ഭരണകക്ഷി എം.എല്‍.എമാരുടെ ലിസ്റ്റും കത്തിനോടൊപ്പം നല്‍കി.  വീഡിയോ രേഖകളില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നതിനാലും അനാവശ്യ വിവാദമുയര്‍ത്തി അപഹാസ്യരാകുമെന്നതിനാലും മുഖം രക്ഷിക്കാനാണ് ബഹിഷ്‌കരണ തന്ത്രവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
 
ആരോപണമുന്നയിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ നടത്തിയ പ്രഹസന പ്രക്ഷോഭങ്ങളുടെ മുനയൊടിഞ്ഞ തീരുമാനമാണ് ഇന്നലെ പ്രതിപക്ഷം തന്നെ കൈക്കൊത്. ജൂലൈ 20ന് നിയമസഭയില്‍ ധനകാര്യ ബില്ലിന്റെ വോട്ടെടുപ്പ് വേളയില്‍ ഭരണപക്ഷത്തിന് മതിയായ ഭൂരിപക്ഷം ഇല്ലായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണപക്ഷത്തുനിന്ന് മൊത്തം 69 പേരാണ് വോട്ടു ചെയ്തത്. ഹൈബി ഈഡന്‍, ടി.യു കുരുവിള എന്നിവരും എല്‍.ഡി.എഫില്‍ നിന്ന് പുരുഷന്‍ കടലുണ്ടിയും ഹാജരായിരുന്നില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.