Monday, August 8, 2011

വിവാദങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി ബെര്‍ലിന്‍: പാര്‍ട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകും


 സി.പി.എമ്മിലെ ഗ്രൂപ്പുപോരില്‍ വി.എസ് അച്യുതാനന്ദനൊപ്പം നില്ക്കുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടി രഹസ്യങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കുന്നു. ഇ.എം.എസ് നമ്പൂതിപ്പാടിന്റെ കാലംമുതല്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫീസില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്തിരുന്ന ബര്‍ലിന്‍ അറിയാത്ത പാര്‍ട്ടി രഹസ്യങ്ങളൊന്നുമില്ല. ഇടയ്ക്കുകുറേക്കാലം ബര്‍ലിനില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കിയിരുന്നുവെങ്കിലും കേരളത്തിലെ പാര്‍ട്ടി രേഖകളെല്ലാം ബര്‍ലിന് മനഃപാഠം. കേരളത്തിലെ നേതാക്കളും കേന്ദ്രവും തമ്മിലുള്ള കത്തിടപാടുകള്‍ നടത്തിയിരുന്നത് പ്രധാനമായും ബര്‍ലിനിലൂടെയായിരുന്നു. ഏതായാലും ബര്‍ലിന്‍ മതില്‍ പൊളിഞ്ഞതോടെ സി.പി.എം രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവുകയാണ്. സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്താന്‍ മുസ്ലിം ലീഗിനെ ഒപ്പംകൂട്ടാന്‍ സി.പി.എം നേതാക്കളെ പാണക്കാട്ടേക്ക് അയച്ചുവെന്ന വെളിപ്പെടുത്തല്‍ ഇതിന്റെ ആദ്യപടിയാണ്.

പിണറായി വിജയന്റെ കുടുംബരഹസ്യങ്ങളും ബര്‍ലിന്‍ പത്രങ്ങളിലൂടെ പരസ്യമാക്കിത്തുടങ്ങി. വരുംദിവസങ്ങളില്‍ കൂടുതല്‍ രഹസ്യങ്ങള്‍ പരസ്യമാക്കുമെന്നാണ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭീഷണി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെത്തുടര്‍ന്നുള്ള വിവാദങ്ങളാണ് പാര്‍ട്ടി രഹസ്യങ്ങള്‍ പരസ്യമാക്കുന്നതിനു ബര്‍ലിനെ പ്രേരിപ്പിച്ചത്. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ നടപടി മാത്രമായിരുന്നുവെന്നും പിണറായി വിജയന്‍ മകളുടെ വിവാഹത്തിന് പാര്‍ട്ടി ശത്രക്കുളെപ്പോലും ക്ഷണിച്ചിരുന്നുവെന്നും വിവാദത്തെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മകളുടെ കല്യാണം ക്ഷണിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവുകളൊന്നും നോക്കിയിട്ടില്ലെന്നായിരുന്നു ഇതിനുള്ള പിണറായി വിജയന്റെ മറുപടി. ഇതോടെയാണ് പ്രകോപിതനായ ബര്‍ലിന്‍ രഹസ്യനിലവറ തുറന്നത്. താനൊരു മുതലാളിയോ എം.എല്‍.എയോ എം. പിയോ മന്ത്രിയോ ആയിരുന്നെങ്കില്‍ പിണറായി വിജയന്‍ മകളുടെ വിവാഹത്തിന് എന്നെ വിളിക്കുമായിരുന്നുവെന്നാണ് ബര്‍ലിന്‍ പറയുന്നത്.

പിണറായിയുടെ മകളെ തന്റെ മകളെപ്പോലെയാണ് സ്‌നേഹിച്ചിരുന്നത്. കുട്ടിയുടെ വിദ്യാഭ്യാസകാര്യത്തില്‍ സഹായം ചെയ്തുകൊടുത്തിരുന്നു. മകന്റെ വിവാഹത്തിനും പിണറായി തന്നെ ക്ഷണിച്ചിരുന്നില്ല. പക്ഷേ, എം.വി. രാഘവനെയും വഹാബിനെയുമൊക്കെ ക്ഷണിച്ചിരുന്നു. നഗ്‌നമായ മുതലാളിത്തത്തിന്റെ ദത്തുപുത്രനാണ് പിണറായിയെന്നും ബര്‍ലിന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ വിവാദ ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ പിണറായി വിജയനും ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായ പി.ശശിയുമാണെന്നും ബര്‍ലിന്‍ വെളിപ്പെടുത്തുന്നു. മുസ്‌ലിം ലീഗിനെ ഇടതുപാളയത്തിലേക്ക് കൊണ്ടുവരാനും ഇടതുഭരണം നിലനിര്‍ത്താനും വേണ്ടിയാണ് ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചത്. ഈ ദൗത്യത്തിനായി മൂന്നു പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗങ്ങളെ പാണക്കാട്ടേക്ക് അയക്കുകയായിരുന്നു. വി.എസ് ഇതിനെ ശക്തിയായി എതിര്‍ത്തിരുന്നു ബര്‍ലിന്‍ പറഞ്ഞു. ചടയനും വി.എസ്സും പിണറായിയും ഉള്‍പ്പെട്ട അവൈലബിള്‍ കമ്മിറ്റിയില്‍ കുഞ്ഞാലിക്കുട്ടിയെ കേസില്‍നിന്ന് ഒഴിവാക്കരുതെന്ന തീരുമാനമായിരുന്നു എടുത്തിരുന്നത്. അതേസമയം പിന്നീട് പിണറായി അടവുനയത്തിന്റെ ഭാഗമായി തീരുമാനം അട്ടിമറിക്കുകയായിരുന്നു. ലീഗിനെ ഇടത്തോട്ടു കൊണ്ടുവരാനുള്ള ശ്രമവും വി.എസ്. ഉള്‍പ്പെട്ട കമ്മിറ്റിയുടെ തീരുമാനമായിരുന്നുവെന്ന് പിണറായിയുടെ പിന്നീടുള്ള തെറ്റായ പരാമര്‍ശത്തെ തുറന്നുകാണിക്കാന്‍ വി.എസ്. അന്നത്തെ യോഗത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ടിരുന്നു. മിനുട്‌സിലെ കാര്യം പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി സുര്‍ജിത്തിന് വിവര്‍ത്തനം ചെയ്തയച്ചത് താനായിരുന്നുവെന്നും ബര്‍ലിന്‍ വെളിപ്പെടുത്തുന്നു.

കാലോചിതമായി പുതുക്കിയ പാര്‍ട്ടിപരിപാടിയുടെ അഞ്ചാം ഖണ്ഡികയില്‍ ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതയോടുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ രണ്ട് പാര്‍ട്ടിയോടും ഒരുവിധ സഖ്യവും പാടില്ലെന്ന് ശക്തമായി പറഞ്ഞിരുന്നു. അതേസമയം പിണറായിയുടെ അടവുനയമാണ് മുസ്‌ലിം വര്‍ഗീയതയെ അടുപ്പിക്കാന്‍ ശ്രമിച്ചതും അതിനുകഴിയാതെ വന്നപ്പോള്‍ പിന്നീട് കടുത്ത തീവ്രവാദിയായ മഅദനിയെ കൂട്ടുപടിച്ചതും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് കടുത്ത തിരിച്ചടിയുണ്ടാക്കി അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന പാര്‍ട്ടിസമ്മേളനങ്ങളില്‍ നേരത്തേ പാര്‍ട്ടിയില്‍ നിലനിന്നിരുന്ന കീഴ്‌വഴക്കം പാലിച്ചാല്‍, പാര്‍ട്ടിയില്‍ ഇന്നു നിലനില്‍ക്കുന്ന ചില നേതാക്കളുടെ അമിതാധികാരക്കുത്തക ഇല്ലാതാകും ബര്‍ലിന്‍ പറഞ്ഞു. രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ആറാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലഘട്ടത്തില്‍ പാര്‍ട്ടി മെംബര്‍മാര്‍ക്കും മറ്റും പാര്‍ട്ടി ഫോറം അച്ചടിച്ചു നല്‍കിയിരുന്നു. ഇതില്‍ പാര്‍ട്ടിയിലെ സ്വയം വിമര്‍ശനം എഴുതാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതേസമയം 1962ല്‍ അജയഘോഷ് മരിച്ച ശേഷം ഡാങ്കേയുടെ കാലം മുതല്‍ ഈ രീതി ഉപേക്ഷിക്കപ്പെട്ടു.

കേരളത്തില്‍ വീണ്ടും പാര്‍ട്ടി ഫോറം പുനഃസ്ഥാപിക്കേണ്ട കാലം അതിക്രമിച്ചതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്ന് പുറത്തായ വ്യക്തിയാണെങ്കിലും പാര്‍ട്ടിയിലെ പുതിയ തലമുറയുടെ അറിവിലേക്കായാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഫോറം ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ പാര്‍ട്ടിയെ പിടികൂടിയ ദുഷ്പ്രവണതകള്‍ മുളയിലേ ചോദ്യം ചെയ്യപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴംകൊണ്ടു മാത്രമാണ് തന്നെപ്പോലുള്ള പുറത്താക്കപ്പെട്ടവരുടെ വാക്കുകള്‍ക്ക് ജനം ചെവികൊടുക്കുന്നതെന്നും അതിന് തനിക്കെതിരെ വാളോങ്ങിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെ ബിരിയാണി ചര്‍ച്ച പിണറായിയുടെ അടവുനയമായിരുന്നു. അടവുനയം നടപ്പാക്കാന്‍ പിണറായിയുടെ ഏജന്റായി പ്രവര്‍ത്തിച്ചത് പി. ശശിയാണ്. പിണറായിയെ സഹായിച്ചതിന് പ്രമോഷനായാണ് അയാളെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയത്. ഈ അടവുനയം പാര്‍ട്ടിയുടെ പുതുക്കിയ പരിപാടിയുടെ അഞ്ചാം ഖണ്ഡികയില്‍ പറയുന്ന, ഭൂരിപക്ഷ,ന്യൂനപക്ഷ വര്‍ഗീയതയോടുള്ള സമീപനത്തിനെതിരാണ്. ഇതിന്റെ ഫലം കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍നിന്ന് രക്ഷപ്പെട്ടു എന്നതാണ്. ലീഗ് ആ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുതന്നെനിന്ന് സി.പി.എമ്മുമായി വളരെ അടുത്ത് സഹകരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പിലൊക്കെ ഒന്നിച്ച് മത്സരിച്ചില്ലേ?

ലീഗിനെതിരെ പാര്‍ട്ടി അന്ന് ഒരക്ഷരം പറഞ്ഞിരുന്നില്ല-ബെര്‍ലിന്‍ വിശദീകരിക്കുന്നു. 2000ല്‍ പിണറായിയുടെ മകള്‍ക്ക് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ സീറ്റ് ലഭിച്ചത് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടാണ്. കൃഷ്ണന്‍ നായര്‍ നേരിട്ട് വിളിച്ച് സീറ്റ് ഏര്‍പ്പാട് ചെയ്തതാണ്. കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളുടെ ചോരയുടെ മണം അന്തരീക്ഷത്തില്‍നിന്ന് മായുന്നതിനു മുമ്പാണ് ഇത്. അന്ന് പാര്‍ട്ടിയുടെ നയം സ്വാശ്രയ കോളജുകളില്‍ നേതാക്കളുടെ മക്കളെ അയക്കരുതെന്നായിരുന്നു. അതിനെ ലംഘിച്ചാണ് പിണറായി മകള്‍ക്ക് സീറ്റ് നേടിയത്. ഞാന്‍ ചോദിച്ചുഇത് പ്രശ്‌നമാവില്ലേ എന്ന്? അന്നേരം പറഞ്ഞുഅതൊന്നും നിങ്ങള്‍ നോക്കണ്ട, അതൊക്കെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളും എന്ന്. കുട്ടിയെ ചേര്‍ക്കാന്‍ കൂടെ പോയത് താനാണ്. പിണറായിയും ഭാര്യയും ഉണ്ടായിരുന്നു. 2000 ജൂലൈ 19ന് വൈകിട്ടത്തെ വണ്ടിക്ക് ഷൊര്‍ണൂരില്‍ പോയിട്ട് അവിടെനിന്ന് പാലക്കാട്ടെ ഒരു മുതലാളിയുടെ കാറിലാണ് പാലക്കാട്ടേക്ക് പോയത്. രണ്ട് വിദേശനിര്‍മിത എ.സി കാറുകള്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പാലക്കാട്ട് മുതലാളിയുടെ ഗെസ്റ്റ്ഹൗസിലാണ് താമസിച്ചത്. പിറ്റേന്ന് രാവിലെ മുതലാളിയുടെ കാറില്‍ കോയമ്പത്തൂരിനടുത്ത എട്ടിമടൈയിലെ കോളജിലെത്തി. അന്ന് മുതലാളിയുടെ വീട്ടില്‍ ഞങ്ങള്‍ക്ക് വലിയ വിരുന്നുണ്ടായിരുന്നു. വൈദ്യുതി ഉപയോഗിച്ച് ഇരുമ്പുണ്ടാക്കുന്ന കമ്പനിയുടെ ഉടമയാണ് മുതലാളി. അതിന് പിണറായി വൈദ്യുതി കൊടുത്തിരുന്നു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്.

പിണറായിയുടെ മകന്‍ വിക്കിക്ക് (വിവേക്) ലീലാ കൃഷ്ണന്‍ നായരുടെ ബംഗളൂരുവിലെ ലീലാ പാലസില്‍ ജോലി നല്‍കിയിരുന്നു. വിക്കി ലീലാ പാലസിന്റെ യൂനിഫോമില്‍ നില്‍ക്കുന്ന ഫോട്ടോ കൃഷ്ണന്‍ നായര്‍ എനിക്ക് അയച്ചുതന്നിരുന്നു. അവിടുന്നാണ് വിക്കി ബെര്‍മിങ്ഹാമിലേക്ക് പോകുന്നത്. അതൊക്കെ ഇവിടത്തെ വന്‍കിട മുതലാളിമാരുടെ സാമ്പത്തിക സഹായത്തോടെയാണ്. കുറേ കഴിഞ്ഞപ്പോള്‍ പിണറായിയും അമേരിക്കയിലേക്ക് പോയി. അത് വേറെ കഥയാണ്. കേരളത്തിലെ വന്‍കിട മുതലാളിമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്വാധീനിക്കാന്‍ പിണറായിയെ അതിരുകവിഞ്ഞ് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ മുതലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്ന് അദ്ദേഹത്തെ വിളിക്കുന്നത്. വന്‍കിട മുതലാളിമാര്‍ സ്വന്തംകാര്യം നേടാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിക്ഷേപിച്ച മൂലധനമാണ് പിണറായി വിജയന്‍. ഇതിന്റെ പലിശ അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഒരു തെളിവും ഇല്ലാതെയല്ല താന്‍ ഇതു പറയുന്നത്. ഇതൊന്നും ഞാന്‍ ഇതേവരെ തുറന്നുപറഞ്ഞിരുന്നില്ല. ഞാനിവിടെ അടങ്ങിയൊതുങ്ങി ഇരിക്കുകയായിരുന്നു. പക്ഷേ, താന്‍ കള്ളനാണയമാണെന്നും ഒറ്റുകാരനാണെന്നും പാര്‍ട്ടിയില്‍ ആരുമല്ലെന്നും ചത്തുപോയെന്നും പറഞ്ഞുനടക്കുമ്പോള്‍ അതിനു മറുപടി കൊടുക്കാനാണ് ഇതൊക്കെ പറയുന്നത്.

വി.എസ് എന്റെ വീട്ടില്‍ വന്നിരുന്നില്ലെങ്കില്‍ ഇതൊന്നും പുറത്തുവരുമായിരുന്നില്ല. എന്നെ പിണറായി പ്രകോപിപ്പിച്ചതാണ്. അദ്ദേഹം കുത്തിയിളക്കിയതാണ് ഇതൊക്കെയെന്നും ബര്‍ലിന്‍ പറയുന്നു. എന്റെ കമ്യൂണിസ്റ്റ് പാരമ്പര്യത്തെ തികച്ചും നിഷേധിക്കുന്ന തരത്തില്‍ പത്രത്തില്‍ എഴുതുകയും പ്രസ്താവനയിറക്കുകയും ചെയ്തപ്പോള്‍ അതിന് തിരിച്ചടിക്കേണ്ടത് എന്റെ കമ്യൂണിസ്റ്റ് ധാര്‍മികതയാണ് കുഞ്ഞനന്തന്‍ നായര്‍ വിശദീകരിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.