Wednesday, August 31, 2011

നെറ്റോയെ വിഎസ്‌ വിടാത്തത്‌ മുന്‍വൈരാഗ്യം മൂലം

പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ നെറ്റോ ഡെസ്‌മണ്ടിനു പിന്നാലെ കൂടിയിരിക്കുന്നതിനു പിന്നില്‍ മുന്‍വൈരാഗ്യം. സിപിഎം സംസ്ഥാന നേതൃത്വംതന്നെയാണ്‌ അനൗപചാരികമായി ഈ വിലയിരുത്തലില്‍ എത്തിയിരിക്കുന്നത്‌. നെറ്റോയെ തുടര്‍ച്ചയായി വി എസ്‌ വേട്ടയാടുമ്പോഴും പാര്‍ട്ടി നേതാക്കളാരും അത്‌ ഏറ്റുപിടിക്കാത്തത്‌ ഇക്കാരണംകൊണ്ടാണ്‌. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും വി എസ്‌ നെറ്റോയെ വെറുതെ വിടാതെ പിന്തുടരുന്നത്‌ പാര്‍ട്ടി കാര്യമായി നിരീക്ഷിച്ചാണ്‌ കാര്യം മനസിലാക്കിയത്‌.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദന്‍ നേരിട്ടു വിളിച്ചുവരുത്തി നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വിജിലന്‍സ്‌ അഡീഷണല്‍ ഡയറക്ടറായിരുന്ന നെറ്റോ വിസമ്മതിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിയാക്കാന്‍ ആവശ്യമായ ചില കാര്യങ്ങള്‍ ചെയ്യണം എന്നായിരുന്നു വിഎസിന്റെ നിര്‍ദേശം. സാങ്കേതികമായി അതിനു സാധുത ഇല്ലാത്തത്‌ ചൂണ്ടിക്കാട്ടിയാണ്‌ നെറ്റോ വിസമ്മതിച്ചത്‌. മാത്രമല്ല ഇക്കാര്യം പിന്നീട്‌ വിശദമായിത്തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണനെ അദ്ദേഹം അറിയിക്കുകയും ചെയ്‌തു. വഴിവിട്ട്‌ ചെയ്യാനുള്ള സമ്മര്‍ദത്തില്‍ നിന്നു തന്നെ രക്ഷിക്കണം എന്ന്‌ അഭ്യര്‍ത്ഥിക്കുക കൂടി ചെയ്‌തതായാണ്‌ വിവരം. വി എസ്‌ പല പ്രശ്‌നങ്ങളിലും കോടിയേരിയെ മറികടന്ന്‌ ആഭ്യന്തര വകുപ്പില്‍ കൈകടത്തിയിരുന്നത്‌ പാര്‍ട്ടിയില്‍ അലോസരം സൃഷ്ടിച്ചിരുന്നതിനാല്‍ ഇക്കാര്യത്തിലും വിഎസിനു നിരാശപ്പെടേണ്ടി വന്നു. ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ വിഎസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്നാണ്‌ നെറ്റോയ്‌ക്ക്‌ കോടിയേരി നല്‍കിയ നിര്‍ദേശം. ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയാവുന്നതുകൊണ്ടാണ്‌ നെറ്റോയ്‌ക്ക്‌ എതിരായ വിഎസിന്റെ തുടര്‍ച്ചയായ ആരോപണങ്ങളെ യുഡിഎഫ്‌ സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവഗണിക്കുന്നത്‌. പാമോയില്‍ കേസില്‍ തുടരന്വേഷണ വിധി വന്ന ശേഷം, വിജിലന്‍സ്‌ ഡയറക്ടറെ മാറ്റണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടെങ്കിലും അതിനു പിന്നീട്‌ ഊന്നല്‍ നല്‍കിയിരുന്നുമില്ല.
മാത്രമല്ല രണ്ടു മാസത്തോളം മാത്രമാണ്‌ ഇനി നെറ്റോയ്‌ക്ക്‌ സര്‍വീസുള്ളത്‌. ഒക്ടോബറില്‍ അദ്ദേഹം റിട്ടയര്‍ ചെയ്യാനിരിക്കുകയാണ്‌. സര്‍വീസ്‌ കാലം മുഴുവനും വിവാദരഹിതനായിരുന്ന മുതിര്‍ന്ന ഐപിഎസ്‌ ഓഫിസര്‍ എന്ന പരിഗണന കൂടി മുഖ്യമന്ത്രി അദ്ദേഹത്തിനു നല്‍കുന്നു. ഈയൊരു പരിഗണന ഇല്ലാത്ത നിര്‍ദാക്ഷണ്യമാണ്‌ നെറ്റോയെ വിഎസ്‌ വേട്ടയാടുന്നതെന്ന വികാരം ഐപിഎസ്‌ ഉദ്യോഗസ്ഥര്‍ക്കിടയിലും സജീവമാണ്‌. ഈ ഘടകം കൂടി പരിഗണിച്ചാണ്‌ നെറ്റോ പ്രശ്‌നത്തില്‍ പാര്‍ട്ടി മിണ്ടാത്തത്‌. രൂക്ഷമായ കടന്നാക്രമണമാണ്‌ നെറ്റോക്കെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ വി എസ്‌ നടത്തിയത്‌.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ വിജിലന്‍സ്‌ അന്വേഷണം അട്ടിമറിക്കാന്‍ നെറ്റോ ഡെസ്‌മണ്ട്‌ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ വി എസിന്റെ പ്രധാന വിമര്‍ശനം. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന്‌ ശേഷം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം തിരിച്ചയച്ചെന്ന്‌ നെറ്റോ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഒപ്പുള്ള മറുപടി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ ഡയറക്ടര്‍ നോട്ടെഴുതുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ വിഎസിന്റെ ആക്രമണം. വ്യാജരേഖ ചമച്ച പത്രങ്ങള്‍ക്കു നല്‍കുകയായിരുന്നുവെന്നാണ്‌ വിഎസ്‌ വാദിക്കുന്നത്‌. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്ന പിന്നാലെ കോടതിയില്‍ നല്‍കിയത്‌ ദുരുദ്ദേശപരമാണെന്നും വിഎസ്‌ ആരോപിക്കുന്നു. ഈ വിമര്‍ശനങ്ങളെല്ലാം പാമോയില്‍ കേസും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടതാണ്‌. റിട്ടയര്‍ ചെയ്യും മുമ്പ്‌ വിജിലന്‍സ്‌ ഡയറക്ടറെ ഒരു പാഠം പഠിപ്പിക്കുമെന്നാണത്രേ വിഎസിന്റെ അപ്രഖ്യാപിത തീരുമാനം.
പാമോയില്‍ കേസില്‍ വിജിലന്‍സ്‌ കേസ്‌ അട്ടിമറിച്ച്‌ നെറ്റോ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചെന്നും അതിനു പ്രത്യുപകാരമായാണ്‌ അദ്ദേഹത്തെ വിജിലന്‍സ്‌ ഡയറക്ടറാക്കിയതെന്നുമാണ്‌ വിഎസ്‌ പറയുന്നത്‌. എന്നാല്‍ ഇത്‌ പാര്‍ട്ടി ഏറ്റുപിടിച്ചിട്ടില്ല. നെറ്റോ വിവാദം തന്റെ വഴിക്കു കൊണ്ടുവരാന്‍, നെറ്റോ ലോകായുക്തയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ അദ്ദേഹത്തിന്‌ സിആര്‍ (കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌) ലഭിച്ചിരുന്നില്ലെന്ന പുതിയ വിവാദം കൂടി വി എസ്‌ കുത്തിപ്പൊക്കി. സിആര്‍ ലഭിക്കാത്തയാളെ വിജിലന്‍സ്‌ ഡയറക്ടറാക്കിയെന്നാണ്‌ വിമര്‍ശനം. പാമോയില്‍ കേസില്‍ രക്ഷിച്ചതിനു പകരം ഉമ്മന്‍ ചാണ്ടി സിആര്‍ നല്‍കിയത്രേ. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുതന്നെ നെറ്റോയെ വിജിലന്‍സ്‌ ഡയറക്ടറാക്കാന്‍ ശുപാര്‍ശ പോയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു പിന്നാലെ വന്നു. മാത്രമല്ല, താന്‍തന്നെയാണ്‌ നെറ്റോയുടെ സിആര്‍ ഒപ്പിട്ടതെന്ന്‌ വിഎസിനു സമ്മതിക്കേണ്ടി വരികയും ചെയ്‌തു. മറ്റു തടസങ്ങളില്ലാത്തതിനാല്‍ തടഞ്ഞുവയ്‌ക്കാന്‍ കഴിയാതെ വിഎസ്‌ സിആര്‍ ഒപ്പിടുകയായിരുന്നു. ഇതോടെ, വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനാണ്‌ നെറ്റോ എന്ന്‌ ഇന്നലെ വിഎസ്‌ ആരോപിച്ചു. നെറ്റോയെ വി എസ്‌ വിടില്ലെന്ന വ്യക്തമായ സൂചനകള്‍ പ്രകടമാക്കുന്ന പരാമര്‍ശങ്ങളാണ്‌ ഇതെല്ലാം. വിജിലന്‍സില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥലം മാറ്റങ്ങളെല്ലാം മന്ത്രിമാരെ കേസുകളില്‍നിന്നു രക്ഷിക്കാന്‍ നെറ്റോ നടത്തുന്നവയാണെന്ന വിമര്‍ശനം കൂടി വിഎസ്‌ ഉന്നയിച്ചിട്ടുണ്ട്‌

No comments:

Post a Comment

Note: Only a member of this blog may post a comment.