Wednesday, August 17, 2011

സര്‍ക്കാരിനെ വെല്ലുവിളിച്ച് നിയമലംഘന ഭീഷണി:അന്നാ ഹസാരെ അറസ്റ്റില്‍


നിയമ ലംഘനം നടത്തുമെന്നു പ്രഖ്യാപിച്ച അന്നാ ഹസാരെയെയും
അനുയായികളെയും ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു തീഹാര്‍ ജയിലിലേക്കയച്ചു. വ്യക്തിഗത ജാമ്യത്തില്‍ ഒപ്പിട്ട് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോടതി ഹസാരെയെ ഏഴു ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജയിലിലടച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അറസ്റ്റ്. മയൂര്‍ വിഹാറില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വസതിയിലായിരുന്നു ഹസാരെ താമസിച്ചുവന്നത്. ഇവിടെയെത്തിയാണ് പോലീസ് ഹസാരെയെ അറസ്റ്റു ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് സമരത്തിന് തുനിഞ്ഞതിനാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാം സ്വാതന്ത്യസമരം ആരംഭിച്ചെന്നും, ജയിലിലും നിരാഹാരം സമരം തുടരുമെന്നും ഹസാരെ പറഞ്ഞു.അരവിന്ദ് കെജ്‌രിവാള്‍, മനോജ് സിസോഡിയ, രാജേഷ്, സുരേഷ് പതാറെ എന്നീ ഹസാരെ സംഘത്തിലെ അംഗങ്ങളേയും തീഹാരിലേക്കു മാറ്റിയിട്ടുണ്ട്. ഹസാരെയെ അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള സുരേഷ് കല്‍മാഡി, കലൈഞജര്‍ ടി.വി എം.ഡി ശരത്കുമാര്‍ എന്നിവരുള്ള തീഹാര്‍ ജയിലിലെ നാലാം നമ്പര്‍ ജയിലിലാണ് പ്രവേശിപ്പിച്ചത്. അരവിന്ദ് കെജ്‌രിവാള്‍, സിസോഡിയ എന്നിവരെ 2ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രതികളായ മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.ബി റിയാലിറ്റീസ് എം.ഡി ഷാഹിദ് ബല്‍വ എന്നിവരെ പാര്‍പ്പിച്ചിരിക്കുന്ന ഒന്നാം നമ്പര്‍ ജയിലുമാണ് അടച്ചത്.
 
അന്നാ ഹസാരെ നിയമം ലംഘിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസിനു മുമ്പില്‍ അറസ്റ്റല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമനിര്‍മ്മാണം നടത്തേണ്ടത് പാര്‍ലമെന്റിന്റെ പരമാധികാരമാണ്. ഏതുതരം പ്രതിഷേധമായാലും അതു നിയമത്തിനുള്ളില്‍ നിന്നാകണം. ഇക്കാര്യത്തില്‍ ചിലര്‍ക്കുമാത്രം ഇളവു നല്‍കാന്‍ കഴിയില്ല. പോലീസ് നടപടിയില്‍ പ്രതിഷേധമുള്ളവര്‍ക്കു കോടതിയെ സമീപിക്കാം. യു.പി.എ സര്‍ക്കാര്‍ സമാധാനപരവും ജനാധിപത്യപരവുമായ സമരങ്ങള്‍ക്കു എതിരല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം, ഹസാരെയെ തീഹാര്‍ ജയിലില്‍ അടക്കാന്‍ പോലീസ് പ്രത്യേക താല്‍പര്യം കാട്ടിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ ഗുപ്ത പറഞ്ഞു. സ്വന്തം ജാമ്യത്തില്‍ ഹസാരെയെ വിട്ടയക്കാനാണ് പോലീസ് തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹം വ്യക്തിഗത ജാമ്യബോണ്ടില്‍ ഒപ്പുവെക്കാന്‍ തയ്യാറായില്ല. ഇതോടെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കുകയായിരുന്നു-ഗുപ്ത വ്യക്തമാക്കി. 
അന്നാഹസാരെയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പല മാധ്യമങ്ങളും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഹസാരെയും കൂട്ടരും നടത്തുന്ന സമരം പൊലിപ്പിച്ചുകാണിക്കുന്ന മാധ്യമങ്ങള്‍ മറുഭാഗം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹസാരെയുടെ അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോടും ഡല്‍ഹി പോലീസ് കമ്മീഷണറോടും വിശദീകരണം തേടി. രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്നതാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.