Wednesday, August 10, 2011

പാമൊലിന്‍ കേസ്: ചരിത്രം

1991ലായിരുന്നു വിവാദമായ പാമൊലിന്‍ ഇടപാട്. ദീപാവലി, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ 30,000 മെട്രിക് ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടി. പ്രധാനമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പുകളെയും തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ കത്തു നല്‍കിയതെന്നാണ് ആരോപണം.

ആവശ്യത്തിലേറെ പാമൊലിന്‍ ഇറക്കുമതി ചെയ്യാനായിരുന്നു ശ്രമം. മെട്രിക് ടണ്ണിനു 405 യുഎസ് ഡോളര്‍ വില നല്‍കുകയും ചെയ്തു. അന്നത്തെ വില 392.25 യുഎസ് ഡോളറായിരുന്നു. അധികം തുക ഖജനാവിന് നഷ്ടമാക്കിയെന്നും ആക്ഷേപമുണ്ട്. 

കെ. കരുണാകരനെ ലക്ഷ്യം വച്ചാണു പ്രതിപക്ഷം അന്ന് ആക്രമണം തുടങ്ങിയത്. 1997ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കെ. കരുണാകരനായിരുന്നു ഒന്നാം പ്രതി. അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആറു വര്‍ഷത്തിനു ശേഷമാണു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതില്‍ 23ാംസാക്ഷിയായിരുന്നു ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക അജന്‍ഡയായി പാമോയില്‍ ഇറക്കുമതി വിഷയം ചര്‍ച്ചയ്ക്കെടുത്തതെന്നും ഒരു മാസത്തിലധികം ഈ ഫയല്‍ ധനവകുപ്പിലായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ സാക്ഷിയാക്കിയത്. 2005ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ കേസ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്തു കരുണാകരന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കി. അദ്ദേഹം അന്തരിച്ച ശേഷം 2011ല്‍ കേസ് വിജിലന്‍സ് കോടതിയില്‍ വിചാരണയ്ക്കു വന്നു.

മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫയും സഖറിയാ മാത്യുവും ഉള്‍പ്പെടെ എല്ലാ പ്രതികളും തുടര്‍ന്ന് ഒഴിവാക്കല്‍ ഹര്‍ജി നല്‍കി. മുസ്തഫയുടെ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചതിനെച്ചൊല്ലി വിവാദങ്ങളുണ്ടായി. തുടര്‍ന്നു കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് തുടരന്വേഷണം നടത്തണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് 2011 ഫെബ്രുവരി 26ന് ഹര്‍ജി നല്‍കി. മാര്‍ച്ച് 14ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 13നു നല്‍കി. അന്ന് ഇടതു സര്‍ക്കാരായിരുന്നു അധികാരത്തില്‍. പുതുതായി ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണോദ്യോഗസ്ഥന്‍ നല്‍കിയത്. 

പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ ധനകാര്യ വകുപ്പിനു പങ്കില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്നു വ്യക്തമാണ്. എന്നാല്‍, ധനമന്ത്രിയുടെ പേര് എടുത്തു പറഞ്ഞില്ലെന്ന സാങ്കേതികത്വമാണു കോടതി ഇപ്പോള്‍ വിഷയമാക്കിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണു ധനമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഇടതു സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റേണ്ടെന്നു തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു തീരുമാനം. 

തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കേസ് സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്കു പങ്കില്ലെന്ന ഉറച്ച വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണു കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുന്നത്

No comments:

Post a Comment

Note: Only a member of this blog may post a comment.