Saturday, August 13, 2011

ആരാണ്‌ ഈ തരുണ്‍ദാസ്‌?

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗമായി നിയമിച്ച തരുണ്‍ദാസ്‌ യഥാര്‍ത്ഥത്തില്‍ ആരാണ്‌, ആരുടെയാളാണ്‌.  തരുണ്‍ദാസ്‌ കൊക്കക്കോളയുടെ ആളാണെന്ന്‌ കഴിഞ്ഞ ദിവസം വി എസ്‌ അച്യുതാന്ദന്‍ പറഞ്ഞതോടെയാണ്‌ വിവാദം തുടങ്ങിയത്‌. കോര്‍പറേറ്റ്‌ നീരാളിയെന്നാണ്‌ സിപിഎം ദാസിനെ വിശേഷിപ്പിച്ചത്‌. എന്നാല്‍ അതിന്‌ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടിക്ക്‌ മറുപടി ഉണ്ടായിട്ടില്ല.
കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രിയുടെ സെക്രട്ടറിയയായ തരുണ്‍ ദാസിനെ കോര്‍പറേറ്റ്‌ നീരാളിയെന്ന്‌ വിശേഷിപ്പിച്ച സിപിഎം മലര്‍ന്നു കിടന്നു തുപ്പുകയാണു ചെയ്‌തതെന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്‌.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഹാല്‍ഡിയ പെട്രോകെമിക്കല്‍സിന്റെ ചെയര്‍മാനായി ഒരു ദശാബ്‌ദത്തോളം സേവനം ചെയ്‌ത വ്യക്തിയാണ്‌ തരുണ്‍ ദാസ്‌ എന്ന വിശദീകരണം ഉമ്മന്‍ ചാണ്ടിയുടെ ഓഫിസ്‌ പത്രക്കുറിപ്പായിത്തന്നെ നല്‍കുകയും ചെയ്‌തു. എന്നുവച്ചാല്‍ ഒന്നുകില്‍ തരുണ്‍ദാസിന്റെ ബംഗാള്‍ ബന്ധം കേരളത്തിലെ സിപിഎമ്മുകാര്‍ അറിഞ്ഞില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കോള ബന്ധം ബംഗാളിലെ സഖാക്കള്‍ അറിയാതിരിക്കുകയോ അറിഞ്ഞില്ലെന്നു നടിക്കുകയോ ചെയ്‌തു. രണ്ടായാലും മറുപടി പറയാന്‍ ബുദ്ധിമുട്ടുതന്നെ. അതുകൊണ്ട്‌ മുഖ്യമന്ത്രി സ്‌കോര്‍ ചെയ്‌തു നില്‍ക്കുകയാണ്‌. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവിടെ അധികാരമേറ്റിട്ടും തരുണ്‍ ദാസിനെ മാറ്റിയിട്ടില്ല. ഹാല്‍ഡിയ പെട്രോകെമിക്കല്‍സിന്റെ ചെയര്‍മാനായി 2001 ല്‍ നിയമിതനായ അദ്ദേഹം ഇപ്പോഴും ആ പദവിയില്‍ തുടരുകയാണ്‌. സര്‍ക്കാര്‍ മാറിയപ്പോള്‍ തരുണ്‍ ദാസ്‌ രാജിക്കത്ത്‌ നല്‌കിയെങ്കിലും അതു സ്വീകരിച്ചിട്ടില്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഈ സംയുക്തസംരംഭത്തില്‍ ടാറ്റാ, ചാറ്റര്‍ജി ഗ്രൂപ്പ്‌, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവയുണ്ട്‌. 5864 കോടിയാണ്‌ മൂലധനം.
കൊക്കകോളയുടെ ഇന്റര്‍നാഷണല്‍ അഡൈ്വസറി ബോര്‍ഡില്‍നിന്ന്‌ അദ്ദേഹം 2008ല്‍ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു. തരുണ്‍ ദാസിനെ തേജോവധം ചെയ്‌തതിലൂടെ സിപിഎമ്മിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി വെളിപ്പട്ടിരിക്കുകയാണെന്നാണ്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്‌. ഏതായാലും വികൃതമുഖമാണോ അതോ ഉമ്മന്‍ചാണ്ടിയൊരു തട്ടുതട്ടിയതാണോ ഇന്ന്‌ വൈകാതെ അറിയാന്‍ പറ്റിയേക്കും.
പ്ലാനിംഗ്‌ ബോര്‍ഡിലേക്ക്‌ നിയമിതരാകാന്‍ പുറത്തു കാത്തിരിക്കുന്ന സി പി ജോണ്‍ തുടങ്ങിയ രാഷ്ട്രീയക്കാരെ തല്‍ക്കാലം അവിടെ നിര്‍ത്തി ബ്യൂറോക്രാറ്റുകളെ അകത്തു കയറ്റുന്നുവെന്ന പരാതി മുന്നണിയില്‍ നിന്നുതന്നെ കേള്‍ക്കുന്നതിനിടയിലാണ്‌ വിഎസും പാര്‍ട്ടിയും തരുണ്‍ദാസിനെ കയറിപ്പിടിച്ച്‌ ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചത്‌. അതിന്റെ സ്‌മരണ വേണം, സ്‌മരണ. അതു നന്നായി ഉള്ളയാളാണത്രേ ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ്‌ ക്ലിഫ്‌ഹൗസില്‍ കുറച്ചുകാലം കൂടി താമസിച്ചുകൊള്ളാന്‍ മുന്നേകൂട്ടി അദ്ദേഹം വിഎസിനോട്‌ പറഞ്ഞത്‌. പക്ഷേ, ഈ പത്രക്കാര്‌ വല്ലതുമൊക്കെ എഴുതിപ്പിടിപ്പിക്കും എന്ന്‌ പറഞ്ഞ്‌ താന്‍ നേരത്തേ സ്ഥലം കാലിയാക്കുകയായിരുന്നുവെന്ന്‌ വിഎസ്‌ പറയുന്നു. തരുണ്‍ദാസിന്റെ കാര്യം പറഞ്ഞ അതേ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യവും പറഞ്ഞത്‌.
ഇനിയിപ്പോ, തരുണ്‍ദാസ്‌ സഖാവിനെക്കുറിച്ച്‌ പഠിക്കാന്‍ സഖാവ്‌ വൈക്കം വിശ്വനെ കമ്മിഷനായി കൊല്‍ക്കൊത്തയ്‌ക്ക്‌ അയയ്‌ക്കാവുന്നതാണ്‌

No comments:

Post a Comment

Note: Only a member of this blog may post a comment.