Thursday, August 25, 2011

ഗോപി പ്രശ്‌നം ഒളിക്യാമറ വച്ചയാളെ മനസ്സിലായി

കൊച്ചി: സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരായ സ്വഭാവദൂഷ്യാരോപണം അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

ആരോപണം ശരിവെക്കുന്ന ഉറച്ച തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപി കോട്ടമുറിക്കലിനെതിരെ പാര്‍ട്ടി നടപടി ഉറപ്പായിരിക്കുകയാണ്. ഇതിനൊപ്പംതന്നെ ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും സമിതി നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന.

സെക്രട്ടറിയെ തെളിവു സഹിതം കുടുക്കാന്‍ ഒളിക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് ആസൂത്രിത നീക്കം നടന്നതായി കമ്മീഷന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ഗൂഢാലോചനയായി ഇതിനെ കാണുമെന്നാണ് സൂചന.

ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകള്‍ ശക്തമായിരിക്കെ, പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ അത് പിണറായി വിഭാഗത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിവെക്കും. അതിനാല്‍ത്തന്നെ ഗോപിയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നേരത്തേതന്നെ നടന്നിട്ടുണ്ടെന്നും അപായപ്പെടുത്താനുള്ള നീക്കം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. മുളന്തുരുത്തിക്കടുത്തുവെച്ച് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത് ടയര്‍ നേരത്തെ ഇളക്കിവെച്ചതുകൊണ്ടാണെന്നും അതിനു പിന്നില്‍ ലെനിന്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം അന്വേഷണ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായിട്ടുള്ളതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. നാലു ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ചത് ആരാണെന്നതിന് കമ്മീഷന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇതിന് ഒത്താശ നല്‍കിയവരെയും പിടികിട്ടിക്കഴിഞ്ഞു. ഇവരെ നീക്കണമെന്ന ശക്തമായ ആവശ്യം പിണറായി വിഭാഗത്തില്‍ നിന്ന് നേരത്തേതന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത് തള്ളിക്കളയാനും നേതൃത്വത്തിന് കഴിയില്ല. ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനെതിരെയും നടപടി ഉണ്ടായേക്കും.

അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ അച്ചടക്ക നടപടി വേഗത്തില്‍ ഉണ്ടായേക്കും. സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സംഘടനാ കീഴ്‌വഴക്കമനുസരിച്ച് അച്ചടക്ക നടപടികള്‍ സാധിക്കില്ല. അതിനാല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.