Wednesday, August 10, 2011

പാമോയില്‍ കേസ്; ചെകുത്താന്‍മാര്‍ വേദമോതുന്നു

പാമോയില്‍ ഇടപാടിന് ധനവകുപ്പ് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നവിജിലന്‍സ് റിപ്പോര്‍ട്ടിലെ ഭാഗം കോടതി പരിഗണിച്ചതായി കാണുന്നില്ല. ധനവകുപ്പിന് പങ്കില്ലെങ്കില്‍ ധനകാര്യമന്ത്രിക്ക് പങ്കുണ്ടോ എന്ന ചോദ്യം യുക്തിക്ക് നിരക്കുന്നതല്ല. തെളിവിന്റെ അടിസ്ഥാനത്തിലേ കോടതിക്ക് ഈ കേസില്‍ ഇനി മുന്നോട്ട് പോകാനാവൂ

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ കെ. കരുണാകരന്‍ നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതിനെക്കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചുകൊണ്ട് പാമോയില്‍ ഇടപാടിനെതിരെ ആദ്യമായി രംഗത്തുവരുന്നത്. ആഘോഷവേളകളില്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും കര്‍ണാടകയും പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി 91ല്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തപ്പോള്‍ എട്ടരക്കോടി രൂപ ആ ഇടപാടിലൂടെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ലാഭം കിട്ടി. ആഗോള ടെണ്ടര്‍ വിളിച്ചും മറ്റ് കമ്പനികളെക്കൂടി പങ്കെടുപ്പിച്ചും പാമോയിലിന്റെ വില നെഗോഷ്യേറ്റ് ചെയ്തിരുന്നുവെങ്കില്‍ 2.10 കോടി രൂപകൂടി ലാഭം വര്‍ധിക്കുമായിരുന്നുവെന്നാണ് പിന്നീട് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. നിയമസഭയില്‍ ആരോപണം കത്തിപ്പടര്‍ന്നപ്പോള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. നിയമസഭാ കമ്മിറ്റിയെക്കൊണ്ട് ആരോപണം അന്വേഷിപ്പിക്കാമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടയില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പാമോയില്‍ കേസുമായി കോടതിയെ സമീപിക്കുകയും ചെയ്തു.
 
91ല്‍ ആരംഭിച്ച ഈ രാഷ്ട്രീയ യുദ്ധം നിയമസഭയ്ക്ക് അകത്തും പുറത്തും കോടതികളിലുമായി രണ്ടുപതിറ്റാണ്ടായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 93ല്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. തുടര്‍ന്ന് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ ഈ റിപ്പോര്‍ട്ട് പരിശോധിച്ച് അന്വേഷണം നടത്താനായി നിയോഗിച്ചു. ഞാന്‍ ചെയര്‍മാനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് 96ല്‍ ഈ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ച് നിയമസഭയ്ക്ക് നല്‍കിയത്. 96ലെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ അവസാനദിവസം പ്രക്ഷുബ്ധമായ രംഗങ്ങളാണ് സഭയിലുണ്ടായത്. അതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പണം നടന്നില്ല. അതായത് ഒമ്പതാം കേരള നിയമസഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നര്‍ത്ഥം. തുടര്‍ന്നുവന്ന സഭയില്‍ 99ലാണ് മേഴ്‌സിക്കുട്ടിയമ്മ ചെയര്‍പേഴ്‌സണായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ നടപടിക്രമങ്ങളിലുണ്ടായ പാളിച്ചകളും തകരാറുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങളില്‍ കുറ്റക്കാരെ കണ്ടെത്തുന്ന ചുമതല നിയമസഭ കമ്മിറ്റിയുടേത് അല്ലാത്തതിനാല്‍ മന്ത്രിമാരുടെ പേരില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് റിപ്പോര്‍ട്ടില്‍ മറുപടി പറയേണ്ട ബാധ്യതയില്ല.
 
ഇരുപത് കൊല്ലത്തിന് ശേഷം വീണ്ടും പാമോയില്‍ കേസ് വിവാദമാവുകയാണ്. ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നു. ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത്, അതായത് 2011 മെയ് 13ന് വിജിലന്‍സ് അന്വേഷിച്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരാകരിച്ചുകൊണ്ടാണ് ഈ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പിന് പാമോയില്‍ ഇടപാടില്‍ യാതൊരു പങ്കുമില്ലെന്നും ഇപ്പോഴുള്ള പ്രതികളല്ലാത്ത മറ്റാര്‍ക്കും പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അത് തൃപ്തിപ്പെടാതെയാണ് വിജിലന്‍സ് കോടതി കേസിലെ 23-ാം സാക്ഷിയായ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് കോടതിയുടേത് ഒരു ഉത്തരവ് (ഓര്‍ഡര്‍) മാത്രമാണ്. ഇതിനെ കോടതി വിധി (വെര്‍ഡിക്ട്) ആയി വ്യാഖ്യാനിക്കുന്നത് നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവര്‍ മാത്രമാണ്. ക്രിമിനല്‍ നടപടിക്രമത്തിലെ 173(8) വകുപ്പ് അനുസരിച്ചുള്ള അധികാരം ഉപയോഗിച്ചുകൊണ്ട് ഒരു പുനരന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പ്രതിയല്ല, കോടതി അന്വേഷണം ആവശ്യപ്പെട്ടതല്ലാതെ കുറ്റവാളിയാണെന്ന് പറഞ്ഞിട്ടില്ല. വീണ്ടും അന്വേഷണം നടത്താനിരിക്കുന്നതേയുള്ളൂ.
 
ഈ സാഹചര്യത്തില്‍, കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെടുന്നത് ചെകുത്താന്‍ വേദമോതുന്നത് പോലെയാണ്. ലാവ്‌ലിന്‍ കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പിണറായി വിജയന്റെ പ്രസ്താവന വായിക്കുന്ന ഏതൊരാളും പൊട്ടിച്ചിരിക്കും. നിയമപരമായും രാഷ്ട്രീയപരമായും ധാര്‍മികമായും ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് പിണറായി പറയുമ്പോള്‍, കാഴ്ചബംഗ്ലാവിലെ കാണ്ടാമൃഗം പിണറായിയുടെ ചര്‍മ്മബലത്തെ ഓര്‍ത്ത് പൊട്ടിച്ചിരിക്കാതിരിക്കുമോ?.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുക മാത്രമേ ഉമ്മന്‍ചാണ്ടിക്ക് പോംവഴിയുള്ളൂവെന്ന് വളരെ മയപ്പെടുത്തിയാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവന ഇറക്കിയത്. അച്ഛനും മകനും വിജിലന്‍സ് അന്വേഷണം നേരിടുമ്പോള്‍, മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കടുപ്പിച്ച് പറയാന്‍ വി.എസിന് ആത്മധൈര്യം ചോര്‍ന്നുപോയതുപോലെ തോന്നുന്നു. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്, ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന ഡിമാന്റേയുള്ളൂ. അദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് പാമോയില്‍ കേസില്‍ അന്വേഷണം നടന്നതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. ആ നിലയ്ക്ക് യാതൊരു സ്വാധീനവും നടന്നിട്ടില്ലെന്ന് ബോധ്യമുള്ള കോടിയേരി ഉന്നതമായ 'ധാര്‍മിക ബോധ'ത്തിന്റെ പേരിലായിരിക്കും ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് പറഞ്ഞത്. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മകന്റെ കാര്യത്തില്‍ പോലും കടന്നുവരാത്ത ധാര്‍മിക ബോധം ഇപ്പോള്‍ പ്രകടിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഏതായാലും ചെകുത്താന്മാരുടെ വേദമോതലിന് കര്‍ക്കടക മാസത്തില്‍  കേരളജനത കാതുകൊടുക്കാന്‍ ഇടയില്ല. രാമായണ പാരായണം കേട്ട് നിര്‍വൃതിയിലായ അവര്‍ ഈ രാവണോപദേശങ്ങള്‍ കേള്‍ക്കാന്‍ തയ്യാറല്ല തന്നെ.
 
വിജിലന്‍സ് കോടതി പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ പറയുമ്പോള്‍, വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ധനവകുപ്പിന് പങ്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഒന്നരമാസക്കാലം പാമോയില്‍ ഫയല്‍ ധനകാര്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുതാമസിപ്പിച്ചതായുള്ള കോടതിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ ഒരു മണിക്കൂര്‍ പോലും ഈ ഫയല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ധനകാര്യവകുപ്പില്‍ ഒരുമാസക്കാലം ഈ ഫയലുണ്ടായിരുന്നു. സര്‍ക്കാരിന്റെ ബിസിനസ് റൂളിലെ എട്ടാം വകുപ്പ് അനുസരിച്ച് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പാമോയില്‍ ഫയല്‍ ഔട്ട് ഓഫ് അജണ്ടയായി മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കാന്‍ ഒപ്പിട്ടതല്ലാതെ ഇക്കാര്യത്തില്‍ മന്ത്രിക്ക് ഒരു പങ്കും ഇല്ല. മാത്രമല്ല ധനവകുപ്പ് ഈ ഇടപാടിന് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആ ഭാഗം കോടതി പരിഗണിച്ചതായി കാണുന്നില്ല. ധനവകുപ്പിന് പങ്കില്ലെന്നിരിക്കെ ധനമന്ത്രിക്ക് പങ്കുണ്ടോയെന്ന കോടതിയുടെ ചോദ്യം യുക്തിബോധത്തിന് നിരക്കാത്തതാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് ഈ കേസില്‍ അനന്തര നടപടികളിലേക്ക് കടക്കാനാകൂ. അന്വേഷണത്തെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. അന്വേഷണ കാലയളവില്‍ വിജിലന്‍സ് വകുപ്പ് ഒഴിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ഉന്നതമായ ധാര്‍മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണം എന്ന ആവശ്യം നിയമപരമായോ ധാര്‍മികമായോ നിലനില്‍ക്കുന്നതല്ല. അത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രേരിതമായ ആവശ്യം മാത്രമാണ്. ആ ആവശ്യത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി തന്നെ നേരിടും

No comments:

Post a Comment

Note: Only a member of this blog may post a comment.