Tuesday, August 2, 2011

പരാതിക്കാരി ഇല്ലെങ്കിലെന്താ, അദ്ദേഹം പെണ്ണുപിടിയനാണ്‌ മൂന്നുതരം


ഗോപി കോട്ടമുറിക്കല്‍ എന്ന സിപിഎം നേതാവ്‌, അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ നീക്കിയ യോഗത്തില്‍ പൊട്ടിക്കരഞ്ഞുവെന്നാണ്‌ വാര്‍ത്ത. പരാതിക്കാരിയില്ലാത്ത ഒരു ലൈംഗികാപവാദക്കേസിലെ `പ്രതി' കരുണ യാചിച്ച്‌ പരസ്യമായി കരയേണ്ടിവരുന്നു,
 പരാതിക്കാരി ഇല്ലെങ്കിലെന്താ, അദ്ദേഹം പെണ്ണുപിടിയനാണ്‌ മൂന്നുതരം എന്ന്‌ സ്വന്തം ജില്ലാ സെക്രട്ടറിയെക്കുറിച്ച്‌ പ്രതിപക്ഷത്തെ മുഖ്യകക്ഷി.
എന്റെ കുടുംബം, എന്റെ ബന്ധുക്കള്‍ എന്നു പറഞ്ഞ്‌, അത്‌ മുഴുമിപ്പിക്കാനാകാതെ വിങ്ങിയ ഗോപിയുടെ വേദന മനസാക്ഷിയുള്ളവര്‍ക്ക്‌ മനസിലാകേണ്ടതാണ്‌. ഗ്രൂപ്പിസത്തിന്റെ പേരിലാണു കളിയെങ്കിലും നടപടിക്ക്‌ കാരണം പെണ്ണുകേസാണല്ലോ. ഭാര്യയും മക്കളുമൊക്കെയുള്ള ഒരാള്‍ക്ക്‌ സഹിക്കാനാകാത്ത കാര്യം തന്നെ അത്‌. അതുകൊണ്ടാണ്‌ ഗോപി കരഞ്ഞത്‌. അദ്ദേഹത്തെ കരയാന്‍ വിട്ട്‌ യോഗം അവസാനിപ്പിച്ചുവത്രേ. എന്നുവച്ചാല്‍ അദ്ദേഹത്തെ സ്വന്തം വിധിക്കുവിട്ടു എന്ന്‌ അര്‍ത്ഥം. ഇനിയൊക്കെ തനിയെ അനുഭവിച്ചോളൂ എന്ന്‌ പറയുന്നതിനു തുല്യം. കമ്മിഷനെ വെച്ചിട്ടുണ്ട്‌. അവര്‍ അന്വേഷിക്കും, റിപ്പോര്‍ട്ട്‌ നല്‍കും. അതൊക്കെ പിന്നീടുള്ള കാര്യം. ചിലപ്പോള്‍ കമ്മിഷന്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയേക്കാം. ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കുകയും ചെയ്‌തേക്കാം. പക്ഷേ, ഇപ്പോഴത്തെ അപമാനം, വേദന, പരിഹാസം...ഇതിനൊക്കെ പകരമാകില്ല ഒന്നും.
ഇങ്ങനൊക്കെ പറയുന്നത്‌ മാര്‍ക്‌സിസം-ലെനിനിസത്തിന്‌ എതിരാണ്‌. പക്ഷേ, പാര്‍ട്ടിക്കാര്‍ പറഞ്ഞാലേ കുഴപ്പമുള്ളു. ഭാഗ്യം. അല്ലെങ്കില്‍ പിടിച്ച്‌ തരംതാഴ്‌ത്തിയിട്ട്‌ കമ്മിഷനെ വെച്ചു കളഞ്ഞേനേ. ഗ്രൂപ്പു വിട്ട്‌ ഗ്രൂപ്പില്‍ ചേക്കേറിയാല്‍ പുതുതായി ചേക്കേറിയ ഗ്രൂപ്പ്‌ ഏതാണോ അത്‌ ആ ദേഹത്തെ സംരക്ഷിക്കണം എന്നതാണ്‌ പുരാതന കാലം മുതല്‍ ഗ്രൂപ്പുകളിയുടെ അലിഖിത ഭരണഘടന. അതുപ്രകാരം കോട്ടമുറിക്കല്‍ സഖാവിനെ സംരക്ഷിക്കേണ്ടത്‌ ഔദ്യോഗിക പക്ഷമാണ്‌. പക്ഷേ, അവര്‍ പിലാത്തോസിനെപ്പോലെ കൈകഴുകി നിര്‍വികാരതയോടെ ആ കര്‍മം നിര്‍വഹിച്ചു. അപ്പോള്‍ പിന്നെ കരയാതെ ചിരിക്കണോ ഗോപി. സഖാവേ, സഖാവിനെതിരേ പരാതിയില്ല, പക്ഷേ, പണിയുണ്ട്‌. അതു ദാ പിടിച്ചോ എന്നു പറയുന്നത്‌ ഒരു ശ്രീനിവാസന്‍ സിനിമയിലാണെങ്കില്‍ ഓക്കേ. എല്ലാവര്‍ക്കും ചിരിക്കാം. കയ്യടിക്കുകയുമാകാം. ഇതു പക്ഷേ, അങ്ങനെയല്ലല്ലോ. അതുകൊണ്ട്‌ ഗോപിയുടെ കണ്ണുനീരിനെ ദു:സ്വപ്‌നം കാണാതെ എത്രകാലം മേല്‍കമ്മിറ്റി സഖാക്കള്‍ ഉറങ്ങുമെന്നറിയില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.