Tuesday, August 23, 2011

നിര്‍മ്മല്‍ മാധവ് മിഷന്‍ പി.ടി.എയ്‌ക്കെതിരെ നിയമനടപടി എടുക്കും


എസ് എഫ് ഐയുടെ രാഷ്ട്രീയ മുഷ്‌കിന് മുമ്പില്‍ മുട്ടുമടക്കാത്ത നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിയുടെ തുടര്‍പഠനം തടയുന്ന രീതിയിലാണ് കോളജ് പി.ടി.എയുടെ നടപടിയെങ്കില്‍ അവരെയും കൂട്ടുപ്രതിയാക്കി
മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ള നീതിന്യായ സ്ഥാപനങ്ങളില്‍ പരാതിപ്പെടുമെന്ന് പി ടി തോമസ് എം പി പറഞ്ഞു. 
കഴിഞ്ഞ ആഴ്ച പി ടി എയുടെ ലേബലില്‍ നടന്നത് യഥാര്‍ത്ഥ രക്ഷിതാക്കളുടെ തീരുമാനമല്ല. സംഘടിച്ചെത്തിയ സി പി എം ക്രിമിനലുകള്‍ ഭീഷണിപ്പെടുത്തി രക്ഷിതാക്കളുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ തടയുകയായിരുന്നു. യോഗഹാളിന് അകത്തുമാത്രമല്ല, പുറത്തും അക്രമികള്‍ വിളയാട്ടം നടത്തി രക്ഷിതാക്കളെ നിശബ്ദരാക്കാന്‍ ശ്രമിച്ചു.റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥിക്ക് സംരക്ഷണം നല്‍കേണ്ട പി ടി എ റാഗിംഗിന് നേതൃത്വം നല്‍കിയ ക്രമിനലിന് ചെല്ലും ചെലവും കൊടുത്ത് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ അസാധാരണ ആര്‍ജവം കാണിച്ച ഈ വിദ്യാര്‍ത്ഥിയെ പിന്തുണയ്ക്കാനുള്ള ധാര്‍മ്മിക ബാധ്യത എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ട്. എസ് എഫ് ഐ നേതാക്കള്‍ക്ക് ഗുണ്ടാപണം കൊടുത്ത് അവരുടെ ആജ്ഞകള്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേടില്‍ നിന്നും കേരളത്തിലെ ക്യാംപസുകളെ രക്ഷിക്കണം.
 
ഹൈക്കോടതി പൊലീസ് സംരക്ഷണവും സര്‍ക്കാറും സര്‍വകലാശാലയും തുടര്‍പഠന അനുമതിയും നല്‍കിയ ഒരു വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ പി ടി എയ്ക്ക് അധികാരമില്ലെന്നും അവര്‍ സി പി എം ലോക്കല്‍ കമ്മിറ്റിയുടെ രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പി ടി തോമസ് ആരോപിച്ചു. നൂറ് ശതമാനം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിക്ക് അതേ പ്രവേശന മാനദണ്ഡമുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ പുന:പ്രവേശനം നല്‍കിയതില്‍ ഒരുവിധ അപാകതയും ഇല്ലെന്നും എം പി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 
പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന നിര്‍മ്മല്‍ മാധവിനെ പി ടി തോമസ് എം പി സന്ദര്‍ശിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.