Wednesday, August 17, 2011

തൊഴിലാളികള്‍ക്ക് മിനിമം വേതനം


പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം  വേതനവും ചുമട്ട് തൊഴിലാളി മേഖലയിലെ നോക്കുകൂലി പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും ഉറപ്പു
നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ പൂര്‍ണരൂപം
പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനവും ചുമട്ട് തൊഴിലാളി മേഖലയിലെ നോക്കുകൂലി പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും ഉറപ്പുനല്‍കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തൊഴില്‍നയം പ്രഖ്യാപിച്ചു. ജില്ലാതല സമാധാന സമിതികള്‍ രൂപീകരിച്ച് മിന്നല്‍ പണിമുടക്ക് പോലെയുള്ള അപ്രഖ്യാപിത സമര പരിപാടികള്‍ ഒഴിവാക്കുമെന്നും ക്ഷേമബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്ക് ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുവാന്‍ സഹായം നല്‍കുമെന്നും, കുടിയേറ്റ തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നു. കയറ്റിയിറക്ക് മേഖലയില്‍ നോക്കുകൂലി, അമിതകൂലി എന്നിവ ഒഴിവാക്കാന്‍ സഹകരിക്കുമെന്ന് എല്ലാ ട്രേഡ് യൂണിയന്‍ പ്രതിനിധികളും സമ്മതിച്ചിട്ടുണ്ട്. ക്ഷേമനിധി സ്‌കീം പ്രാബല്യത്തിലുള്ള പ്രദേശങ്ങളില്‍ കയറ്റിയിറക്കുകൂലി  ബാങ്കുമുഖേന ഒടുക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടാക്കും. ആദ്യപടിയായി കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലും തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെയും ഏകീകരിച്ച കയറ്റിറക്ക് കൂലി നിശ്ചയിക്കും.
 
ഇപ്രകാരം ഏകീകരിച്ച കൂലി സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. നിശ്ചയിച്ചിട്ടുള്ളതിനെക്കാള്‍ അധികകൂലി ആവശ്യപ്പെടുകയോ ഗാര്‍ഹികാവശ്യത്തിനുള്ള സാമഗ്രികളുടെ കയറ്റിറക്ക് ആവശ്യപ്പെട്ട് വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം കൂടുമ്പോള്‍ തൊഴിലാളികളുടെ ബോര്‍ഡിലെ രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് നിയമം ഭേദഗതി ചെയ്യും. ചുമട്ടുതൊഴിലാളി രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ  കൈമാറ്റം കര്‍ശനമായി തടയും. പകരക്കാരെ കയറ്റിറക്ക് തൊഴിലുകള്‍ക്ക് നിയോഗിച്ച് മാസപ്പടി കൈപ്പറ്റുന്ന പ്രവണത അവസാനിപ്പിക്കും.അസംഘടിത മേഖലയിലെ തൊഴിലുകള്‍ക്ക് സര്‍ക്കാര്‍ മിനിമംവേതനം നിശ്ചയിച്ചിട്ടുണ്ടെങ്കിലും കൃത്യമായി അത് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. വേതനം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടാല്‍ തൊഴിലില്‍ നിന്നും പിരിച്ചുവിടുമെന്ന ഭീതി മൂലം പരാതിപ്പെടാന്‍ തൊഴിലാളികള്‍ സന്നദ്ധരാകുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പാക്കുന്നതിന് അവരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി മാത്രം നല്‍കുന്നതിന് വ്യവസ്ഥചെയ്ത് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. മിനിമം വേതനത്തെക്കാള്‍ കുറഞ്ഞ തുകയാണ് ഉടമ തൊഴിലാളിക്ക് നല്‍കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയാല്‍ തൊഴിലാളിയുടെ പരാതി കൂടാതെ ബാങ്ക് സ്റ്റേറ്റ്‌മെന്റിനെ അടിസ്ഥാനമാക്കി ഉടമയില്‍ നിന്നും കുടിശ്ശിക ഈടാക്കുന്നതിന് നടപടി സ്വീകരിക്കും. വേതനം നല്‍കിയതായി തൊഴിലുടമ ഹാജരാക്കുന്ന സ്റ്റേറ്റ്‌മെന്റിനൊപ്പം ബാങ്കില്‍ നിന്നുമുള്ള രേഖകളും ഭാവിയില്‍ ഹാജരാക്കേണ്ടിവരും.
 
അപ്രതീക്ഷിതമായുണ്ടാകുന്ന പണിമുടക്കുകള്‍ മൂലം സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാതല സമാധാന സമിതികള്‍ രൂപവത്കരിക്കും. ജില്ലാ കളക്ടര്‍ (ചെയര്‍മാന്‍), ജില്ലാ ലേബര്‍ ഓഫീസര്‍ (കണ്‍വീനര്‍), ജില്ലാ പോലീസ് സൂപ്രണ്ട് എന്നീ ഉദ്യോഗസ്ഥരും ജില്ലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളും ഉള്‍പ്പെടുന്നതായിരിക്കും സമാധാന സമിതി. മിന്നല്‍ പണിമുടക്കുപോലെ ജനങ്ങളെ ക്ലേശത്തിലാക്കുന്ന വിഷയങ്ങളില്‍ ഈ സമിതി അടിയന്തിരമായി ഇടപെടുകയും പ്രശ്‌നപരിഹാരം ഉണ്ടാക്കുകയും ചെയ്യും. സമാധാന സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യവസായ തൊഴില്‍തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ വരുന്നതൊഴികെയുള്ള വിഷയങ്ങളായിരിക്കും സമിതി പരിഗണിക്കുക. ഐറ്റി മേഖലയിലെ തൊഴിലുടമകള്‍ക്ക് സര്‍ക്കാരുമായി കൂടിയാലോചിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതവും നിലവിലെ തൊഴില്‍ നിയമങ്ങള്‍ക്ക് വിധേയവുമായി സ്വയം നിയന്ത്രിത തൊഴില്‍ വ്യവസ്ഥ നടപ്പിലാക്കാന്‍ അവസരം നല്‍കും.നിര്‍മ്മാണ മേഖലയില്‍ അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്കും ജീവഹാനിക്കും നഷ്ടപരിഹാരം നിഷേധിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടിയേറ്റതൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് നിര്‍മ്മാണമേഖലയില്‍ സുരക്ഷയും ആനുകൂല്യവും ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
 
മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. രജിസ്‌ട്രേഷനുള്ള തൊഴിലാളികളെ മാത്രമെ സൈറ്റുകളില്‍ പണിയെടുപ്പിക്കാന്‍ പാടുള്ളൂവെന്ന് വ്യവസ്ഥ ചെയ്യും. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയുടെ ആനൂകൂല്യം കൂടുതല്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുവാന്‍ കഴിയുംവിധം നിയമം ഉദാരമാക്കും. സമഗ്രആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിരക്ഷ ഈ തൊഴിലാളികള്‍ക്കും ലഭ്യമാക്കും. ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണ വേളയിലെ സുരക്ഷ ഉറപ്പാക്കാന്‍ രജിസ്‌ട്രേഷന് അപേക്ഷിക്കുമ്പോള്‍ സുരക്ഷാസംബന്ധമായ ഒരു സേഫ്റ്റി പ്ലാന്‍ കൂടി ഉടമ സമര്‍പ്പിക്കണമെന്ന് വ്യവസ്ഥചെയ്യും. ഇതു നടപ്പിലാക്കുന്നുണ്ടോയെന്ന് സ്വതന്ത്രഏജന്‍സിയെ നിയോഗിച്ച് പരിശോധിപ്പിക്കും. ബഹുനില കെട്ടിടങ്ങള്‍ക്ക് സേഫ്റ്റി ഓഡിറ്റ് നിര്‍ബന്ധമാക്കും. സാമ്പത്തികമായി വന്‍ബാധ്യത വരുത്താതെ തൊഴിലാളികള്‍ക്ക് തങ്ങളുടെ വരുമാനത്തിലൊതുങ്ങുന്ന ചിലവ് കുറഞ്ഞ വീടുനിര്‍മ്മിക്കാന്‍ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി സഹായം ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരിന്റേയും ക്ഷേമബോര്‍ഡുകളുടെ നിക്ഷേപം സ്വീകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയുള്ള ക്ഷേമബോര്‍ഡുകളുടെ അംഗങ്ങള്‍ക്കായിരിക്കും പ്രാരംഭഘട്ടത്തില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
വര്‍ദ്ധിച്ചുവരുന്ന പുതിയ തൊഴില്‍ മേഖലകളും ഉത്പാദന-സേവന മേഖലകളും സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ തൊഴിലാളി-തൊഴിലുടമാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഔദ്യോഗിക സംവിധാനത്തിന്റെ അപര്യാപ്തത തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പു നിശ്ചയിച്ച സ്റ്റാഫ് പാറ്റേണും ഘടനയുമാണ് ഇന്നും വകുപ്പില്‍ തുടരുന്നത്. 
 
തൊഴില്‍ വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പഠനം നടത്തി സമര്‍പ്പിച്ച ശുപാര്‍ശയിന്മേല്‍ എത്രയും വേഗം തീരുമാനം കൈക്കൊള്ളും. പഠനറിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രകാരം ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും വകുപ്പിന്റെ ഘടന പരിഷ്‌കരിക്കുകയും ചെയ്യും. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കും. നിര്‍വ്വഹിക്കാന്‍ പര്യാപ്തമായ ഇ-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുകവഴി എഴുത്തുകുത്തുകളും പേപ്പര്‍ വര്‍ക്കുകളും, പരമാവധി കുറച്ച് ക്ലിപ്ത സമയത്തിനുള്ളില്‍ പരാതികളിന്മേല്‍ നടപടി ഉറപ്പാക്കും.  തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സജ്ജമാക്കും. ഹെല്‍പ്പ്‌ലൈനില്‍ ലഭിക്കുന്ന പരാതിയിന്മേല്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും ആയത് പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷാഫോറങ്ങള്‍ ഡൗണ്‍ലോഡുചെയ്യാനും ഓണ്‍ലൈനായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കും. വകുപ്പു പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അതാതു ദിവസം തന്നെ പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് മുഖേന ലഭ്യമാക്കും.
 
തോട്ടം മേഖലയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സേവന വേതന വ്യവസ്ഥകള്‍ ആകര്‍ഷകമാക്കുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും. തൊഴിലാളികളുടെ കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് മാനേജ്‌മെന്റുകളുടെ സഹകരണത്തോടുകൂടി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആരംഭിക്കും. 
വിവിധ നിര്‍മ്മാണ തൊഴിലുകളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശീലനം നല്‍കി സ്വദേശത്തും വിദേശത്തും വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് കൊല്ലം ജില്ലയില്‍ ആരംഭിക്കുന്ന കണ്‍സ്ട്രക്ഷന്‍ അക്കാദമിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കുകയും ആ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള പരിശീലന കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്യും. വിദേശ തൊഴില്‍ദാതാക്കളുമായുള്ള ഉഭയകക്ഷി ധാരണ പ്രകാരമായിരിക്കും ഇവിടത്തെ കോഴ്‌സുകള്‍ രൂപകല്‍പന ചെയ്യുക. ഈ സ്ഥാപനത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒ.ഡി.ഇ.പി.സി. വഴി സ്വദേശത്തും വിദേശത്തും സ്ഥായിയായ തൊഴില്‍ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.മാറി വരുന്ന പ്രവണതകള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായി പുതിയ ഫാഷനുകള്‍ പരിശീലിപ്പിക്കുന്നതിനായി തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഒരു ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കും. തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് ന്യായ വിലയ്ക്ക് തയ്യല്‍ സാമഗ്രികള്‍ ലഭ്യമാക്കാന്‍ എല്ലാ ജില്ലയിലും മെറ്റീരിയല്‍ ബാങ്ക് ആരംഭിക്കും.
 
തൊഴില്‍വകുപ്പിന്റെ കീഴിലുള്ള വിവിധ ക്ഷേമബോര്‍ഡുകളുടെ നിക്ഷേപം ഉപയോഗപ്പെടുത്തി തൊഴിലാളി മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ലേബര്‍ ബാങ്ക് രൂപീകരിക്കും. ഇപ്പോള്‍ ബാങ്കുകളിലുള്ള ക്ഷേമ ബോര്‍ഡുകളുടെ നിക്ഷേപം സ്വരൂപിച്ച് ആദായകരമായ രീതിയില്‍ വിനിയോഗിക്കുകയും ചെയ്യും. അതില്‍ നിന്നും ലഭിക്കുന്ന ലാഭം തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുവാന്‍ ലക്ഷ്യമുണ്ട്. വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്കായി ലേബര്‍ ഡേറ്റാ ബാങ്കും ആരംഭിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.