Tuesday, August 2, 2011

ഗോപി കോട്ടമുറിക്കല്‍ പ്രശ്‌നത്തില്‍ വി.എസിനു മൗനം: പ്രതിശ്ചായ തകരുമോയെന്ന ആശങ്ക


ലൈംഗീകപീഡനം എന്നുകേട്ടാല്‍ ചാനല്‍മൈക്കുകള്‍ക്കുമുന്നില്‍ ഉറഞ്ഞുതുള്ളുന്ന, നീട്ടിപ്പാടുന്ന പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഗോപി കോട്ടമുറിക്കലിനെതിരേയുയര്‍ന്ന ആരോപണത്തെക്കുറിച്ച് മൗനംപാലിക്കുന്നു. വിഷയത്തില്‍ വി.എസ് പ്രതികരിക്കണമെന്നാവശ്യപ്പെട്ട് സ്വന്തംഗ്രൂപ്പിലുള്ള എം.എല്‍.എ സമീപിച്ചപ്പോള്‍  അദ്ദേഹം രോഷാകുലനാവുകയായിരുന്നു. ഫലത്തില്‍ ഗോപി കോട്ടമുറിക്കലിനെതിരേയുള്ള ആരോപണത്തിലൂടെ എറണാകുളം ജില്ലയിലെ വി.എസ് ഗ്രൂപ്പ് രണ്ടായി പിളര്‍ന്നിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഭൂമാഫിയ ബന്ധത്തില്‍പ്പെട്ട് ഗുരുതരമായ ആരോപണ വിധേയനായ എം.എല്‍.എ.യും ട്രേഡ്‌യൂണിയന്‍ നേതാക്കളുമടക്കം മൂന്നംഗ സംഘമാണ് വി.എസിനെ കണ്ടത്. ഒപ്പമുള്ളവര്‍ ഉന്നയിച്ച സ്വഭാവദൂഷ്യ ആരോപണത്തിന് കൂടുതല്‍ സ്വീകാര്യത വരുത്താന്‍ വി.എസ് പ്രതികരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച്ച.

സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പ്രതികരിക്കണമെന്നും അതിലൂടെ പ്രശ്‌നത്തെ സമ്മേളന കാലയളവുവരെ സജീവമാക്കണമെന്നുമായിരുന്നു ഗ്രൂപ്പുനേതാക്കളുടെ ആവശ്യം.എന്നാല്‍ ഗോപി പ്രശ്‌നത്തില്‍ ഗ്രൂപ്പിനുള്ളില്‍ പോലും അഭിപ്രായ ഐക്യം രൂപപ്പെടുത്താന്‍ കഴിയാത്തതിനെ ചൊല്ലി വി.എസ്. നേതാക്കളോട് പൊട്ടിത്തെറിച്ചു. ചിലരുടെ വാക്കുകള്‍ കേട്ട് താന്‍ എടുത്ത് ചാടിയതുമൂലം ഉണ്ടായ താളപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി വി.എസ്. ഈ നീക്കത്തിന് തടയിട്ടു. വിഷയത്തില്‍ സ്ത്രീയുടെ പരാതിയിലെ്‌ളന്നും പരാതിക്കാരന്‍ ഗ്രൂപ്പിന്റെ ഭാഗമായി നല്‍കിയ പരാതിയെന്ന എതിര്‍വിഭാഗത്തിന്റെ ആരോപണം തന്റെ ഇടപെടലുകൂടിയാകുമ്പോള്‍ ശരിവയ്ക്കപ്പെടുമെന്നും വി.എസ്. പറഞ്ഞു. ഗ്രൂപ്പില്‍ നിന്നുള്ള വനിതാ സഖാക്കളുടെ ഈ വിഷയത്തിലെ മറുകണ്ടം ചാടലും സ്വഭാ വദൂഷ്യാരോപണത്തിന്റെ മുന ഒടിച്ചതായി വി.എസ്. നേതാക്കളോട് തുറന്നടിച്ചു.

നേതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി വി.എസിന്റേതായി ആരോപണം വീണ്ടും പുറത്തുവരികയും പിന്നീട് ആരോപണത്തില്‍ കഴമ്പിലെ്‌ളന്ന് തെളിയുകയും ചെയ്താല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വി. എസ്. കരുതുന്നു. പാര്‍ട്ടിയിലെ എതിരാളികളോടൊപ്പം പൊതുശത്രുക്കളും തന്നെ കൂട്ടയമായി വേട്ടയാടുമെന്ന തിരിച്ചറിവും വി.എസിനുണ്ട്. തനിക്കൊപ്പം നില്‍ക്കുന്നവര്‍ രണ്ടു ചേരിയിലായി സ്വഭാവദൂഷ്യ വിഷയത്തില്‍ വെട്ടാനും തടുക്കാനും രംഗത്തെത്തിയത് വി.എസിനെ വിഷമവൃത്തിലാക്കുന്നു. ഗോപികോട്ടമുറിക്കലിനെതിരേ ആരോപണം ഉയരുന്നതിനു തൊട്ടുമുമ്പ് സ്വന്തം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെവരെ ഒരു പീഡനക്കേസിന്റെ പേരില്‍ കുടുക്കാന്‍ നോക്കിയയാളാണ് വി.എസ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കു നേരിട്ടുപ്രശ്‌നത്തില്‍ ബന്ധമില്ലായിരുന്നു. എന്നിട്ടും സംഭവത്തില്‍ അദ്ദേഹത്തിനെതിരേ പാര്‍ട്ടി നേതൃത്വത്തിനു പരാതി കൈമാറുകയായിരുന്നു അദ്ദേഹം.

തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ അടിയന്തരമായി ആസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു വി.എസ് നല്‍കിയ കത്ത് ഇപ്പോഴും പാര്‍ട്ടിയുടെ പരിഗണനയിലാണ്. സി. പി. എം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ക്കുള്ള ആദ്യപടിയായി കത്ത് തയ്യാറാക്കിയത്. വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പാര്‍ട്ടി നിശ്ചയിച്ച ആളാണ് രവീന്ദ്രന്‍. കഴിഞ്ഞമാസം എട്ടിന് രവീന്ദ്രന്റെ വീട്ടിലെ ജോലിക്കാരി ഒളിച്ചോടിപ്പോയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായ വിവരം രവീന്ദ്രന്‍ തന്നെയാണ് മ്യൂസിയം പൊലീസിനെ അറിയിച്ചത്. തീരെ സാമ്പത്തികശേഷി ഇല്ലാത്ത വീട്ടിലെ കുട്ടിയെ രവീന്ദ്രന്‍ വീട്ടിലെ സഹായിയായി കൊണ്ടുവന്നത് കുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നെന്നാണ് സി. പി. എം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്.

ഔദ്യോഗിക നേതൃത്വത്തിന്റെ താത്പര്യപ്രകാരം കൂടിയാണ് രവീന്ദ്രനെ വി. എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നതും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാ ത്ത കുട്ടിയെ ജോലിക്ക് നിറുത്തിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുമുമ്പാണ് രവീന്ദ്രനെ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി. എസ് സി. പി. എം നേതൃത്വത്തിന് കത്ത് നല്‍കിയത്. എന്നാല്‍ അതിന് ശേഷം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ കത്ത് പരിഗണനയ്ക്ക് എടുത്ത് ചര്‍ച്ച ചെയ്തില്ല. ഇതില്‍ കുപിതനായ വി. എസ് എതിര്‍പക്ഷം നല്‍കിയ കത്തിന് പരോക്ഷ പിന്തുണയും നല്‍കി. ഇക്കാര്യത്തില്‍ വി. എസ് ഇരട്ടത്താപ്പ് കാട്ടുകയാണെന്നും ആക്ഷേപമുണ്ട്.

ഏതാനും വര്‍ഷം മുമ്പ് വി. എസിന്റെ കീഴിലുണ്ടായിരുന്ന ഇന്‍ലാന്റ് വാട്ടര്‍ കോര്‍പ്പറേഷന്റെ ചുമതല ഉണ്ടായിരുന്ന സി. കെ. മേനോനെ അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയുമായി തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പേരിന് സസ്‌പെന്റ് ചെയ്‌തെങ്കിലും കേസ് നിലനില്‍ക്കെ തന്നെ വി. എസ്. അച്യുതാനന്ദന്‍ മേനോന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി വീണ്ടും പഴയ തസ്തികയില്‍ തന്നെ പ്രതിഷ്ഠിച്ചു. ഇതേ വി. എസ്. തന്നെ ഇപ്പോള്‍ കാര്യമില്ലാത്ത സ്ത്രീപീഡനവാദവുമായി രംഗത്തെത്തിയതാണ് പാര്‍ട്ടി നേതൃത്വത്തിന് രുചിക്കാത്തത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലവേലയ്ക്കു നിര്‍ത്തി ദേഹോപദ്രവമേല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു രവീന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസ് റജിസ്റ്റര്‍ ചെയ്തു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മ്യൂസിയം പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയത്. ബാലവേല പാടില്ലെന്ന നിയമം ലംഘിച്ചതിനാണു രവീന്ദ്രനെതിരെ കേസ്.

ജവാഹര്‍ നഗറിലെ ഓഫിസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിലാണു പെണ്‍കുട്ടിയെ ബാലവേലയ്ക്കു വിധേയയാക്കിയത്. രവീന്ദ്രന്‍ നേരത്തേ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതി തുടര്‍നടപടിക്കായി ഡിജിപിക്ക് അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ എട്ടിന് ഇവിടെ നിന്നു പോയ പെണ്‍കുട്ടി റയില്‍വേ സ്‌റ്റേഷനില്‍ പരിചയപ്പെട്ട യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയെന്നും അവിടെ വച്ചു പീഡിപ്പിക്കപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം. പെണ്‍കുട്ടിയെയും പിതാവിനെയും കൊണ്ടു മ്യൂസിയം പൊലീസ് കന്യാകുമാരിയിലെ ലോഡ്ജിലെത്തി തെളിവെടുത്തിരുന്നു.

ഏതായാലും ഇത്തരമൊരു സംഭവത്തില്‍ പരസ്യമായി പ്രതികരിച്ച വി.എസ് എറണാകുളം ജില്ലാസെക്രട്ടറിക്കെതിരേയുള്ള ആരോപണത്തില്‍ മൗനംതുടരുന്നത് പൊതുസമൂഹത്തെ അമ്പരപ്പിക്കുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.