Saturday, August 6, 2011

ശ്രീധരന്‍ പിള്ളയുടെ എത്രാമത്തെയോ തിരുമുറിവ്‌

സത്യത്തില്‍ ആര്‍ക്കുമൊന്നും മനസിലായില്ല. പെട്ടെന്നൊരു ദിവസം ശ്രീധരന്‍ പിള്ളക്കെതിരേ വി മുരളീധരനും സികെ പത്മനാഭനും മറ്റും ഉറഞ്ഞുതുള്ളുന്നു. ടിവിയിലൊക്കെ വാര്‍ത്ത വരുന്നു. അടുത്ത ദിവസം ശ്രീധരന്‍പിള്ള വിനീത വിധേയനായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുന്നു, എന്നെ ക്രൂശിക്കരുതേ, ഞാനൊരു പാവമാണേ എന്ന്‌ ആണയിടുന്നു.... എന്തു പറ്റി, എന്താണത്‌ എന്നൊരു ചോദ്യം കാസര്‍കോട്‌ മുതല്‍ പാറശാല വരെ കിടന്നു കറങ്ങി. ചിലരൊക്കെ അല്‌പം ചിലത്‌ മനസിലാക്കി വച്ചിട്ടുണ്ട്‌. മാറാട്‌ കലാപം അവസാനിപ്പിക്കാന്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ മകനും ശ്രീധരന്‍ പിള്ളയും കൂടി ചര്‍ച്ച നടത്തിയെന്നോ അന്നുതന്നെ കലാപം സ്വിച്ചിട്ടപോലെ നിന്നെന്നോ മറ്റോ മനോരമയില്‍ വന്നത്രേ. അപ്പഴേക്കും മനോരയിലും വന്നോ എന്നു ചോദിച്ച്‌ ആര്‍എസ്‌എസുകാരും ബിജെപിക്കാരും ചാടിയിറങ്ങുകയാണുണ്ടായത്‌. കേസരീ, കേസരീന്നു പറഞ്ഞൊരു പത്രമുണ്ട്‌. ആര്‍എസ്‌എസുകാര്‌ കണ്ടവരെ ചീത്ത വിളിക്കുന്നത്‌ അതിലൂടെയാണ്‌. ഇത്തവണ അതില്‍ ശ്രീധരന്‍ പിള്ളക്കിട്ടായിരുന്നു പുലഭ്യം. ബിജെപിക്കാര്‌ ഒരു പത്രം ഇറക്കുന്നുണ്ട്‌. ജന്മഭൂമി. അതില്‍, കോഴിക്കോട്ടുനിന്നുള്ള ഏതോ സാധുവിന്റെ പേരില്‍ ഒരു ലേഖനം വന്നു. അതും ശ്രീധരന്‍ പിള്ളക്കൊച്ചേട്ടനെതിരേതന്നെ. എഴുതിയത്‌ നന്നായി എഴുതാനൊക്കെ അറിയാവുന്ന മറ്റാരോ ആണെന്നും അത്‌ വേറെ പേരുവച്ചു ചെയ്‌തെന്നേയുള്ളുവെന്നും പാര്‍ട്ടിയിലൊക്കെ പാട്ടാവുകയും ചെയ്‌തു.
ഏതായാലും ബിജെപിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ലേയില്ല. വര്‍ഷങ്ങള്‍ എത്രയോ മുമ്പ്‌ ഹിന്ദു-മുസ്‌ലിം നേതാക്കളും ഭരണ നേതൃത്വവും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്‌ത്‌ തീര്‍ത്ത പ്രശ്‌നത്തിന്‍െ പിതൃത്വം പിള്ളയ്‌ക്കും തങ്ങള്‍ക്കുമാണെന്നു വരുത്താന്‍ മനോരമ ശ്രമിച്ചത്‌ എന്തിനാണെന്ന്‌ നാട്ടുകാര്‍ക്ക്‌ മനസിലായിട്ടില്ല. പക്ഷേ, പത്രക്കാര്‍ക്ക്‌ അറിയാം. ഞായറാഴ്‌ചപ്പതിപ്പിലേക്ക്‌ കവര്‍ സ്റ്റോറിയാക്കാന്‍ 'കത്തുന്ന' എന്തെങ്കിലും വേണമല്ലോ എന്ന്‌ എല്ലാ ജില്ലാ ബ്യൂറോകളിലും മനോരമയില്‍ നിന്ന്‌ പറഞ്ഞുപോയി. എങ്കില്‍ പിന്നെ, കത്തിച്ചിട്ടുതന്നെ കാര്യം എന്നു മലപ്പുറം ബ്യൂറോ തീരുമാനിച്ചതിന്റെ ഫലമാകുന്നു ചേമ്പിലയില്‍ വെള്ളമൊഴിച്ചതുപോലുള്ള ലേഖനവും അതിന്റെ പൊല്ലാപ്പുകളും. മനോരമയില്‍ ലേഖനം വന്നപ്പോള്‍തന്നെ ആര്‍ക്കും സംഭവം പിടികിട്ടിയിരുന്നില്ല. പക്ഷേ, ബിജെപിക്കാര്‍ക്ക്‌ പിടികിട്ടി. ശ്രീധരന്‍ പിള്ള മഹാനാകാന്‍ നോക്കുന്നു. അതു നടക്കില്ല. അഥവാ മാറാട്‌ കലാപം അവസാനിപ്പിക്കാന്‍ തങ്ങളുമായോ മകനുമായോ ചര്‍ച്ച നടത്തിയെങ്കില്‍ അത്‌ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചേ തീരൂ. ഒരുപാര്‍ട്ടിയില്‍ ഒരുപാട്‌ മഹാന്‍മാര്‍ വേണ്ട. അങ്ങനെയാണ്‌ ശ്രീധരന്‍ പിള്ള സമസ്‌താപരാധവും ഏറ്റു പറയാന്‍ പത്രക്കാരെ കണ്ടത്‌.
മാറാട്‌ കലാപം ചര്‍ച്ചയിലൂടെ പരിഹരിച്ചതിന്റെ പിതൃത്വം ഒരിക്കലും താന്‍ ഏറ്റെടുത്തിട്ടില്ലെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. അത്തരമൊരു കാര്യം താന്‍ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും പറഞ്ഞു. ഇത്തരമൊരു കാര്യം സംബന്ധിച്ച്‌ ഒരു മാധ്യമത്തിനും താന്‍ അഭിമുഖം നല്‍കുകയോ മറ്റ്‌ വെളിപ്പെടുത്തലുകളെന്തെങ്കിലും നടത്തുകയോ ചെയ്‌തിട്ടില്ല.
സ്വാഭാവികമായും ചീറ്റിപ്പോയത്‌ മനോരമ ലേഖനമാണ്‌. അതുകൊണ്ട്‌ അവര്‍ ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളന വാര്‍ത്ത രണ്ടു വരിയില്‍ ഒതുക്കി. അതിലുള്ളതോ അദ്ദേഹം പറഞ്ഞതൊന്നുമല്ല താനും. വിവാദം നിര്‍ഭാഗ്യകരം-ശ്രീധരന്‍ പിള്ള എന്ന്‌ തലക്കെട്ടുകൊടുത്ത്‌ അവിടെയും ഇവിടെയും തൊടാതെ ഒരു വാര്‍ത്ത. നിര്‍ഭാഗ്യം മനോരമ ലേഖകനു സംഭവിച്ചോ എന്ന്‌ പിന്നീടറിയാം.
ഒരു പത്രത്തില്‍ നിന്ന്‌ റിപ്പോര്‍ട്ടര്‍ തന്നെ വിളിച്ച്‌ മാറാട്‌ കലാപം നടന്ന സമയത്ത്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ തന്റെ വീട്ടില്‍ വന്ന്‌ സമാധാനകാര്യങ്ങള്‍ സംസാരിച്ചിരുന്നോ എന്ന്‌ ചോദിച്ചിരുന്നു. താനത്‌ ശരിയാണെന്ന്‌ മറുപടിയും പറഞ്ഞു. ഹിന്ദു-മുസ്‌ലിം സംഘടനകളും അന്നത്തെ സര്‍ക്കാറും ചേര്‍ന്ന്‌ ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കിയെന്നാണ്‌ താന്‍ പറഞ്ഞത്‌. കോഴിക്കോട്‌ ഗസ്റ്റ്‌ഹൗസില്‍ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ ബി ജെ പിയുടെ നിയുക്ത സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയില്‍ താനും സംസ്ഥാന സംഘടനാ സെക്രട്ടറിയും പങ്കെടുത്തിരുന്നു. അത്‌ ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നത്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ ചില തത്‌പരകക്ഷികള്‍ ഇത്‌ സംബന്ധിച്ച്‌ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്‌. ആര്‍ എസ്‌ എസും താനും തമ്മില്‍ ഇതു സംബന്ധിച്ച്‌ എന്തെങ്കിലും ഭിന്നതയില്ല. ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ പ്രകടിപ്പിച്ച അഭിപ്രായവും താന്‍ പറഞ്ഞതും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.- ഇതാണ്‌ പിള്ള പറഞ്ഞതിന്റെ കാതല്‍. ഇതിലെവിടെയാണ്‌ നിര്‍ഭാഗ്യം. ആവോ.

No comments:

Post a Comment

Note: Only a member of this blog may post a comment.