Friday, August 12, 2011

പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വി.എസ്‌

പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വി.എസ്‌ അച്യുതാനന്ദന്‍ ശക്തി വര്‍ധിപ്പിച്ചിരിക്കെ, പിണറായി വിജയനുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നാലാമൂഴം നല്‍കാന്‍ ഔദ്യോഗിക പക്ഷത്തു ധാരണ. പിണറായി വിജയന്‍ തന്നെയായിരിക്കും വീണ്ടും സംസ്ഥാന സെക്രട്ടറിയാവുകയെന്ന്‌ ഉറപ്പിച്ചാണ്‌ അവരുടെ നീക്കം. അടുത്ത മാസം 15 മുതലാണ്‌ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സിപിഎം സമ്മേളനങ്ങള്‍ ആരംഭിക്കുന്നത്‌.
കോടിയേരി ബാലകൃഷ്‌ണന്‍ സംസ്ഥാന സെക്രട്ടറിയാകുമെന്നും പിണറായി വിജയന്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലേക്കു മാറുമെന്നുമുള്ള പ്രചാരണങ്ങള്‍ ഒരു വശത്തു നടക്കുമ്പോഴാണ്‌ നേരേ കടക വിരുദ്ധമായ തീരുമാനത്തിലേക്ക്‌ പാര്‍ട്ടി നീങ്ങുന്നത്‌. പിണറായി പ്രതിയായ ലാവ്‌ലിന്‍ കേസില്‍ അന്തിമ വിധി വരാതെ അദ്ദേഹം പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവരില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു തുടര്‍ച്ച നല്‍കാനുള്ള കാരണം അതു മാത്രമല്ല. സെക്രട്ടറി സ്ഥാനമോഹികളുടെ എണ്ണം വര്‍ധിച്ചതും അവരില്‍ കൂടുതല്‍ പേരും അതിനു യോഗ്യരാണെന്നതുമാണ്‌ കാരണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിയല്ലാതെ മറ്റാര്‌ സെക്രട്ടറിയായാലും പാര്‍ട്ടിയില്‍ പോര്‌ മൂര്‍ഛിക്കുമെന്ന വിലയിരുത്തലിലേക്കാണ്‌ ഔദ്യോഗിക പക്ഷം എത്തിയിരിക്കുന്നത്‌. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന പ്രമുഖരായ മൂന്നു നേതാക്കള്‍ക്ക്‌ ഈ ധാരണയോട്‌ യോജിപ്പില്ല. പക്ഷേ, അവരും ഭൂരിപക്ഷ തീരുമാനത്തിന്റെ വഴിക്കു വരേണ്ടിവരുമെന്നുതന്നെയാണ്‌ പിണറായിക്കുവേണ്ടി കരുനീക്കുന്നവര്‍ കാണുന്നത്‌.
കോടിയേരി ബാലകൃഷ്‌ണന്‍, എം എ ബേബി, ഡോ. ടി എം തോമസ്‌ ഐസക്‌ എന്നിവരാണ്‌ സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്നവര്‍. എന്നാല്‍ പരസ്യമായ കരുനീക്കം നടക്കാത്ത പാര്‍ട്ടിയാണ്‌ ഇപ്പോഴും സിപിഎം എന്നതാണ്‌ മൂവര്‍ക്കും തടസം.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ ഒരാള്‍ക്ക്‌ മൂന്നില്‍ കൂടുതല്‍ തവണ അവസരം നല്‍കേണ്ടെന്ന്‌ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്‌ തീരുമാനമായിട്ടില്ല. പക്ഷേ, പൊതുധാരണ പാര്‍ട്ടിക്കുള്ളില്‍ ഇക്കാര്യത്തില്‍ രൂപപ്പെട്ടിട്ടുണ്ട്‌. അതു മാറ്റാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളു. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ പിണറായിക്ക്‌ നാലാമൂഴം നല്‍കുമെന്നുതന്നെയാണ്‌ ഔദ്യോഗിക പക്ഷം പറയുന്നത്‌.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്‌ ബ്യൂറോയില്‍ ഉള്‍പ്പെടുമെന്നു പ്രതീക്ഷിച്ചിരുന്ന ബേബിയെയും തോമസ്‌ ഐസക്കിനെയും പരിഗണിക്കാതെയാണ്‌ കോടിയേരിയെ പിബിയില്‍ ഉള്‍പ്പെടുത്തിയത്‌. പാലോളിയെയായിരുന്നു ആദ്യം പരിഗണിച്ചത്‌. എന്നാല്‍ അദ്ദേഹം താല്‍പര്യം കാട്ടിയില്ല.
ഇത്തവണ ബേബിയെയോ ഐസക്കിനെയോ ഉള്‍പ്പെടുത്തും. പക്ഷേ, സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ മറ്റാരും പരിഗണനയില്‍ ഇല്ലെന്നാണു വ്യക്തമായ സൂചന.
പാര്‍ട്ടി പിടിക്കാന്‍ വി എസ്‌ അച്യുതാന്ദന്‍ നടത്തുന്ന നീക്കങ്ങളെ ചെറുത്തു തോല്‌പ്പിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനിടെ, സെക്രട്ടറി സ്ഥാനത്തെച്ചൊല്ലിയുള്ള പോരിന്‌ ഔദ്യോഗിക പക്ഷം മുതിരില്ലെന്ന്‌ കേന്ദ്ര നേതൃത്വവും കണക്കുകൂട്ടുന്നുണ്ട്‌. അതായത്‌ പിണറായിയുടെ നാലാമൂഴം സുഗമമായി നടപ്പാക്കാനാകുമെന്ന്‌ ഇപ്പോള്‍ തന്നെ ഉറപ്പിച്ചിരിക്കുകയാണത്രേ

No comments:

Post a Comment

Note: Only a member of this blog may post a comment.