Wednesday, August 10, 2011

കോട്ടമുറിക്കലിനെ കുടുക്കിയത് എസ്എഫ്ഐ നേതാക്കള്‍?

സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സദാചാര വിരുദ്ധ നടപടിയുടെ പേരില്‍ വി എസ് വിഭാഗം കുരുക്കിലാക്കിയത് ജില്ലയിലെ എസ് എഫ് ഐ നേതാക്കളെ ഉപയോഗിച്ചെന്ന് സൂചന. കോട്ടമുറിക്കലിന്‍റെ മുറിയില്‍ ഒളിക്യാമറ സ്ഥാപിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും വിദ്യാര്‍ത്ഥി നേതാക്കളെ വി എസ് പക്ഷം ഉപയോഗിച്ചതായാണ് സൂചന.

‘കോട്ടമുറിക്കല്‍ ഓപ്പറേഷ’നു പിന്നില്‍ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്‍ററില്‍ കയറുന്നതില്‍ നിന്ന് എസ് എഫ് ഐ നേതാക്കള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വി എസ് പക്ഷത്തിന് മുന്‍‌തൂക്കമുണ്ടായിരുന്ന ജില്ലാ സെന്‍റര്‍ പിരിച്ചുവിട്ട് പിണറായി വിഭാഗത്തിന് ആധിപത്യമുള്ള പുതിയ സമിതിയുണ്ടാക്കിയപ്പോഴാണ് എസ് എഫ് ഐ നേതാക്കള്‍ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറാനാകാതെ വന്നിരിക്കുന്നത്. എസ് എഫ് ഐ നേതാക്കള്‍ യോഗം ചേരുന്നതും തീരുമാനങ്ങളെടുക്കുന്നതും ലെനിന്‍ സെന്‍ററിലായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എസ് എഫ് ഐ നേതാക്കള്‍ക്ക് അവരുടെ ആസ്ഥാനം മാറ്റേണ്ടിവന്നിരിക്കുകയാണ്.

ചില കോളജുകളുടെ ക്യാമ്പസുകള്‍ എസ് എഫ് ഐ നേതാക്കള്‍ താല്‍ക്കാലിക സെന്‍ററുകളായി ഉപയോഗിക്കുന്നതായാണ് വിവരം. സി പി എം നേതാക്കളുടെ രഹസ്യ ചര്‍ച്ചകളുടെയും മറ്റും വിശദാംശങ്ങള്‍ എസ് എഫ് ഐ നേതാക്കള്‍ ചോര്‍ത്തി പുറം‌ലോകത്തെത്തിക്കുകയായിരുന്നു എന്നാണ് പിണറായി പക്ഷത്തിന്‍റെ കണ്ടെത്തല്‍. എന്തായാലും വി എസ് വിഭാഗത്തെ തുരത്തിയോടിച്ച് ജില്ലാ സെന്‍റര്‍ പിടിച്ച പിണറായി പക്ഷം എസ് എഫ് ഐ നേതാക്കളുടെ വി എസ് അനുകൂല നിലപാടിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എറണാകുളത്തെ പാര്‍ട്ടി നിരീക്ഷകര്‍ വീക്ഷിച്ചുവരികയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.