Monday, August 22, 2011

വി എസിനെതിരേ കേസുകൊടുക്കാന്‍ രാജകുടുംബത്തില്‍ സമ്മര്‍ദ്ദം

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം കട്ടുമുടിക്കുന്നത്‌ രാജകുടുംബമാണെന്ന്‌ ആരോപിച്ച പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനെതിരേ കേസുകൊടുക്കാന്‍ സമ്മര്‍ദ്ദം. തിരുവിതാംകൂര്‍ രാജകുടുംബം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വൈകാതെ തീരുമാനമെടുക്കും. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ എല്ലാ ദിവസവും ക്ഷേത്രത്തില്‍ നിന്ന്‌ പായസമെന്ന വ്യാജേന പാത്രത്തില്‍ മൂടി പുറത്തേക്കു കൊണ്ടുപോകുന്നത്‌ സ്വര്‍ണമാണെന്നും രാജകുടുംബം പണ്ടേ കട്ടുമുടിക്കുന്നവരാണെന്നു വിഎസ്‌ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ തനിക്ക്‌ നേരത്തേതന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നാണ്‌ ഇതെക്കുറിച്ച്‌ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്‌ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പറഞ്ഞത്‌. ശനിയാഴ്‌ചയായിരുന്നു വി എസിന്റെ വെളിപ്പെടുത്തലും മാര്‍ത്താണ്ഡവര്‍മയുടെ പ്രതികരണവും.
അന്നും ഇന്നലെയുമായി രാജകുടുംബത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ്‌ ഇക്കാര്യത്തില്‍ ഉണ്ടായത്‌ . രാജകുടുംബത്തിനെതിരേ പൊതുവേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ചിലരെക്കൊണ്ട്‌ പൊതുതാല്‌പര്യ ഹര്‍ജി കൊടുപ്പിക്കുക, മാര്‍ത്താണ്ഡവര്‍മക്കെതിരേ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടി അദ്ദേഹംതന്നെ അപകീര്‍ത്തിക്കേസ്‌ കൊടുക്കുക എന്ന തരത്തിലാണ്‌ ചര്‍ച്ച പുരോഗമിക്കുന്നത്‌. എന്നാല്‍ പറയുന്നതില്‍ ഉറച്ചുനില്‍ക്കുകയും കേസ്‌ നേരിടാന്‍ തയ്യാറാവുകയും ചെയ്യുന്ന രീതിയാണ്‌ വിഎസ്‌ സ്വീകരിക്കുന്നതെങ്കില്‍ പൊതുജനാഭിപ്രായം രാജകുടുംബത്തിന്‌ എതിരാകുമെന്ന്‌ അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്‌. ഏതായാലും രാജകുടുംബത്തിന്റെ ലീഗല്‍ അഡൈ്വസറുമായും രാജകുടുംബവുമായി അടുപ്പമുള്ള ചില പൊതുപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട്‌ വിഎസിനെതിരേ കോടതിയെ സമീപിക്കാനുള്ള സമ്മര്‍ദമാണ്‌ ശക്തം.തിരുവനന്തപുരത്തെ ചില പൊതുപ്രവര്‍ത്തകര്‍ തന്നെയാണ്‌ ഇതിനു പിന്നില്‍. എന്നാല്‍ സിപിഎം തിരുവനന്തപുരം ജില്ലാഘടകത്തിലെ ചില നേതാക്കള്‍ക്കു കൂടി ഇതില്‍ താല്‍പര്യമുണ്ടെന്നു വരുത്താന്‍ ശ്രമമുണ്ട്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കേ, വിഎസിനെതിരേ രാജകുടുംബത്തിന്റെ മാന നഷ്ടക്കേസ്‌ കൊടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഘടകത്തിലെ ചിലര്‍ അണിയറ പ്രവര്‍ത്തനം നടത്തുന്നുവെന്നു വരുത്താനാണ്‌ ശ്രമം. എന്നാല്‍ വിഎസ്‌ ഇങ്ങനെ പരസ്യമായി പറയേണ്ടിയരുന്നില്ലെന്ന മുറുമുറുപ്പ്‌ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കുണ്ട്‌ താനും. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തിരുവനന്തപുരംകാരനായ നേതാവും രാജകുടുംബവുമായി വളരെ അടുപ്പത്തിലാണ്‌.
അതേസമയം, ബിജെപിയും എന്‍എസ്‌എസുമായി ബന്ധമുള്ള കേന്ദ്രങ്ങളാണ്‌ വി എസിനെതിരേ രാജകുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണു സൂചന.ഈ രണ്ടു സംഘടനകളും വി എസിനെതിരേ രാജകുടുംബത്തിനു വേണ്ടി രംഗത്തുവന്നിട്ടുമുണ്ട്‌. രാജകുടുംബത്തിലെ മുതിര്‍ന്നയാള്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ വി എസിന്റെ സ്ഥാനത്തിനു ചേര്‍ന്നതല്ലെന്നാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്‌. രാജകുടുംബത്തിനെതിരേ പറഞ്ഞത്‌ ശ്രീപത്മനാഭന്റെ വിശ്വാസികളെ നോവിക്കുമെന്നു കൂടി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. രാജകുടുംബത്തിനെതിരേ വി എസ്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ നിക്ഷിപ്‌ത താല്‌പര്യങ്ങളുണ്ടെന്നും അത്‌ തലസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നുമാണ്‌ ബിജെപി കുറ്റപ്പെടുത്തിയത്‌. രാജകുടുംബത്തെ സമ്മര്‍ദത്തിലാക്കി വിഎസിനെ കോടതി കയറ്റാന്‍ ശ്രമിക്കുന്നത്‌ ഈ രണ്ടു കേന്ദ്രങ്ങളുമാണെന്നു വ്യക്തമായ വിവരമുണ്ട്‌.
എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം ഇതില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല. തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്‌ വിഎസിനെതിരേ പ്രസ്‌താവന പുറപ്പെടുവിച്ചത്‌. പാര്‍ട്ടിയില്‍തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്‌. രാജഭരണകാലം കഴിഞ്ഞിട്ടും രാജഭക്തി കാണിക്കുന്നവരുടെ പാര്‍ട്ടിയല്ല ബിജെപിയെന്ന്‌ മുതിര്‍ന്ന സംസ്ഥാന നേതാവ്‌  പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.