Wednesday, August 31, 2011

സായ്‌പന്‍മാര്‌ ഓടിയ ഓട്ടം

ആരു പറയുന്നത്‌ വിശ്വസിക്കണം എന്നത്‌ എല്ലാക്കാലത്തും സാധാരണ മനുഷ്യന്റെ ഉത്‌കണ്‌ഠകളില്‍പെട്ടതാണ്‌. ചിലപ്പോള്‍ അവര്‍ വിശ്വസിക്കുന്നത്‌ പലപ്പോഴും മഹാ അബദ്ധമായി മാറുകയാണ്‌ പതിവ്‌. അങ്ങനെ പലവട്ടമായപ്പോള്‍ കഴുതകള്‍ എന്നൊരു വിളിപ്പേര്‌ വീണു. അഭിമാനത്തോടെ അതങ്ങു സ്വീകരിക്കുകയും ചെയ്‌തു. പൊതുജനം കഴുത എന്ന്‌ ഇടയ്‌ക്കിടെ സ്വയം പറയുന്നതും ഒരു സുഖമായി മാറി. സ്ഥിരമായി കബളിപ്പിക്കാന്‍ ഒറിജിനല്‍ കഴുതകള്‍ നിന്നുകൊടുക്കാറുണ്ടോ അതോ രണ്ടാമതും മൂന്നാമതും മണ്ടനാകുമ്പോള്‍ കാലുമടക്കി നല്ല തൊഴി കൊടുക്കാറുണ്ടോ എന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചുപോയ മഹാന്റെ പേരില്‍ പത്രാധിപര്‍ സ്വയം ഇന്നത്തെ വാചകം എഴുതുന്നപോലെയാണിതും. കഴുത നിഷേധിക്കാത്തിടത്തോളം കഴുതയുടെ അക്കൗണ്ടില്‍ കിടക്കട്ടെ എല്ലാ മണ്ടത്തരങ്ങളും. മരിച്ചുപോയവരും നിഷേധിക്കാറില്ലല്ലോ.
ഇപ്പഴിതൊക്കെ എന്തിനാ വെളമ്പുന്നേ എന്നൊരു ഇന്നസെന്റ്‌ ചോദ്യത്തിന സ്‌കോപ്പുണ്ട്‌. അമേരിക്കന്‍ മുതലാളിക്കു മുന്നില്‍ സഖാക്കള്‍ പിണറായി വിജയനും എം എ ബേബിയും തോമസ്‌ ഐസക്കും സാഷ്ടാംഗം പ്രണമിച്ചുവെന്നും, കുറച്ചു കാശ്‌ കിട്ടിയാല്‍ കൊള്ളാരുന്നുവെന്ന്‌ തലചൊറിഞ്ഞുവെന്നുമാണ്‌ വിക്കി ലീക്‌സ്‌ എന്ന അമേരിക്കന്‍ ചോര്‍ച്ചക്കേബിളിനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ പറഞ്ഞത്‌. അത്‌ സകലമാന കമ്യൂണിസ്റ്റു വിരുദ്ധരും കേരള കോണ്‍ഗ്രസ്‌- കോണ്‍ഗ്രസുകാരും അങ്ങേറ്റെടുത്തു. അമേരിക്കേന്ന്‌ വന്ന സായ്‌പുമാരെ സഖാവ്‌ വിഎസ്‌ മാത്രം കണ്ടില്ലെന്നും അദ്ദേഹം ആയുര്‍വേദ ചികില്‍സയിലായിരുന്നുവെന്നുമാണ്‌ ആദ്യ വാര്‍ത്ത. പിന്നെ ചാനലുകാരൊക്കെ ലീക്ക്‌ കണ്ടുപിടിക്കാന്‍ ഇറങ്ങി. ഇടതുഭരണകാലത്ത്‌ ഒന്നല്ല രണ്ടാമതും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വന്നിരുന്നുവെന്നും മുഖ്യമന്ത്രിയും എന്തിനും മുതിര്‍ന്ന നേതാവുമായ സഖാവ്‌ വി എസ്‌ രണ്ടാം തവണ അവരെ കണ്ടിരുന്നുവെന്നും അപ്പോഴാണ്‌ മനസ്സിലായത്‌. അതോടെ പ്രതികളുടെ എണ്ണം നാലായി. പിണറായിയെയും കൂട്ടരെയും അമേരിക്കന്‍ ഏജന്റുമാരാക്കി വിഎസിനെ സാമ്രാജ്യത്വ വിരുദ്ധനും മാലാഖായുമാക്കാനുള്ള അജന്‍ഡ ദാ കെടക്കുന്നു താഴെ. അമേരിക്കക്കാരെ കണ്ടത്‌ പാര്‍ട്ടി നയത്തിനുള്ളില്‍ നിന്നുകൊണ്ട്‌ വിദേശ മൂലധനം ക്ഷണിക്കാന്‍ ആയിരുന്നുവെന്ന്‌ തോമസ്‌ ഐസക്കും അതില്‍ തെറ്റില്ലെന്ന്‌ ഡല്‍ഹിയില്‍ സഖാവ്‌ യെച്ചൂരിയും വ്യക്തമാക്കി. ഇനിയാണു രസം: താന്‍ അമേരിക്കക്കാരെ കണ്ടിരുന്നുവെന്ന്‌ വി എസ്‌ സമ്മതിച്ചു. പക്ഷേ, പണം ചോദിക്കാനൊന്നുമല്ല അപ്പോയിന്റമെന്റ്‌ അനുവദിച്ചത്‌. പിന്നെയോ? അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ കളിയാക്കി വിടുകയാണു ചെയ്‌തത്‌.
പിന്നല്ലാതെ. സായ്‌പന്‍മാര്‌ കോട്ടും സൂട്ടുമൊക്കെയിട്ട്‌ മുന്നില്‍ വന്നു നിന്നപ്പോള്‍ വി എസ്‌ പറഞ്ഞു. ഇരി. ഇരി... അവര്‍ക്ക്‌ കാര്യം മനസിലായില്ല. അപ്പോള്‍ വി എസ്‌ കളിയാക്കി ചിരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോള്‍ ചിരിച്ചതിലും സന്തോഷത്തോടെ. ഹഹഹ, നിങ്ങള്‍ക്ക്‌ ഞാന്‍ പറഞ്ഞതു മനസിലായില്ല , മണ്ടന്‍മാര്‍. വെള്ളക്കാരിലും മണ്ടന്‍മാരുണ്ടല്ലോ...
പിന്നെ അവരോട്‌ വി എസ്‌ പറഞ്ഞത്‌ ഒബാമയെക്കുറിച്ചാണ്‌. ആ ഒബാമയുണ്ടല്ലോ, അയാള്‍ക്ക്‌ സുഖമാണോ.ഹഹഹ. എന്താ മിണ്ടാത്തേ, ചോദിച്ചതുകേട്ടില്ലേ. ഞാന്‍ മലയാളത്തിലല്ലേ ചോദിച്ചത്‌. ഹഹഹ, മുഖ്യമന്ത്രിയുടെ മുന്നില്‍ വാ തുറക്കാന്‍ പോലും പേടിയാണിവര്‍ക്ക്‌. ഹഹഹ...ഹഹഹ
ഇങ്ങനെയാണ്‌ കളിയാക്കിയത്‌. വിശദാംശങ്ങള്‍ വി എസ്‌തന്നെ പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തും.
സായ്‌പന്‍മാര്‌ ആകെക്കൂടി പേടിച്ച്‌, നാണംകെട്ട്‌ ഓടിക്കളഞ്ഞു. പോയ വഴിക്ക്‌ എകെജി സെന്ററില്‍ കേറി അഭയം ചോദിച്ചു. പിണറായി അഭയംകൊടുക്കുക മാത്രമല്ല, രണ്ടു കൈകളും കൂട്ടിപ്പിടിച്ച്‌ നിറകണ്ണുകളോടെ യാത്രയാക്കുകയും ചെയ്‌തു. അപ്പോള്‍ ആരാണ്‌ ഏജന്റ്‌, ആരാണ്‌ മാലാഖ. പറയൂ, പറയൂ കോണ്‍ഗ്രസേ. ഈ സായ്‌പന്‍മാരെ മര്യാദയ്‌ക്കൊന്നു കളിയാക്കാന്‍ പോലും സ്‌മ്മതിക്കില്ലെന്നു വന്നാല്‍ എന്തു ചെയ്യും. പുതുക്കിയ പാര്‍ട്ടി പരിപാടിയില്‍ വിപ്ലവം കഴിഞ്ഞാല്‍ പോലും തിരഞ്ഞെടുത്ത മേഖലകളില്‍ വിദേശനിക്ഷേപം ആവാം എന്ന്‌ പറഞ്ഞിട്ടുണ്ടെന്നും തോമസ്‌ ഐസക്‌ പറഞ്ഞു എന്നാണ്‌ പിന്നെകേട്ട ഞെട്ടിക്കുന്ന വാര്‍ത്ത.
വിപ്ലവത്തെ സ്വപ്‌നം കണ്ടാണ്‌ ഐസക്‌ ഇത്രകാലവും വലിയ ജൂബയുമിട്ട്‌ താടിയും വളര്‍ത്തി നടന്നതെന്നത്‌ ഞെട്ടിക്കുന്ന വാര്‍ത്തയാണ്‌. ഈ ചാനലുകാരെന്താ പിന്നെയും വിക്കി വിക്കി ലീക്‌സ്‌ എന്നു പറയുന്നതാവോ

No comments:

Post a Comment

Note: Only a member of this blog may post a comment.