Monday, August 8, 2011

വി എസിനെയും ക്യാമറയില്‍ കുടുക്കാന്‍ നീക്കം

സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ ‘ഒളിക്യാമറ’ ഉപയോഗിച്ചു എന്ന ആരോപണം വി എസ് പക്ഷത്തെ പിടിച്ചുകുലുക്കുമ്പോള്‍ പിണറായി വിഭാഗവും ക്യാമറയുമായി രംഗത്ത്. വി എസ് പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍, കൂടിക്കാഴ്ചകള്‍, സ്വകാര്യ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ വീഡിയോ ക്യാമറയില്‍ പകര്‍ത്താനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

വി എസിന്‍റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഈ ക്യാമറാ റെക്കോര്‍ഡുകള്‍ സമ്മേളനങ്ങളില്‍ വി എസിനെതിരെ പ്രയോഗിക്കുകയും ചെയ്യുക എന്നീ ലക്‍ഷ്യങ്ങളാണ് വി എസിനെതിരെയുള്ള ക്യാമറാ പ്രയോഗത്തിനുള്ളത്.

പാര്‍ട്ടി ചാനലിന്‍റെ ക്യാമറാമാന്‍‌മാരെ കൂടാതെ സ്വകാര്യ ക്യാമറാമാന്‍‌മാരെയും ഈ ‘ചാരപ്രവര്‍ത്തന’ത്തിനായി നിയോഗിച്ചിട്ടുള്ളതായി അറിയുന്നു. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി എസ് നടത്തിയ സന്ദര്‍ശനത്തിലായിരുന്നു സ്വകാര്യ ക്യാമറമാന്‍‌മാരെ ആദ്യമായി നിയോഗിച്ചത്. ബെര്‍ലിനുമായി വി എസ് നടത്തിയ സംഭാഷണങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഈ ക്യമറാ സംഘം പകര്‍ത്തി. മാത്രമല്ല, വി എസിന്‍റെ കണ്ണൂരിലെ സന്ദര്‍ശനങ്ങളെല്ലാം ഇത്തരം നിരീക്ഷകരുടെ ക്യാമറാക്കണ്ണുകളില്‍ പതിഞ്ഞുവത്രെ.

വി എസ് പങ്കെടുക്കുന്ന യോഗങ്ങളിലും മറ്റും വി എസിനുവേണ്ടി അമിതമായി മുദ്രാവാക്യം വിളിക്കുകയും ആവേശത്തോടെ ഓടിനടക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും കണ്ടെത്താനും ഇത്തരം ക്യാമറവിദ്യ ഉപയോഗിക്കും. അമിതാവേശം കാട്ടുന്നവര്‍ക്ക് പാര്‍ട്ടി നടപടി നേരിടേണ്ടിവരുമെന്ന് തീര്‍ച്ച.

എന്തായാലും വി എസ് പക്ഷം തുടങ്ങിവച്ച ‘ക്യാമറാക്കളി’ ഔദ്യോഗികപക്ഷം വി എസിനെതിരെ തന്നെ പ്രയോഗിച്ചുതുടങ്ങിയതോടെ പാര്‍ട്ടി പിടിക്കാനുള്ള മത്സരത്തിന് ചൂട് വര്‍ദ്ധിച്ചിരിക്കുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.