Monday, August 29, 2011

പൊന്‍തൂവലായി മൂലമ്പള്ളിബംഗാളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരി മഹാശ്വേതാദേവി മൂലമ്പള്ളി വിഷയത്തില്‍ ശക്തമായി ഇടപെട്ടിരുന്നു.  അവര്‍ മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മവരുന്നു.
മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 40 മാസമായി പഴകിയ കൂരകളില്‍ നരകിക്കുന്നതിനു പിന്നില്‍ വി.എസ്. സര്‍ക്കാരിന്റെ സമീപനം മാത്രമാണുള്ളത്.  മൂലമ്പള്ളിയെ കേരളത്തിന്റെ സീംഗൂര്‍ എന്നുപോലും മഹാശ്വേതാ ദേവി വിശേഷിപ്പിച്ചു.  അവര്‍ അച്യുതാനന്ദന് മൂന്നുകത്തുകളയച്ചിട്ടും ഒരെണ്ണത്തിനുമാത്രമാണ് മറുപടി ലഭിച്ചത്.  മൂന്നു വര്‍ഷത്തിലേറെയായി കേരളത്തിന്റെ മനഃസാക്ഷിയ്ക്കുമുന്നില്‍ മൂലമ്പള്ളി ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയായിരുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേയ്ക്കുള്ള റോഡ്, റെയില്‍പ്പാതകള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരായിരുന്നു മൂലമ്പള്ളിക്കാര്‍.  റെയില്‍പ്പാതയ്ക്ക് വേണ്ടിമാത്രം ഏഴു വില്ലേജുകളില്‍ 143 വീടുകളും റോഡിനു വേണ്ടി 183 വീടുകളും പൊളിച്ചുമാറ്റി.  22 വീടുകള്‍ പൊളിച്ചുമാറ്റിയതിനെ മൂലമ്പള്ളി ഗ്രമവാസികള്‍ ശക്തമായി എതിര്‍ത്തു. കേരളത്തില്‍ സമീപകാലത്ത് ഇത്രമാത്രം ജനശ്രദ്ധ നേടിയ മറ്റൊരു ജനകീയ സമരമുണ്ടായിട്ടില്ല. വീടുകള്‍ ഇടിച്ചുനിരത്തിയതിനെ തുടര്‍ന്ന് ആരംഭിച്ച ശക്തമായ സമരം 45 ദിവസം പിന്നിട്ടപ്പോള്‍ മൂലമ്പള്ളി പാക്കേജുപ്രഖ്യാപിക്കുവാന്‍ ഇടതുസര്‍ക്കാര്‍ നിര്‍ബന്ധിതമായി. 2008 മാര്‍ച്ച് 19 ന് വിജ്ഞാപനമായെങ്കിലും പത്തുമാസത്തിനു ശേഷമാണ് പുനരധിവാസത്തിനുസ്ഥലം കണ്ടെത്തിയത്. 

ഏഴു വില്ലേജുകളിലായി പത്തിടത്തു കണ്ടെത്തിയ സ്ഥലം താമസയോഗ്യമായിരുന്നില്ല. ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായില്ല.  ജനരോക്ഷം കത്തിപ്പടര്‍ന്നിട്ടും ഇടതുസര്‍ക്കാര്‍ മൂലമ്പള്ളി സമരത്തെ പുച്ഛിച്ചു തള്ളുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി.  കക്ഷിരാഷ്ട്രീയമില്ലാതെ ജാതിമത പരിഗണനകള്‍ക്കതീതമായി മൂലമ്പള്ളിയിലെ ജനങ്ങള്‍ക്കു നീതി നേടിക്കൊടുക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.  വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് വേണ്ടി മൂലമ്പള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെയെല്ലാം പുനരധിവസിപ്പിച്ചു.  പന്ത്രണ്ടു കുടുംബങ്ങള്‍ക്കു നിഷേധിയ്ക്കപ്പെട്ട പട്ടയം ഉടന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുനരധിവാസത്തിനു കണ്ടെത്തിയ പത്തു കേന്ദ്രങ്ങളിലേയ്ക്കും അടിസ്ഥാന സൗരക്യങ്ങളെത്തിയ്ക്കുകയാണ്.  വീടു വയ്ക്കുന്നതിനു മുമ്പ് നടത്തേണ്ട പൈലിംഗ് ഒരു കുടുംബത്തിന് 75000 രൂപ വീതം നല്‍കാനും തയ്യാറായി.  കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുന്നതുവരെ താമസിയ്ക്കുന്നതിന് വാടക നല്‍കുവാന്‍ വേണ്ടി 5000 രൂപ വീതം അനുവദിച്ചു.

27 മാസത്തെ കുടിശിഖയടക്കമാണ് വാടക നല്‍കുന്നത് എന്ന് എടുത്തുപറയേണ്ടകാര്യമാണ്. നഷ്ടപരിഹാരത്തുകയ്ക്ക് വരുമാനനികുതി ഇളവും നല്‍കുന്നുണ്ട്.  ബാങ്ക് വായ്പയ്ക്ക് പട്ടയത്തില്‍ ഇളവു നല്‍കും. ഏറ്റവും വലിയ പ്രത്യേകത കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരംഗത്തിന് വീതം വിദ്യാഭ്യാസയോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കുമെന്നുള്ളതാണ്.  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ  നേട്ടങ്ങളുടെ തൊപ്പിയില്‍ ചേര്‍ത്തുവയ്ക്കാവുന്ന പൊന്‍തൂവലായി മൂലമ്പള്ളി പ്രശ്‌നപരിഹാരത്തിനെ കണക്കാക്കാവുന്നതാണ്. മറ്റുള്ള ഭാഷകളൊക്കെയും ധാത്രിമാര്‍ മര്‍ത്യനുപെറ്റമ്മതന്‍ ഭാഷതാന്‍ എന്ന കവിതാശകലം ഏറ്റുപാടുമ്പോഴും മലയാളഭാഷ കാലാകാലങ്ങളായി അവഗണിയ്ക്കപ്പെടുകയായിരുന്നു. മലയാളഭാഷയുടെ അഭിമാനമുയര്‍ത്തുവാന്‍ കഴിഞ്ഞ ഭരണകാലത്ത് വാതോരാതെ പ്രസംഗങ്ങള്‍ നടന്നുവെങ്കിലും പ്രായോഗികമായി ഒരു നടപടിയും ഉണ്ടായില്ല. തമിഴ്‌നാട്ടില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി ലോകതമിഴ് സമ്മേളനമൊക്കെ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ഭാഷാ പ്രേമിയായ അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ ചെന്ന് മലയാളത്തെക്കുറിച്ചും ക്ലാസിക്കല്‍ പദവിയെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച് വാര്‍ത്തയിലിടം നേടുകയും ചെയ്തു.  വിദ്യാലയങ്ങളില്‍ മലയാളഭാഷയെ ഒന്നാം ഭാഷയാക്കാനൊന്നുമുള്ള തന്റേടമൊന്നും ഇടതുപക്ഷത്തിനുണ്ടായതുമില്ല. മിക്ക ഇടതുനേതാക്കളുടെ മക്കളും ഇംഗ്ലീഷ് മൊഴിയുന്ന സ്‌കൂളുകളില്‍ പഠിക്കുന്നതുകൊണ്ട് അത്രപെട്ടെന്നൊന്നും മലയാളഭാഷയെ ഒന്നാമതാക്കാനുള്ള ആഗ്രഹമൊന്നും അവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. 

മലയാളത്തെ മാതൃതുല്യം സ്‌നേഹിക്കുന്ന മലയാളികളുടെ ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമായത് യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരമേറ്റെടുത്തതോടെയാണ്.  ഇടതുസര്‍ക്കാര്‍ മലയാളഭാഷയെ ഒന്നാം ഭാഷയാക്കാന്‍ തീരുമാനിച്ചെങ്കിലും ചില സാങ്കേതികവശങ്ങളുടെ മറ പിടിച്ച് നടപ്പാക്കല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.  എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ മലയാളഭാഷയെ വിദ്യാലയങ്ങളിലെ ഒന്നാം ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ഇനി മുതല്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മലയാളത്തിന്റെ മധുരം നിറഞ്ഞ 'ജ്ഞാനപ്പഴം' രുചിച്ചുതുടങ്ങും.  മറ്റെല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മാതൃഭാഷ സര്‍വ്വകലാശാലകള്‍ തലയുയര്‍ത്തി നിര്‍ക്കുന്നുണ്ടെങ്കിലും കേരളത്തിനുമാത്രം നാളിതുവരെ ഒരു മലയാളം സര്‍വ്വകലാശാല ഉണ്ടായിരുന്നില്ല.  തമിഴിനുവേണ്ടി ഹൈദരാബാലിലും കന്നടയ്ക്കുവേണ്ടി ഹംപിയിലും ഭാഷാ സര്‍വ്വകലാശാലകള്‍ ദശകങ്ങള്‍ക്കുമുമ്പുതന്നെ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ കാലടിയില്‍ സംസ്‌കൃത സര്‍വ്വകലാശാല സ്ഥാപിച്ച് കേരളം മേനി നടിയ്ക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി തിരൂര്‍ തുഞ്ചന്‍പറമ്പിലെത്തിയപ്പോള്‍ മലയാളം സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന് ജനങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.  ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണില്‍ തന്നെ മലയാള സര്‍വ്വകലാശാല സ്ഥാപിക്കാമെന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനം നടപ്പാകുവാന്‍ പോവുകയാണ്.  എഴുത്തച്ഛന്റെ എഴുത്താണിയും കയ്ക്കാത്ത കാഞ്ഞിരമരവും പുണ്യം പകരുന്ന അക്ഷരത്തറവാടായ തിരൂരിന്റെ മണ്ണിലേക്ക് മലയാളം സര്‍വ്വകലാശാല കടന്നുവരുമ്പോള്‍ ഭാഷാപിതാവിന്റെ ആത്മാവ് അകലങ്ങളിലിരുന്ന് ഈ സര്‍ക്കാരിന് മേല്‍ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിയ്ക്കുകയാകാം.

വാക്കുകളില്‍ മാത്രം മലയാളഭാഷ സ്‌നേഹം പ്രദര്‍ശിപ്പിക്കുകയും പ്രവര്‍ത്തിപഥത്തില്‍ മലയാളത്തിനുവേണ്ടി ഒന്നും ചെയ്യാതിരിയ്ക്കുകയും ചെയ്ത ഇടതുസര്‍ക്കാരിനുള്ള മറുപടികൂടിയാണ് മലയാളഭാഷ ഒന്നാം ഭാഷയാക്കാനെടുത്ത തീരുമാനവും നിര്‍ദ്ദിഷ്ട മലയാളം സര്‍വ്വകലാശാലയും.  വരും തലമുറകളെയാകെ മാതൃഭാഷസ്‌നേഹികളായി നിലനിലര്‍ത്തുവാനും മലയാളത്തിന് വസന്തസൗന്ദര്യം നല്‍കുവാനും മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടിയെടുക്കാനുമുള്ള ഗവേഷണപഠനങ്ങള്‍ നടത്തുവാനുമുള്ള വിജ്ഞാനകേന്ദ്രമാണ് തുഞ്ചന്റെ സ്മൃതിഭൂമിയില്‍ ഉയര്‍ന്നുവരാന്‍ പോകുന്നത്. അമ്മിഞ്ഞപ്പാലിനൊപ്പം മലയാളത്തെ ചുണ്ടുകള്‍ കൊണ്ടുനുണഞ്ഞ കേരളീയതയെ നെഞ്ചിലേറ്റുന്നവരെല്ലാം അഭിമാനത്തോടെയും ആനന്ദത്തോടെയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളെ നെഞ്ചിലേറ്റിയത്

No comments:

Post a Comment

Note: Only a member of this blog may post a comment.