Wednesday, August 3, 2011

പാര്‍ട്ടിയോട് കൊമ്പുകോര്‍ക്കാനുള്ള ശക്തി വി.എസ് പക്ഷത്തിനുണ്ടോ?


പ്രായം ഇത്രയായി എന്ന് പറഞ്ഞിട്ട് കാര്യമില്ല. പൊരുതും തോറും വീര്യമേരും വി എസിന്. ചുരുക്കത്തില്‍ കേരള രാഷ്ട്രീയത്തില്‍ സി പി എമ്മിനുള്ളില്‍ തന്നെ ഇരുവിഭാഗം തമ്മില്‍ കൊമ്പു കോര്‍ക്കുന്ന കാഴ്ചയാണ് ഉള്ളത്. കൊണ്ടും കൊടുത്തും ഇരുകൂട്ടരും മുന്നേറുന്നു. വി.എസ്‌-പിണറായി പക്ഷങ്ങള്‍ തമ്മിലുള്ള പോരു മുറുകിയതോടെ സി.പി.എം ആഭ്യന്തരരാഷ്‌ട്രീയം കലുഷിതമായി. വി.എസിന്റെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഭവനസന്ദര്‍ശനം, കാഞ്ഞങ്ങാട്‌ പ്രസ്‌താവന എന്നീ വിഷയങ്ങളില്‍ സംസ്‌ഥാനനേതൃത്വം കേന്ദ്രകമ്മിറ്റിക്കു രേഖാമൂലം പരാതി നല്‍കി. തന്റെ പ്രസ്‌താവന ആശയക്കുഴപ്പമുണ്ടാക്കിയെന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞാണു വി.എസ്‌ ഇതിനു മറുപടി നല്‍കിയത്‌.

കാസര്‍ഗോഡ്‌ വി.എസ്‌. അനൂകൂല പ്രകടനം നടത്തിയ കൂടുതല്‍ പേര്‍ക്കെതിരേ നടപടി സ്വീകരിച്ച്‌ ഔദ്യോഗികപക്ഷം തിരിച്ചടിച്ചു. വി.എസ്‌. അനുകൂലപ്രകടനം നടത്തിയ 12 പേരെ നീലേശ്വരം ഏരിയാ കമ്മിറ്റി സസ്‌പെന്‍ഡ്‌ ചെയ്താണ് ഔദ്യോഗികപക്ഷം തിരിച്ചടിച്ചത്. മടിക്കൈ, പരപ്പ, നീലേശ്വരം തുടങ്ങിയ ലോക്കല്‍ കമ്മിറ്റികളിലെ 12 പേരെയാണു മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. നീലേശ്വരത്തെ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഷൈലേഷ്‌ ബാബു നടപടിയെ വിമര്‍ശിച്ചു. വി.എസ്‌. അനുകൂലപ്രകടനം നടത്തിയ പാര്‍ട്ടി മെമ്പര്‍മാരെ ഉദുമയില്‍ ആഴ്‌ച്ചകള്‍ക്കു മുമ്പു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇത്തരം നടപടികള്‍ ശരിയല്ലെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടു തറപ്പിച്ചുപറഞ്ഞതിന്റെ ചൂടാറും മുമ്പേയാണു വീണ്ടും നടപടിയുണ്ടായത്‌.

നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെട്ട മൂന്നു ലോക്കല്‍ കമ്മിറ്റികളും മടിക്കൈ പഞ്ചായത്തിലെ മൂന്നും കിനാലൂര്‍ -കരിന്തളത്തിലെ നാലും ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്നതാണു നീലേശ്വരം ഏരിയാ കമ്മിറ്റി. ഇതില്‍ മടിക്കൈമേഖലയില്‍ ഭൂരിഭാഗവും വി.എസ്‌. അനുകൂലികളാണ്‌. ഒരാഴ്‌ച മുമ്പു ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. വി.എസ്‌. അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരേ ഉദുമ മാതൃകയില്‍ നടപടി വേണമെന്ന ആവശ്യം യോഗത്തിനുശേഷം ശക്‌തമായിരുന്നു. തുടര്‍ന്നാണ്‌ ഇന്നലെ യോഗം വിളിക്കാന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചത്‌. ഉദുമ എം.എല്‍.എ: കെ. കുഞ്ഞിരാമന്റെ മകന്‍ പത്മരാജന്‍ അടക്കം എട്ടുപേരെയാണു നേരത്തേ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നത്‌. സമ്മേളനം തുടങ്ങുന്നതിനു മുന്‍പു നടക്കുന്ന അച്ചടക്കനടപടികള്‍ പാര്‍ട്ടി അംഗങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലുള്ള കൈയേറ്റമാണെന്നും ഇവ അടിയന്തരമായി പിന്‍വലിക്കണമെന്നും വി.എസ്‌ പക്ഷം ആവശ്യപ്പെടും.

തന്റെ പ്രസ്‌താവന ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്ന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ വി.എസ്‌ തള്ളിപ്പറഞ്ഞത്‌ ഇതിന്റെ വ്യക്‌തമായ സൂചനയാണ്‌. ഞായറാഴ്‌ച ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണ്‌ വി.എസിനെതിരെ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കിയത്‌. പാര്‍ട്ടിസമ്മേളനങ്ങള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മനഃപൂര്‍വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണു വി.എസിന്റേതെന്നാണു പരാതിയിലെ പ്രധാന ആരോപണം. പാര്‍ട്ടി വിരുദ്ധപ്രകടനം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്‌ഥാന സമിതി തീരുമാനിച്ചിരുന്നു. ഇതു വി.എസിനും അറിവുള്ളതാണ്‌. എന്നിട്ടും തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്‌ ഗുരുതരമായ അച്ചടക്കലംഘനമാണ്‌. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി നടത്തിയ പ്രസ്‌താവനകള്‍ പാര്‍ട്ടിയേയും നേതൃത്വത്തേയും അവമതിക്കുന്നതായി. ഇതിനു ശേഷം ബെര്‍ലിന്‍ നടത്തിയ പ്രസ്‌താവനകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിനു പുറമെയാണ്‌ സദാചാര പ്രശ്‌നമുയര്‍ത്തി വരുന്ന പരാതികള്‍. ശശിക്കു പിന്നാലെ ഗോപി കോട്ടമുറിക്കലിനെതിരേയും നടപടി സ്വീകരിക്കേണ്ടി വന്നത്‌ ഔദ്യോഗികപക്ഷത്തിനു ക്ഷീണമായി.

ഒരിഞ്ചുപോലും വിട്ടുവീഴ്‌ചയ്‌ക്കൊരുക്കമല്ലെന്ന നിലപാടില്‍ ഇരുപക്ഷവും മുന്നോട്ടുപോകുന്നതു കേന്ദ്രനേതൃത്വത്തിനും തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്‌. വെള്ളിയാഴ്‌ച ആരംഭിക്കുന്ന കേന്ദ്രനേതൃയോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നു സൂചനയുണ്ട്‌. അതിനിടെ വി എസ്‌ അച്യുതാനന്ദന്റെ വിശ്വസ്തരായ ആലപ്പുഴയിലെ രണ്ടു പ്രാദേശിക നേതാക്കളെ സിപിഎം പുറത്താക്കി. വി എസിന്റെ വീടുള്‍പ്പെടുന്ന അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ പരിധിയിലാണ്‌ നടപടി. ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ കമ്മിറ്റി മുന്‍ അംഗവുമായിരുന്ന പി ഷാജി, വണ്ടാനം നീര്‍ക്കുന്നം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ജെ ഷേര്‍ളി എന്നിവരെയാണ്‌ തിങ്കളാഴ്‌ച ചേര്‍ന്ന ഏരിയാ കമ്മിറ്റി പുറത്താക്കിയത്‌. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തേ തരംതാഴ്‌ത്തപ്പെട്ട ഷാജി പുന്നപ്ര നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ മല്‍സരിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഇരുവരും പരസ്യമായും രഹസ്യമായും ശ്രമിച്ചുവെന്ന്‌ പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്‌ നടപടി. ഇത്‌ പാര്‍ട്ടി പുറത്തറിയിച്ചിട്ടില്ല. പുറത്താക്കലില്‍ കുറഞ്ഞ ഒന്നും ഇരുവരും അര്‍ഹിക്കുന്നില്ലെന്ന വിലയിരുത്തലിലാണ്‌ പാര്‍ട്ടി എത്തിച്ചേര്‍ന്നത്‌. സുധാകരനെതിരേ ഇവര്‍ പ്രവര്‍ത്തിച്ചത്‌ ചൂണ്ടിക്കാട്ടി, തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പരാതി ഉയര്‍ന്നിരുന്നു. സുധാകരന്‍ തന്നെ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയെന്നാണു സൂചന.

അടുത്ത മാസം ഒന്നു മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ ഈ അച്ചടക്ക നടപടികള്‍ക്ക്‌ പ്രാധാന്യമേറെയാണ്‌. വിഎസിന്‌ സീറ്റു നിഷേധിക്കാന്‍ പാടില്ലെന്ന്‌ ആവശ്യപ്പെട്ട്‌ കാസര്‍ഗോഡ്‌ ജില്ലയിലെ ഉദുമയില്‍ പ്രകടനം നടത്തിയവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ പിന്‍വലിക്കുമെന്ന്‌ വി എസ്‌ പരസ്യമായി പറഞ്ഞ പിന്നാലെയാണ്‌ അദ്ദേഹത്തിന്റെ പക്ഷക്കാര്‍ക്കെതിരേ പുറത്താക്കല്‍ പോലുള്ള കടുത്ത നടപടി. പാര്‍ട്ടി പിടിച്ചെടുക്കാന്‍ വി എസ്‌ നടത്തുന്ന കരുനീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണിത്‌. പുറത്താക്കലിനു കാരണമായ പരാതി അതീവ ഗൗരവമായി പരഗണിച്ചുവെന്ന്‌ അന്നേ സൂചനകളുണ്ടായിരുന്നു. ഷാജിയുടെയും ഷേര്‍ളിയുടെയും വിഎസ്‌ ബന്ധം ഇതിന്‌ ആക്കം കൂട്ടുകയും ചെയ്‌തു. നടപടിക്ക്‌ ഇനി ജില്ലാ കമ്മിറ്റിയുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്‌.

എന്നാല്‍ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഎസ്‌ പക്ഷം ഇത്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുമെന്നു തിരിച്ചറിഞ്ഞ്‌, പഴുതുകള്‍ അടച്ചാണ്‌ നടപടി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ ഔദ്യോഗിക പക്ഷം ശേഖരിച്ചിട്ടുണ്ട്‌ എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. ചുരുക്കത്തില്‍ കേരളത്തില്‍ രാഷ്ട്രീയത്തില്‍ താല്പര്യമുള്ള ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ദിനംതോറും ഉത്സാഹം ഉണര്‍ത്തുന്ന വാര്‍ത്തകളാണ് സി പി എം കാഴ്ച വെക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഉറങ്ങി കിടന്നവരൊക്കെ സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. ആറു ജയിക്കും- വി എസോ ഔദ്യോഗിക പക്ഷമോ? കാത്തിരുന്നു തന്നെ കാണാം

No comments:

Post a Comment

Note: Only a member of this blog may post a comment.