Wednesday, August 3, 2011

കാലം മാറി, സി.പി.എമ്മും

സി.പി.എമ്മിലെ വിഭാഗീയതകൂടി രൂക്ഷമായതോടെ ജനങ്ങള്‍ക്കു പറഞ്ഞുചിരിക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറിക്കഴിഞ്ഞു. ചില നേതാക്കള്‍ പാര്‍ട്ടിയുടെ കര്‍ശന നിലപാടുകളേയും ചട്ടക്കൂടുകളേയും ഭേദിച്ച് പുറത്തുപോയതും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നതും സി.പി.എമ്മിലെ അണികളെത്തന്നെ പുനര്‍ചിന്തനം നടത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ്

ഒരുകാലത്ത് തൊഴിലാളി പ്രസ്ഥാനം എന്ന പേരില്‍ ഖ്യാതി പൂണ്ട കമ്യൂണിസ്റ്റ്് പാര്‍ട്ടി ഇന്ന് ലൈംഗികാരോപണങ്ങളുടേയും അക്രമ കഥകളുടേയും നീരാളിപ്പിടുത്തത്തില്‍ അമരുകയാണ്. ജനങ്ങളുടെ മാര്‍ഗദര്‍ശികള്‍ എന്നവകാശപ്പെടുന്ന സിപിഎമ്മിന്റെ നേതൃനിര തന്നെയാണ് ഇത്തരം അഴിമതിയാരോപണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അണികളെ നയിക്കേണ്ട നേതാക്കള്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വേലിതന്നെ വിളവ് തിന്നുക എന്നു പറയുന്ന പഴഞ്ചൊല്ല് ഇവിടെ സാര്‍ത്ഥകമാവുകയാണ്. പാര്‍ട്ടിയുടെ കര്‍ശനമായ ചട്ടങ്ങളെയും ചട്ടക്കൂടുകളെയും തകര്‍ത്തെറിഞ്ഞുകൊണ്ടാണ് സിപിഎമ്മിന്റെ നേതാക്കള്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ കാഴ്ച്ചവയ്ക്കുന്നത്. സിപിഎമ്മിലെ വിഭാഗീയത കൂടി രൂക്ഷമായതോടെ ജനങ്ങള്‍ക്കു പറഞ്ഞു ചിരിക്കാവുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറിക്കഴിഞ്ഞു. ചില നേതാക്കള്‍ പാര്‍ട്ടിയുടെ കര്‍ശന നിലപാടുകളേയും ചട്ടക്കൂടുകളേയും ഭേദിച്ച് പുറത്തുപോയതും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നതും സി പി എമ്മിലെ അണികളെത്തന്നെ പുനര്‍ ചിന്തനം നടത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ്. ആദ്യ കാലങ്ങളില്‍ അക്രമരാഷ്ട്രീയം പൊതുജന മധ്യത്തില്‍ കാണിക്കുന്ന സിപിഎം അണികളെയും, അംഗങ്ങളെയും, നേതാക്കളേയും പാര്‍ട്ടി നേതൃത്വം പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കിയിരുന്നു. എന്നാല്‍ അത്തരക്കാര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി സി പി എമ്മിനെ കല്ലെറിയുന്നത് രൂക്ഷമായതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കല്‍ എന്ന ചടങ്ങ് സി പി എം അവസാനിപ്പിച്ചു.
 
ഇപ്പോള്‍ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തു എന്ന പ്രയോഗമാണ് പാര്‍ട്ടി ഉപയോഗിക്കാറ്. പി ശശിയും, ഗോപി കോട്ടമുറിക്കലും അതിന് ഉദാഹരണങ്ങളാണ്. എലിയെപ്പേടിച്ച് ഇല്ലം ചുടരുതെന്ന് ഇപ്പോഴാണ് സി പി എമ്മിന് മനസിലായത്. ലൈംഗികാരോപണങ്ങള്‍ ഒരുതവണയല്ല സിപിഎമ്മിനെ അലട്ടിയത്. അടുത്തകാലത്തുതന്നെ സി പി എമ്മിലെ മൂന്നു പേര്‍ക്കെതിരെയാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവരെയെല്ലാം പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി മാറ്റി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇത്തരം ശുംഭന്‍മാരെ എന്തുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നില്ല എന്ന ചോദ്യം ഓരോ ജനങ്ങളുടേയും മനസ്സില്‍ ഉണ്ടാകുന്ന ചോദ്യചിഹ്നമാണ്. പണമുള്ള പാര്‍ട്ടി മെമ്പര്‍മാര്‍ അതെല്ലാം പാര്‍ട്ടിക്കും അതിലൂടെ ജനങ്ങള്‍ക്കും വീതിച്ചു നല്‍കി യഥാര്‍ത്ഥ കമ്യൂണിസ്റ്റായി ജീവിക്കണമെന്ന തത്വവും ഈയിടെ പാര്‍്ട്ടിയിലെ അണികളും നേതാക്കളും ചേര്‍ന്ന് കാറ്റില്‍പ്പറത്തുകയാണ്. പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയും അതുകൊണ്ട് ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നത് പതിവുകാഴ്ച്ചയായി മാറിക്കഴിഞ്ഞു. സമൂഹ നന്മയ്ക്കു വേണ്ടി രക്തസാക്ഷികളായ ധീര സഖാക്കള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണിനു മീതെ ഉരുളുന്ന സി പി എം നേതാക്കളുടെ ആഡംബര വാഹനങ്ങള്‍ മണ്ണിനടിയില്‍ കിടക്കുന്ന സഖാക്കളെ ഞെരിച്ചമര്‍ത്തുകയാണെന്ന സത്യം ആരും മനസിലാക്കുന്നില്ല. ഉത്തര മലബാറിലെ സി പി എം നേതാക്കള്‍ക്ക് അനുഭവപ്പെട്ട ലൈംഗിക ഉത്തേജനം ഇപ്പോള്‍ മറ്റ്് ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
 
ഭരണം കൈവിട്ടുപോയതോടെ അക്രമങ്ങള്‍ സൃഷ്ടിക്കുന്നതും, യുവജനസംഘടനകളെ ഉപയോഗിച്ച് സമൂഹത്തെ സംഘര്‍ഷ മുഖരിതമാക്കുന്നതും നാം നിരന്തരം കാണുന്ന കാഴ്ച്ചയായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് തൊഴിലാളികളുടെ ക്ഷേമത്തിനും സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരടിച്ചിരുന്ന ഈ പ്രസ്ഥാനം ഇപ്പോള്‍ ഭരണത്തിനും ഉന്നത സ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ഇത്തരം പോരാട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും ഇവര്‍ കമ്യൂണിസ്റ്റ്് ആശയങ്ങളേയും പൊതുജനങ്ങളേയും മറന്നുപോവുകയാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരായി സി പി എം നേതാക്കള്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം വ്യാപകമായി നടത്തിയ വ്യാജ നിയമനങ്ങളിലൂടെയും ഇപ്പോള്‍ വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ അഴിമതികളിലൂടെയും സിപിഎം നേതാക്കള്‍ കോടികളാണ് സമ്പാദിച്ചത്. പണക്കാരന്‍ പണക്കാരനാവുകയും, പാവപ്പെട്ടവന്‍ പാവപ്പെട്ടവനാവുകയും ചെയ്യുമെന്നാണ് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം. സ്വന്തം മകളുടെ പഠനത്തിന് ലക്ഷങ്ങള്‍ നല്‍കിയത് അക്കമിട്ട് നേതൃത്വത്തെ കാണിച്ചിട്ടും കള്ളക്കളികള്‍ ജനങ്ങളറിഞ്ഞ സ്ഥിതിക്ക് ഇനി ഇത്തരം നേതാവിനെ പൊറുപ്പിച്ചുകൂടെന്നായിരുന്നു പാര്‍ട്ടി തീരുമാനം.
 
ഇത്തരത്തില്‍ കാസര്‍കോട് സി.പി.എം. ജില്ലാ കമ്മിറ്റി രമേശിനെതിരെ ഒരു തീരുമാനമെടുത്താല്‍ അതിന്റെ അലയൊലി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പാര്‍ട്ടി നേതൃത്വത്തിനും ബാധകമാണെന്ന് ശ്രദ്ധിക്കണം. അതുകൊണ്ടാണ് രമേശന് പാര്‍ട്ടിയില്‍ നിന്നും യാതൊരു വിലക്കും കല്‍പ്പിക്കാതിരുന്നത്. ഇനി അഥവാ രമേശനെ പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയി പാര്‍ട്ടിയെത്തന്നെ കല്ലെറിയുമോ എന്നു ഭയന്നുമാവാം നടപടികളൊന്നും തന്നെ സ്വീകരിക്കാതിരുന്നത്. 
ഇത്തരത്തില്‍ ബിനാമി സ്വത്തുക്കളും ലക്ഷങ്ങളുടെ ആസ്തിയുമുള്ള നിരവധി പേര്‍ ചെങ്കൊടി പാര്‍ട്ടിക്കകത്തുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം പാര്‍ട്ടിക്ക് കോടികളുടെ ഭൂസ്വത്തുണ്ട്. ഇപ്പോഴുള്ള പാര്‍ട്ടി ഓഫീസുകള്‍ വരെ മാര്‍ബിളും ഗ്രാനൈറ്റും പതിച്ച് സുന്ദരമാക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി. ഇതൊന്നും നേര്‍വഴിക്ക് ഉണ്ടാക്കിയവയാണെന്ന് ആരും കരുതേണ്ട. മാര്‍ക്‌സ് പറഞ്ഞ മുതലാളി ഭൂപ്രഭുത്വം തുടരാന്‍ അനുവദിക്കില്ലെന്നാണ് നേതൃത്വം പറയാറുള്ളത്. എന്നാല്‍ അത്തരക്കാരല്ലാത്തവര്‍ പാര്‍ട്ടിയില്‍ ചുരുക്കമാണെന്നുള്ളതെന്ന് നേതൃത്വം ഇപ്പോഴും മനസിലാക്കുന്നില്ല.  
 
ഏറ്റവും കൂടുതല്‍ സഹകരണ സംഘങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമുള്ള പാര്‍ട്ടിക്ക് സ്വത്ത് സംഭരിക്കാന്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്ര പ്രകാരം അവകാശമുണ്ടോ എന്ന് പൊതുജനം ചോദിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു കാലമായി.  ഇങ്ങനെ വ്യക്തികള്‍ക്കല്ലാതെ സ്ഥാപനത്തിന് സ്വത്ത് സംഭരിക്കാന്‍ അവകാശമുണ്ടെങ്കില്‍ അത് എന്തുകൊണ്ട് രമേശനെ പോലുള്ള നേതാക്കള്‍ക്കും ആയിക്കൂടാ എന്നാണ് പാര്‍ട്ടിക്കകത്തെ ഒരു വിഭാഗം നേതൃത്വവും അണികളും ചോദിക്കുന്നത്. അതിനുള്ള ഉദാഹരണങ്ങളാണ് രമേശനെപ്പോലുള്ളവരിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ പഴയ നേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്ത നന്‍മകളോര്‍ത്ത് ഇപ്പോഴും ചില പാവം മനുഷ്യര്‍ സിപിഎമ്മിനെ കണ്ണടച്ചു വിശ്വസിക്കുകയാണ്. അതേസമയം, നേതാക്കള്‍ പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ കോട്ടയായ കണ്ണൂരില്‍ സി പി എമ്മിനുണ്ടായ തിരിച്ചടി ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവാണ്. നായനാരുടെയും, എ കെ ജിയുടെയും സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണില്‍ സിപിഎമ്മിനുണ്ടായ ആഘാതം ചെറുതൊന്നുമല്ല. ഈ ആഘാതത്തില്‍ നിന്നും മോചനം നേടുകയെന്നത് സിപിഎമ്മിന്റെ പകല്‍ കിനാവുകളില്‍ ഒന്നുമാത്രമാണ്.
 
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെവീട്ടില്‍ വി എസ് പോയതിനെ എതിര്‍ക്കാന്‍ പാര്‍ട്ടിയുടെ നേതാവെന്നറിയപ്പെടുന്ന പിണറായി വിജയന് എന്ത് യോഗ്യതയാണുള്ളതെന്ന് ഏവരും ചോദിച്ചു പോകുന്ന ഒരു ചോദ്യമാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പലരുമായും പിണറായി വിജയനുള്ള അടുപ്പവും താല്‍പ്പര്യവും പകല്‍പോലെ സത്യമാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞനന്തന്‍ നായരെപ്പോലുള്ള ഒരു സാധു സുഹൃത്തിനെ വി എസ് കാണാന്‍ പോയതില്‍ എന്താണിത്ര തെറ്റെന്നുള്ളതും പിണറായി പറഞ്ഞു തരേണ്ടതാണ്. 'പിണറായി എന്നു കേട്ടാല്‍ നടുങ്ങണം മാനുഷര്‍, ഒപ്പം പാര്‍ട്ടിയും' എന്ന നിലപാടാണ് പിണറായി വിജയനുള്ളത്. പി ശശിക്ക് പാര്‍ട്ടി ഞരമ്പ് രോഗചികില്‍സയ്ക്ക് അവധി നല്‍കിയതു പോലെ എന്തുകൊണ്ടാണിപ്പോള്‍ കോട്ടമുറിക്കലിന് അവധി നല്‍കാത്തതെന്നും ജനങ്ങള്‍ ചോദിച്ചുപോകും. കോട്ടമുറിക്കലിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്ത പാര്‍ട്ടി ഇത്തവണ കോട്ടമുറിക്കലിന്റെ ഞരമ്പ് രോഗം മറച്ചു വച്ചിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചരിത്രത്തിന്റെ തടവറയില്‍ നിന്ന് പുറത്തുവന്നാലേ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലയനം സാധ്യമാവുകയുള്ളൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന സമീപനങ്ങളാണ് സി പി എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മാര്‍ക്‌സിസം കാലഹരണപ്പെട്ടു പോയെന്നു പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ ഇപ്പോഴും പലരും തയ്യാറാവുന്നില്ല. പാര്‍ട്ടി പ്രത്യയശാസ്ത്രമനുസരിച്ചുള്ള തൊഴിലാളികളുടേയും, മുതലാളിമാരുടേയും സ്ഥാനത്ത് ഇപ്പോള്‍ പാര്‍ട്ടി അണികളും, നേതാക്കന്മാരുമാണെന്നുള്ളത് ഖേദമുളവാക്കുന്നവയാണ്. ഉപഭോഗ സംസ്‌ക്കാരത്തിനും, സുഖസൗകര്യങ്ങള്‍ക്കും പാര്‍ട്ടി നേതാക്കള്‍ വശംവദരായി എന്നുള്ളത് ഇപ്പോള്‍ ജനങ്ങള്‍ മനസിലാക്കേണ്ട സത്യമാണ്. ഇത്തരം നേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടിയല്ല ഭരിക്കുന്നതെന്നും പൊതുജനം മനസിലാക്കേണ്ട കാലം അതിക്രമിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.