Wednesday, August 3, 2011

സി.പി.എമ്മിനുള്ളിലെ ഭൂകമ്പങ്ങള്‍ പ്രഭവകേന്ദ്രത്തിലേക്കു തിരിച്ചെത്തി: തുടര്‍ചലനങ്ങള്‍ ഉറപ്പ്


 കേരളത്തിലെ സി.പി.എമ്മിനുള്ളില്‍ ശക്തമാകുന്ന ഗ്രൂപ്പുപോര്, അത് ആദ്യംപൊട്ടിപ്പുറപ്പെട്ട എറണാകുളം ജില്ലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. പാര്‍ട്ടിയെ അടിമുടി പിടിച്ചുലച്ച ഉള്‍പാര്‍ട്ടി സമരമായി വീണ്ടും രൂപംപ്രാപിക്കുംവിധം ശക്തമായി തര്‍ക്കം വളരുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പത്തുവര്‍ഷം മുമ്പ് സേവ് സി.പി.എം ഫോറത്തിന്റെ പേരില്‍ സി.ഐ.ടി.യു ലോബിയും സി.പി.എം ഔദ്യോഗിക വിഭാഗവും തമ്മില്‍ ഉണ്ടായ തീവ്രമായ ഗ്രൂപ്പ് പോരാട്ടത്തിനു ശേഷം, വീണ്ടും എറണാകുളം ജില്ല പോരാട്ടവേദിയാവുകയാണ്. സേവ് സി.പി.എം ഫോറം രൂപവത്കരണ കാലത്ത്, ഒരു ഭാഗത്ത് സി.ഐ.ടി.യുവിന്റെ മുതിര്‍ന്ന നേതാക്കളും മറുഭാഗത്ത് വി.എസ്.പിണറായി വിഭാഗങ്ങള്‍ ഒന്നിച്ചുള്ള ഔദ്യോഗികപക്ഷവും തമ്മിലായിരുന്നു പോര്. ഒടുവില്‍ സി.ഐ.ടി.യു. നേതാവ് വി.ബി. ചെറിയാന്റെ നേതൃത്വത്തിലുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയും എം.എം. ലോറന്‍സ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ തരംതാഴ്ത്തല്‍ നടപടികള്‍ ഉണ്ടാവുകയും ചെയ്തു. പാര്‍ട്ടിയില്‍, നടപടികള്‍ക്ക് വിധേയരായി തുടര്‍ന്ന സി.ഐ.ടി.യു. വിഭാഗക്കാര്‍ പിന്നീട് പിണറായി പക്ഷത്തോടൊപ്പം ചേര്‍ന്ന് ഔദ്യോഗികപക്ഷക്കാരായി നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയായിരുന്നു.

സേവ് സി.പി.എം ഫോറം സംഭവങ്ങള്‍ക്കു ശേഷം ഗ്രൂപ്പ് പോരുകള്‍ തുടര്‍ന്നെങ്കിലും ജില്ലാ സെക്രട്ടറിയെ മാറ്റുന്ന വിധത്തില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഇരുപക്ഷവും വാശിയോടെയും ജാഗ്രതയോടെയുമാണ് കരുക്കള്‍ നീക്കുന്നത്. ഗോപി കോട്ടമുറിക്കലിനെതിരെ കൊണ്ടുവന്ന പെരുമാറ്റദൂഷ്യ ആരോപണം വെറും ഗ്രൂപ്പ് വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ അല്ലായെന്ന് സ്ഥാപിക്കുന്നതിന് അനുബന്ധ തെളിവുകള്‍ ശേഖരിക്കുകയാണ് വി.എസ്. പക്ഷം. നിലവില്‍ പെന്‍െ്രെഡവിലാക്കി നല്‍കിയിട്ടുള്ള കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നതിനു വേണ്ട വസ്തുതകളാണ് ഇപ്പോള്‍ എടുത്തുവെച്ചിട്ടുള്ളത്. എന്നാല്‍ പിണറായി പക്ഷം സ്വഭാവദൂഷ്യ ആരോപണം ഗ്രൂപ്പ് വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്ന് പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ വെച്ചിട്ടുള്ളത്. ഇതിനുമുന്‍പും ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. സെക്രട്ടറിയെ അപായപ്പെടുത്താനുള്ള നീക്കംവരെ ഉണ്ടായി എന്നാണ് അവര്‍ സ്ഥാപിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവരെ കൂടി അകപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് കരുക്കള്‍ നീക്കുന്നത്.

പാര്‍ട്ടി ഓഫീസില്‍ നടന്ന ഗൂഢാലോചന തുറന്നുകാട്ടാനാണ് ശ്രമം. ആരോപണം അന്വേഷിക്കുന്ന മൂന്നംഗ കമ്മിറ്റിയില്‍ വൈക്കം വിശ്വനും എ.കെ. ബാലനും പിണറായി വിഭാഗക്കാരാണ്. എം.സി. ജോസഫൈന്‍ വി.എസ് പക്ഷക്കാരിയാണ്. അന്വേഷണം വേഗത്തിലാക്കി പാര്‍ട്ടി നടപടി വേഗത്തിലാക്കാനാവുമോ എന്നാണ് വി.എസ്. വിഭാഗം നോക്കുന്നത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുമാറ്റിയെങ്കിലും സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയില്‍ ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അവര്‍ അസ്വസ്ഥരാണ്. ആഗസ്ത് 11, 12 തീയതികളില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വെപ്പിക്കാനാവുമോ എന്നാണ് അവരുടെ ആലോചന. വി.എസ് വിഭാഗത്തിനെതിരെ എ.പി.വര്‍ക്കി മിഷന്‍ ആസ്?പത്രിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണമാണ് പിണറായി വിഭാഗം എളുപ്പത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഒരു ജില്ലാ കമ്മിറ്റി യോഗത്തിലെ പ്രധാന ചര്‍ച്ചതന്നെ ഇതായിരുന്നു. ജില്ലയിലെ വി.എസ്. വിഭാഗം നേതാവ് എസ്. ശര്‍മയെ ലക്ഷ്യം വെച്ചുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഈ വിഷയവും സംസ്ഥാന നേതൃത്വത്തിന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. കിട്ടാവുന്ന എല്ലാ ആയുധങ്ങളും ശേഖരിച്ച് പോരാടാനാണ് ഇരു ഗ്രൂപ്പുകളുടേയും നീക്കം. ജില്ലാ നേതൃത്വത്തില്‍ തന്നെ ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ താഴെത്തട്ടിലേക്കും ഇതേ സന്ദേശമാണ് പോയിട്ടുള്ളത്.

ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് ഇരുപക്ഷവും നിലപാടുകള്‍ താഴെത്തട്ടിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സപ്തംബറില്‍ തുടങ്ങുന്ന ബ്രാഞ്ച് സമ്മേളനങ്ങളിലും പിന്നീട് നടക്കുന്ന ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലും ആരോപണങ്ങള്‍ പ്രധാന ചര്‍ച്ചയാക്കി കൊണ്ടുവന്ന് ജനവരിയില്‍ പറവൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍നേട്ടം കൊയ്യാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്. ഏതായാലും ഗ്രൂപ്പുപോര് വളര്‍ന്നതോടെ ജില്ലാ കമ്മിറ്റി ഓഫിസില്‍ പാര്‍ട്ടി യോഗം ചേരാന്‍പോലും കഴിയാത്ത പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. പാര്‍ട്ടി യോഗങ്ങളുമായി ബന്ധപ്പെട്ട് ആള്‍ത്തിരക്കുണ്ടെങ്കിലും ജില്ലാ കമ്മിറ്റി ഓഫിസില്‍ സെക്രട്ടറിയുടെ മുറിയില്‍ രഹസ്യ ക്യാമറ ഘടിപ്പിക്കുക എളുപ്പമല്ല. ജില്ലാ കമ്മിറ്റി ഓഫിസായ ലെനിന്‍ സെന്ററില്‍ സെക്രട്ടറിക്ക് ഓഫിസ് മുറിക്കു പുറമെ ഒരു സ്വകാര്യമുറി കൂടിയുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുറിയുണ്ടെങ്കിലും അത് മാറിമാറി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ സ്വകാര്യമുറി മറ്റാരും ഉപയോഗിക്കുക പതിവില്ല. ജില്ലാ സെക്രട്ടറിയുടെയും ഓഫിസ് സെക്രട്ടറിയുടെയും കൈവശമാണ് ഇതിന്റെ രണ്ടു താക്കോലുകള്‍. ഈ മുറിയില്‍ നിന്നാണത്രെ ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ ചിത്രീകരിച്ചത്.

കോട്ടമുറിക്കലിനെതിരെ തെളിവു ഹാജരാക്കുമ്പോള്‍ ഇതു ചിത്രീകരിക്കാന്‍ ഉപയോഗിച്ച മറ്റു സാമഗ്രികള്‍ കൂടി കൈമാറാന്‍ സംസ്ഥാന സെക്രട്ടറി പരാതിക്കാരനായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനോടു നിര്‍ദേശിച്ചത് ചില ലക്ഷ്യങ്ങളോടെയാണ്. വിഭാഗീയതയുടെ പേരില്‍ പല തെളിവുകളും പാര്‍ട്ടി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒളിക്യാമറ ആ നിരയിലേക്കു വരുന്നത് ആദ്യമായാണ്. ഗോപി കോട്ടമുറിക്കലിന് അഭിഭാഷകയുമായുള്ള ബന്ധം മുമ്പേയുള്ളതാണെങ്കിലും രണ്ടുപേര്‍ക്കും പരസ്പര സമ്മതമുള്ള ബന്ധത്തെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു വി എസ് പക്ഷം. അതിനിടയിലാണ് ഇരുവരും തമ്മില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇത് ചിത്രീകരിച്ചാണ് സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപി കോട്ടമുറിക്കലിന് തൃപ്പൂണിത്തുറ സീറ്റ് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വി എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു എതിര്‍പ്പ്. തുടര്‍ന്ന് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ചു. പകരം സി എം ദിനേശ്മണിയാണ് തൃപ്പൂണിത്തുറയില്‍ മല്‍സരിച്ചത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സെക്രട്ടറിയുടെ സ്ത്രീസൗഹൃദം ഔപചാരികമായി ചര്‍ച്ചയായത്. പരാതി ലഭിച്ചതിനെതുടര്‍ന്ന് , വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം വന്നിരുന്നു. കൂടുതല്‍ ചര്‍ച്ച പിന്നീടാകാമെന്നും അതിനു മുമ്പ് ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യട്ടെയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അതിനു തുടര്‍ച്ചയായി ജില്ലാ കമ്മിറ്റിയും ചേരും. പാര്‍ട്ടി കോണ്‍ഗ്രസിനു സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായി ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ഗോപി കോട്ടമുറിക്കല്‍ വിവാദം പാര്‍ട്ടിക്ക് പുതിയ തലവേദനയായി മാറും. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ.

ഗോപീകോട്ടമുറിയ്ക്കലിന്റേത് പാര്‍ട്ടിയിലെ ഒറ്റപ്പെട്ട സംഭവമല്ല. കോളിളക്കം സൃഷ്ടിച്ച പി.ശശി സംഭവത്തിനു പിന്നാലെ കാസര്‍കോടും സമാനമായ ഒരു പരാതി ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ടുസഖാക്കള്‍ അഴിയെണ്ണിത്തുടങ്ങിയതിന്റെ ഞെട്ടല്‍മാറുന്നതിനിടെയാണ് സ്ത്രീപീഡനം എന്ന പകര്‍ച്ചവ്യാധി കൊച്ചിയിലും കാസര്‍കോടും വ്യാപിച്ചതായി പാര്‍ട്ടി നേതൃത്വം ഞെട്ടലോടെ മനസിലാക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുന്‍ എം.എല്‍.എ.കൂടിയായ ട്രേഡ് യൂണിയന്‍ നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ ജീവനക്കാരി, സി.പി.എം.ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയിത്. സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ദമ്പതിമാരുടെ മകളായ പരാതിക്കാരി മുന്‍ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമാണ്. ഇവര്‍ വിവാഹിതയാണ്. സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനംചെയ്ത് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ നേതാവ് നിരന്തരം നിര്‍ബന്ധിക്കുകയാണെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ഇതുവരെ ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്തിട്ടില്ല.

ഇതിനിടെ, ആരോപണത്തിന് വിധേയനായ നേതാവ് മകനെ ഇതേ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടു ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായി. വി.വി.രമേശന്റെ മകള്‍ക്കു പരിയാരം മെഡിക്കല്‍ കോളജിലെ സ്വാശ്രയ സീറ്റ് വാങ്ങിയ വിഷയത്തിലും സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍സെക്രട്ടറി പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണത്തിലും പാര്‍ട്ടി കടുത്ത പ്രതിരോധത്തിലായതിനാല്‍ പുതിയ ആരോപണം ചര്‍ച്ചയാവാതെ ഒതുക്കിത്തീര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമവും ആരംഭിച്ചു. പി.ശശിക്കെതിരെ നടപടി വന്നതിന്റെ അടുത്ത ദിവസമാണു യുവതി ജില്ലാ സെക്രട്ടറിക്കു പരാതി നല്‍കിയത്. പാര്‍ട്ടി സമ്മേളനങ്ങളും തിരഞ്ഞെടുപ്പും വരാനിരിക്കെ ഈ വിഷയം യോഗങ്ങളില്‍ സജീവ വിഷയമാകുമെന്നാണു സൂചനകള്‍.

വിവാദംസൃഷ്ടിച്ച പറവൂര്‍ പീഡനക്കേസിലും സിപിഎം നേതാക്കളുടെ പങ്കു പാര്‍ട്ടിക്കു ഏറെ നാണക്കേടുണ്ടായിരുന്നു. രണ്ടു സിപിഎം നേതാക്കളാണ് സംഭവത്തില്‍ ഇപ്പോള്‍ പോലീസ് പിടിയിലുള്ളത്. കൊച്ചിന്‍ റിഫൈനറിയിലെ തൊഴിലാളി സംഘടനാ നേതാവും പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റി അംഗവുമായ എല്‍ദോ കെ.മാത്യു, സി.പി.എം മഴവന്നൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസ് തോമസ് എന്നിവരാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്

No comments:

Post a Comment

Note: Only a member of this blog may post a comment.