Tuesday, August 2, 2011

വി‌എസിനെതിരെ പാര്‍ട്ടി യുദ്ധം പ്രഖ്യാപിച്ചു

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വിവാദ പ്രസ്താവനകള്‍ സംബന്ധിച്ച് സി പി എം സംസ്ഥാന നേതൃത്വം പൊളിറ്റ് ബ്യൂറോയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

വി എസ് ഇത്തരം പ്രസ്താ‍വനകള്‍ ആവര്‍ത്തിക്കുന്നതിനെ കുറിച്ച് പി ബി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് കൊല്‍ക്കത്തയില്‍ ചേരുന്ന പി ബി യോഗത്തില്‍ റിപ്പോര്‍ട്ട് പരിഗണിച്ചേക്കും എന്നാ‍ണ് സൂചന. 

കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി വിലക്ക് ലംഘിച്ച് വി എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത്, കാഞ്ഞങ്ങാട്ട് നടത്തിയ വിവാദ പ്രസ്താവന എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ച് ഊണുകഴിക്കാന്‍ പാര്‍ട്ടി വിലക്കുണ്ടെന്ന് വി എസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ഇളനീരിന് വിലക്കില്ലെന്ന് പറഞ്ഞ് വി എസ് അത് കഴിക്കുകയും ചെയ്തു. 

മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കുമെന്ന് കാഞ്ഞങ്ങാ‍ട്ട് പ്രസ്താവിക്കുകയും ചെയ്തു. പക്ഷേ വി എസിന്റെ ഈ പ്രസ്താവന തിരുത്തിക്കൊണ്ട് പാര്‍ട്ടി സെക്രട്ടേറിയറ്റ് പത്രക്കുറിപ്പ് ഇറക്കി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തന്റെ പ്രസ്താവ ആശയക്കുഴപ്പമുണ്ടാക്കിയില്ല എന്നാണ് ഇതെക്കുറിച്ച് വി എസ് പ്രതികരിച്ചത്

No comments:

Post a Comment

Note: Only a member of this blog may post a comment.