Tuesday, August 2, 2011

എത്ര പ്രിയങ്കരം ഈ വിഭാഗീയത

സിപിഎം എന്ന പ്രസ്ഥാനം വിഎസ് എന്ന നേതാവിനു മുന്നില്‍ ഇക്കുറി അടിയറവു പറയുമോ? സിപിഎം സംഘടനാ സമ്മേളനങ്ങള്‍ അടുത്തമാസം 15 മുതല്‍ തുടങ്ങാനിരിക്കെ ഇപ്പോള്‍ ഉയരുന്ന നിര്‍ണായകമായ ചോദ്യമാണിത്. 2012 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസും അദ്ദേഹത്തിന്‍റെ ടാസ്ക് ഫോഴ്സും സിപിഎം സംസ്ഥാന ഘടകത്തില്‍ ആധിപത്യം നേടും. തൊട്ടുപിന്നാലെ കോഴിക്കോട്ടു ചേരുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നതോടെ വി.എസ്. അച്യുതാനന്ദന്‍ വീണ്ടും പിബി അംഗമാകും. അതാണ് അന്തിമ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള ദൂരത്തിന്‍റെ ചുവടളന്നുകൊണ്ടുള്ള ആദ്യ അമിട്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍ഗോട്ടെ ഉദുമയില്‍ പൊട്ടിച്ചത്. കൂടുതല്‍ ഉച്ചത്തില്‍ ശബ്ദഘോഷം മുഴക്കുന്ന വെടിപ്പടക്കങ്ങള്‍ വരും നാളുകളില്‍ വരാനിരിക്കുന്നതേയുള്ളു.

ഒട്ടൊക്കെ പരസ്യമായും എന്നാല്‍ അതീവ ജാഗ്രതയോടെയും വിഎസ് പക്ഷം സമ്മോഹനമായി താലോലിക്കുന്ന സ്വപ്ന പദ്ധതിയുടെ രത്നച്ചുരുക്കമാണു മേല്‍ വിവരിച്ചത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള അരങ്ങൊരുക്കാന്‍ അച്ചടി-ദൃശ്യ മാധ്യമ രംഗത്തെ ചില പ്രബല മൂലധന ശക്തികളും അവരുടെ മാധ്യമപ്പടയും രംഗത്തുണ്ടാകുമെന്നതും വിഎസ് പക്ഷം ഉറപ്പാക്കിയിട്ടുണ്ട്. വിജയത്തിനടുത്തെത്തിയ നിയമസഭാ തെരഞ്ഞെടുപ്പു പരാജയം അച്യുതാനന്ദനു വന്‍ താരമൂല്യം നല്‍കിയെന്നും ഈ ഇമേജ് അതിസമര്‍ഥമായി വിനിമയം ചെയ്തു ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളില്‍ വിഎസ് പക്ഷത്തിനു മേല്‍ക്കൈ നേടിക്കൊണ്ടു സംസ്ഥാന സമ്മേളനത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ സാധിക്കുമെന്നുമുള്ള കണക്കുകൂട്ടലാണ് പ്രവര്‍ത്തന പദ്ധതിയുടെ ആകത്തുക. കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മാരക പരാജയം ഉണ്ടാകാഞ്ഞത് വിഎസ് പ്രചാരണം നയിച്ചതുകൊണ്ടാണെന്നു പറയുന്നുണ്ടെന്നും വിഎസ് പക്ഷം പ്രചരിപ്പിക്കുന്നു.

ഇത്തരം ഇംഗിതങ്ങളൊക്കെ നടപ്പാക്കി സ്വന്തം ലക്ഷ്യം നേടാനായാല്‍ അച്യുതാനന്ദനെന്ന രാഷ്ട്രീയ വൈഭവത്തെ നമിച്ചേ മതിയാകൂ. പക്ഷേ, കരുതുന്നതുപോലെ ലക്ഷ്യപ്രാപ്തി ഒട്ടും എളുപ്പമല്ല എന്നുമാത്രമല്ല ഉറപ്പിച്ചു പറയാവുന്ന മറ്റൊരു യാഥാര്‍ഥ്യം കൂടി ഉണ്ടുതാനും. വി.എസ്. അച്യുതാനന്ദന്‍ എന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമാകാനുള്ള സാധ്യത അതിവിദൂരമാണ് എന്നതാണ് ആ യാഥാര്‍ഥ്യം. എന്തുകൊണ്ട് എന്നാണു ചോദ്യമെങ്കില്‍ ഒരു സിപിഎം രേഖയില്‍ നിന്നുതന്നെ ഉദ്ധരിക്കാം. വിശദീകരണം അതെളുപ്പമാക്കും.

വിഎസിനെ പൊളിറ്റ് ബ്യൂറോയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനമെടുത്തത് 2009 ജൂണ്‍ 20, 21 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗമാണ്. ആ യോഗം അംഗീകരിച്ച, കേരളത്തിലെ ഉള്‍പ്പാര്‍ട്ടി കാര്യങ്ങളെക്കുറിച്ചുള്ള പ്രമേയം എന്ന രേഖയില്‍ ഇങ്ങനെ പറയുന്നു:

“”പാര്‍ട്ടിയുടെ ഒരു സീനിയര്‍ നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ വിഎസ് തുടര്‍ച്ചയായി അച്ചടക്ക ലംഘനം ചെയ്യുക, തനിക്കു വിയോജിപ്പുള്ളപ്പോള്‍ കാര്യങ്ങള്‍ പരസ്യമായി ഉന്നയിക്കുക എന്നീ തെറ്റുകള്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിഎസ്, മന്ത്രിമാരുടെ സംഘത്തെ ഐക്യത്തോടെ നയിച്ചിട്ടില്ല. മന്ത്രിസഭാ യോഗങ്ങള്‍ക്കു ശേഷം പത്രക്കാരോടു സംസാരിക്കുമ്പോഴുള്ള അദ്ദേഹത്തിന്‍റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ ഗവണ്‍മെന്‍റിന്‍റെ നയങ്ങളില്‍ നിന്നും ഭരണത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്നും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നതിലേക്കു വഴിതിരിഞ്ഞു പോയി. വിഎസില്‍ നിന്ന് ഇത്തരമൊരു സമീപനവും പെരുമാറ്റവും പാര്‍ട്ടിക്കു സഹിക്കാനോ അംഗീകരിക്കാനോ ആകില്ല.

കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും സീനിയറായ നേതാവാണു വിഎസ്. പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ തത്ത്വങ്ങളും അച്ചടക്കവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. മുമ്പു പല അവസരങ്ങളിലും പിബിയും സിസിയും അദ്ദേഹത്തെ ഇക്കാര്യത്തില്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഈ ലംഘനങ്ങളും അച്ചടക്കം തെറ്റിക്കലും പ്രത്യേകിച്ചു തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ക്ഷമിക്കാനാകില്ല. അതിനാല്‍ വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

സംഘടനാ തത്ത്വവും അച്ചടക്കവും ലംഘിച്ചതിനു വിഎസ് ഉത്തരവാദിയാണെന്ന സിസിയുടെ വിലയിരുത്തല്‍ അദ്ദേഹം അംഗീകരിച്ചതിനാല്‍ അദ്ദേഹത്തിനു മറ്റൊരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായമാണു സിസിക്കുള്ളത്.

അദ്ദേഹം പാര്‍ട്ടിക്കു നീണ്ടകാലം ചെയ്ത സംഭാവനകളെയും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രസ്ഥാനം കെട്ടിപ്പടുത്തതിനെയും കേന്ദ്രകമ്മിറ്റി അംഗീകരിക്കുന്നു. താഴെപ്പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടു മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം നിറവേറ്റുമെന്നു അത് പ്രതീക്ഷിക്കുന്നു.

1. മുഖ്യമന്ത്രിയെന്ന നിലയില്‍ മന്ത്രിമാരുടെ സംഘത്തെ നയിക്കുക എന്ന പങ്ക് അദ്ദേഹം നിര്‍വഹിക്കണം. അവര്‍ ഐക്യമുള്ള ഒരു സംഘമായി പ്രവര്‍ത്തിക്കണം. 

2. പാര്‍ട്ടിയെയും ഗവണ്‍മെന്‍റിനെയും കുറിച്ചു വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുന്ന പൊതുപ്രസ്താവനകള്‍ അദ്ദേഹം ചെയ്യരുത്. 

3. സംസ്ഥാനകമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങള്‍ക്കു അദ്ദേഹം വഴങ്ങണം.

ഇനി ഇക്കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ജൂണ്‍ 11, 12 തീയതികളില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മിറ്റി നടത്തിയ അവലോകനം പരിശോധിക്കുക. അതില്‍ പറയുന്നത് ഇങ്ങനെ:

വിജയിച്ച യുഡിഎഫിനു കിട്ടിയത് 45.83% വോട്ട്. തോറ്റ എല്‍ഡിഎഫിനാകട്ടെ 44.94% വോട്ട് കിട്ടി. വ്യത്യാസം കേവലം 0.89% മാത്രം. എണ്ണത്തിന്‍റെ കാര്യം എടുത്താല്‍ എല്‍ഡിഎഫിനെക്കാള്‍ 1.55 ലക്ഷം വോട്ട് മാത്രമാണ് യുഡിഎഫിനു കൂടുതല്‍ ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഒട്ടും ഉണ്ടായിരുന്നില്ല. ജനാനുകൂല വികസന നയങ്ങളും സമഗ്രമായ സാമൂഹികക്ഷേമ പദ്ധതികളും ജനങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിനു വ്യാപക അംഗീകാരം നേടിക്കൊടുത്തു. എല്ലാവര്‍ക്കും രണ്ടുരൂപയ്ക്ക് അരി, എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകള്‍, മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍, പൂട്ടിപ്പോയ തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചത്, പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കു നല്‍കിയ സഹായങ്ങള്‍, നഷ്ടത്തിലായിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിച്ചു ലാഭകരമാക്കിയത്, എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ്, എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കിടയില്‍ ഉണ്ടായ സമ്പൂര്‍ണ ഐക്യം, എന്നിവയാണ് എല്‍ഡിഎഫിന്‍റെ ഒട്ടും മോശമല്ലാത്ത തെരഞ്ഞെടുപ്പു പ്രകടനത്തിനു കാരണങ്ങളെന്നു കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു. ഇതിനുശേഷം ഒറ്റവരിയില്‍ ഇങ്ങനെ പറയുന്നു- തെരഞ്ഞെടുപ്പു ക്യാംപെയ്നില്‍ വി.എസ്. അച്യുതാനന്ദന്‍ കൈക്കൊണ്ട അഴിമതി വിരുദ്ധ പ്രചാരണം വലിയതോതില്‍ പൊതുജന പ്രതികരണവും പിന്തുണയും നേടുന്നതിന് ഇടയാക്കി.

കേന്ദ്രകമ്മിറ്റി നിരീക്ഷിച്ച ബാക്കി എല്ലാ കാര്യങ്ങളും ഒഴിവാക്കി വിഎസിനെപ്പറ്റി പറയുന്ന ഭാഗം മാത്രം പര്‍വതീകരിച്ചു പെരുമ്പറ അടിച്ചാല്‍, ഞാനാണു രാഷ്ട്രം (ഐ ആം ദ് സ്റ്റേറ്റ്) എന്നു പണ്ടു പ്രഖ്യാപിച്ച ഫ്രാന്‍സിലെ ലൂയി പതിനാലാമനെന്ന ഏകാധിപതിയുടെ ഗീര്‍വാണത്തിന്‍റെ നിലവാരമേ അതിനു കല്‍പ്പിക്കേണ്ടതുള്ളു.

സിപിഎം നേതാക്കളെ പുലഭ്യം പറഞ്ഞു തെരുവില്‍ പ്രചാരണം നടത്തുകയും നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകളിലും പോസ്റ്ററുകളിലും ചാണകം വാരിയെറിയുകയും ചെയ്തതിനു കൈയോടെ പിടിക്കപ്പെടുകയും പിന്നീടു പാര്‍ട്ടി ഭരണഘടന പ്രകാരം സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത ഉദുമയിലെ എട്ടു ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെ നിരുപാധികം തിരിച്ചെടുപ്പിക്കുമെന്ന വിഎസിന്‍റെ പ്രഖ്യാപനത്തിനും മേല്‍പ്പറഞ്ഞ ഗീര്‍വാണത്തിന്‍റെ പട്ടികയില്‍ത്തന്നെ സ്ഥാനം. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ തലവനായിരുന്നു മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന്‍. ആ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഉത്തരവാദിയാകുന്നത് തീര്‍ച്ചയായും ഒരാള്‍ ഒറ്റയ്ക്കല്ല. നേട്ടങ്ങളാണെങ്കിലും കോട്ടങ്ങളാണെങ്കിലും അത് ഒരു കൂട്ടായ്മയുടെ ഉത്പന്നമാണ്. അതുതന്നെയാണ് കേന്ദ്രകമ്മിറ്റി നടത്തിയ അവലോകനത്തിലും എടുത്തു പറയുന്നത്. 

14 ജില്ലകളിലായി 182 ഏരിയാ കമ്മിറ്റികള്‍, 1777 ലോക്കല്‍ കമ്മിറ്റികള്‍, 26155 ബ്രാഞ്ച് കമ്മിറ്റികള്‍, ഇവയിലൊട്ടാകെ അംഗങ്ങളായി 336644 പാര്‍ട്ടി മെംബര്‍മാര്‍. ഇതാണു കേരളത്തിലെ സിപിഎമ്മിന്‍റെ സംഘടനാ സംവിധാനം. (കണക്കുകള്‍ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ചത്). രണ്ടു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ദീര്‍ഘകാല വിഭാഗീയതയുടെ ഇരയാണു കേരളത്തിലെ സിപിഎം എന്നു കേന്ദ്രകമ്മിറ്റി രേഖകള്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. 2008 ഫെബ്രുവരിയിലെ കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയ്ക്ക് ഏതാണ്ട് ശമനം വരുത്താനായെങ്കിലും പറ്റുന്ന സന്ദര്‍ഭങ്ങളിലൊക്കെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും പ്രത്യേകിച്ചു സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും കരുതിക്കൂട്ടി പരസ്യമായി അധിഷേപിക്കുന്ന വിഎസ് ശൈലിക്കു മാറ്റമേതുമില്ല. ഈമാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പാര്‍ട്ടിക്കെതിരേ വിഎസ് ആരംഭിച്ചിട്ടുള്ള പുതിയ യുദ്ധ പ്രഖ്യാപനങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും. അദ്ദേഹത്തിന്‍റെ പിബി പുനഃപ്രവേശന മോഹങ്ങള്‍ക്ക് എതിരായി ചുവപ്പു കാര്‍ഡ് ഉയരുമോ എന്നതും ഈ യോഗങ്ങളോടെ അറിയാനാകും

No comments:

Post a Comment

Note: Only a member of this blog may post a comment.