Wednesday, August 3, 2011

വി.എസ് അനുകൂല പ്രകടനം: നീലേശ്വരത്ത് 12 പേര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ട്ടിയില്‍ ഇനിയൊരു സസ്‌പെന്‍ഷന്‍ ഉണ്ടാവില്ലെന്ന വി.എസ്.അച്യുതാനന്ദന്റെ ഉറപ്പ് ഔദ്യോഗികപക്ഷം വെട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വി.എസ്സിന് അനുകൂലമായി പ്രകടനം നടത്തിയ 12 പാര്‍ട്ടിയംഗങ്ങളെ സസ്‌പെന്‍ഡ്‌ചെയ്യാന്‍ സി.പി.എം. നീലേശ്വരം ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ചൊവ്വാഴ്ച ഏരിയാ കമ്മിറ്റി ഓഫീസായ നീലേശ്വരത്തെ ഇ.എം.എസ്.മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നീലേശ്വരം, മടിക്കൈ, പരപ്പ ലോക്കലിലുള്‍പ്പെടുന്ന 12 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അതത് ലോക്കല്‍, ബ്രാഞ്ച് കമ്മിറ്റി യോഗങ്ങള്‍ ഉടനെ വിളിച്ചുചേര്‍ത്ത് ഈ തീരുമാനം നടപ്പാക്കും.

നീലേശ്വരം ലോക്കലിലെ നീലേശ്വരം ഒന്നാം ബ്രാഞ്ചായ പടിഞ്ഞാറ്റംകൊഴുവല്‍, കിഴക്കന്‍കൊഴുവല്‍, തട്ടച്ചേരി, മടിക്കൈ ഈസ്റ്റ് ലോക്കലിലെ കാഞ്ഞിരപ്പൊയില്‍, കറുവളപ്പ്, പോത്തങ്കൈ ബ്രാഞ്ചുകളിലെയും പരപ്പയിലെ രണ്ട് ബ്രാഞ്ചുകളിലെയും അംഗങ്ങള്‍ക്കെതിരെയാണ് നടപടി.

സി.പ്രഭാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ബാലകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.നാരായണന്‍, പി.അമ്പാടി, വി.കെ.രാജന്‍, കെ.കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ യോഗം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം ചര്‍ച്ചചെയ്തത് ഉച്ചയ്ക്കുശേഷമാണ്. വി.എസ്.അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദേശം. യോഗത്തില്‍ പങ്കെടുത്ത മിക്ക അംഗങ്ങളുടെയും എതിര്‍പ്പ് അവഗണിച്ചാണ് സസ്‌പെന്‍ഷന്‍ തീരുമാനം പ്രഖ്യാപിച്ചത്.

ഉദുമയില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ മകനടക്കമുള്ള എട്ടുപേര്‍ക്കെതിരെ എടുത്ത സസ്‌പെന്‍ഷന്‍ നടപടി ശരിയല്ലെന്ന് പറഞ്ഞ വി.എസ്. ആഗസ്ത് രണ്ടിന് നടക്കുന്ന നീലേശ്വരം ഏരിയാ കമ്മിറ്റി യോഗത്തില്‍ ഇനിയൊരു നടപടിയുണ്ടാവില്ലെന്നും വ്യക്തമാക്കിയിരുന്നു. നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ ഈ തീരുമാനം ലോക്കല്‍-ബ്രാഞ്ച് തലങ്ങളിലെത്തുമ്പോള്‍ വന്‍ പ്രതിഷേധമുണ്ടാകാനാണ് സാധ്യത

No comments:

Post a Comment

Note: Only a member of this blog may post a comment.