Tuesday, August 2, 2011

കോട്ടമുറി വീണത്‌ സ്വയം കുഴിച്ച കുഴിയില്‍

സ്വഭാവദൂഷ്യാരോപണത്തെത്തുടര്‍ന്ന്‌ ജില്ലാ സെക്രട്ടറി സ്‌ഥാനം നഷ്‌ടപ്പെട്ട ഗോപി കോട്ടമുറിക്കല്‍ വീണത്‌ സ്വയംകുഴിച്ച കുഴിയില്‍. ജില്ലയിലെ വി.എസ്‌. പക്ഷത്തെ പ്രമുഖനായ മുന്‍മന്ത്രിയെ പറവൂര്‍ പെണ്‍വാണിഭക്കേസില്‍പ്പെടുത്താനുള്ള ഔദ്യോഗികപക്ഷത്തിന്റെ രഹസ്യനീക്കമാണ്‌ കോട്ടമുറിക്കെതിരേ വി.എസ്‌. പക്ഷം അറ്റകൈ പ്രയോഗം നടത്താന്‍ പ്രേരണയായത്‌. പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ സി.പി.എം. മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന തോമസ്‌ വര്‍ഗീസിനെ ഉപയോഗിച്ചാണ്‌ ഔദ്യോഗിക പക്ഷം മുന്‍മന്ത്രിയുടെ പേരുകൂടി കേസില്‍ വലിച്ചിഴക്കാന്‍ ശ്രമിച്ചത്‌.

നേതാവിനെ കാണാനാണ്‌ തിരുവനന്തപുരത്ത്‌ പെണ്‍കുട്ടിയുമായി പോയതെന്ന്‌ തോമസ്‌ വര്‍ഗീസ്‌ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി വിഭാഗീയ നീക്കമാണെന്നറിഞ്ഞ വി.എസ്‌. പക്ഷം പ്രകോപിതരായി. തുടര്‍ന്നാണ്‌ മാസങ്ങള്‍ക്കു മുമ്പേ തെളിവുസഹിതം തങ്ങള്‍ക്കു കിട്ടിയിരുന്ന പരാതി വി.എസ്‌. പക്ഷം പൊടിതട്ടിയെടുത്തത്‌. മുതിര്‍ന്ന നേതാവിനെ പൊതുജനമധ്യത്തില്‍ അപമാനിക്കേണ്ടെന്ന നിലപാടിലായിരുന്നു അതുവരെ വി.എസ്‌. വിഭാഗം. എന്നാല്‍ തോമസ്‌ വര്‍ഗീസിനെ രക്ഷപ്പെടുത്താന്‍ ഔദ്യോഗികപക്ഷ നേതാക്കള്‍ എറണാകുളത്തെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ സമീപിക്കുകകൂടി ചെയ്‌തതോടെ പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ വി.എസ്‌. വിഭാഗം തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ പ്രഗത്ഭനായ നേതാവിനെ തന്നെയാണ്‌ വി.എസ്‌. വിഭാഗം പരാതി ഉന്നയിക്കാനും നിയോഗിച്ചത്‌. തെളിവുകള്‍ സഹിതം നല്‍കിയ പരാതി മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ സംസ്‌ഥാന നേതൃത്വത്തിനു കഴിയുമായിരുന്നില്ല

No comments:

Post a Comment

Note: Only a member of this blog may post a comment.