Tuesday, August 2, 2011

ശശിക്ക് പിറകെ ഗോപിയും; ഇനിയാരെന്ന ഭീതിയില്‍ സി.പി.എം


സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പി ശശിക്ക് പുറമേ ഗോപി കോട്ടമുറിക്കലും പാര്‍ട്ടി നടപടികള്‍ക്ക് വിധേയനാകുന്നു. സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ഇന്നലെയാണ് തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. രണ്ടു പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇത്തരം ആരോപണങ്ങളുടെ പേരില്‍ സ്ഥാനമൊഴിയേണ്ടിവന്നിരിക്കുന്നത്. ഇത്തരമൊരു സ്ഥിതി സി.പി.എമ്മിന്റെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ഗുരുതരമായ സദാചാരലംഘനം നടത്തിയ സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ സെക്രട്ടറി പി ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്‌. സദാചാരം ലംഘിച്ചതിന് പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന ആദ്യ സംസ്‌ഥാന സമിതി അംഗമാണ്‌ ശശി. ശശിക്കെതിരെ ശക്‌തമായ നടപടി വേണമെന്ന അഭിപ്രായത്തില്‍ സമിതിയിലെ അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നു. തുടക്കത്തില്‍ സംസ്ഥാന സമിതിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് ശശിയെ തരംതാഴ്ത്താന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതു മതിയായ ശിക്ഷയല്ലെന്ന് പൊളിറ്റ്‌ ബ്യൂറോ വിലയിരുത്തുകയായിരുന്നു.

പാര്‍ട്ടിയിലെ തന്നെ നേതാക്കളുടെ ഭാഗത്ത് നിന്നാണ് ശശിക്കെതിരെ പെരുമാറ്റ ദൂഷ്യം ഉയര്‍ന്നത്‌ എന്ന് കാര്യം നേതൃത്വം ഗൌരവത്തോടെ കാണുകയായിരുന്നു പക്ഷേ അല്പം വൈകിയാണ് ശശിക്കെതിരെ ശക്തമായ നടപടി വന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ശശി വിഷയം ശക്തമായി രംഗത്തുണ്ടായിരുന്നു. മലബാറില്‍ പാര്‍ട്ടിക്ക് ഇത് ക്ഷീണമുണ്ടാക്കുകയും ചെയ്തു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാജിവയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചതും രാജിക്കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയതുമെല്ലാം ശശിക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കുകയായിരുന്നു. ശശിയെ പുറത്താക്കണമെന്ന് വി എസ് അചുതാനന്ദന്‍ പലതവണ പ്രത്യക്ഷമായും പരോക്ഷമായും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നായിരുന്നു വി എസിന്റെ നിലപാട്. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സി പി എമ്മിന്‍റെ ഒരു എം എല്‍ എയും നല്‍കിയ പരാതികളാണ് ശശിയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.

യോഗാ - പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി ശശി ചികിത്സയില്‍ കഴിയുന്ന കാലത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഡി വൈ എഫ് ഐ നേതാവിന്‍റെ ഭാര്യയായ യുവതി സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. സി പി എമ്മിലെ പ്രമുഖനായ ഒരു എം എല്‍ എ സമാനമായ മറ്റൊരു പരാതി നല്‍കി. എം എല്‍ എയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാല്‍ ആദ്യമൊന്നും ഈ പരാതി കാര്യമാക്കാതിരുന്ന പാര്‍ട്ടി നേതൃത്വം, ശശിക്കെതിരായുള്ള ആരോപണങ്ങള്‍ ശക്തമായതോടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സമാനമായ രീതിയിലാണ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നിരുന്നിരിക്കുന്നത്. പക്ഷേ പ്രത്യക്ഷത്തില്‍ ഈ സംഭവത്തില്‍ അകപ്പെട്ട സ്ത്രീയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് എന്നതാണു ശ്രദ്ധേയമായ വിഷയം. കോടിയേരി ബാലകൃഷ്ണനും എം.സി ജോസഫൈനും പങ്കെടുത്ത യോഗത്തിലാണ് കോട്ടമുറിക്കലിനെ മാറ്റാന്‍ തീരുമാനമായത്.

പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് കോട്ടമുറിക്കലിനെതിരെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി നല്‍കിയത്. വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിക്കാന്‍ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ കോട്ടമുറിക്കലിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി ഓഫീസില്‍ വെച്ച് പോലും പെരുമാറ്റ ദൂഷ്യം നടക്കുന്നതായി ചിലര്‍ ഈ യോഗത്തില്‍ ആരോപിച്ചിരുന്നു. നേരത്തെ വി.എസ് പക്ഷക്കാരനായിരുന്ന കോട്ടമുറിക്കല്‍ എച്ച്.എം.ടി ഭൂമി വിവാദത്തോടെയാണ് ഔദ്യോഗിക പക്ഷത്തേക്ക് കൂറ് മാറിയത്. ഇപ്പോള്‍ പിണറായി വിജയന്റെ ശക്തനായ വക്താവാണ് ഗോപി. പാര്‍ട്ടി സമ്മേളനങ്ങള്‍ മുന്നില്‍ക്കണ്ടാണ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിന് എതിരെ ആരോപണം എതിര്‍പക്ഷം കൊണ്ടുവന്നതെന്ന് പ്രശ്‌നം ആദ്യം ചര്‍ച്ചചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റിലും ജില്ലാ സെക്രട്ടേറിയറ്റിലും ഔദ്യോഗികപക്ഷം വാദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പെട്ടെന്നു നിലപാടുമാറ്റി ഗോപി കോട്ടമുറിക്കലിനെ നീക്കാന്‍ തീരുമാനിച്ചത് ആരോപണം കൊണ്ടുവന്ന വി.എസ്.പക്ഷത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ പ്രശ്‌നത്തില്‍ സ്വീകരിച്ച സമീപനം പാര്‍ട്ടിക്കുള്ളില്‍ വിവാദമായ അനുഭവം മുന്നില്‍വെച്ചാണ് എറണാകുളത്തെ പ്രശ്‌നത്തില്‍ സംസ്ഥാന നേതൃത്വം നിലപാടു മാറ്റിയത്. ഈ വിഷയം പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചതുവഴി വരുന്ന പാര്‍ട്ടിസമ്മേളനങ്ങളില്‍ ഈ വിഷയം ചര്‍ച്ചാവിഷയമാകാതെ ഒരു പരിധിവരെ തടയാനും കഴിയുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ സി.പി.എമ്മിലെ വിഭാഗീയത പുതിയ തലങ്ങളിലേക്ക് പടരുന്നു. പരസ്പരം കൊമ്പുകോര്‍ത്തിരിക്കുന്ന ഔദ്യോഗിക നേതൃത്വവും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഒരേ പോലെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടായെങ്കിലും മികച്ച പ്രകടനം നടത്താനായതിന്റെ ക്രെഡിറ്റ് വി.എസ്സിന് കേന്ദ്രനേതൃത്വംതന്നെ നല്‍കിയിരുന്നു.

വി.എസ്സിനെപ്പോലെ ജനപിന്തുണയുള്ള മറ്റൊരു നേതാവ് കേരളത്തില്‍ പാര്‍ട്ടിക്കില്ലായെന്നതിന്റെ പരസ്യസമ്മതമായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ ഈ നിലപാടില്‍ പ്രതിഫലിച്ചത്. അതേസമയം പാര്‍ട്ടി സംഘടനാ നേതൃത്വമാകട്ടെ ഒറ്റക്കെട്ടായി വി.എസ്സിന്റെ എതിര്‍പക്ഷത്തുതന്നെ നിലയുറപ്പിച്ചിട്ടുമുണ്ട്. മുന്‍കാലത്തുനിന്ന് വ്യത്യസ്തമായി സി.പി.എം. കേന്ദ്ര നേതൃത്വത്തിന് പഴയ കെട്ടുറപ്പില്ലായെന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തില്‍ എത്രമാത്രം ശക്തമായി കേരളവിഷയത്തില്‍ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെടുമെന്നുള്ളതാണ് പാര്‍ട്ടിയണികളും കീഴ്ഘടകങ്ങളും ഉറ്റുനോക്കുന്നത്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭവനസന്ദര്‍ശനം, പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ നടത്തിയവര്‍ക്കെതിരായി പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടികളെ പരസ്യമായി തള്ളിപ്പറഞ്ഞ നടപടി തുടങ്ങിയ വി.എസ്സിന്റെ നടപടികള്‍ക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് തന്റെ നിലപാടുകള്‍ വിശദീകരിച്ച് വി.എസ്.അച്യുതാനന്ദനും കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തിയിട്ടുണ്ട്. സംഘടനാ പ്രശ്‌നങ്ങളുയര്‍ത്തി ഇരുധ്രുവങ്ങളിലായി കേരളഘടകത്തിലെ പ്രമുഖ നേതാക്കള്‍ അണിനിരക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കുഴയുന്നത് സി.പി.എം. കേന്ദ്രനേതൃത്വമാണ്. മുന്‍കാലങ്ങളില്‍ സംഘടനാപ്രശ്‌നങ്ങളില്‍ ഇരുപക്ഷത്തെയും മാറിമാറി പിന്തുണയ്ക്കുകയെന്നതായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നയം. എന്നാല്‍ മലപ്പുറം സംസ്ഥാന സമ്മേളനം അടക്കമുള്ള നിര്‍ണായകഘട്ടങ്ങളില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പമാണ് കേന്ദ്രനേതൃത്വം നിലയുറപ്പിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ട രണ്ടുസന്ദര്‍ഭങ്ങളില്‍ വി.എസ്.അച്യുതാനന്ദന് നിയമസഭാ സീറ്റ് വാങ്ങിക്കൊടുക്കാന്‍ കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നുവെങ്കിലും അത് അണികള്‍ പരസ്യമായി തെരുവിലിറങ്ങി പാര്‍ട്ടിനേതൃത്വത്തെ വെല്ലുവിളിച്ചപ്പോഴായിരുന്നു. എന്നാല്‍ ഇക്കുറി സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.